ADVERTISEMENT

ലോകത്തെ ഏറ്റവും ജനകീയരായ നേതാക്കളിലൊരാളും നമ്മുടെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിജിയുടെ ജന്മദിനമാണ് ഇന്ന്. ആദ്യം ഗുജറാത്തിന്റെ മുഖ്യമന്ത്രിയും ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയും എന്ന നിലയിൽ, കഴിഞ്ഞ 20 വർഷമായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അദ്ദേഹം, ഏറ്റവുമധികം കാലം ജനപ്രതിനിധിയായ നേതാക്കളിലൊരാളാണ്.

അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും രാഷ്ട്രീയ, വൈകാരിക അടുപ്പങ്ങളും ഇന്ത്യയിലെ ജനങ്ങളെ വശീകരിച്ചു. അതുകൊണ്ടാണ് ഒരു രാജ്യാന്തര ഏജൻസി നടത്തിയ സർവേ നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും ജനകീയനായ നേതാവെന്നു വിശേഷിപ്പിച്ചപ്പോൾ നമ്മൾ ഇന്ത്യക്കാർക്ക് അദ്ഭുതം തോന്നാതിരുന്നത്.

നരേന്ദ്ര മോദി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളെപ്പറ്റി ഉത്കണ്ഠപ്പെടുകയും പൊതുസംവാദത്തിലൂടെയും സജീവ പങ്കാളിത്തത്തിലൂടെയും അവയെ കാര്യക്ഷമമായിത്തന്നെ നേരിടുകയും ചെയ്യുന്ന ഒരു പരിഷ്കരണവാദി കൂടിയാണ്. വെളിയിട വിസർജന വിമുക്ത ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാൻ, ബേഠി ബച്ചാവോ ബേഠി പഠാവോ, നമാമി ഗംഗ തുടങ്ങിയ പദ്ധതികളുടെ വിജയം തന്നെ അതിനുദാഹരണം.

ധർമനിഷ്ഠയിലൂടെയും സാമൂഹിക മൂല്യങ്ങളിലൂടെയും വേണം നമ്മുടെ സമൂഹത്തിന്റെ സമഗ്ര വികസനം എന്നു വിശ്വസിക്കുന്ന നരേന്ദ്ര മോദി ‘പ്രധാന സ്വയം സേവക്’ ആയാണ് സ്വയം കണക്കാക്കുന്നത്. അദ്ദേഹം തന്റെ ഉത്തരവാദിത്തങ്ങളോടു മുഖം തിരിക്കാറില്ല. മറിച്ച്, രാജ്യം നേരിടുന്ന ഏറ്റവും സങ്കീർണവും ദുഷ്കരവുമായ പ്രതിസന്ധികളിൽ മുന്നിൽനിന്ന് നമ്മെ നയിക്കും. ലക്ഷ്യത്തിലെത്തുംവരെ വിശ്രമിക്കുകയുമില്ല. സാമൂഹിക, രാഷ്ട്രീയ ജീവിതങ്ങളിൽ അസന്ദിഗ്ധമായ സത്യസന്ധത പുലർത്തുകയും ചെയ്യുന്നു അദ്ദേഹം. നീതിനിഷ്ഠമായ ഒരു സമൂഹത്തിനും കരുത്തുറ്റ ഒരു രാഷ്ട്രത്തിനും വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന ഒരു യോഗിയുടെ ജീവിതമാണ് നരേന്ദ്ര മോദിയുടേത്.

ഇന്ത്യക്കാർ എന്നെങ്കിലും കരുതിയിരുന്നോ ആർട്ടിക്കിൾ 370 ഉം 35 എയും റദ്ദാക്കപ്പെടുമെന്ന്? ആ ലക്ഷ്യത്തിലേക്കെത്താനായി എത്രയോ ദശകങ്ങൾ നമുക്കു കാത്തിരിക്കേണ്ടിവന്നു. പക്ഷേ 2019 ഓഗസ്റ്റ് 5 ന് എല്ലാം മാറിമറിഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ നരേന്ദ്ര മോദിയുടെ തീവ്രമായ ഇച്ഛാശക്തിക്കും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും രാജ്യം സാക്ഷിയായി. ആ നടപടി ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്ന നമ്മുടെ പ്രതിജ്ഞ നിറവേറ്റുകയും ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കുകയും ചെയ്തു.

