ADVERTISEMENT

ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വൈകിയെന്നും മുടങ്ങിയെന്നുമൊക്കെ അടിക്കടി വാർത്തകൾ വരുമ്പോൾ അതു സർക്കാരിന്റെ പക്കൽ  പണമില്ലാത്തതുകൊണ്ടാണെന്ന് കരുതുന്നവരുണ്ട്. പണമില്ലെന്നത് ഒരു വസ്തുതയാണെങ്കിലും കടമെടുത്തായാലും ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ  സർക്കാർ ശ്രമിക്കാറുണ്ട്. അപ്പോൾ പിന്നെ വില്ലൻ ആരാണ്? 

അഞ്ചുലക്ഷത്തിലേറെ സർക്കാർ ജീവനക്കാരുണ്ടു കേരളത്തിൽ. അവർ വിരമിക്കുന്നതുവരെയുള്ള ശമ്പളവിതരണമടക്കം സർവീസ് സംബന്ധമായ എല്ലാ വിവരങ്ങളും കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറാണു സ്പാർക് (സർവീസ് ആൻഡ് പേ റോൾ അഡ്മിനിസ്ട്രേറ്റീവ് റെപോസിറ്ററി ഫോർ കേരള). പേരിൽ തീപ്പൊരിയാണെങ്കിലും പ്രകടനത്തിൽ ഇതൊരു നനഞ്ഞ പടക്കമാണ്. 

സർക്കാർ തീരുമാനത്തിനനുസരിച്ച് ആവശ്യമായ മൊഡ്യൂളുകൾ തയാറാക്കി നൽകുന്നതിൽ വരുത്തുന്ന കാലതാമസവും അടിക്കടി പണിമുടക്കുന്നതുമാണു സ്പാർക്കിന്റെ പ്രധാന പ്രശ്നം. 17 വർഷം പഴക്കമുള്ള ഇൗ സോഫ്റ്റ്‌വെയർ കാലാനുസൃതമായി പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സർക്കാർ ജീവനക്കാരന്റെ വ്യക്തിവിവരങ്ങളും സർവീസ് വിവരങ്ങളുമൊക്കെ സ്പാർക്കിൽ രേഖപ്പെടുത്തുമ്പോൾ ചെറിയ പിഴവു സംഭവിക്കുക സ്വാഭാവികം. എന്നാൽ, അതു തിരുത്തണമെങ്കിൽ ജീവനക്കാരൻ വണ്ടികയറി തിരുവനന്തപുരത്തെത്തണം. തിരുത്തുന്നതു വരെ അയാൾക്കു ശമ്പളം ലഭിക്കില്ല. ജനങ്ങൾക്കു സേവനം വിരൽത്തുമ്പിൽ ലഭ്യമാക്കുന്നെന്നു വാചകമടിക്കുന്ന സർക്കാരിനു സ്വന്തം ജീവനക്കാരനുപോലും അതു ലഭ്യമാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു കാര്യം? 

സ്പാർക്കിലെ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ ഓരോ ജില്ലയിലും ഒരാളെ വീതം മുൻപു നിയമിച്ചിരുന്നു. പിന്നീട് അതുമാറ്റി ജില്ലാ ട്രഷറികളിൽ ഒരു ദിവസവേതനക്കാരനെവീതം നിയോഗിച്ചു. അവരെക്കൊണ്ടു ജീവനക്കാർക്കു കാര്യമായ ഗുണമില്ല. മാത്രമല്ല, ഡേറ്റാബേസിൽ എന്തെങ്കിലും തിരുത്തൽ വരുത്തണമെങ്കിൽ ശമ്പളബിൽ തയാറാക്കുന്ന ഡിഡിഒയുടെ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാർശ സഹിതം ഭരണവകുപ്പു മുഖേന അപേക്ഷ അയയ്ക്കണം. ഇൗ അപേക്ഷകൾ എത്തുന്നതു തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ബിൽഡിങ്ങിലെ സ്പാർക് ഓഫിസിലാണ്. അവിടത്തെ അവസ്ഥയാണു കഷ്ടം. ഉദ്യോഗസ്ഥരെ ഫോണിൽ ലഭിക്കാൻ പ്രയാസം. ചാറ്റിങ്ങിലൂടെ സഹായം തേടാൻ സൗകര്യമുണ്ടെങ്കിലും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി ലഭിക്കാനും ബുദ്ധിമുട്ട്.  ഇനി നേരിട്ടുപോയി നോക്കിയാലോ. കോവിഡ്കാലമായതിനാൽ ഉള്ളിൽ പ്രവേശിപ്പിക്കാൻ മടിയാണ് ഉദ്യോഗസ്ഥർക്ക്. 

