ADVERTISEMENT

വിവിധതരം കമ്പങ്ങളുള്ള രാഷ്ട്രീയക്കാർ രാജ്യത്തുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കു കമ്പം പെൻഗ്വിനുകളോട്. മുംബൈയിലെ മൃഗശാലയിൽ ആദിത്യയുടെ താൽപര്യപ്രകാരം കൊണ്ടുവന്ന പെൻഗ്വിനുകളിലൊന്ന് ചത്തതു വിവാദമായിക്കഴിഞ്ഞു

ഏറ്റവും നിരുപദ്രവകാരികളായ പെൻഗ്വിനുകൾ അവയുടെ ആവാസകേന്ദ്രമായ ധ്രുവമേഖലയിൽ നിന്നകലെ മുംബൈയിൽ ഇത്രയും പ്രശ്നം ഉണ്ടാക്കുമെന്ന് ആരോർത്തു? രാജ്യത്തെ വാണിജ്യനഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലയിൽ സ്ഥിതിചെയ്യുന്ന ബൈക്കുള മൃഗശാലയിൽ 7 പെൻഗ്വിനുകളുണ്ട്. ഭീമമായ തുക ചെലവഴിച്ചു പെൻഗ്വിനുകളെ ഇവിടെ പരിപാലിക്കണോ എന്നതിനെച്ചൊല്ലിയാണു തർക്കം. എന്നാൽ പെൻഗ്വിനുകൾക്കുവേണ്ടി രംഗത്തുള്ളതു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയാണ്. ശിവസേനയുടെ യുവജനവിഭാഗം തലവനായ ആദിത്യ, 2017ൽ ബിജെപി–ശിവസേന സർക്കാരിന്റെ കാലത്താണു കേന്ദ്രത്തിലെ എൻഡിഎ സർക്കാരിൽ സമ്മർദം ചെലുത്തി മുംബൈയിലെ മൃഗശാലയിലേക്ക് 8 പെൻഗ്വിനുകളെ ഇറക്കുമതി ചെയ്തത്. പറക്കാൻ കഴിയാത്ത, ചിറകുകൾ ഉപയോഗിച്ചു നീന്തുന്ന പെൻഗ്വിനോട് ആദിത്യയ്ക്കു വലിയ കമ്പമാണ്. 

 മുംബൈ മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്ന ശിവസേന, ആദിത്യയുടെ മോഹം നിറവേറ്റാനായി പെൻഗ്വിനുകൾക്കായി പ്രത്യേക സൗകര്യങ്ങൾ മുംബൈ മൃഗശാലയിൽ ഒരുക്കുകയും ചെയ്തു. മൃഗശാലയുടെ കാര്യങ്ങൾ നേരിട്ടു നോക്കുന്ന ടൂറിസം മന്ത്രിയുടെ ഇപ്പോഴത്തെ ആഗ്രഹം അപൂർവയിനം ജീവികളെ കൂടുതൽ ഇറക്കുമതി ചെയ്യണമെന്നതാണ്; ന്യൂയോർക്കിലെയും ലണ്ടനിലെയും പ്രശസ്തമായ മൃഗശാലകളിലേതു പോലെ.

ധ്രുവമേഖലയിൽ മാത്രം ജീവിക്കാൻ കഴിയുന്ന ഈ പക്ഷികളിലൊന്ന് അണുബാധമൂലം ചത്തതോടെയാണു കാര്യം വിവാദമായത്. പെൻഗ്വിനുകളെ അവയുടെ സ്വാഭാവിക വാസസ്ഥലത്തുനിന്നു മാറ്റി ആദിത്യ അവയോടു ക്രൂരത കാട്ടുകയാണെന്ന് ആക്ഷേപമുയർന്നു.  പെൻഗ്വിനുകളുടെ പരിപാലനത്തിനു ചെലവു പ്രതിവർഷം 4 കോടി രൂപയാണ്. പക്ഷേ, പെൻഗ്വിനുകൾ വന്നശേഷം മൃഗശാലയുടെ വരുമാനം 50 ലക്ഷത്തിൽനിന്നു പ്രതിവർഷം 3 കോടിയിലേറെ രൂപയായി ഉയർന്നുവെന്നാണു മൃഗശാല അധികൃതരുടെ വാദം. 

