ADVERTISEMENT

സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും ഒരിക്കലും മറക്കാത്ത ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. ഇനി ആ ദിവസം നിങ്ങൾ മറന്നാലും ജനം ഒരിക്കലും മറക്കൂല! കശ്മീർപ്രശ്നം പോലെ പരിഹാരമില്ലാതെ അനന്തമായി നീണ്ടുപോയ വലിയ തർക്കത്തിനും തമ്മിലടിക്കും ഒറ്റനാൾകൊണ്ടു വളരെ സിംപിളായല്ലേ പരിഹാരം ഉണ്ടാക്കിയത്, നമ്മുടെ ബാലഗോപാൽജിയും നിർമലാജിയും. പെട്രോളിനു ജിഎസ്ടിയുമായോ ജിഎസ്ടിക്കു പെട്രോളുമായോ ഇനി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ പെട്രോളൊഴിച്ചു കത്തിക്കും.

പെട്രോളിനു നമ്മുടെ നാട്ടിൽ ഒരു നിലയും വിലയും ഇല്ലാത്ത കാലമുണ്ടായിരുന്നു പണ്ട്. വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും വില ഉയർത്തി ഉയർ‌ത്തി നല്ല നിലയിലേക്കു കൊണ്ടുവന്നതിനു നിർമലാജിക്കും മോദിജിക്കും പ്രണാമങ്ങൾ. ഇപ്പോൾ 100 രൂപയിലേറെയാണു വില. ദിവസേന മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഉറപ്പിച്ചു പറയാൻ വയ്യ. ഇരുനൂറാണ് അടുത്ത ലക്ഷ്യം. അതുകഴിഞ്ഞ് 1000. ഓഹരി വിപണി പോലെ അത് അങ്ങനെ ഉയർന്നുകൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പുകാലത്തു മാത്രം നൈസായിട്ട് അൽപമൊന്നു താഴ്ത്തിക്കൊടുക്കും. ആ ഗ്യാപ്പിലൂടെ ഭരണത്തിലേറിക്കഴിഞ്ഞാൽ പിറ്റേന്നുമുതൽ വീണ്ടും മുകളിലേക്കു വലിച്ചുകയറ്റും.

ചുരുങ്ങിയ സമയംകൊണ്ട് 100 രൂപയിലെത്തിച്ച ആ പെട്രോളിന് 70 രൂപ വരെയാക്കി കുറച്ച് വില കളയാനുള്ള ചിലരുടെ കുത്സിതനീക്കമാണ് അവസരോചിത ഇടപെടലിലൂടെ നമ്മുടെ കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ നിഷ്പ്രയാസം പൊളിച്ചടുക്കിയത്. ജിഎസ്ടിയുടെ പേരിൽ പരസ്പരം പഴിചാരി എല്ലാം മനോഹരമായി കൊണ്ടുപോകുകയായിരുന്നു മുൻപ്. പെട്രോളിനു ജിഎസ്ടി ഏർപ്പെടുത്തിക്കൂടേ എന്നു കോടതി ചോദിച്ചതാണു പണിയായത്. നമ്മളോടാണു കളി. മന്ത്രിജി ജിഎസ്ടി ഉച്ചകോടി വിളിച്ചു. സംസ്ഥാനങ്ങളിൽനിന്നു മന്ത്രിമാർ പറന്നെത്തി. നിർമലാജി എഴുന്നേറ്റുനിന്ന് ഉച്ചത്തിൽ ചോദിച്ചു. ‘‘ജിഎസ്ടിയിൽ പെട്രോളൊഴിക്കണോ? ഒരു തരം രണ്ടു തരം മൂന്നു തരം’’ നമ്മുടെ ബാലഗോപാൽജിയും മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിജിമാരും ചേർന്ന് അതേ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ‘‘വേണ്ട മാഡം’’ അതോടെ പെട്രോളിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. എത്ര നിസ്സാരം!

പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പാക്കിയാൽ വില കുറയുമായിരുന്നെന്നും സംസ്ഥാനങ്ങൾ സമ്മതിക്കാത്തതുകൊണ്ടാണ് അതിനു കഴിയാത്തതെന്നും ഇനി കേന്ദ്രത്തിനു നെഞ്ചുവിരിച്ചു പറയാം. കേന്ദ്രം സെസ് അടക്കമുള്ളവ നിർത്തലാക്കിയാൽതന്നെ വില കുറയുമെന്നും ജിഎസ്ടി നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനങ്ങൾക്കും വാദിക്കാം. അണികൾ അതുകേട്ടു ന്യായീകരിച്ചും ട്രോളിയും ജീവിച്ചോളും. ഇടയ്ക്കിടെ കാപ്സ്യൂൾ എത്തിച്ചു കൊടുക്കേണ്ട ആവശ്യമേയുള്ളൂ. ജിഎസ്ടി കൗൺസിലിൽ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും കാഴ്ചവച്ച അദ്ഭുതകരമായ അഭിനയം കണ്ട്, കർട്ടൻ വലിച്ച ധനസെക്രട്ടറിപോലും അതു താഴ്ത്താൻ മറന്നു കണ്ണുതള്ളി നിന്നുപോയത്രേ.

∙ വള്ളിയില്ലാ ഫോൺ കലിപ്പിലിട്ടാൽ...

കാൽനൂറ്റാണ്ടു മുൻപ്, വള്ളിയില്ലാ ഫോൺ വന്നുകയറിയ കാലത്താണു സൈലന്റ് മോഡിനെക്കുറിച്ചു മലയാളി കേൾക്കുന്നത്. വടക്കൻ കേരളത്തിൽ ചിലർ അതിനെ തരിപ്പിലിടുക എന്നു മലയാളീകരിച്ചു. നിശ്ശബ്ദമാക്കി പോക്കറ്റിലിട്ടാലും വിളി വരുമ്പോൾ നെഞ്ചിൽ ഒരു കിരുകിരുപ്പ് ഉണ്ടാകുമല്ലോ. അതാണു തരിപ്പിലിടൽ പ്രയോഗത്തിന്റെ യുക്തി. ഇതിനെയും മാറ്റിമറിച്ചുകൊണ്ടു പുതിയ പ്രയോഗം വന്നിട്ടുണ്ട്, കലിപ്പിലിടൽ. വാക്കിന്റെ ഉത്ഭവം കായംകുളത്താണോ വിയ്യൂർ ജയിലിലാണോയെന്നു വ്യക്തമല്ല.

നാട്ടിൽ പ്രതിഭകൾ ഉണ്ടെങ്കിൽ തടവറയിൽ പ്രമുഖരുമുണ്ട്. ടിപിയെ 51 വെട്ടിൽ അവസാനിപ്പിച്ചവരിൽപെട്ട കൊടി സുനിക്കും ഫ്ലാറ്റിൽ കൊല നടത്തിയ റഷീദിനുമൊക്കെ തടവറ എന്നേ തറവാടായിക്കഴിഞ്ഞു. തറവാട്ടിലേക്കു വല്ലപ്പോഴുമൊക്കെ പോകാറുണ്ടെന്നു പറയുംപോലെ സുനിയും ആണ്ടി‍ൽ ഏതാനും ദിവസമേ തടവറയിൽ പോകാറുള്ളൂ. വീട്ടിൽ കൊതുകുതിരി തീർന്നാൽ അതു വാങ്ങിക്കൊടുക്കാൻ വരെ പരോൾ കിട്ടുന്ന നാടല്ലേ ഇത്. കൊല്ലിച്ചവർ താലോലിക്കാനുള്ളപ്പോൾ സുനി എന്തിന് ആസ്വദിക്കാതിരിക്കണം? സുനിയും റഷീദുമൊക്കെ തടവറയിൽ ഫോൺ ചെയ്ത് അർമാദിച്ചുകൊണ്ടിരിക്കുന്നു.

