ADVERTISEMENT

ആരെയും അധികം നോവിക്കാത്ത പാർട്ടി എന്ന പരിവേഷമാണ് ഇടതു മുന്നണിയിലും കേരള രാഷ്ട്രീയത്തിലും പൊതുവേ സിപിഐയ്ക്കുണ്ടായിരുന്നത്. എന്നാൽ, പെട്ടെന്നു വേഷപ്പകർച്ച വന്ന ചിത്രമാണ് ഇപ്പോൾ പാർട്ടിക്ക്. ലാളിത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ എംഎൻ സ്മാരകത്തിനു പെട്ടെന്നു രൂപവും ഭാവവും മാറിയതുപോലെ.  പാർട്ടിയുടെ ആ കേരള ആസ്ഥാനത്തിരുന്നു ഡൽഹിയിലെ അജോയ്ഭവനെത്തന്നെ പിടിച്ചുകുലുക്കുകയാണു സംസ്ഥാന നേതൃത്വം.  സമാന്തരമായി എകെജി സെന്ററിനു നേർക്കു കൂരമ്പുകളെയ്യുന്നു. കേരള കോൺഗ്രസി(എം)ന്റെ രണ്ടിലയെ കശക്കുന്നു.

‘ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി’ എന്ന രജനീകാന്ത് ഡയലോഗ് പോലെയായി സിപിഐയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന ചർച്ച. കോവിഡും മരംമുറിയും മൂലം സംസ്ഥാന കൗൺസിൽതന്നെ വിളിക്കാൻ വളരെ വൈകി; അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന്റെ പാർട്ടിതല പരിശോധനയും നീണ്ടു.

സിപിഐയുടെ 2011ലെയും 2016ലെയും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളിൽനിന്നു വ്യത്യസ്തമാണ് ഇത്തവണത്തേത്. സാധാരണ ഗതിയിൽ ആഭ്യന്തരചർച്ചകളുടെ കടുപ്പവും പരിഹാസവും കമ്യൂണിസ്റ്റ് പാർട്ടികൾ ബന്ധപ്പെട്ട റിപ്പോർട്ടിലേക്കു പകർത്താറില്ല. അഭിപ്രായ വ്യത്യാസങ്ങൾ പൊതിഞ്ഞുപറഞ്ഞാലായി. എന്നാൽ, ഉള്ളത് ഉള്ളതുപോലെ ഇത്തവണ സിപിഐ അവരുടെ റിപ്പോ‍ർട്ടിൽ പറഞ്ഞു.

ആ തുറന്ന സമീപനം രണ്ടു നിഗമനങ്ങൾക്കാണു വഴിതുറന്നത്. പിണറായി വിജയനും കാനം രാജേന്ദ്രനും പഴയ അകൽച്ച മാറ്റാൻ ബോധപൂർവം നടത്തിയ ശ്രമങ്ങൾ വിജയിച്ചെങ്കിലും താഴേക്കു സ്ഥിതി അതല്ല. പല ജില്ലകളിലും സിപിഎം– സിപിഐ ബന്ധത്തിൽ വിള്ളലുകളുണ്ട്. സിപിഐയെ ബോധപൂർവം സിപിഎം അവഗണിക്കുന്നതായി അവർക്കു പരാതിയുണ്ട്. ഘടകകക്ഷിയാണെങ്കിലും കേരള കോൺഗ്രസി(എം)നെ ഇടതുജനാധിപത്യ മുന്നണിയിലെ പാർട്ടിയായി അംഗീകരിക്കാൻ സിപിഐയ്ക്കു വിമുഖതയുണ്ട് എന്നതാണ് അടുത്തതായി തെളിഞ്ഞു വന്ന കാര്യം. 

കുത്തുന്ന ആക്ഷേപങ്ങൾ 

‘പൊതുവേ സിപിഎം– സിപിഐ പാർട്ടികൾ നല്ല യോജിപ്പോടെ ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുകയും അതിന്റെ നേട്ടം മുന്നണിക്ക് ഉണ്ടാകുകയും ചെയ്തു’ എന്നാണു റിപ്പോർട്ടിന്റെ നാലാം പേജിൽ സിപിഐ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, ഇതാണോ ആ യോജിപ്പെന്ന സന്ദേഹം ജനിപ്പിക്കുന്നതാണ് 54 പേജുള്ള റിപ്പോർട്ടിലെ പിന്നീടുള്ള പല ഭാഗങ്ങളും. പാർട്ടി മത്സരിച്ച മലപ്പുറത്തെ ഏറനാട് മണ്ഡലത്തിൽ ഒരു വിഭാഗം സിപിഎം നേതാക്കൾ നിഷേധാത്മക നിലപാടുതന്നെ പുലർത്തി എന്നാണു സിപിഐ കുറ്റപ്പെടുത്തുന്നത്. ഒട്ടേറെ തിക്താനുഭവങ്ങൾ നേരിട്ടതായി പരിദേവനവുമുണ്ട്. തിരൂരിൽ യോജിച്ച പ്രവർത്തനത്തിനു സിപിഎമ്മിനു താൽപര്യം ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ആലപ്പുഴയിലെ ചില മണ്ഡലങ്ങളിൽ സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങൾ മൂലം ഭൂരിപക്ഷം കുറഞ്ഞു. ജി.സുധാകരനെതിരെ സിപിഎം അന്വേഷണം നടത്തുന്ന അമ്പലപ്പുഴയുടെ കാര്യം സിപിഐ എടുത്തു പറയുന്നു. ‘‘അമ്പലപ്പുഴയിൽ സിപിഎമ്മിൽ ആഭ്യന്തരപ്രശ്നങ്ങൾ ഏറെയായിരുന്നു’ എന്നാണ് ആ വാചകം. മാവേലിക്കരയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 