ആധാറിൽപോലും ഓൺലൈനായി മേൽവിലാസം തിരുത്താം. അക്ഷയകേന്ദ്രത്തിൽപോയി മറ്റു വിവരങ്ങളും തിരുത്താം. എന്നാൽ സ്പാർക്കിലെ തിരുത്തലിനു കാസർകോട്ടുകാരനായ ജീവനക്കാരനെപ്പോലും തലസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാലേ ഉദ്യോഗസ്ഥർക്ക് ഒരു മനഃസുഖം കിട്ടൂ. 

ഓൺലൈനിൽ വൈകും; ഓഫ്‌ലൈനിൽ വേഗം

കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷിച്ചാൽ കാത്തിരിക്കേണ്ടത് ഒരു മാസത്തിലേറെ 

കെട്ടിടനിർമാണ പെർമിറ്റുകൾ വൈകുന്നത് ഒഴിവാക്കാനും അഴിമതി തടയാനുമാണ് അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചു പെർമിറ്റ് നൽകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഉദ്ഘാടനവും നടന്നു. എന്താണു സ്ഥിതി? 

മറ്റു പ്രശ്നങ്ങളില്ലെങ്കിൽ, അപേക്ഷിച്ച് 30 ദിവസങ്ങൾക്കകം കെട്ടിട പെർമിറ്റ് നൽകേണ്ടതാണ്. എന്നാൽ, മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ. നേരിട്ട് അപേക്ഷിച്ചാൽ വേഗം പെർമിറ്റ് കിട്ടും. ഓൺലൈനായി അപേക്ഷിച്ചാൽ വൈകും. അപ്പോൾ ജനങ്ങൾ നേരിട്ട് അപേക്ഷിക്കും. പഴയപോലെ ഉദ്യോഗസ്ഥർക്കു വേണ്ടപ്പെട്ട കാര്യങ്ങൾ ‘നല്ല നിലയിൽ’ തുടരുകയും ചെയ്യും. 

പുതിയ സംവിധാനമായ ഐബിപിഎംഎസ് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും കെട്ടിട ലൈസൻസികൾക്കും ആവശ്യമായ പരിശീലനം പോലും നൽകിയിട്ടില്ല. എന്നിട്ടാണ് ഉദ്ഘാടനം ചെയ്യാൻ സർക്കാർ ധൃതി കാട്ടിയത്. മിക്ക വകുപ്പുകളിലും ഇതാണു സ്ഥിതി. പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ മന്ത്രിമാർക്ക് ഉദ്ഘാടനം െചയ്യാനും പ്രഖ്യാപിക്കാനും കുറെ പദ്ധതികൾ വേണം. ഉദ്യോഗസ്ഥർ ഏതെങ്കിലും ഐടി അധിഷ്ഠിത പദ്ധതികൾ തട്ടിക്കൂട്ടി സമർപ്പിക്കും. അതാകുമ്പോൾ എസ്റ്റിമേറ്റും ഡിസൈനും സിമന്റും കമ്പിയും ഒന്നും വേണ്ട. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണു പ്രധാന പരിപാടി. 

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി പതിമൂന്ന് ഏജൻസികളുടെ നിരാക്ഷേപപത്രം ലഭിക്കുന്നതും ഓൺലൈൻ സംവിധാനത്തിലായിട്ടില്ല. ഓൺലൈൻ എന്നു പറയുന്നുവെങ്കിലും രേഖകൾ സ്കാൻ ചെയ്തു സമർപ്പിക്കുന്നതാണു രീതി. ഇനി, ശരിക്കുള്ള ഓൺലൈൻ സൗകര്യം എന്നു വരുമോ എന്തോ? 