jp-nadda-new
ജെ.പി. നഡ്ഡ

അതുപോലെതന്നെ, ഇന്ത്യയിലെ മുൻ സർക്കാരുകളൊന്നും തീവ്രവാദത്തെ നിശ്ചയദാർഢ്യത്തോടെ നേരിടാനുള്ള ധൈര്യം കാണിച്ചില്ല. അവരുടേത് വെറും അധരവ്യായാമം മാത്രമായിരുന്നു. പക്ഷേ സർജിക്കൽ സ്ട്രൈക്കുകളിലൂടെയും വ്യോമാക്രമണങ്ങളിലൂടെയും ഭീകരർക്കും ഇന്ത്യാ വിരുദ്ധ ശക്തികൾക്കും ലോകത്തിനു തന്നെയും ഉറച്ച സന്ദേശമാണ് നരേന്ദ്ര മോദി നൽകിയത്. പ്രധാനമന്ത്രിയുടെ സന്ദേശം ശക്തവും വ്യക്തവുമായിരുന്നു – ഇന്ത്യ മാറിയിരിക്കുന്നു, ഇപ്പോൾ അത് മൃദുനിലപാടുകളുള്ള ഒരു രാജ്യമല്ല. സ്വന്തം ജനങ്ങളെയും അതിർത്തികളും സംരക്ഷിക്കാൻ ഇന്ത്യ ഏതറ്റം വരെയും പോകും.

ആദരണീയനായ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം, ജനങ്ങളെ രോമാഞ്ചം കൊള്ളിക്കാനും രാജ്യത്തെ ഒറ്റക്കെട്ടാക്കാനും ശേഷിയുള്ള ഏക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ്. കോവിഡ് മഹാമാരി വ്യാപിച്ചപ്പോൾ, വൈറസിനെ നേരിടാനാവാതെ ലോകത്തെ വൻശക്തികൾ പോലും പ്രതിസന്ധിയിലായപ്പോഴും പ്രധാനമന്ത്രിയുടെ ആഹ്വാനങ്ങൾ ഓരോ ഇന്ത്യൻ പൗരനും നിഷ്ഠയോടെ പിന്തുടർന്നത് ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിൽ നിർണായകമായി. അദ്ദേഹത്തിന്റെ ആഹ്വാനത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ഒഴുകി. സന്നദ്ധ സംഘടനകൾ പൗരന്മാരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ജനങ്ങൾ ആശങ്കകൾ മാറ്റിവച്ച് ലോകത്തെ ഏറ്റവും വിപുലവും വേഗമേറിയതുമായ വാക്സിനേഷൻ യജ്ഞത്തിൽ പങ്കെടുത്തു. ഇതുവരെ 75 കോടിയിലധികം പേരാണ് വാക്സീനെടുത്തത്. ഇതൊരു ലോക റെക്കോർഡാണ്.

പെട്ടെന്നു തീരുമാനമെടുക്കാനുള്ള കഴിവാണ് നരേന്ദ്ര മോദിയുടെ പ്രധാന ഗുണങ്ങളിലൊന്ന്. അത് തന്റെ മുൻഗാമികളിൽനിന്നും സമകാലികരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. കോവിഡ് പ്രതിസന്ധി കടുത്തപ്പോൾ, റെക്കോർഡ് സമയത്തിനകം ‘മെയ്ഡ് ഇൻ ഇന്ത്യ’ കോവിഡ് വാക്സീൻ വികസിപ്പിച്ചും ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ വിതരണം നടപ്പാക്കിയും അദ്ദേഹം ലോകത്തെ അതിശയിപ്പിച്ചു. അതാണ് നമ്മുടെ ‘പ്രധാന സേവകി’ന്റെ വ്യക്തിപ്രഭാവം.

മോദി ഓരോ ഇന്ത്യക്കാരന്റെയും ചിന്താരീതി തന്നെ മാറ്റിമറിക്കുകയും ഇന്ത്യയുടെ രാഷ്ട്രീയ പ്രവർത്തന സംസ്കാരത്തിൽ മാറ്റം കൊണ്ടുവരികയും ചെയ്തു. ജാതീയത, കുടുംബവാഴ്ച, പ്രീണനം, സ്വജനപക്ഷപാതം എന്നിവയാൽ ബാധിക്കപ്പെട്ടിരുന്നു മുൻപ് ഇന്ത്യൻ രാഷ്ട്രീയം. ശ്രീ മോദിയുടെ ഭരണത്തിൽ ഇതെല്ലാം മാറി. രാഷ്ട്രീയ പ്രവർത്തനമെന്നാൽ ജനങ്ങളെയും രാജ്യത്തെയും നിർഭയമായും പക്ഷപാതരഹിതമായും സേവിക്കുക എന്നതാണെന്ന് അദ്ദേഹം തെളിയിച്ചു. ജാതി, മത, പ്രാദേശിക പരിഗണനകളില്ലാതെ എല്ലാവർക്കും വേണ്ടിയുള്ളതാണ് സർക്കാർ. വികസന രാഷ്ട്രീയത്തിനു ശക്തമായ അടിത്തറയിടുകയായിരുന്നു നമ്മുടെ ‘പ്രധാന സേവക്’.

