ADVERTISEMENT

വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങൾ ലഭിക്കാൻ നാം സർക്കാരിനു പണം നൽകുന്നതു ട്രഷറികൾ വഴിയാണ്. എന്നാൽ, ട്രഷറിയിൽ പോയി പണമടച്ചിട്ടുള്ളവർക്കറിയാം അവിടത്തെ ദുരിതം. ബാങ്കുകളിലാണെങ്കിൽ ഒരു കൗണ്ടറിൽചെന്നു പണമടച്ചു മടങ്ങാം. എന്നാൽ, ട്രഷറിയിൽ 3 കൗണ്ടറുകളിൽ‌ മാറിമാറി ക്യൂ നിന്നാലേ ചെലാൻ കയ്യിൽ കിട്ടൂ. ഇതിനു പകരമായി ഇ–പേയ്മെന്റ് സൗകര്യം ട്രഷറി നടപ്പാക്കിയെങ്കിലും മിക്ക സർക്കാർ വകുപ്പുകളും അതിന്റെ ഭാഗമാകാതെ മാറി നിൽക്കുകയാണ്.  ട്രഷറി ഡയറക്ടർ പലവട്ടം വകുപ്പുകൾക്കു കത്തെഴുതി. ചീഫ് സെക്രട്ടറി യോഗം വിളിച്ചു. ട്രഷറി വകുപ്പ്, പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ആകെ 60 വകുപ്പുകളേ ഇ–പേയ്മെന്റുമായി സഹകരിക്കുന്നുള്ളൂ. മുപ്പതോളം വകുപ്പുകൾ പൂർണമായി നിസ്സഹകരിച്ചു മാറിനിൽക്കുകയാണ്. 

ഇ–ട്രഷറിയിൽ ഇൗ സൗകര്യങ്ങൾ 

ട്രഷറി സേവിങ്സ് ബാങ്കിലെ (ടിഎസ്ബി) ഇടപാട് ഓൺലൈനായി നടത്താം. അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കണമെന്നു മാത്രം. ഒരു ടിഎസ്ബി അക്കൗണ്ടിലെ പണം മറ്റു ടിഎസ്ബി അക്കൗണ്ടുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും കൈമാറാനാകും. അക്കൗണ്ട് സ്റ്റേറ്റ്മെന്റും എടുക്കാം. ഇൗ സൗകര്യം താൽക്കാലികമായി നിർത്തിയെങ്കിലും ഇൗ മാസം തന്നെ പുനരാരംഭിക്കും. കേരള പെൻഷൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി അക്കൗണ്ടിൽ പെൻഷൻ തുക എത്തിയോ എന്നറിയാം. പെൻഷനറുടെ വ്യക്തിവിവരങ്ങളും പരിശോധിക്കാം. 

Leader-Kottayam-Manorama-Second-A-18092021-8.sla

ഹലോ, കെ–ഫോൺ  അവിടെയുണ്ടോ? 

എങ്ങുമെത്താതെ സർക്കാരിന്റെ   അഭിമാന പദ്ധതി

സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കാൻ വഴിയൊരുക്കുമെന്നു പ്രതീക്ഷിച്ച കെ–ഫോൺ പദ്ധതി എങ്ങുമെത്തിയില്ല. കഴിഞ്ഞ സർക്കാർ ഏറ്റവും വലിയ ഭരണനേട്ടമായി 2017ലെ ബജറ്റിൽ അവതരിപ്പിച്ച പദ്ധതിയായിരുന്നു ഇത്. കോവിഡ് ലോക്ഡൗണും കേബിൾ ഇടുന്നതിലെ റൈറ്റ് ഓഫ് വേ പ്രശ്നങ്ങളും കൂടിയായതോടെ പദ്ധതി അടുത്ത വർഷത്തേക്കു നീളുമെന്ന അവസ്ഥയാണ്. കഴിഞ്ഞ മാസം പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ഭെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യവുമായി സർക്കാർ വച്ചിരുന്ന കരാർ. ഡിസംബറിലെങ്കിലും പൂർത്തിയാക്കണമെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശം.  

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണിത്. ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ 1,000 സർക്കാർ ഓഫിസുകളെ ബന്ധിപ്പിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. രണ്ടാംഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളും. പാവപ്പെട്ട 20 ലക്ഷം വീടുകളിൽ ഇന്റർനെറ്റ് സേവനമെത്തിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ രൂപരേഖയിൽ ഇക്കാര്യത്തിൽ അവ്യക്തതകളുണ്ട്.   

k-fon-logo

ഇറക്കൂ ആ സർക്കുലർ!