എന്നാൽ ഒരു പ്രത്യേക വ്യക്തിയുടെ അഭിലാഷപൂർത്തീകരണത്തിനായി നഗരം ഇത്രയേറെ തുക നീക്കിവയ്ക്കേണ്ടതുണ്ടോയെന്നാണു മറുചോദ്യം ഉയരുന്നത്. താക്കറെയുടെ പിന്തുണക്കാർക്ക് അതിനും മറുപടിയുണ്ട്. വൻനഗരങ്ങൾക്കു വലിയ നിക്ഷേപങ്ങൾ വേണ്ടിവരും. അതു വലിയ വരുമാനം കൊണ്ടുവരികയും ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ മൃഗശാല ഡൽഹിയിലാണ്. അവിടെവരെ പോകാൻ പണമില്ലാത്ത ലക്ഷക്കണക്കിനു സഞ്ചാരികൾക്കു മുംബൈ നഗരത്തിലെത്തിയാൽ പെൻഗ്വിനുകളെ കാണാം. ഡൽഹി മൃഗശാലയിൽ പക്ഷേ പെൻഗ്വിനുകൾ ഇല്ല. 

mby-aditya
ആദിത്യ താക്കറെ

ആദിത്യയെപ്പോലെ പ്രത്യേക ഇഷ്ടങ്ങൾ കൊണ്ടുനടക്കുന്ന രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിൽ വേറെയും ഉണ്ട്. മുലായം സിങ് യാദവിനു ഹരം സിംഹങ്ങളോടാണ്. തന്റെ സ്വന്തം ജില്ലയായ ഇറ്റാവയിൽ സിംഹങ്ങളുടെ മൃഗശാല തുടങ്ങണമെന്നത് അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു. മൂന്നുവട്ടം യുപി മുഖ്യമന്ത്രിയായിരുന്നുവെങ്കിലും മുലായത്തിന്റെ ഈ ആഗ്രഹം അക്കാലത്തു സഫലമായില്ല. ഇന്ത്യയിൽ സിംഹങ്ങളുള്ളതു ഗുജറാത്തിലെ ഗിർ വനങ്ങളിലാണ്. അവിടെനിന്നു സിംഹങ്ങളെ യുപിയിലേക്കു കൊണ്ടുപോകുന്നത് അന്നു ഗുജറാത്ത് സർക്കാർ ശക്തമായി എതിർത്തതുകൊണ്ടാണു മുലായത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാതിരുന്നത്. ഒടുവിൽ മകൻ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 8 സിംഹങ്ങളെ ഗിർ വനത്തിൽനിന്ന് ഇറ്റാവയിലേക്കു മാറ്റാനുള്ള അനുമതി ലഭിച്ചു. പിന്നീട് ഇതിൽ 5 എണ്ണം അസുഖം വന്നു ചത്തതോടെ നരേന്ദ്രമോദി അടക്കമുള്ള ഗുജറാത്ത് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗിർ വനമല്ലാതെ മറ്റൊരു സാഹചര്യവും സിംഹങ്ങൾക്ക് ഇണങ്ങില്ലെന്നു ഗുജറാത്ത് വാദിച്ചു. 

വിവാദത്തിനൊടുവിൽ ദേശീയ മൃഗശാല അതോറിറ്റി ഇറ്റാവയിലെ സിംഹശാല തുടരാൻ അനുവദിച്ചെങ്കിലും സന്ദർശകരെ വിലക്കി. പക്ഷേ, മുലായമാകട്ടെ തന്റെ നാട്ടുകാർ സിംഹങ്ങളെ മാത്രമല്ല ആഫ്രിക്കൻ കരടികൾ അടക്കം അപൂർവ വന്യജീവികളെ നേരിൽ കണ്ടു രസിക്കണമെന്ന നിലപാടുകാരനാണ്. അവസാനം തന്റെ 80–ാം വയസ്സിൽ മുലായത്തിന് ആനന്ദം പകർന്ന് ഇറ്റാവ ലയൺ സഫാരി പൊതുജനങ്ങൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നുകൊടുത്തു. കോവിഡ് സ്ഥിതി മെച്ചപ്പെട്ടാൽ രാജ്യത്തെ മറ്റു ദേശീയോദ്യാനങ്ങളും തുറക്കും.

