ADVERTISEMENT

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ പ്രയത്നിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് അടുത്തതായി നേരിടേണ്ടിവരുന്ന കടുത്ത വെല്ലുവിളി കാർഷികമേഖലയിലെ സങ്കീർണ പ്രതിസന്ധിയാകും. അതിലേറ്റവും ഗൗരവം കർഷകരുടെ പെരുകുന്ന കടഭാരത്തിനു തന്നെയാണ്. വരുമാനം നിലച്ചതിനാൽ കർഷകരുടെ വായ്പകൾ പലതും തിരിച്ചടവു മുടങ്ങിയിരിക്കുന്നു. കടക്കെണിയിലായ കർഷകർ സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷനിൽ അപേക്ഷ നൽകാൻ കഴിയാതെ വലയുന്ന കാഴ്ചയും ഇപ്പോൾ കേരളം ആധിയോടെ കാണുന്നു.

പഴയ അപേക്ഷകൾ തീർപ്പാക്കാനുള്ളതിനാൽ പുതിയവ സ്വീകരിക്കുന്നില്ല എന്നാണു കമ്മിഷന്റെ വിശദീകരണം. കുടിശികക്കാരായ കർഷകരും പുതിയ വായ്പകൾ ലഭിക്കാതെ പ്രതിസന്ധിയിലാണ്. നേരത്തേ സ്വീകരിച്ചതിൽ 57,000 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം കമ്മിഷൻ പുനഃസംഘടിപ്പിച്ചു സിറ്റിങ് പുനരാരംഭിച്ചെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ച് ഇത്രയും അപേക്ഷകൾ തീർപ്പാക്കാൻ സമയമേറെ വേണ്ടിവരുമെന്നാണ് ആശങ്ക.

കോവിഡ് ഭീഷണിയെ‍ാഴിയുമ്പോൾ ബാങ്കുകൾ തിരിച്ചടവു നടപടികൾ കർശനമാക്കുന്നതോടെ കാർഷികമേഖലയിൽ വലിയ ആശങ്കയും അസ്വസ്ഥതയുമാകും ഉണ്ടാകുക. വരുമാനം നിലച്ചതോടെ കർഷകർ തന്നെയെടുത്ത മറ്റു വായ്പകളുടെയും തിരിച്ചടവു മുടങ്ങിയിട്ടുണ്ടാകും. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് മൊറട്ടോറിയം ഉൾപ്പെടെയുള്ള ആശ്വാസനടപടികൾ സർക്കാർ പ്രഖ്യാപിച്ചതോടെ ജപ്തിനടപടിയുടെ ഭീഷണിയിൽനിന്നു കർഷകർക്ക് ആശ്വാസമായെങ്കിലും വായ്പത്തിരിച്ചടവു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മൊറട്ടോറിയം കാലയളവിലെ പലിശ ഉൾപ്പെടെ വലിയ ഭാരമാണു മുന്നിലുള്ളത്. വായ്പത്തിരിച്ചടവു മുടങ്ങിയാൽ ബാങ്കുകൾക്കും പിടിച്ചുനിൽക്കാൻ കഴിയില്ല എന്നതു മറ്റെ‍ാരു യാഥാർഥ്യം. 

കേരളത്തിലെ കർഷകരുടെ പെരുകുന്ന കടത്തിന് ആശ്വാസമേകാൻ കഴിയുന്ന സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷനെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്. സഹകരണ ബാങ്കുകളിലെ കർഷകരുടെ വായ്പകളിൽ 2 ലക്ഷം രൂപവരെ എഴുതിത്തള്ളാനും മറ്റു ബാങ്കുകളുമായി മധ്യസ്ഥതയിലൂടെ ഇടപെട്ടു വായ്പബാധ്യത കുറയ്ക്കാനും 2007ൽ പ്രത്യേക ആക്ട് പ്രകാരം രൂപീകരിച്ചതാണു കമ്മിഷൻ. എന്നാൽ, മതിയായ ഫണ്ട് ലഭ്യമാകാതെയും കൃത്യമായ ഇടവേളകളിൽ സിറ്റിങ് നടത്താതെയും കമ്മിഷൻ പ്രവർത്തനം പലപ്പോഴും താളം തെറ്റിയിരുന്നു.

തുടർ‌പ്രളയങ്ങളും കോവിഡും കാരണം കടക്കെണിയിലായ ആയിരക്കണക്കിനു കർഷകർക്കു സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷനിൽ അപേക്ഷ നൽകാൻ ഇനിയും അവസരം ലഭിച്ചില്ലെന്നതു സർക്കാർ അതീവഗൗരവത്തോടെ വേണം കാണാൻ. നേരത്തെ സ്വീകരിച്ച അപേക്ഷകൾ തീർപ്പാക്കാനുള്ളതിനാലാണു പുതിയവ സ്വീകരിക്കാത്തതെന്ന കമ്മിഷന്റെ വിശദീകരണത്തിൽ കർഷകർ തൃപ്തരല്ല. ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിൽ 2014 ഡിസംബർ 31 വരെയുമുള്ള കാലയളവിൽ സഹകരണ ബാങ്കുകളിൽ നിന്നെടുത്ത കുടിശികയായ കടങ്ങൾ തീർപ്പാക്കുന്നതിനാണ് ഏറ്റവുമെ‍ാടുവിൽ കമ്മിഷൻ അപേക്ഷ സ്വീകരിച്ചത്. 

കടാശ്വാസ കമ്മിഷന്റെ പ്രവർത്തനത്തിനു പ്രധാനമായും വേണ്ടതു ഫണ്ടാണ്. കർഷകരുടെ എഴുതിത്തള്ളുന്ന വായ്പകൾക്കു തുല്യമായ തുക സഹകരണ ബാങ്കുകൾക്കു നൽകേണ്ടതു സർക്കാരാണെന്നതിനാൽ, സർക്കാർ പണം നൽകാത്തതുമൂലം പ്രതിസന്ധിയിലാകുന്നത് ആ ബാങ്കുകളാണ്. അവർ വീണ്ടും വായ്പ നൽകാൻ മടിക്കുന്നതോടെ കർഷകരും കഷ്ടത്തിലാകുന്നു.

കൃത്യമായ ഇടവേളകളിൽ സിറ്റിങ് നടത്തി, കാർഷിക കടാശ്വാസ കമ്മിഷനിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കി പുതിയ അപേക്ഷകൾ സ്വീകരിക്കാൻ അടിയന്തര നടപടി ഉണ്ടായേതീരൂ. കമ്മിഷൻ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുകയും വേണം. കർഷകരുടെ കടബാധ്യത വലിയ തോതിൽ ഏറ്റെടുക്കുന്ന പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടും ഏറെ വർഷങ്ങളായി. രാജ്യത്തെ കർഷകമനസ്സ് അനുഭവിക്കുന്ന വേവും വേവലാതികളും തിരിച്ചറിഞ്ഞു കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ നടത്തേണ്ടതുണ്ട്.

 English Summary: Kerala State Farmer's Debt Relief Commission 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com