ഒട്ടേറെ ഓൺലൈൻ സൗകര്യങ്ങൾ തയാറാക്കിയെങ്കിലും വ്യക്തമായ സർക്കുലർ ഇല്ലാത്തതിനാൽ നടപ്പാക്കാതെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 

വാഹനങ്ങളുടെ ഉടമസ്ഥാവകാശവും വിലാസവും മാറ്റൽ, വായ്പ ഒഴിവാക്കൽ, എൻഒസി നൽകൽ തുടങ്ങിയവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാൻ മോട്ടർ വാഹനവകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. പക്ഷേ, എന്തുകാര്യം? ഓൺലൈനായി അപേക്ഷിക്കുന്നവർ അതേ രേഖകളുമായി നേരിട്ട് ആർടി ഓഫിസിൽ ചെല്ലണം. ഇൗ രേഖകൾ തപാൽ മുഖേന അയച്ചാൽ മതിയെന്ന ഒറ്റ സർക്കുലർകൊണ്ടു പ്രശ്നം പരിഹരിക്കാം. എന്നാൽ, അങ്ങനെയൊരു സർക്കുലർ ഇറങ്ങിയാൽ പലരുടെയും വഴിവിട്ട വരുമാനം നിലയ്ക്കും. അതുകൊണ്ടു സർക്കുലർ ഇറക്കുന്നതു തടയാൻ വൻ ലോബിയാണു രംഗത്തുള്ളത്.

      സേവനങ്ങൾ 100% ഓൺലൈനാക്കുമെന്നു സർക്കാരിനും ജനങ്ങൾക്കും ഗതാഗത വകുപ്പ് നൽകിയ ഉറപ്പു പാലിക്കുന്നതിനെക്കാൾ പ്രധാനമാണല്ലോ ഇങ്ങനെ ചിലരുടെ താൽപര്യം സംരക്ഷിക്കൽ! പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ അതു പരിശോധനയ്ക്കായി ഹാജരാക്കേണ്ടെന്ന സർക്കുലറിനെതിരെ ഉദ്യോഗസ്ഥർ മുൻപു പ്രതിഷേധിച്ചെങ്കിലും പിന്നീടു വഴങ്ങേണ്ടി വന്നു. ഡീലർമാർ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ ഓൺലൈനായി പരിശോധിച്ച് അന്നന്നു തന്നെ വാഹനത്തിനു റജിസ്ട്രേഷൻ‌ നമ്പർ അനുവദിക്കണമെന്നായിരുന്നു ആ സർക്കുലർ. എന്നാൽ, ഒരാഴ്ചവരെ പല ഉദ്യോഗസ്ഥരും നമ്പർ നൽകുന്നതു വൈകിപ്പിക്കുകയാണിപ്പോൾ. ഡീലറെ നേരിട്ടു വരുത്തിക്കുകയാണു ലക്ഷ്യം. ഇതിനെതിരെ ഡീലർമാർ ഗതാഗതമന്ത്രിക്കു കഴിഞ്ഞയാഴ്ച നിവേദനം നൽകിയെങ്കിലും കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെ.

#കണ്ടുപഠിക്കൂ

ആപ്പിലൂടെ മാലിന്യം ശേഖരിച്ച് സ്മാർട്ടായി തിരുവനന്തപുരം 

തിരുവനന്തപുരം കോർപറേഷന്റെ ടോയ്‌ലറ്റ് മാലിന്യ ശേഖരണ സംവിധാനം ഒരു കാലത്ത് കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. സമയത്ത് കാര്യം നടക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം. എന്നാൽ, ഇന്ന് smarttrivandrum എന്ന 24 മണിക്കൂർ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്കു ചെയ്താൽ കൃത്യസമയത്തു മാലിന്യം നീക്കും. കോർപറേഷൻ പരിധിക്കുള്ളിലും സമീപത്തെ 11 പഞ്ചായത്തുകളിലും സേവനമുണ്ട്. ദൂരം, ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഏകദേശ അളവ് എന്നിവ കണക്കാക്കി ഓൺലൈനായി പണം അടയ്ക്കുകയും ചെയ്യാം. ബുക്ക് ചെയ്താൽ കോർപറേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സെപ്റ്റേജ് ശേഖരണ വാഹനത്തിലേക്കു സന്ദേശം പോകും. ആപ്ലിക്കേഷൻ അറിയിക്കുന്ന സമയത്തു വാഹനം സ്ഥലത്തെത്തും. അനധികൃത മാലിന്യ ശേഖരണം നിരോധിക്കാനും ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാനും ഇതു വഴി കോർപറേഷനു കഴിഞ്ഞു. മുഖ്യ വരുമാനവുമായി മാറി. മുട്ടത്തറ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചു മാലിന്യം ശുദ്ധീകരിക്കുകയാണു ചെയ്യുക. ശുദ്ധജലവും ഇൗ ആപ് വഴി ബുക്ക് ചെയ്യാം.