Phone-Aazhchakurippukal

റഷീദ് മാത്രം 223 പേരുടെ ഫോണിലേക്കു വിളിച്ചത് 1346 തവണ. നൂറുകണക്കിന് എസ്എംഎസുകളും. സൈലന്റിലാക്കിയ ഫോണിൽനിന്നു ക്വട്ടേഷൻ പണികൾക്കായാണു വിളികൾ. പുറത്തുള്ളവരോടുള്ള കലിപ്പു തീർക്കേണ്ടത് എങ്ങനെയെന്നു തടവറയിലിരുന്നു നിർദേശിക്കുന്നു, ജൂനിയർ ഗുണ്ടകൾ നടപ്പാക്കുന്നു. ജയിലിനുള്ളിലെ സൈലന്റ് ഓപ്പറേഷന്റെ കഥകൾ വന്നുകൊണ്ടിരിക്കെ കായംകുളത്തും ഒരു ഫോൺ കലിപ്പുകഥ പുറത്തുവന്നു. എംഎൽഎ ആയ പ്രതിഭയാണു പരാതിക്കാരി. സാക്ഷി സന്മനസ്സുള്ള മന്ത്രി ശിവൻകുട്ടി. പ്രതിഭ വിളിക്കുമ്പോൾ ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല. തിരക്കായതുകൊണ്ടാവാമെന്നു ആദ്യം സമാധാനിച്ചു. തിരക്കൊഴിഞ്ഞ നേരം മനസ്സിൽ സങ്കൽപിച്ചു കിഴക്കോട്ടു തിരിഞ്ഞുനിന്നു വിളിച്ചു നോക്കി. മിണ്ടാട്ടമേയില്ല. തന്നോട് അടുപ്പവും ആത്മാർഥതയും ഉണ്ടെന്നു വിശ്വസിച്ചിരുന്ന മന്ത്രി എന്താ ഇപ്പോൾ ഇങ്ങനെ?

മന്ത്രി ശിവൻകുട്ടി ഉദ്ഘാടകനായി എത്തിയ വേദിയിൽ പ്രതിഭയുടെ ഉള്ളിലെ പൊള്ളൽ പുറത്തുവന്നു. ശിവൻകുട്ടി സാർ മാന്യൻ. വിളിച്ചാൽ ഫോൺ എടുക്കാനായില്ലെങ്കിൽ തിരിച്ചുവിളിക്കും. തങ്കപ്പെട്ട മനുഷ്യൻ. ഇതിനു പിന്നാലെയാണ് അടുപ്പമുള്ള മന്ത്രിയുമായുള്ള ഫോൺ അനുഭവം പ്രതിഭ വാരിവലിച്ചിട്ടത്. കലിപ്പുള്ള മന്ത്രി ആരെന്നു മാത്രം പറഞ്ഞില്ല. കുളത്തിൽ കായം കലക്കാൻ നോക്കേണ്ടെന്നു മുന്നറിയിപ്പുമുണ്ട്. എന്നാലും ആരായിരിക്കും ആ മന്ത്രി? ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മൂന്നുപേരിലേക്ക് എത്തിയിട്ടുണ്ടു ചിലർ. ഒന്നിലേക്ക് എത്താനായിട്ടുമില്ല. സജിച്ചായൻ? പ്രസാദേട്ടൻ? വീണേച്ചി?

കരുത്തുപരിശോധനയും കൊച്ചേട്ടന്റെ ആധിയും

കയ്യോ കാലോ ഒടിഞ്ഞാൽ പ്ലാസ്റ്റർ ഇടുമല്ലോ. നാലഞ്ചു ദിവസം കഴിയുമ്പോൾ ഉള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടാം. പ്ലാസ്റ്ററിനു മുകളിലൂടെ ചൊറിഞ്ഞിട്ടു കാര്യമില്ല. ഈർക്കിലോ തീപ്പെട്ടിക്കൊള്ളിയോ തിരുകിക്കയറ്റി ചൊറിയാൻ ശ്രമിക്കും. ഡോക്ടർ വിരട്ടിയാൽ അന്നു നിർത്തും ചൊറിച്ചിൽ. ഏതാണ്ട് ഈ അവസ്ഥയിലാണു സിപിഐയും. കേരള കോൺഗ്രസി(എം)നെയും കെ.എം.മാണിയെയും ജോസ് മോനെയും നിരന്തരം ചൊറിയുക. ആ പാർട്ടി മുന്നണിക്കുള്ളിൽ പ്രവേശിച്ചു മന്ത്രിസഭയിൽ പങ്കാളിയുമായി. എന്നിട്ടും അവർ യുഡിഎഫിലാണെന്ന തോന്നലാണിപ്പോഴും സിപിഐക്ക്.