#കണ്ടുപഠിക്കൂ

വെള്ളക്കരവും ഓൺലൈനായി അടയ്ക്കാം; കിട്ടും കിഴിവ്

വെള്ളക്കരം അടയ്ക്കാനുള്ള ജല അതോറിറ്റിയുടെ https://epay.kwa.kerala.gov.in പോർട്ടൽ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്–ക്രെഡിറ്റ് കാർഡ് എന്നിവ മുഖേനയും ഗൂഗിൾ പേ, പേയ്ടിഎം പോലുള്ള ഇ– വോലറ്റുകൾ വഴിയും പണം അടയ്ക്കാം. ആദ്യതവണ കൺസ്യൂമർ, ഫോൺ നമ്പറുകൾ നൽകി റജിസ്റ്റർ ചെയ്യണം. ഓൺലൈനായി അടയ്ക്കുന്നവർക്ക് ഒരു ശതമാനം (പരമാവധി 100 രൂപ വരെ) വരെ തുകയിൽ ഇളവു നൽകുന്നുണ്ട്. 

 ജല അതോറിറ്റിയിലെ ഐടി വിഭാഗം സ്വന്തമായി വികസിപ്പിച്ചതാണു പോർട്ടൽ. നിലവിൽ 17% പേർ മാത്രമാണു പോർട്ടൽവഴി പണം അടയ്ക്കുന്നത്. പക്ഷേ, ഇതു വരുമാനത്തിന്റെ 35 % വരും. ജല അതോറിറ്റിയുടെ ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ വിവരങ്ങൾ അറിയാനും ഗുണനിലവാര പരിശോധനയ്ക്ക് ഓൺലൈൻ വഴി ഫീസ് അടയ്ക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. 

water-authority-bill

നമ്പർ കിട്ടാനും കാത്തിരിപ്പ്

കെട്ടിടം നിർമിച്ചു പൂർത്തീകരണ പ്ലാൻ സമർപ്പിച്ചു കഴിഞ്ഞാൽ നമ്പർ ലഭിക്കാനും മാസങ്ങൾ നീണ്ട കാത്തിരിപ്പാണ്. പഞ്ചായത്തിലെയോ നഗരസഭയിലെയോ എൻജിനീയറിങ് വിഭാഗം വന്നു പരിശോധിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയാണു നമ്പർ അനുവദിക്കേണ്ടത്. ഇതിനു മുന്നോടിയായി ഒറ്റത്തവണ നികുതി ഈടാക്കുന്നതിനുള്ള റവന്യു വകുപ്പിന്റെ കെട്ടിട പരിശോധനയും ആവശ്യമാണ്. ഇതിനുള്ള അപേക്ഷ പഞ്ചായത്തിലോ നഗരസഭയിലോ നൽകിയാൽ അവർ അറിയിക്കുന്നതനുസരിച്ചാണു വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരുന്നത്. പക്ഷേ, പലപ്പോഴും അപേക്ഷയുമായി കെട്ടിട ഉടമ നേരിട്ടു വില്ലേജ് ഓഫിസിലേക്കു പോകുകയാണു പതിവ്. ഈ പരിശോധനയിലെ തീരുമാനത്തെക്കുറിച്ച് എതിർപ്പുകളുണ്ടെങ്കിൽ അതു പരിഹരിക്കാൻ താലൂക്ക് ഓഫിസിൽ ഹിയറിങ്ങിനു പോകണം. ഇത്തരം സംവിധാനങ്ങളിലേക്കുള്ള അപേക്ഷകളും അതിന്റെ പുരോഗതിയും ഓൺലൈനാക്കാൻ ഇനിയും നടപടികളില്ല. 

