ADVERTISEMENT

മരിച്ചുപോയ ഭാര്യയ്ക്കുവേണ്ടി പ്രാർഥിക്കാമോ എന്ന ഭ്യർഥിച്ചു കർഷകൻ സന്യാസിയെ സമീപിച്ചു. സന്യാസി സമ്മതിച്ചു. മന്ത്രോച്ചാരണത്തിനുശേഷം കർഷകൻ അദ്ദേഹത്തോടു ചോദിച്ചു: ഭാര്യയ്ക്ക് ഈ പ്രാർഥനകൊണ്ടു പ്രയോജനം ലഭിക്കുമല്ലോ അല്ലേ? സന്യാസി പറഞ്ഞു: താങ്കളുടെ ഭാര്യയ്ക്കു മാത്രമല്ല ലോകത്തിലെ സകല ജീവജാലങ്ങൾക്കും ഈ പ്രാർഥനകൊണ്ടു ഗുണം കിട്ടും.

കർഷകൻ നിരാശയോടെ ചോദിച്ചു: എല്ലാവർക്കും പ്രയോജനപ്പെടുമെങ്കിൽ എന്റെ ഭാര്യയ്ക്കു ലഭിക്കുന്ന അനുഗ്രഹത്തിന്റെ അളവു കുറയില്ലേ? സന്യാസി അയാളെ ഉപദേശിച്ചു: സകല ജീവജാലങ്ങളുടെയും നന്മയ്ക്കുവേണ്ടി പ്രാർഥിക്കുക എന്നതാണു നമ്മുടെ ഉത്തരവാദിത്തം. കർഷകൻ പറഞ്ഞു: അതെനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരയൽവാസിയുണ്ട്. സകലജീവജാലങ്ങളുടെയും പട്ടികയിൽനിന്ന് അയാളെ ഒഴിവാക്കിത്തരുമോ?

സ്വാർഥതകളെ സംരക്ഷിക്കാനുള്ള ഇടമായി പ്രാർഥനയെ ഉപയോഗിക്കുന്നതാണ് ഈശ്വരനോടുള്ള നന്ദികേട്. മഴയുടെയും വെയിലിന്റെയും അനുഗ്രഹങ്ങൾ എല്ലാവരുടെയുംമേൽ ഒരുപോലെ ചൊരിയുന്ന സ്രഷ്ടാവിന്റെ മുന്നിൽ തങ്ങളുടെ ഗൂഢസ്വപ്നങ്ങളുടെ പട്ടികമാത്രം നിരത്തി പ്രാർഥിക്കുമ്പോൾ ആ ജപങ്ങൾക്കും അവയുടെ ഉദ്ദേശ്യശുദ്ധിക്കും അംഗവൈകല്യം സംഭവിക്കുന്നുണ്ട്. സ്വന്തം സുഖങ്ങളുടെ സംരക്ഷണത്തിനായി നിർത്തിയിരിക്കുന്ന കാവൽക്കാരനായി മാത്രം ഈശ്വരനെ തരംതാഴ്ത്തരുത്. മനുഷ്യന്റെ സ്വാർഥവിചാരങ്ങളുടെ നിലവാരത്തകർച്ചയിലേക്ക് ഈശ്വരനെയും വലിച്ചിഴയ്ക്കുന്നു എന്നതാണ് അഭിലാഷ പൂർത്തീകരണ ജപങ്ങളുടെ പോരായ്മ.

എന്തെങ്കിലും നേടിയെടുക്കുന്നതിനുവേണ്ടിയുള്ള തീവ്രയത്നത്തിന്റെ ഭാഗമായല്ലാതെ ഈശ്വരവിചാരത്തിൽ ഏർപ്പെടുന്ന എത്രപേരുണ്ടാകും? ഒന്നിനും ഒരു കുറവുമില്ലാത്തവിധം സംതൃപ്തമാണു ജീവിതമെങ്കിൽ സ്തോത്രഗീതങ്ങളിൽ എത്രപേർ താൽപര്യം കാണിക്കും? ഒന്നിനും വേണ്ടിയല്ലാതെ ഒരു നിമിഷമെങ്കിലും ഈശ്വരനിൽ ലയിക്കുന്നതാണു യഥാർഥധ്യാനം.

എല്ലാവരും കേൾക്കുകയും കാണുകയും ചെയ്യുന്ന കർമങ്ങൾ ചായംപൂശി മനോഹരമാക്കിയാൽ സഹജീവികളെ കബളിപ്പിക്കാൻ കഴിയും; സ്രഷ്ടാവിനെ വഞ്ചിക്കാൻ കഴിയില്ല. എല്ലാ വിശുദ്ധകർമങ്ങളുടെയും അടിസ്ഥാനം അനുയോജ്യമായ മനോഭാവമാണ്. കുറ്റങ്ങളും കുറവുകളുമില്ലാത്ത വ്യക്തികളോടല്ല, തങ്ങളുടെ പോരായ്മകളിൽ ഒരു തിരുത്തൽപോലും വരുത്താതെ സ്വന്തം പിടിവാശികളുമായി തന്റെ മുന്നിൽ വരുന്നവരോടാണ് ഈശ്വരൻ പുനഃപരിശോധന ആവശ്യപ്പെടുന്നത്. അനുഗ്രഹങ്ങളുടെ കാലവിളംബത്തിനു സ്വയം നവീകരണം എന്നൊരർഥം കൂടിയുണ്ടാകാം. ചില നന്മകൾ മനോഭാവത്തിൽ മാറ്റം വരുത്തിയാൽ തന്നെ വന്നുചേരുന്നതാണ്.

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com