ADVERTISEMENT

സർക്കാർവക നൂറോളം മൊബൈൽ ആപ്ലിക്കേഷനുകൾ. മുന്നൂറോളം വെബ്‌സൈറ്റുകളും പോർട്ടലുകളും. ഭരണം എളുപ്പമാക്കാൻ അസംഖ്യം സോഫ്റ്റ്‌വെയറുകൾ വേറെ. ഇത്രയൊക്കെ സൗകര്യങ്ങൾ പോരേ കേരളത്തെ ഒരു സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കാൻ? മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായിരുന്ന ഭരണ പരിഷ്കാര കമ്മിഷൻ ഇക്കഴിഞ്ഞ ജനുവരിയിൽ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്.

വിവിധ വകുപ്പുകളിലെ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി കൈമാറാൻ ഒരുക്കിയിട്ടുള്ള പോർട്ടലാണ് ഇ–ഡിസ്ട്രിക്ട്. ഇതുവഴി കിട്ടിയ ആകെ അപേക്ഷകളിൽ ജനങ്ങൾ നേരിട്ട് ഓൺലൈനായി സമർപ്പിച്ചവ വെറും 5% മാത്രം. ബാക്കി അപേക്ഷകളെല്ലാം കിട്ടുന്നത് അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്. സർക്കാർ ഓഫിസുകളിൽ പോകുന്നതിനു പകരം ജനങ്ങൾ ഇപ്പോൾ അക്ഷയ കേന്ദ്രങ്ങളിൽ പോകുന്നുവെന്നു മാത്രം. നേരിട്ടെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ സർക്കാർ ജീവനക്കാരുടെ ജോലിഭാരം കുറഞ്ഞെങ്കിലും പൊതുജനങ്ങൾ ഇപ്പോഴും വിവിധ ആവശ്യങ്ങൾക്കായി ആഴ്ചകളോളം അലയണം. ആപ്പുകളും വെബ്‌സൈറ്റുകളും തയാറാക്കുമ്പോൾ അതു സാധാരണക്കാർക്കു കൂടി ഉപയോഗിക്കാൻ കഴിയുന്നതാണോ എന്ന് ഉറപ്പാക്കാത്തതാണു സർക്കാരിന്റെ മിക്ക ഇ–ഗവേണൻസ് പദ്ധതികളും നോക്കുകുത്തികളാകാൻ മുഖ്യകാരണം.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും കേരളം ഒന്നാമതാണ്. അതുപോലെ, ജനങ്ങൾക്ക് ഓൺലൈനായി സേവനം എത്തിക്കുന്ന കാര്യത്തിലും കേരളം ഏറെ മുന്നിലാണെന്നു ഭരണാധികാരികൾ വീമ്പിളക്കുമ്പോഴും അതിന്റെ യാഥാർഥ്യം ആരും അറിയുന്നില്ല. സ്വന്തമായി ഭൂമിയുള്ള എല്ലാവരും അടയ്ക്കേണ്ട ഭൂനികുതി ഓൺലൈനായി വാങ്ങാൻ പോലും ഇതുവരെ കുറ്റമറ്റ സംവിധാനമൊരുക്കാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ലാൻഡ് റവന്യു കമ്മിഷണർ കഴിഞ്ഞയാഴ്ച ചില പരിഹാരനടപടികൾ സ്വീകരിച്ചതു മറക്കുന്നില്ല.

പല വകുപ്പുകളിലെയും സേവനങ്ങൾക്കായി പണമടയ്ക്കാൻ ഇക്കാലത്തും ഇടപാടുകാർ ട്രഷറി ശാഖയിൽ പോയി ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. ഓൺലൈനായി ചെലാൻ അടയ്ക്കുന്ന സൗകര്യം ട്രഷറി ഒരുക്കിയിട്ടുണ്ടെങ്കിലും പല വകുപ്പുകളും ഇ–പേയ്മെന്റ് സൗകര്യത്തിലേക്കു മാറാൻ കൂട്ടാക്കാത്തതാണ് ഇതിനു കാരണം. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണവും സർവീസ് സംബന്ധമായ നടപടികളും എളുപ്പത്തിലാക്കാൻ കൊണ്ടുവന്ന ‘സ്പാർക്’ സോഫ്റ്റ്‌വെയർ ഫലത്തിൽ അവർക്കു സമ്മാനിക്കുന്നതു കടുത്ത ദുരിതമാണ്. സ്പാർക്കിൽ തിരുത്തലുകൾ വരുത്താൻ കഴിയാത്തതിനാൽ പെൻഷൻ വാങ്ങാൻ‌ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. ശമ്പളം മുടങ്ങിയവരും അനേകം. ഇ–ഗവേണൻസ് രംഗത്തെ ഈവക പോരായ്മകളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ‘ആപ്പിലാക്കി ആപ്’ എന്ന അന്വേഷണ പരമ്പരയിലൂടെ അവതരിപ്പിക്കാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മനോരമ ശ്രമിച്ചത്.

സർക്കാർ ജീവനക്കാരുമായി നേരിട്ടുള്ള ഇടപാടുകൾ ഒഴിവാകുകയും അതുവഴി ഒരു പരിധിവരെ അഴിമതി ഇല്ലാതാകുകയും ചെയ്യുമെന്നത് ഇ–ഗവേണൻസ് സൗകര്യങ്ങളുടെ പ്രധാന ഗുണമാണ്. എന്നാൽ മോട്ടർ വാഹന വകുപ്പിലടക്കം ഇത്തരം നൂതന പരിഷ്കാരങ്ങളെ അട്ടിമറിക്കുന്ന ലോബിതന്നെ സജീവമായി പ്രവർത്തിച്ചിട്ടും സർക്കാർ ഇടപെടാൻ മടിച്ചു നിൽക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സീൻ വിതരണം ചെയ്യുന്ന പോർട്ടൽ എത്ര ലളിതമായാണ് ഒരുക്കിയിരിക്കുന്നത്! സംസ്ഥാന സർക്കാരിന്റെ തന്നെ കെഎസ്ഇബിയും ജല അതോറിറ്റിയും തിരുവനന്തപുരം കോർപറേഷനും കെ–സ്വിഫ്റ്റും ഒക്കെ മാതൃകയാക്കാവുന്ന ആപ്ലിക്കേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്നു. ഇതൊക്കെ മറ്റു വകുപ്പുകൾക്കും മാതൃകയാകേണ്ടതാണ്.

ഇ–ഗവേണൻസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകൾ തയാറാക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും എത്ര പേർ ഉപയോഗിക്കുന്നു എന്നും ഉപയോഗിക്കുന്നില്ലെങ്കിൽ അതിനു കാരണമെന്തെന്നും അടിക്കടി സർക്കാർ പരിശോധിക്കേണ്ടതുണ്ട്. കുറഞ്ഞപക്ഷം ഭരണപരിഷ്കാര കമ്മിഷൻ അക്കമിട്ടു നിരത്തിയ പോരായ്മകളും പരിഹാരങ്ങളുമെങ്കിലും ഭരണാധികാരികളും വകുപ്പു സെക്രട്ടറിമാരും വായിച്ചു നോക്കണം; നടപടികൾ സ്വീകരിക്കുകയും വേണം.

English Summary: Editorial On Improving E-Governance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com