ഇടതുമുന്നണിയിലേക്കു വന്നപ്പോൾ ചെറുക്കാൻ കുറെ നോക്കിയതാണ്. ഏറ്റില്ല. മധ്യകേരളം മാർക്സിസ്റ്റ് പാർട്ടിയും കേരള കോൺഗ്രസും തമ്മിൽ ഒട്ടിച്ചെടുക്കാൻ ശ്രമിക്കുന്ന വല്യേട്ടൻ ഡോക്ടർ കണ്ണുരുട്ടിയപ്പോൾ വാലും ചുരുട്ടി ഇരുന്നു. അങ്ങനെ ജോസ്മോനും സംഘവും ഇടതൂർന്നു വളരാൻ കൊതിക്കുന്ന രണ്ടിലയുമായി ഇടതായി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീണ്ടും ചൊറിച്ചിൽ. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുകൊണ്ടു വലിയനേട്ടം ഉണ്ടായെന്നു സിപിഎം ഉറപ്പിച്ചു. കൊച്ചേട്ടനായ സിപിഐക്ക് അതു തീരെ പിടിക്കുന്നില്ല.

അത്രയ്ക്കൊന്നും ഗുണം ഉണ്ടായിട്ടില്ലെന്നാണ് എംഎൻ സ്മാരക ലാബിലെ പരിശോധനയിൽ തെളിഞ്ഞതത്രേ! ഇതു കേട്ടതോടെ ജോസ് മോൻ മറ്റൊരു കരുത്തുപരിശോധനായന്ത്രത്തെ അവതരിപ്പിച്ചു. അതാണു സിപിഐയുടെ തന്നെ എംഎൽഎ:വാഴൂർ സോമൻ. കേരള കോൺഗ്രസിന്റെ ആഴവും പരപ്പും അളന്നെടുക്കാൻ സോമനെ തൂക്കിയിറക്കി നിർത്തി നോക്കൂ എന്നാണു വെല്ലുവിളി. സംഗതി സിംപിൾ.

പീരുമേട്ടിൽ സോമൻ ജയിച്ചതു തങ്ങളുടെ കഴിവു കൊണ്ടാണെന്ന ജോസ്മോന്റെ വെല്ലുവിളിക്ക് ഇനിയും കാനപ്പാർട്ടിയിൽനിന്നു മറുപടി വന്നിട്ടില്ല. കാരണം, സോമനെ പിന്നിൽനിന്നു കുത്താൻ സിപിഐക്കാർ തന്നെ ശ്രമിച്ചുവെന്നു സിപിഐ ജില്ലാ കമ്മിറ്റി തന്നെ കണ്ടെത്തിയതല്ലേ. സ്വന്തക്കാർ വാരി നിലത്തടിക്കാൻ ശ്രമിച്ചിട്ടും സോമൻ ജയിച്ചതെങ്ങനെ? കേരള കോൺഗ്രസിന്റെ അസാമാന്യ കർമശേഷി കൊണ്ടു തന്നെ. സോമനും അതിൽ സംശയമില്ല. അവിടെയും നിർത്തിയില്ല ജോസ്മോൻ. 2016ൽ കോട്ടയത്തെ 9 സീറ്റിൽ 2 ഇടത്തേ ഇടത് ജയിച്ചുള്ളൂ. ഇപ്പോൾ അഞ്ചായില്ലേ? ഇടുക്കിയിൽ മുന്നണി സമ്പൂർണവിജയം നേടിയില്ലേ? ഇതിനെല്ലാം മറുപടി പറയാ‍ൻ കാനാദികൾ വൈകാതെ യോഗം ചേരും. രണ്ടാമനാകാനുള്ള മത്സരത്തിൽ ഒരാൾകൂടി എത്തുമ്പോഴുള്ള ചങ്കിടിപ്പുണ്ടല്ലോ; അനുഭവിക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ.

