ADVERTISEMENT

നമ്മുടെ കൊച്ചുസംസ്ഥാനത്ത് സ്വയംജീവനൊടുക്കുന്നവരുടെ എണ്ണം ഭയപ്പെടുത്തുംവിധം വർധിച്ചുവരികയാണ്. ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ ആത്മഹത്യ വാർത്തയല്ലാതാകുന്നു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ വർഷവും 8500ൽ ഏറെപ്പേർ ഇങ്ങനെ നമ്മെ വിട്ടുപോകുന്നു. രേഖപ്പെടുത്താതെ പോകുന്ന ആത്മഹത്യകൾകൂടി ഉൾപ്പെടുത്തിയാൽ ഈ സംഖ്യ പിന്നെയും കൂടും. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സാമൂഹിക അളവുകോലുകളിലും ഒന്നാംനിരയിലുള്ള ഒരു നാടിന്റെ എല്ലാ ശോഭയും ഈ പ്രാണനഷ്ടങ്ങൾക്കു മുന്നിൽ മങ്ങിപ്പോകുന്നു. 

2003ൽ ലക്ഷത്തിൽ 28.9 പേർ ജീവനൊടുക്കിയിരുന്ന സ്ഥാനത്തുനിന്ന് വിവിധ സംഘടനകളുടെയും സർക്കാരിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ ലക്ഷത്തിൽ 21 എന്ന നിലയിലേക്ക് ആത്മഹത്യയുടെ തോത് കുറച്ചുകൊണ്ടുവരാൻ നമുക്കു കഴിഞ്ഞിരുന്നു. എന്നാൽ 2018 മുതൽ മരണക്കണക്ക് വീണ്ടും കുതിച്ചുയർന്നു; ഇപ്പോഴതു  ലക്ഷത്തിൽ 24.3 എന്നായി. ഈ കണക്കുകൾ നൽകുന്ന അപായസൂചന കണ്ടില്ലെന്നു നടിക്കരുത്. ജീവനൊടുക്കുന്നവരിൽ കുട്ടികളുടെ എണ്ണം കൂടുന്നുവെന്നതും നമ്മുടെ സാമൂഹികാവസ്ഥയെക്കുറിച്ചു ഗൗരവപൂർണമായ പഠനം ആവശ്യപ്പെടുന്നുണ്ട്.

ഈ സാമൂഹിക പ്രതിസന്ധിയെ നേരിടാൻ ‘ജീവന്റെ വിലയുള്ള’ നിർദേശങ്ങളാണ് മലയാള മനോരമ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ വെബിനാറിൽ ഉയർന്നുവന്നത്. പ്രളയങ്ങളുടെയും കോവിഡിന്റെയും ആഘാതങ്ങളിൽ ഉലഞ്ഞ സമൂഹം വെബിനാറിനു കാതോർത്തു; പ്രശ്നങ്ങൾ പങ്കുവച്ചു, പരിഹാരം തേടി. കോവിഡ്കാലത്തു ജോലി നഷ്ടമായവർ, സാമ്പത്തികമായി തളർന്നുപോയവർ, ഉറ്റവരുടെ വേർപാടിൽ പകച്ചുനിന്നവർ, കോവിഡിന്റെ തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർ തുടങ്ങി നാടിന്റെ പല കോണുകളിലുംനിന്ന് വെബിനാറിൽ പങ്കെടുത്തവർക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ- പിടിച്ചുനിൽക്കാൻ പറ്റുന്നില്ല. ഏതു പ്രതിസന്ധിയും കടന്നുപോകുമെന്ന ബോധ്യം മനസ്സിലുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ മനഃശാസ്ത്ര വിദഗ്ധർ പങ്കിട്ടു. കൂട്ടായ്മ, കരുതൽ, പൊതുപങ്കാളിത്തം എന്നിവയിലൂടെ ഒറ്റക്കെട്ടായി നിന്നു വേണം മാനസികാരോഗ്യമുള്ള ചുറ്റുപാടുകൾ വാർത്തെടുക്കാനും ആത്മഹത്യാമുനമ്പിൽനിന്നു മനുഷ്യമനസ്സുകളെ പിന്തിരിപ്പിക്കാനും. ഇത്തവണത്തെ ആത്മഹത്യാ പ്രതിരോധദിന പ്രമേയവും അതു തന്നെയായിരുന്നു; ‘പ്രവൃത്തിയിലൂടെ പ്രതീക്ഷ സൃഷ്ടിക്കാം’. കുട്ടികളെ ഓൺലൈൻ പഠന പ്രതിസന്ധി, മൊബൈൽ ഗെയിം അടിമത്തം, ലഹരി ഉപയോഗം എന്നിവയിൽനിന്നു രക്ഷിക്കുകയും മനക്കരുത്തും യാഥാർഥ്യബോധവും ദൃഢസൗഹൃദങ്ങളും ഉള്ളവരായി വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. 

പ്രണയങ്ങൾ പരസ്പര ബഹുമാനത്താൽ പക്വതയാർജിക്കുന്നില്ലെങ്കിൽ അതിന്റെ പേരിലുള്ള കൊലകളും ആത്മഹത്യകളും പെരുകും. വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്നവരെ കണ്ടെത്താനും പ്രസന്നമായ ജീവിതത്തിലേക്കു വഴിനടത്താനും കൂട്ടായ പദ്ധതികൾ ഉണ്ടാകണം.

കോവിഡിനും മറ്റു പ്രതിസന്ധികൾക്കും എതിരെ വേണ്ട ഏറ്റവും മികച്ച വാക്സീൻ നല്ല സൗഹൃദങ്ങളും കെട്ടുറപ്പുള്ള കുടുംബവുമാണ്. ഇതിനൊപ്പം സാമൂഹിക പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിന്റെ പദ്ധതികൾ കൂടിയായാൽ ദുർബല മനസ്സുകളെ നമുക്കു തിരിച്ചുപിടിക്കാം. അതെ, ശാരീരിക അകലം പാലിക്കേണ്ട ഇക്കാലത്ത് മനസ്സുകൾ അടുത്തേ പറ്റൂ. കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ പിപിഇ കിറ്റ് ഇടുന്നതുപോലെ മനസ്സിൽ ആകുലചിന്തകൾ ആധിപത്യം നേടാതിരിക്കാൻ കൂട്ടായ്മയുടെ സാമൂഹിക സംരക്ഷണ കവചം ഒരുക്കാം. പ്രതിസന്ധികൾക്കെതിരെ ഒന്നിച്ചു തുഴയേണ്ട കാലമാണിത്. സഹായം ചോദിച്ചും സഹായം നൽകിയും മുന്നേറേണ്ട കാലം. ഉറപ്പാണ്, നമ്മളൊരുമിച്ച് ഈ ഒഴുക്കിനെ തോൽപിക്കുക തന്നെ ചെയ്യും.

English Summary: Kerala government should take action against suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com