ADVERTISEMENT

കേന്ദ്രം നിയോഗിച്ച ശാസ്ത്രജ്ഞരുടെ കമ്മിറ്റി കഴിഞ്ഞവർഷം സമർപ്പിച്ച റിപ്പോർട്ടിൽ കോവിഡ് രണ്ടാംതരംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞിരുന്നു. കേന്ദ്രത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രേരണയാലാണ് ഇങ്ങനെ റിപ്പോർട്ട് സമർപ്പിച്ചതെന്ന് അന്വേഷണങ്ങളിൽനിന്നു വ്യക്തമായി. 

സാമ്പത്തികമാന്ദ്യം നേരിടാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ റിപ്പോർട്ട് കേന്ദ്രസർക്കാരിനെ സഹായിച്ചു. ഒപ്പം, നിയമസഭാ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ പ്രചാരണം ഊർജിതമാക്കാനും ബിജെപിക്കു കഴിഞ്ഞു 

കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവസാനവാക്ക് പറയാറായിട്ടില്ല. 1920കളിൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂവിൽ മരണനിരക്ക് കുറയ്ക്കുന്നതിൽ ശാരീരികദൂരം, സ്കൂൾ അടയ്ക്കൽ തുടങ്ങി വൈദ്യശാസ്ത്രത്തിൽപെടാത്ത കാര്യങ്ങൾ പങ്കുവഹിച്ചു എന്നാണു പഠനങ്ങൾ പറയുന്നത്. അതായത്, മഹാമാരികളെ നേരിടുന്നതിൽ ഡോക്ടർമാരോടൊപ്പം ഭരണാധികാരികൾക്കും ഇടപെടേണ്ടതായി വരുന്നു. ഭരണം രോഗപ്രതിരോധത്തിന്റെ ഭാഗമാകുമ്പോൾ രാഷ്ട്രീയത്തെ അതിൽനിന്നു മാറ്റിനിർത്താൻ സാധിക്കില്ല. 

ഈ കോവിഡ്കാലത്ത് രാഷ്ട്രീയം ശാസ്ത്രത്തെ വിഴുങ്ങുന്ന കാഴ്ചയാണു ലോകം മുഴുവൻ കാണാൻ കഴിയുന്നത്. യുഎസിൽ ഇപ്പോൾ വാക്സീൻ, മാസ്ക് എന്നിവ ശാസ്ത്രവിഷയങ്ങളല്ല; അവ രാഷ്ട്രീയചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുന്നു. രോഗത്തിന്റെ ഉദ്ഭവത്തെക്കുറിച്ചു ചൈന മൗനം പാലിക്കുന്നു. രാഷ്ട്രീയാതിപ്രസരം കാരണം രോഗപ്രതിരോധം ദുർബലമാകുന്നു; ശാസ്ത്രജ്ഞർ മൂകസാക്ഷികളാകുന്നു. 

കോവിഡിന്റെ രണ്ടാംതരംഗം ഒട്ടേറെ മരണങ്ങളുണ്ടാക്കി മുന്നേറുമ്പോൾ, മോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ രാഷ്ട്രീയം ശാസ്ത്രത്തെ കീഴ്പ്പെടുത്തുന്നതിനെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോർട്ട് ന്യൂയോർക്ക് ടൈംസ് ഈ മാസം 15നു വളരെ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, കോവിഡിന്റെ രണ്ടാംതരംഗം 2021 ഏപ്രിൽ - മേയ് മാസങ്ങളിൽ തുടങ്ങുന്നതിന് 8 മാസം മുൻപു കേന്ദ്ര സർക്കാർ നിയമിച്ച ശാസ്ത്രജ്ഞരുടെ കമ്മിറ്റി, കോവിഡിന്റെ രണ്ടാംതരംഗത്തിന്റെ സാധ്യതയെ തള്ളിപ്പറഞ്ഞുകൊണ്ടാണു റിപ്പോർട്ട് സമർപ്പിച്ചത്. കോവിഡിന്റെ തുടക്കത്തിൽതന്നെ നടപ്പാക്കിയ ലോക്ഡൗണും ഇന്ത്യക്കാർ ആർജിച്ച രോഗപ്രതിരോധശേഷിയും കോവിഡ് പകരുന്നതു കുറച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അവരുടെ നിഗമനങ്ങൾ വളരെ പ്രാധാന്യം നൽകി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 