ഇറ്റാവയിൽനിന്ന് 260 കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ കുനോ വന്യജീവി സംരക്ഷണകേന്ദ്രത്തിലും മറ്റൊരു വിവാദം നീറിപ്പുകയുന്നു. യുപിഎ സർക്കാരിൽ പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്റാം രമേശിനു സിംഹങ്ങളോടും ചീറ്റപ്പുലികളോടും വലിയ കമ്പമാണ്. 700 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കുനോ വന്യജീവികേന്ദ്രത്തിലേക്കു സിംഹങ്ങളെ ഗിർ വനത്തിൽനിന്നും 1940കളിൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്തുനിന്നും കൊണ്ടുവരണമെന്നതാണു ജയ്റാം രമേശിന്റെ ലക്ഷ്യം. നിലവിൽ കുനോയിൽ പുള്ളിപ്പുലികളുണ്ട്. 

ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഏതാനും സിംഹങ്ങളെ കുനോയിലേക്കു മാറ്റാൻ അനുവദിച്ചെങ്കിലും കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും ശക്തമായ എതിർപ്പു പ്രകടിപ്പിച്ച് ഇടഞ്ഞുനിൽക്കുകയാണ്. ഗിർ വനത്തിൽനിന്നു സിംഹങ്ങളെ കൊണ്ടുപോകൽ നരേന്ദ്രമോദിയുടെ കാലത്തു സാധ്യമാകാനിടയില്ല. ഇതിനിടെ ആഫ്രിക്കയിൽനിന്ന് ഒരു ഡസൻ ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്യാമെന്ന വിദഗ്ധസമിതിയുടെ ശുപാർശയും സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗമേറിയ മൃഗം ഇന്ത്യയിലേക്കു തിരിച്ചെത്തും.

തന്റെ ഔദ്യോഗിക വസതിയുടെ ഉദ്യാനത്തിലെത്തിയ മയിലുകളുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമത്തിൽ പങ്കുവച്ചതു  വൈറലായിരുന്നു. മയിലിനു പ്രധാനമന്ത്രി തീറ്റ കൊടുക്കാൻ പാടില്ലായിരുന്നുവെന്നു ചൂണ്ടിക്കാട്ടി മൃഗസ്നേഹികളും രംഗത്തെത്തി. കാരണം മയിലിനെ വന്യജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മയിലുകളെ ഡൽഹിയിൽ ഒരുപാടു കാണാം. എ.പി.ജെ അബ്ദുൽ കലാം പ്രസിഡന്റായിരിക്കെ, മുറിവേറ്റ മയിലിനെ രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡനിൽ അദ്ദേഹം ശുശ്രൂഷിക്കുന്ന ഫോട്ടോ ദേശീയശ്രദ്ധ നേടിയിരുന്നു.

കേരളത്തിലേക്കു വന്നാൽ, എം.വി.രാഘവനു പാമ്പുകളോടുള്ള കമ്പം പ്രസിദ്ധമായിരുന്നു. അദ്ദേഹം മുൻകയ്യെടുത്തു സ്ഥാപിച്ച പറശ്ശിനിക്കടവു പാമ്പുവളർത്തൽ കേന്ദ്രം ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നിയമപ്രശ്നങ്ങളും പിന്നിട്ട് ഇപ്പോൾ നാലാം ദശകത്തിലേക്കു പ്രവേശിക്കുകയാണ്.

English Summary: Penguin in Mumbai Byculla zoo;  Controversy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com