2014 ന് മുമ്പ്, വോട്ടു നേടാനുള്ള വഴി മാത്രമായിരുന്നു രാഷ്ട്രീയ പാർട്ടികൾക്ക് പ്രകടന പത്രികകൾ. പക്ഷേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതൽ ബിജെപിയുടെ പ്രകടനപത്രികയിലെ ഓരോ വാക്കും അദ്ദേഹത്തിന് അലംഘനീയമാണ്. അത് നമ്മുടെ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർഗനിർദേശകമായി മാറിയിരിക്കുന്നു. ഇപ്പോൾ പ്രകടന പത്രികകളുടെ പ്രാധാന്യം പൊതുജനവും രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കുന്നുണ്ട്. നമ്മുടെ ഭരണ വ്യവസ്ഥയിൽ പ്രധാനമന്ത്രി കൊണ്ടുവന്ന ഏറ്റവും പ്രകടവും പ്രധാനവുമായ മാറ്റമാണിത്.

നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന ശൈലിയുടെ താക്കോൽവാക്ക് ‘പ്രഗതി’ (പ്രോ ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ) എന്നതാണ്. അഴിമതിയോ സ്വജന പക്ഷപാതമോ ഇല്ലാതെ പദ്ധതികളുടെയും പരിപാടികളുടെയും സമയബന്ധിതമായ നടപ്പാക്കൽ അത് ഉറപ്പു വരുത്തുന്നു. ദശകങ്ങളായി നിർജീവമായിക്കിടന്നിരുന്ന പദ്ധതികളെ ഇതുവഴി പൂർത്തീകരിക്കാനായി. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പദ്ധതി, ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുക എന്ന ചിന്തയുടെ ഫലമായി തുടങ്ങിയ mygov.nic.in എന്ന വെബ്സൈറ്റാണ്. ഏറെ ജനകീയമായ മൻ കീ ബാത് എന്ന പരിപാടിയിലൂടെ അദ്ദേഹം ജനങ്ങളോടു നേരിട്ടു സംസാരിക്കുന്നു.

നമ്മുടെ കുട്ടികൾക്ക് ഒരു വഴികാട്ടിയും പ്രചോദകനായ ഗുരുവുമാണ് പ്രധാനമന്ത്രി. പരീക്ഷ പർ ചർച്ച എന്ന സവിശേഷ പരിപാടിയിലൂടെ അദ്ദേഹം അവരുടെ പരീക്ഷാഭയം മാറ്റുക മാത്രമല്ല, അവർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുകയും ചെയ്യുന്നു.

അസാധാരണ വ്യക്തിത്വം, കുറ്റമറ്റ പ്രതിച്ഛായ, ഫലപ്രദവും കാര്യപ്രാപ്തിയുള്ളതുമായ നേതൃപാടവം, ദീർഘവീക്ഷണമുള്ള തീരുമാനങ്ങൾ, സഹാനുഭൂതി, ക്ഷമ, അതിനെല്ലാമൊപ്പം ജനങ്ങൾക്കു നന്മ ചെയ്യുന്നതിലുള്ള നിഷ്ഠ തുടങ്ങിയവയാണ് രനേന്ദ്ര മോദിയുടെ ഗുണങ്ങളിൽ ചിലത്. അവ അദ്ദേഹത്തിന്റെ ദൈനംദിന രാഷ്ട്രീയ, സാമൂഹിക ജീവിതത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. അദ്ദേഹം അച്ചടക്കപൂർണമായ ഒരു ജീവിതമാണ് നയിക്കുന്നത് – ഒരു ‘ബാല സ്വയംസേവക്’ എന്ന നിലയിൽനിന്ന് ‘പ്രധാന സേവക്’ എന്ന നിലയിലേക്ക്.

യുഎസ്, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായുള്ള നയതന്ത്ര ബന്ധങ്ങളെ അദ്ദേഹം പുതിയ തലത്തിലേക്കു നയിച്ചു. കഴിഞ്ഞ ഒളിംപിക്‌സിലും പാരാലിംപിക്‌സിലും ഇന്ത്യ കഴിവു തെളിയിച്ചു. ഇതെല്ലാം നേടാനായത് നമ്മെ നയിക്കാൻ നിശ്ചയദാര്‍ഢ്യമുള്ള, കരുത്തുറ്റ, അനുകമ്പയുള്ള, അതിസമർഥനായ ഒരു പ്രധാനമന്ത്രിയുള്ളതു കൊണ്ടാണ്.