സിപിഐയുടെ അടൂരിൽ ഭൂരിപക്ഷം കുറഞ്ഞതിനു കാരണവും സിപിഎമ്മിലെ പ്രശ്നങ്ങളാണെന്നു റിപ്പോർട്ട് ആരോപിക്കുന്നു. ഇവിടെ സിപിഎം ജില്ലാ നേതൃത്വത്തിന് ഒന്നും  ചെയ്യാൻ കഴിഞ്ഞില്ല. പാർട്ടിയോ എൽഡിഎഫോ സ്ഥാനാർഥിയോ ജാഗ്രതാപൂർവം പ്രവർത്തിക്കാതിരുന്നതാണു സിറ്റിങ് സീറ്റായ കരുനാഗപ്പള്ളി നഷ്ടപ്പെടാനുള്ള കാരണം. തിരുവനന്തപുരത്തു വർക്കലയിൽ ചില സിപിഎം നേതാക്കൾക്കെതിരെ സിപിഐ ജില്ലാ കമ്മിറ്റിക്കു പരാതിയുള്ളതായി റിപ്പോർട്ട് തുറന്നു പറയുന്നു. മുകേഷിനെപ്പോലെ ഒരു സിപിഎം സ്ഥാനാർഥിക്കുനേരെയുള്ള പരിഹാസവും കെ.എൻ.ബാലഗോപാലിനു സിപിഎം തന്നെ പാര വച്ചു എന്ന ആക്ഷേപവും വേറെ. 

അരിവാൾ വേണം, രണ്ടില വേണ്ട

സിപിഎമ്മും സിപിഐയും യോജിപ്പോടെ പ്രവർത്തിച്ച ഇടങ്ങളിലെല്ലാം നേട്ടമുണ്ടായെന്ന് ഊന്നി സ്ഥാപിക്കാൻ സിപിഐ മുതിർന്നിട്ടുണ്ട്. ആ ഇടത് ഐക്യത്തിനും ഇടതു സ്വഭാവത്തിനും ചേരുന്നതാണോ പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) എന്ന ചോദ്യമാണ് അവർക്കെതിരെയുള്ള വിലയിരുത്തലുകളിലൂടെ പാർട്ടി ഉയർത്തുന്നത്. കേരള കോൺഗ്രസിന് അധികകാലം എൽഡിഎഫിൽ തുടരാൻ കഴിയില്ലെന്ന വിശ്വാസം സിപിഐ ഇപ്പോഴും വച്ചുപുലർത്തുന്നതായി ഇതു വ്യക്തമാക്കുന്നു. സിപിഎമ്മാകട്ടെ ജോസ് കെ.മാണി നർകോട്ടിക് ജിഹാദിനെ തള്ളിപ്പറഞ്ഞില്ലെങ്കിൽപോലും അവരെ ചേർത്തുപിടിക്കുകയുമാണ്. 

ഇടതുമുന്നണിയിലേക്കു വരാൻ തയാറായ ജോസ് കെ.മാണിയെക്കാൾ ജനങ്ങൾക്കു സ്വീകാര്യൻ എൽഡിഎഫ് ഉപേക്ഷിച്ചു മറുകണ്ടം ചാടിയ മാണി സി.കാപ്പനാണെന്ന സിപിഐ റിപ്പോർട്ടിലെ പരാമർശം കേരള കോൺഗ്രസിനുണ്ടാക്കിയ അമർഷം ചെറുതല്ല. ഇതിനെതിരെ സിപിഎം നേതൃത്വത്തോട് അവർ പരാതിപ്പെട്ടു. പരസ്യമായി അനിഷ്ടം വ്യക്തമാക്കിയ കേന്ദ്ര നേതൃത്വത്തിൽനിന്നും പാർട്ടിക്കുള്ളിൽനിന്നും സഖ്യ കക്ഷികളിൽനിന്നും കാനം സമ്മർദം നേരിടുന്നു. അതേസമയം, സംസ്ഥാന നിർവാഹകസമിതിയും കൗൺസിലും ഏകകണ്ഠമായി അംഗീകരിച്ച റിപ്പോർട്ട് ഉൾപാർട്ടി കാര്യമാണെന്നു കാനം വിശ്വസിക്കുന്നു. പാർട്ടിയുടെ നേതൃഫോറങ്ങളിൽ അദ്ദേഹത്തിനു വലിയ പിന്തുണയുമുണ്ട്. റിപ്പോർട്ടുണ്ടാക്കിയ പുകിലും ഭിന്നതകളും സിപിഐതന്നെ പരിഹരിക്കണമെന്ന അഭിപ്രായമാണു സിപിഎം പങ്കുവയ്ക്കുന്നത്. അവർ അതിനു തയാറാകുമോയെന്നു വരും ദിവസങ്ങൾ തെളിയിക്കും.

English summary: CPI attacks CPM and Kerala Congress M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com