trivandrum-cleaning

സ്പാർക്കിൽ കുരുങ്ങി  6 പിഎസ്‌സി അംഗങ്ങൾ

ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ കുരുങ്ങി 6 മാസമായി ശമ്പളമില്ലാതെ 6 പിഎസ്‌സി അംഗങ്ങൾ. പലവട്ടം അംഗങ്ങൾ പരാതിപ്പെട്ടെങ്കിലും സാങ്കേതിക തടസ്സമെന്ന കാരണം പറഞ്ഞ് ഒഴി‍ഞ്ഞു മാറുകയാണ് സ്പാർക്കിലെ ഉദ്യോഗസ്ഥർ. ഒടുവിൽ ധനസെക്രട്ടറിയെ വിളിച്ചുവരുത്തി പിഎസ്‌സി വിശദീകരണം തേടി. ഉടൻ ശരിയാക്കാമെന്നറിയിച്ചു ധനസെക്രട്ടറി മടങ്ങി. വീണ്ടും മാസങ്ങൾ കഴിഞ്ഞെങ്കിലും ശമ്പളം ലഭിച്ചിട്ടില്ല. 

ഏകോപനമില്ലായ്മ മുഖ്യ തടസ്സം

വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണു ജനങ്ങൾക്കു നൽകേണ്ട പല സേവനങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിനു മുഖ്യ തടസ്സം. പോർട്ടലുകൾ, വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി നൽകുന്ന സേവനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെട്ട ഐടി വകുപ്പാകട്ടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ടെൻഡർ‌ ഇല്ലാതെ നൽകിയ കരാറുകൾ പലതും സംശയത്തിന്റെ നിഴലിലുമായി. 

രാജ്യത്തെ 130 കോടി ജനങ്ങൾക്കും കോവിഡ് വാക്സീൻ നൽകാൻ ഒറ്റ പോർട്ടൽകൊണ്ടു സാധിക്കുന്ന തരത്തിൽ നമ്മുടെ ഡിജിറ്റൽ സേവനങ്ങൾ വളർന്നു. എന്നിട്ടും ജനങ്ങൾക്കു വില്ലേജ് ഓഫിസിൽ നിന്നും പഞ്ചായത്ത് ഓഫിസിൽ നിന്നുമൊക്കെ നൽകേണ്ട സേവനങ്ങൾക്ക് ഇപ്പോഴും നേരിട്ടു തന്നെ ചെല്ലണം. 

സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഇ–ഡിസ്ട്രിക്ട് വഴി നൽകുന്നുണ്ടല്ലോ എന്ന മറുവാദമാണ് അപ്പോൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുക. ഉദ്യോഗസ്ഥർക്ക് അപേക്ഷകൾ ഓൺലൈനായി കിട്ടുന്നുണ്ടാകും. എന്നാൽ, ആ അപേക്ഷകൾ ജനങ്ങൾ അക്ഷയ കേന്ദ്രത്തിലെത്തി സമർപ്പിക്കുന്നതാണ്. 

അവരുടെ യാത്ര സർക്കാർ ഓഫിസിൽ നിന്ന് അക്ഷയ കേന്ദ്രത്തിലേക്കായി മാറിയെന്നേയുള്ളൂ. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ 6% മാത്രമേ ജനങ്ങൾ നേരിട്ടു സമർപ്പിക്കുന്നുള്ളൂ. 

പോർട്ടലുകളും ആപ്പുകളും ലളിതമാക്കിയാലേ അതു സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയൂ. ഓൺലൈൻ സൗകര്യ പദ്ധതികൾ തട്ടിക്കൂട്ടി അവതരിപ്പിക്കുമ്പോൾ അതു ജനങ്ങൾക്കു ഗുണകരമാകുന്നുണ്ടോ എന്നു കൂടി സർക്കാർ വകുപ്പുകളും ഏജൻസികളും പരിശോധിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ ഇൗ പരിഷ്കാരങ്ങൾകൊണ്ട് ജനങ്ങൾ വീണ്ടും വീണ്ടും ആപ്പിലാകുകയേയുള്ളൂ. 

(പരമ്പര അവസാനിച്ചു)

തയാറാക്കിയത്:  ഷില്ലർ സ്റ്റീഫൻ, മഹേഷ് ഗുപ്തൻ,  വി.ആർ.പ്രതാപ്, ജിക്കു വർഗീസ് ജേക്കബ്

ആപ്പിലാക്കി ആപ്–1: ഇങ്ങനെയോ ഇ–ഗവേണൻസ്?; എത്തിയില്ല, വിവരം വിരൽത്തുമ്പിൽ

ആപ്പിലാക്കി ആപ്–2: വല്ലാത്ത പൊല്ലാപ്പ്; എളുപ്പപ്പണിക്കു സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഇരട്ടിപ്പണിയായി

ആപ്പിലാക്കി ആപ്–3: മിന്നിയില്ല ‘സ്പാർക് ’; എന്തിനും ഏതിനും ജീവനക്കാരൻ എത്തണം തലസ്ഥാനത്തേക്ക്

English Summary: E Governance Kerala; Treasury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com