ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ റെയിൽവേയിൽ യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷ പ്രഥമപരിഗണന അർഹിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി ഈ മേഖല അവഗണിക്കപ്പെടുകയാണ്. കോവിഡ്കാലത്തു പൂർണമായി റിസർവേഷൻ നടത്തി ട്രെയിനോടിച്ചിട്ടും പണവും ആഭരണവും നഷ്ടപ്പെടുന്നതു വലിയ ആശങ്കയാണു യാത്രക്കാരിൽ ഉണ്ടാക്കുന്നത്.

നിസാമുദ്ദീൻ– തിരുവനന്തപുരം  സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിനിൽ, അമ്മയും മകളും ഉൾപ്പെടെ മൂന്നു സ്ത്രീകളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചതാണ് ഈ പരമ്പരയിൽ ഒടുവിലത്തേത്. ട്രെയിൻ സർവീസുകളുടെ എണ്ണവും വേഗവും വർധിക്കുന്നതിനനുസരിച്ചു സുരക്ഷാകാര്യത്തിൽ ശ്രദ്ധ പതിയുന്നില്ലെന്ന പരാതി വീണ്ടും ശരിവയ്‌ക്കുകയാണ് ഈ സംഭവം. 

ട്രെയിൻയാത്രയ്ക്കിടെ തുടർച്ചയായുണ്ടാകുന്ന കവർച്ചകൾ കടുത്ത സുരക്ഷാവീഴ്ച തന്നെയാണു വ്യക്തമാക്കുന്നത്. കേരളം വിട്ടുകഴിഞ്ഞാൽ ട്രെയിൻ സുരക്ഷ പേരിനു മാത്രമാണെന്നും കേരളത്തിനുപുറത്തു ട്രെയിനിൽ പരാതിപ്പെട്ടാൽ പലപ്പോഴും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻപോലും റെയിൽവേ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മറ്റു സ്ഥലങ്ങളിൽ നടക്കുന്ന മോഷണക്കേസുകളിൽ  എഫ്ഐആർ കൂടുതലും റജിസ്റ്റർ ചെയ്യുന്നതു കേരളത്തിൽ എത്തിയശേഷമാണ്. ഇവിടെനിന്ന് എഫ്ഐആർ കൈമാറിയാലും മറ്റു സംസ്ഥാനങ്ങളിൽ തൃപ്തികരമായ അന്വേഷണം മിക്കപ്പോഴും നടക്കാറില്ല.‍ നിസാമുദ്ദീൻ– തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ കവർച്ച സേലം മേഖലയിലാണ് ഉണ്ടായതെന്ന അനുമാനത്തിൽ അന്വേഷണം തമിഴ്നാട് ആർപിഎഫ് ഏറ്റെടുത്തിട്ടുണ്ട്. 

മലയാളികൾ കൂടുതൽ ആഭരണങ്ങൾ ധരിച്ചു യാത്രചെയ്യുന്നതിനാൽ, മോഷ്ടാക്കൾ മിക്കപ്പോഴും നോട്ടമിടുന്നതു കേരളത്തിലേക്കുള്ള ട്രെയിനുകളാണെന്നു റെയിൽവേ പൊലീസ് പറയുന്നു. പ്രധാന സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തിയെങ്കിലും ട്രെയിനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എങ്ങുമെത്തിയിട്ടില്ല. മെട്രോ മാതൃകയിൽ ഓട്ടമാറ്റിക് ഡോറുകളും ഏതാനും ചില പുതിയ ട്രെയിനുകളിൽ മാത്രമാണുള്ളത്. മോഷ്ടാക്കൾക്ക് ഏതു വഴിക്കും കയറാനും ഇറങ്ങിപ്പോകാനും കഴിയുന്ന തരത്തിലാണു റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും. 

ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യവേ 2011ൽ, ക്രൂരപീഡനത്തിനിരയായി സൗമ്യ എന്ന പെൺകുട്ടി മരിച്ച സംഭവത്തിനുശേഷം സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധിച്ചുതുടങ്ങിയെന്ന തോന്നൽ റെയിൽവേ ഉണ്ടാക്കിയെങ്കിലും അതു നിലനിർത്താനായില്ല. എറണാകുളം  മുളന്തുരുത്തിയിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മോഷണശ്രമത്തിനിരയായ യുവതി ട്രെയിനിൽനിന്നു വീണു പരുക്കേറ്റ സംഭവം വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതെത്തുടർന്ന്, ട്രെയിൻ യാത്രക്കാരുടെ സുരക്ഷാപ്രശ്നത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, അടിയന്തരഘട്ടങ്ങളിൽ അപായബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന ശുപാർശ റെയിൽവേയുടെ മുന്നിലില്ലേ എന്നു ചോദിക്കുകയുണ്ടായി. സൗമ്യ കൊലക്കേസിനെത്തുടർന്നു ട്രെയിനിലെ സുരക്ഷയ്ക്ക് 200 പൊലീസുകാരെ നിയമിക്കാൻ സംസ്ഥാനം നൽകിയ ശുപാർശ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടില്ലെന്ന് അന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നതാണു റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) റെയിൽവേ പൊലീസും (ജിആർപി) നേരിടുന്ന വെല്ലുവിളി. റെയിൽവേയുടെ കണക്കുപ്രകാരം, കോവിഡ്കാലത്തിനുമുൻപ് ദിവസം ശരാശരി മൂന്നുലക്ഷം പേരാണു സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ഏകദേശം 240 ട്രെയിനുകളിലായി യാത്ര ചെയ്തിരുന്നത്. ഇത്രയും പേർക്കു സുരക്ഷ ഒരുക്കാൻ ആർപിഎഫിലുള്ളതാവട്ടെ 600 പേർ മാത്രമാണ്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി ഏകദേശം 1,500 ആർപിഎഫ് ജീവനക്കാർ വേണ്ടിടത്ത് ഉള്ളത് 300 പേർ വീതം മാത്രം. 

യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളത്തിലൂടെയാണ് ഇന്ത്യൻ റെയിൽവേ സഞ്ചരിക്കേണ്ടതെന്ന സങ്കൽപത്തിനു പതിവായി പാളംതെറ്റുന്നത് എന്തുകൊണ്ടാണ്? അക്രമങ്ങൾക്കും കവർച്ചകൾക്കും ഇരയായിക്കെ‍ാണ്ടിരിക്കുന്ന യാത്രക്കാരുടെ മുന്നിൽ ശുഭയാത്ര എന്ന റെയിൽവേ മുദ്രാവാചകം ഇനിയും നാണംകെട്ടു തലതാഴ്ത്തിക്കൂടാ.

English Summary: Security threats in train and railway 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com