ശാസ്ത്രജ്ഞർക്കും തെറ്റുപറ്റാം. എന്നാൽ, ഇവിടെ സംഭവിച്ചതു മറ്റൊന്നാണ്. ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണങ്ങളിൽ നിന്നും  അവർക്കു  ലഭിച്ച രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ഇത്തരം ഒരു റിപ്പോർട്ട് തയാറാക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത് കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് എന്നാണ്. ഇത്തരം ഒരു റിപ്പോർട്ട് രോഗവർധന നേരിടാനുള്ള തയാറെടുപ്പുകളെ ബാധിക്കില്ലേയെന്നു രാജ്യത്തെ പ്രമുഖ വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ഐസിഎംആറിലെ ചില ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചപ്പോൾ അവരെ ശാസിച്ചു നിശ്ശബ്ദരാക്കി.   സാമ്പത്തികമാന്ദ്യം നേരിടാനുള്ള നടപടികൾക്കു തുടക്കം കുറിക്കാൻ കേന്ദ്രസർക്കാരിനെ റിപ്പോർട്ട് സഹായിച്ചു. തുടർന്നുള്ള മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പ്രചാരണം തീവ്രഗതിയിലാക്കാനും ഈ റിപ്പോർട്ട് ഗുണംചെയ്തു. ലോക്ഡൗണിന്റെ ഔചിത്യവും മോദി രോഗപ്രതിരോധത്തിനു നൽകിയ നേതൃത്വവും ബിജെപി, സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ തുടക്കത്തിൽ പ്രചാരണവിഷയങ്ങളാക്കി. 

ശാസ്ത്രജ്ഞർക്കു ഭയരഹിതരായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമോ വ്യവസ്ഥയോ ഇന്ത്യയിലില്ല. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശാസ്ത്രജ്ഞരുടെമേൽ സമ്മർദം ചെലുത്തുന്നു. അവരുടെ സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു ഭരണാധികാരികളായതിനാൽ അവർക്കു വഴങ്ങേണ്ടിവരുന്നു. ശാസ്ത്രജ്ഞർക്കു സധൈര്യം പ്രവർത്തിക്കാനോ അഭിപ്രായം പറയാനോ ഉള്ള അന്തരീക്ഷമില്ലാത്തതു കോവിഡ് പ്രതിരോധത്തെ കൂടുതൽ ദുഷ്കരമാക്കുന്നു. 

ns-madhavan
എൻ.എസ്. മാധവൻ

പരാജിതരുടെ ട്രോഫികൾ

കായികസാഹിത്യം മഹാന്മാരായ കളിക്കാർക്കും വിജയികൾക്കും അപ്പുറം പോകാറില്ല. വിജയങ്ങൾ മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്നും അതിന്റെ താഴെ, മറഞ്ഞുകിടക്കുന്ന പരാജിതരുടെയും പങ്കെടുത്തവരുടെയും ഒരു വലിയ ലോകം ഉണ്ടെന്നും ഓർമിപ്പിക്കുന്ന പുസ്തകമാണു  ബിനു കെ.ജോൺ എഴുതിയ ‘ടോപ് ഗെയിം’ (Top Game: Winning, Losing and a New Undrstanding of Sport). 

സ്പോർട്സ് നമ്മുടെ വായനയുടെ വളരെ പ്രധാനമായ ഇനമാണ്. സമകാലികസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ലോകമെമ്പാടുമുള്ള പത്രങ്ങളിൽ പലതിനും സ്പോർട്സിനു മാത്രമേ സ്വന്തമായ പേജുകളുള്ളൂ. തൽസമയ സംപ്രേഷണം സാധാരണമായ ഇക്കാലത്തും പത്രങ്ങളിൽ നാം കൂടുതൽ വായിക്കാറുള്ളതു കളികളെയും കളിക്കാരെയും കുറിച്ചുള്ള വിശേഷണങ്ങളാണ്. അവയാകട്ടെ, എപ്പോഴും നേട്ടങ്ങളെക്കുറിച്ചായിരിക്കും താനും. 

