ADVERTISEMENT

ഉയർന്നുപെ‍ാങ്ങിയ ഇന്ധനവില ജനങ്ങൾക്കുമേൽ കനത്ത ആഘാതമായി നിലനിൽക്കുകയാണ്. നികുതി കേരളം കുറച്ചാലും കേന്ദ്രം കുറച്ചാലും വില കുറയുമെന്നിരിക്കെ, അതുചെയ്യാതെ പരസ്പരം തർക്കിച്ച് ഇരുകൂട്ടരും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നു. ഇതിനിടയിൽ, ഇന്നു ലക്നൗവിൽ ചേരുന്ന ജിഎസ്ടി കൗൺസിലിൽ പെട്രോളും ഡീസലും ചരക്ക്, സേവനനികുതി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള  നിർണായക ചർച്ചകളുണ്ടാകുമോ എന്നാണു രാജ്യം ഉറ്റുനോക്കുന്നത്. 

പെട്രോളും ‍ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ജൂണിൽ കേരള ഹൈക്കോടതി ജിഎസ്ടി കൗൺസിലിനോടു നിർദേശിച്ചിരുന്നു. ഇപ്പോൾ വിഷയം കൗൺസിൽ പരിഗണിക്കുന്നതിനു സൂചിപ്പിക്കപ്പെടുന്ന കാരണമതാണ്. പെട്രോൾ, ഡീസൽ, പ്രക‍ൃതിവാതകം തുടങ്ങിയവ തൽക്കാലം ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു നേരത്തെ കേന്ദ്രവും സംസ്ഥാനങ്ങളും തീരുമാനിച്ചത് ഇരുകൂട്ടർക്കും ഉണ്ടാകാവുന്ന വരുമാനനഷ്ടം കണക്കിലെടുത്താണ്. എന്നാൽ, ഈ തീരുമാനത്തിന്റെ ആഘാതം പേറുന്നതു ജനമാണ്. ഉയർന്ന ഇന്ധനവിലയും പൊതുവിലുള്ള വിലക്കയറ്റവും തമ്മിലുള്ള നേർബന്ധം ഈ ആഘാതത്തിന്റെ തീവ്രത കൂട്ടുന്നു. അപ്പോൾ, ഇന്ധനങ്ങൾ ജിഎസ്ടിയിലാക്കിയാൽ ജനത്തിനു പ്രയോജനമുണ്ടാകുമെന്നാണു പ്രതീക്ഷ. 

പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളാണെന്നതിനാൽ  സർക്കാരുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതു വലിയ വരുമാനമാണ്. നിലവിൽ കേന്ദ്രത്തിന്റെ എക്സൈസ് തീരുവ വരുമാനത്തിന്റെ സിംഹഭാഗവും പെട്രോളിയം ഉൽപന്നങ്ങളിൽനിന്നാണ്.  

നിലവിൽ 100 രൂപയ്ക്കു മുകളിലുള്ള വിലയ്ക്കു പെട്രോൾ വാങ്ങുന്ന ജനത്തിനു ജിഎസ്ടി വലിയ ആശ്വാസമാകുമെങ്കിലും നികുതി സ്ലാബും എക്സൈസ് നികുതികളും സംബന്ധിച്ച കേന്ദ്രത്തിന്റെയും ജിഎസ്ടി കൗൺസിലിന്റെയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇത്. 5%, 12%, 28% എന്നിങ്ങനെയാണു ജിഎസ്ടി ഈടാക്കുന്ന നിരക്കുകൾ (സ്ലാബുകൾ). ഇവയിൽ ഏതെങ്കിലും ഒരു സ്ലാബിലാണു പെട്രോളിയം ഉൽപന്നങ്ങളെ ഉൾപ്പെടുത്തുന്നതെങ്കിൽ തത്വത്തിൽ വില കുറയാം. നിലവിൽ സ്വർണത്തിനു പ്രത്യേക ജിഎസ്ടിയാണ്–  3 ശതമാനം. ഇതുപോലെ, ഒരു പ്രത്യേക നികുതി സ്ലാബ് പെട്രോളിനും ഡീസലിനുമുണ്ടാക്കാനും ഇത് 28 ശതമാനത്തെക്കാൾ വളരെ ഉയർന്ന നിരക്കാവാനും സാധ്യതയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. നിലവിൽ ലോകത്ത് ഏറ്റവും അധികം നികുതി പെട്രോളിന് ഈടാക്കുന്ന ഇന്ത്യ, കുറഞ്ഞ സ്ലാബിലേക്കു പോകാൻ സാധ്യതയില്ല.

ജിഎസ്ടി നടപ്പാക്കിയാലും കേന്ദ്ര സർക്കാരിനു പെട്രോളിയം ഉൽപന്നങ്ങളുടെമേൽ എക്സൈസ് തീരുവയും സെസും പിരിച്ചെടുക്കാൻ  അധികാരമുണ്ടെങ്കിൽ ഇതുമൂലം വൻനഷ്ടമുണ്ടാവുക സംസ്ഥാനങ്ങൾക്കു മാത്രമാവും. എക്സൈസ് തീരുവയുടെ തീരെ ചെറിയൊരു അംശമാണു സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്ക്കുന്നത്. വരുമാനത്തിൽ വലിയ കുറവുണ്ടാകുന്ന സാഹചര്യം വന്നാൽ, നികുതിക്കു പുറമേ വിവിധ സെസുകൾ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയാൽ ജനത്തിന്റെ ഭാരം കൂടിയേക്കാം. വരുമാനനഷ്ടം നികത്താനെന്നോണം വിവിധ സെസുകൾ ഏർപ്പെടുത്താൻ കേന്ദ്രവും തീരുമാനിച്ചാൽ, ഇന്ധനങ്ങൾ ജിഎസ്ടിയിലേക്കു മാറിയതുകൊണ്ട് എന്തു പ്രയോജനമെന്ന ചോദ്യം പ്രസക്തമാകും. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോഴും എക്സൈസ് തീരുവ വർധിപ്പിച്ചു കേന്ദ്രം വരുമാനനഷ്ടം ഒഴിവാക്കിയ അനുഭവം നമുക്കുണ്ട്. 

ഇന്ധനത്തിനു ജിഎസ്ടി അംഗീകരിക്കില്ലെന്നാണു കേരളത്തിന്റെ നിലപാട്. പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ചുമത്തുന്ന സെസ് ഉപേക്ഷിക്കണമെന്നും ഇതുപേക്ഷിക്കാതെ സംസ്ഥാനങ്ങൾ നികുതി ഉപേക്ഷിക്കണമെന്നു പറയുന്നത് അംഗീകരിക്കില്ലെന്നുമാണു ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നത്. പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കുറയ്ക്കില്ലെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ ഉറപ്പിച്ചുപറഞ്ഞിരുന്നു.

ഈ കോവിഡ്കാലത്തു ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ധന വിലവർധനയിൽ നിന്ന് ആശ്വാസം തേടുന്ന സാധാരണക്കാരെ ഈ തർക്കങ്ങൾക്കിടയിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ വിസ്മരിക്കുന്നുവെന്നതു നിർഭാഗ്യകരംതന്നെ.

English Summary: GST Council may consider bringing petrol, diesel under GST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com