∙ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പാട്

ഈയിടെ എകെജി സെന്ററിലെ ഒരു കൂറ്റൻ അലമാരയിലെ പഴയ പുസ്തകങ്ങളൊക്കെ വാരി മാറ്റി. പാറ്റയും പഴുതാരയുമൊക്കെ ഒഴിഞ്ഞുപോയി. ഈ അലമാരയിൽ ഇനി ചെമ്പട്ടു മാത്രമേ സൂക്ഷിക്കൂ. കോൺഗ്രസിൽനിന്നു വരുന്നവരെ സ്വീകരിക്കാൻ മാത്രമാണിത്. ഡിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുന്ന മുറയ്ക്കു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസുകളിലേക്കുള്ള ചെമ്പട്ടുമായി വണ്ടികൾ തിരിക്കും.

Aazhchakurippukal20-09

ഇതുവരെ 3 പേരേ വന്നിട്ടുള്ളൂ. വലിയ പുലികളാണെന്നു കരുതി സ്വീകരിച്ച് ഇരുത്തിയശേഷം കോടിയേരി ചുറ്റും നോക്കി. വന്നവർക്കൊപ്പം തോളിൽപിടിച്ചു പടികയറാൻപോലും ഒരാളില്ല. എന്നാലും വേണ്ടില്ല, ഇരിക്കട്ടെ ഒരു ചെമ്പട്ട്. ബാർബർ ഷോപ്പിലേതു പോലെ ഷാളും പുതപ്പിച്ച് അതിഥിയെ അടുത്തിരുത്തി കോടിയേരി കോൺഗ്രസിനെ ഗുണദോഷിച്ചു. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ സിപിഎമ്മേ ഉള്ളൂവെന്ന് ഇന്നുച്ചയ്ക്കാണു തിരിച്ചറിഞ്ഞതെന്നു വരത്തൻ നേതാവ് ഇടയ്ക്കിടെ ഉരുവിട്ടു.

ഇതൊക്കെ കേൾക്കുമ്പോൾ ജനത്തിനു സംശയം. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന്റെ മുൻ മന്ത്രിമാരും സംസ്ഥാന നേതാക്കളുമൊക്കെ ‍‍ജാഥയായല്ലേ ബിജെപിയിലേക്കു പോകുന്നത്. കൊട്ടാരത്തിന്റെ അരത്തിണ്ണപോലത്തെ കേരളം ഭരിച്ചുകൊണ്ടു ഇന്ത്യയിൽ മതനിരപേക്ഷത കെട്ടിപ്പടുക്കുമെന്നു പറയുന്നത് ആനയെ വിവാഹം കഴിക്കാൻ അണ്ണാൻ ആഗ്രഹിക്കുന്നതുപോലൊരു അതിമോഹമാവുമോ?

അതിനിടെയിലാണു കുമ്പക്കൊടി സുധാകരന്റെ കണ്ടെത്തൽ. ഒരു നേതാവാണെങ്കിൽ അഞ്ചാറുപേരെങ്കിലും അണിയായി വേണ്ടേ? അല്ലാത്തവർ വെറും മാലിന്യങ്ങളല്ലേ? ചാട്ടത്തിനു കച്ച മുറുക്കിയവർക്ക് ഇപ്പോൾ അതാണു സംശയം. അല്ല, ഞാനും മാലിന്യമാണോ!. കോൺഗ്രസിനു പ്രതീക്ഷയ്ക്കു വകയുണ്ട്. പാർട്ടിയുടെ പോക്കിൽ നിരാശ ബാധിച്ചവരെല്ലാം പോയിക്കിട്ടിയാൽ പിന്നെ ബാക്കിയുള്ളവർ പ്രത്യാശയുള്ളവർ ആയിരിക്കുമല്ലോ. പ്രത്യാശക്കാർ മാത്രമുള്ള പാർട്ടിയാകുമ്പോൾ അതിനെ പിന്നെ പിടിച്ചാൽ കിട്ടുമോ!

സ്റ്റോപ് പ്രസ്

പാർട്ടിക്കു ഖ്യാതിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുമെന്നു സുരേഷ് ഗോപി.

അതിനിടെ സല്യൂട്ട് കിട്ടിയാൽ വാങ്ങും

Content Highlights: Petrol- Diesel Price, GST, Jail, Kanam Rajendran, CPI, LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com