സ്പോർട്സിനെപ്പറ്റി നാം മനസ്സിൽ കൊണ്ടുനടക്കുന്ന, ഉത്തരങ്ങൾ കണ്ടെത്താനാകാത്ത പല ചോദ്യങ്ങൾക്കും ‘ടോപ് ഗെയിം’ ഉത്തരം നൽകുന്നു. ഉദാഹരണത്തിന്, കുട്ടിക്കാലത്ത് അച്ഛനമ്മമാർ നൽകുന്ന അതീവശ്രദ്ധയാണോ ഭാവിയിലെ താരങ്ങളെ വളർത്തിയെടുക്കുന്നത്,  എന്തുകൊണ്ടാണ് ഒരു ചെറിയപറ്റം രാജ്യങ്ങൾ ഒളിംപിക്സ് മെഡലുകളിൽ ഭൂരിഭാഗവും നേടുന്നത്, ഓട്ടമത്സരങ്ങളിൽ മിക്കപ്പോഴും വിജയിക്കാറുള്ള ആഫ്രിക്കൻവംശജർക്കു സൂപ്പർ ജീനുകൾ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക്. (ആഫ്രിക്കൻ രാജ്യങ്ങളിലെ കായികതാരങ്ങളുടെ ജീനുകളെപ്പറ്റി പഠിച്ച ശാസ്ത്രജ്ഞന്റെ ഉത്തരം ഇല്ല എന്നാണ്. വാസ്തവത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കായിക ഇനങ്ങളിലാണ് ആ രാജ്യങ്ങൾ നല്ല പ്രകടനം പുറത്തെടുക്കുന്നത്).

നദാൽ, ഫെഡറർ, ജോക്കോവിച്ച് തുടങ്ങി ഐതിഹാസികമാനം കൈവരിച്ച പുരുഷ ടെന്നിസ് താരങ്ങളെപ്പറ്റി നമ്മൾക്കറിയാം. അവരുടെ കൂട്ടത്തിൽ ഒരു പീറ്റർ പൊളൻസ്കിയുടെ കഥ പറയുന്നുണ്ട് ‘ടോപ് ഗെയിം’. ഗ്രാൻസ്‌ലാം മത്സരങ്ങളിൽ പൊളൻസ്കി ഒന്നാം റൗണ്ടിനപ്പുറം കാണാറില്ല. ഒരിക്കൽ പതിവുതോൽവിക്കു ശേഷം അദ്ദേഹം പറഞ്ഞു: ‘‘ഈ തോൽവി ഒരു നേട്ടമേയല്ല. പക്ഷേ ഇതെനിക്കു വളരെയധികം സന്തോഷം നൽകി എന്നു പറയാതെ വയ്യ. ഇനി ഇതാവർത്തിക്കില്ല”. 

അടുത്ത ടൂർണമെന്റിലും പൊളൻസ്കി ഒന്നാം റൗണ്ടിൽ തോറ്റു. സ്പോർട്സിൽ പങ്കെടുക്കുന്നവരിൽ മിക്കവരും പൊളൻസ്കിമാരാണ്. പക്ഷേ, സ്പോർട്സ് ആത്യന്തികമായി സമ്മാനിക്കുന്നത് ആഹ്ലാദമാണെന്ന് ഈ പുസ്തകം ഓർമിപ്പിക്കുന്നു.     

സ്കോർപിയൺ കിക്ക്

കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.

സെമി പോരാഞ്ഞിട്ടാകും ഫുൾ കേഡർ പാർട്ടിയിലേക്കു കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കൂടുമാറിയത്.

English Summary: Politics overwhelms science in the Covid-19 pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com