ADVERTISEMENT

നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ, സ്തംഭനത്തിന്റെ നീണ്ട ഇടവേളയ്ക്കുശേഷം നമ്മുടെ ടൂറിസം മേഖല പ്രതീക്ഷയിലേക്കു മെല്ലെ ചിറകുവിടർത്തിത്തുടങ്ങുകയാണ്. ആഭ്യന്തര സഞ്ചാരികളുടെ വരവുപോലും കാര്യമായി തുടങ്ങിയിട്ടില്ലെങ്കിലും അടച്ചിടൽകാലം അവസാനിക്കുന്നത് ഈ മേഖലയിൽ ചെറിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. ഇതിനകമുണ്ടായ മഹാനഷ്ടത്തിൽനിന്നു കരകയറാൻ സകല വഴികളും തേടുമ്പോൾ സർക്കാർ എത്രത്തോളം കൂടെയുണ്ടെന്നതാണ് ഈ വേളയിലുയരുന്ന പരമപ്രധാന ചോദ്യം.

ടൂറിസത്തിനു വ്യവസായപദവി കിട്ടിയാൽ അതിനനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നിരിക്കെ, ഇപ്പോഴത്തെ സങ്കീർണ പ്രതിസന്ധിയിൽ അതിനുവേണ്ടിയുള്ള ഈ മേഖലയുടെ ആവശ്യം കൂടുതൽ പ്രസക്തമാവുന്നു. സർക്കാർ ഉത്തരവിറങ്ങി 35 വർഷമായിട്ടും ഇതുവരെ ഈ പദവി ലഭ്യമാക്കാത്തതിനു ന്യായീകരണമില്ല.

യാത്രകൾ നിലച്ച്, സഞ്ചാരികളുടെ വരവു പൂർണമായും ഇല്ലാതായതോടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണു നമ്മുടെ ടൂറിസം മേഖല നേരിട്ടത്. കോവിഡ്കാല അടച്ചിടലിൽ ഈ വർഷം ജൂലൈ വരെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു 34,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഗ്രൂപ്പുകളും ചെറിയ പ്രാദേശിക സംരംഭകരുമെ‍ാക്കെ താങ്ങാനാവാത്ത നഷ്ടത്തിന്റെ കണക്കുകളാണു പറയുന്നത്. ചെറുതും വലുതുമായ റിസോർട്ടുകളും ഹോംസ്റ്റേകളും ഫാം സ്റ്റേകളും വഞ്ചിവീട് മേഖലയുമെ‍ാക്കെ ആഘാതമേറ്റു വലയുന്നു. ബാങ്ക് വായ്പകളുടെ തിരിച്ചടവുപോലും മുടങ്ങിയവരും അതുവരെയുള്ള സമ്പാദ്യം ലോക്ഡൗണിൽ നഷ്ടമായവരുമെ‍ാക്കെ ഭാവിയെനോക്കി അന്തിച്ചുനിൽക്കുകയാണ്. ഈ മേഖലയിലെ ‍‍ജീവനക്കാരാകട്ടെ, ജീവിതം അത്യധികം വിഷമകരമാക്കിയ കഠിനകാലമാണു പിന്നിട്ടത്. 

കോവിഡ് അനന്തര കേരളത്തിന്റെ വലിയ സമ്പദ്പ്രതീക്ഷ കൂടിയായ ടൂറിസം മേഖല ഇനിയും തളരാതിരിക്കാൻ ബഹുമുഖ നടപടികൾ എത്രയുംവേഗം ഉണ്ടാകേണ്ടതുണ്ട്. 15 ലക്ഷം പേർക്കു തൊഴിലും കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിലേക്കു വർഷം 45,000 കോടി രൂപയും നൽകുന്ന ഈ മേഖലയ്ക്കു സംസ്ഥാന സർക്കാർ ന്യായമായും നൽകേണ്ട കൈത്താങ്ങിൽ ഏറ്റവും പ്രധാനമാണു വ്യവസായപദവി. 

ഈ പദവിക്കായി മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പുകാലം ഇതിനകം ടൂറിസം മേഖല പിന്നിട്ടുകഴിഞ്ഞുവെന്നതാണു നിർഭാഗ്യകരം. മുഖ്യമന്ത്രി കെ.കരുണാകരൻ താൽക്കാലികമായി ടൂറിസം വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് 1986ൽ വ്യവസായപദവി നൽകുന്ന ഉത്തരവ് ഇറങ്ങിയത്. അതനുസരിച്ചു ഹോട്ടലുകൾക്കും മറ്റും വ്യവസായശാലയ്ക്കെന്നപോലെ ഒറ്റത്തവണ കെട്ടിട നികുതി ഒഴിവാക്കുക, വൈദ്യുതിക്കു വാണിജ്യനിരക്കിനു പകരം വ്യവസായനിരക്ക് അനുവദിക്കുക തുടങ്ങിയ ആനുകൂല്യങ്ങളുണ്ടായിരുന്നു. 1987ൽ ഇടതു സർക്കാർ കാലത്ത്, ടി.ശിവദാസമേനോൻ വൈദ്യുതി മന്ത്രിയായിരിക്കെ വാണിജ്യനിരക്കിനു പകരം വ്യവസായനിരക്ക് ടൂറിസത്തിന് അനുവദിച്ചെങ്കിലും പിന്നീടതു റദ്ദാവുകയായിരുന്നു. ധന, വൈദ്യുതി, റവന്യു വകുപ്പുകളുടെ എതിർപ്പുമൂലം മറ്റ് ആനുകൂല്യങ്ങളൊന്നും നടപ്പായതുമില്ല. 

ബാങ്ക് വായ്പകളിൽ വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാറില്ലെന്നതു ടൂറിസത്തിന്റെ മറ്റെ‍ാരു ദുർവിധി. ചെറുകിട വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ടൂറിസം സംരംഭങ്ങൾക്കും ലഭിക്കണമെന്ന ആവശ്യവുമുണ്ട്. ചെറുകിട വ്യവസായ സംരംഭത്തെക്കാൾ കൂടുതൽ തൊഴിലവസരങ്ങളും സർക്കാരിനുള്ള നികുതിവരുമാനവും ടൂറിസം സംരംഭങ്ങളിൽനിന്നു ലഭിക്കുന്നുവെന്നതും കാണാതിരിക്കരുത്. ഇതിനായി, കേന്ദ്ര എംഎസ്എംഇ നിയമത്തിലുള്ള ആനുകൂല്യങ്ങൾ ടൂറിസത്തിനും നൽകുമെന്ന ഒറ്റ ഉത്തരവു മതിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ടൂറിസം മേഖല ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കണമെങ്കിൽ, ആത്മവിശ്വാസത്തോടെ നിവർന്നുനിൽക്കണമെങ്കിൽ, ഗൗരവതരമായ അടിയന്തര രക്ഷാനടപടികൾ ഉണ്ടായേതീരൂ. ഈ മേഖല അനുഭവിക്കുന്ന കടുത്ത പ്രതിസന്ധി തിരിച്ചറിഞ്ഞ് കരുതൽകരങ്ങൾ നീട്ടാൻ സംസ്ഥാന സർക്കാർ ഇനിയും വൈകിക്കൂടാ.

English Summary: Industry status to Kerala tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com