ADVERTISEMENT

മലയാളിയുടെ ഊണിനു പടപടാലിറ്റി നൽകുന്ന പാവം പപ്പടം കഴിഞ്ഞയാഴ്ച ദേശീയ തൂശനിലയിൽ വിസ്തരിച്ചു കയറിയിരുന്നത് ആരുമങ്ങനെ കാര്യമായി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. പപ്പടം ഏത് ആകൃതിയിലും പേരിലുമായാലും ജിഎസ്ടി എന്ന ചരക്കു സേവന നികുതി ബാധകമല്ലെന്നു കേന്ദ്ര പരോക്ഷ നികുതി ബോർഡ് വ്യക്തമാക്കിയതു കഴിഞ്ഞയാഴ്ചയാണ്. 

വട്ടത്തിലല്ലാത്ത രൂപത്തിലും പപ്പടമുണ്ടെന്നൊരു സൂചന ഈ വിശദീകരണത്തിൽ വിളമ്പിവച്ചിട്ടുള്ളതു മലയാളി ശ്രദ്ധിച്ചോ എന്നറിയില്ല. വട്ടത്തിലല്ലെങ്കിൽ രുചി വൃത്തഭദ്രമാകുമോ എന്ന സംശയവും ഒരു കടിക്കുണ്ട്.

കാച്ചി അഥവാ പൊള്ളിച്ച് ഭക്ഷണമായി വിളമ്പുന്നതോടെ പപ്പടത്തിന്റെ തലവിധി മാറുന്നു. അതിന്മേൽ ജിഎസ്ടി വന്നുവീഴുന്നു. പിന്നെ ചെറുസ്ഫോടനത്തോടുകൂടി നാം കഴിക്കുന്നതു നികുതിഭാരം പേറുന്ന പപ്പടമാകുന്നു. നികുതിഘടകമാണു പൊട്ടിത്തെറിക്കു കാരണമെന്നാണു പ്രിയപുത്രി ആകാശകുസുമത്തിന്റെ നിരീക്ഷണം. 

എന്നാൽ, കാച്ചുന്നതും കാച്ചാത്തതുമായ പപ്പടങ്ങൾക്കിടയിൽ കാച്ചിക്കുറുക്കിയ ഒരു പഴുതു കിടക്കുന്നുണ്ടെന്നാണ് അപ്പുക്കുട്ടന്റെ പക്ഷം. 

പപ്പടം ചുട്ടു കൂട്ടുക. എണ്ണ ഏതായാലും അതിലെല്ലാം രോഗങ്ങളുടെ വഴുക്കലുണ്ടെന്നു നമുക്കറിയാം. പപ്പടം ചുട്ടെടുക്കാൻ എണ്ണ വേണ്ട; അടുപ്പും തീയും മാത്രം മതി. 

ചുട്ടെടുക്കുമ്പോഴും പപ്പടത്തിൽ കുമിളകൾ ഉയർന്നുവരും. ഓമന മറുകുകൾപോലെ കരിചേർന്ന ചില പാടുകളും പപ്പടക്കവിളിലുണ്ടാവും. അതു പപ്പടത്തിനു രുചിയണയ്ക്കുകയേയുള്ളുവെന്നാണു പരമ്പരാഗത അടുക്കളരഹസ്യം. 

അടുപ്പിൽ ചുട്ടെടുക്കുന്നതിനു കാച്ചുക, പൊള്ളിക്കുക, പൊരിക്കുക എന്നൊന്നും പേരില്ല. ചുട്ട പപ്പടത്തിന്റെ രുചിവട്ടത്തിലുള്ളത് എണ്ണയിടാത്ത ആരോഗ്യമാകുന്നു. അതിനുവേണ്ടത് അടുപ്പുമാത്രം. 

അടുപ്പിൽ പുകയുന്നതു സ്വകാര്യതയാണെന്നും അതിൽ വാണിജ്യതാൽപര്യത്തിന്റെ ഒരു തീക്കൊള്ളി പോലുമില്ലെന്നും പറഞ്ഞാൽ ജിഎസ്ടിക്കാർക്കു ബോധ്യപ്പെടുമെന്നു കരുതാം. എന്നിട്ടും, അടുപ്പിൽ കയ്യിടണമെന്നു നിർബന്ധമുള്ളവർക്കു വേണമെങ്കിൽ ഓർക്കാം: എല്ലാ പൊള്ളൽക്കുമിളകളും പപ്പടരൂപത്തിലാവില്ല.

English Summary: GST on Papad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com