ഓൺലൈനായും വിവാഹിതരാകാം

(*വ്യവസ്ഥകൾ ബാധകം)

വിവാഹ റജിസ്ട്രേഷൻ ഓൺലൈനിൽ നടത്താൻ സംവിധാനം വേണമെന്നു പലതവണ ആവശ്യം ഉയരുകയും വിഷയം കോടതിക്കു മുന്നിലെത്തുകയും ചെയ്തിട്ടും സർക്കാർ മടിച്ചു നിന്നു. ഒടുവിൽ ഈയിടെ ചില ഹർജിക്കാർക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെയാണു സർക്കാർ അൽപമെങ്കിലും അയഞ്ഞത്. കോവി‍ഡ് രൂക്ഷമായിരുന്നകാലത്ത് വിവാഹ റജിസ്ട്രേഷൻ നടത്താൻ പലരും ഏറെ പ്രയാസപ്പെട്ടിരുന്നു. സമുദായ ആചാരപ്രകാരവും മറ്റും നടന്ന വിവാഹങ്ങളുടെ റജിസ്ട്രേഷനാണു തദ്ദേശസ്ഥാപനങ്ങളിൽ നടത്തുന്നത്. 

വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ദമ്പതികളിൽ, വിവാഹം ഇതുവരെ തദ്ദേശസ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കു വിഡിയോ കോൺഫറൻസിങ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു ഡിസംബർ 31 വരെ വിവാഹ റജിസ്ട്രേഷൻ ഓൺലൈനായി നടത്താൻ മാത്രമാണ് ഇപ്പോൾ സർക്കാർ അനുമതി. റജിസ്റ്റർ ചെയ്യാൻ തദ്ദേശസ്ഥാപനത്തിലെ റജിസ്ട്രാർ മുൻപാകെ നേരിട്ടു ഹാജരാകാൻ ദമ്പതിമാർക്കു കഴിയാത്ത സാഹചര്യമുണ്ടെന്നു റജിസ്ട്രാർക്കു ബോധ്യപ്പെട്ടാലാണ് ഇത് അനുവദിക്കുക. വിവാഹ (പൊതു) മുഖ്യ റജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെയാകും ഇത്. ഇത്തരത്തിൽ ഓൺലൈനായി വിവാഹം റജിസ്റ്റർ ചെയ്യുമ്പോൾ വ്യാജ ഹാജരാകലും ആൾമാറാട്ടങ്ങളും ഉണ്ടാകാതിരിക്കാൻ തദ്ദേശ റജിസ്ട്രാർമാരും വിവാഹ (പൊതു) മുഖ്യ റജിസ്ട്രാർ ജനറലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബില്ലടച്ചാൽ അടച്ചെന്നു പറയണ്ടേ?

കെഎസ്ഇബിയുടെ പേയ്മെന്റ് പോർട്ടൽ നല്ല മാതൃകയാണെന്നാണല്ലോ പരമ്പരയിൽ ചൊവ്വാഴ്ച എഴുതിയത്. ശരി തന്നെയാണത്. എന്നാൽ, ചെറിയൊരു ന്യൂനത കെഎസ്ഇബി പേയ്മെന്റ് പോർട്ടിലിനുണ്ട്. പണം ഓൺലൈനായി അടച്ചാലും പണം അടയ്ക്കാനുണ്ടെന്നാണു പോർട്ടലിൽ കാണാറുള്ളത്. ഇതു വീണ്ടും പണം അടയ്ക്കാൻ കാരണമായേക്കാം. ഇൗ കുറവുകൂടി പരിഹരിച്ചാൽ പോർട്ടൽ ‘പെർഫെക്ട്’ ആകും. 

കെ.ടി.ശിവരാമൻ, ബാലരാമപുരം, തിരുവനന്തപുരം

തയാറാക്കിയത്: ഷില്ലർ സ്റ്റീഫൻ, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, ജിക്കു വർഗീസ് ജേക്കബ്

നാളെ: സർക്കാരിനു നിങ്ങളുടെ പണം വേണ്ടെങ്കിലോ!

ആപ്പിലാക്കി ആപ്–1: ഇങ്ങനെയോ ഇ–ഗവേണൻസ്?; എത്തിയില്ല, വിവരം വിരൽത്തുമ്പിൽ

ആപ്പിലാക്കി ആപ്–2: വല്ലാത്ത പൊല്ലാപ്പ്; എളുപ്പപ്പണിക്കു സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഇരട്ടിപ്പണിയായി

English summary: E Governance Kerala: Spark portal glitches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com