നരേന്ദ്ര മോദി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് കർഷകർ, ദലിതർ, സ്ത്രീകൾ, അടിച്ചമർത്തപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ, യുവജനങ്ങൾ തുടങ്ങിയവരുടെ ജീവിതം മെച്ചപ്പെടുത്താനാണ്. കോവിഡ് മഹാമാരി പടർന്നപ്പോൾ, രാജ്യത്തെ 80 കോടിയോളം ജനങ്ങൾക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 55 കോടി ആളുകൾക്ക് 5 ലക്ഷം രൂപയുടെ വീതം സൗജന്യ മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കുന്നു. 330 രൂപയ്ക്ക് ലൈഫ് ഇൻഷുറൻസും 15 രൂപയ്ക്ക് അപകട ഇൻഷുറൻസും നൽകുന്നു. 12 കോടിയോളം കർഷകർക്ക് – അതിൽ 80 ശതമാനവും ചെറുകിട കർഷകരാണ്– കിസാൻ സമ്മാൻ നിധിയിൽ പെടുത്തി 6000 രൂപ വാർഷിക സഹായം നൽകുന്നു. വെള്ളവും വൈദ്യുതിയും പാചകവാതക കണക്‌ഷനും സഹിതം, പാവപ്പെട്ടവർക്കു താങ്ങാവുന്ന വീടുകളുടെ പുതിയ മാതൃക തയാറാക്കുന്നുണ്ട്.

jp-nadda-modi
നരേന്ദ്ര മോദി, ജെ.പി. നഡ്ഡ, അമിത് ഷാ

രാജ്യ വികസനത്തിനായി തന്റെ ജീവിതം സമർപ്പിക്കാനും അതിനുള്ള വീക്ഷണങ്ങൾ ചർച്ച ചെയ്യാനും ഇന്നും നമ്മുടെ പ്രധാനമന്ത്രി ആവേശഭരിതനാണ്. യോഗയോടുള്ള അദ്ദേഹത്തിന്റെ ആവേശം, ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉജ്വലത ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തു. ജൂൺ 21 രാജ്യാന്തര യോഗ ദിവസ് ആയി ആചരിക്കുന്നത് മനുഷ്യരാശിക്കാകെയുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ്. അദ്ദേഹത്തിന്റെ ഊർജവും ഓജസ്സും നമുക്കെല്ലാം പ്രചോദനമാണ്.

ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ ദിവസ് ആയാണ് ബിജെപി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, സേവാ ഹി സംഘടൻ എന്ന ആപ്തവാക്യവുമായാണ് പാർട്ടിയുടെ പ്രവർത്തനം. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, രാജ്യമാകെ കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ ബിജെപി പ്രവർത്തകർ പ്രയത്നിക്കുന്നുണ്ട്. രാജ്യവ്യാപകമായി രക്തദാന ക്യാംപുകളും പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണവും നടക്കുന്നു. ഈ ദിവസം, സഹായമാവശ്യമുള്ള ആർക്കും അതു ലഭ്യമാകും. ഇന്ന്, നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തെ പ്രചോദനമാക്കുകയും രാജ്യത്തിന്റെയും പൗരന്മാരുടെയും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യാം.

ജനങ്ങളുടെ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി സ്വയം സമർപ്പിച്ചതിന്റെ ഫലമായി നരേന്ദ്ര മോദി നേടിയ ഗംഭീര വിജയം ‘സബ്കാ സാഥ്- സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തെ പ്രാവർത്തികമാക്കുകയും രാഷ്ട്രം ഒന്നാമത് എന്ന വിശ്വാസം ബലപ്പെടുത്തുകയും ചെയ്തു. ഇന്ത്യയെ ‘വിശ്വഗുരു’ ആക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ഏക ലക്ഷ്യം. വ്യത്യസ്ത പ്രതിച്ഛായകൾ സൃഷ്ടിച്ച എത്രയോ നേതാക്കൾ ലോകത്തുണ്ട്. അവരിലേറെയും പേരെടുത്തത് ഒന്നോ രണ്ടോ നടപടികളുടെ പേരിലാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി നടപ്പാക്കിയത് നിരവധി നവീനാശയങ്ങളാണ്. ഇന്ത്യയും ലോകവും അവയെന്നും ഓർമിക്കും.

English Summary: JP Nadda writes on the occasion of Prime Minister Narendra Modi’s birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com