ADVERTISEMENT

ഈ വർഷം വാരാന്ത്യങ്ങൾ മുഖ്യമന്ത്രിമാർക്ക് അപകടകരമായി തീർന്നുവെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിശേഷിച്ചും അസം, ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത്, ഇപ്പോൾ പഞ്ചാബ്. ആദ്യം ബിജെപി നേതൃത്വവും ഇപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡും മുഖ്യമന്ത്രിമാരെ നീക്കുന്ന പ്രക്രിയയിലാണ്. രാജ്യത്തെ ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ മിന്നൽ വേഗത്തിലാണു ഹൈക്കമാൻഡ് നീക്കിയത്. ബിജെപി- അകാലിദൾ സഖ്യം വേർപെട്ടതും കർഷകസമരവും മൂലം ഏതാനും മാസം മുൻപു വരെ അമരിന്ദർ ഉയരത്തിലാണു നിന്നിരുന്നത്. ഈയിടെ ജാലിയൻവാല ബാഗിലെ രക്തസാക്ഷി മന്ദിരം നവീകരിച്ചതിനെ പ്രശംസിക്കുന്ന രീതിയിൽ അമരിന്ദർ സംസാരിച്ചപ്പോൾ അതു രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിനു വിരുദ്ധമായിപ്പോയി. ആയിരങ്ങൾ ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിയേറ്റു വീണ സ്ഥലത്തു നടത്തുന്ന പൊളിച്ചുപണികൾ രക്തസാക്ഷികളെ നിന്ദിക്കലാണെന്നാണു രാഹുൽ പ്രതികരിച്ചത്. എന്നാൽ, അമൃത്‌സറിലെ മാറ്റങ്ങൾ നല്ലതാണെന്നാണ് അമരിന്ദർ പറഞ്ഞത്.

ഈ വർഷം പുറത്തായ മുഖ്യമന്ത്രിമാരിൽ അമരിന്ദർ സിങ്ങും ബി.എസ്.യെഡിയൂരപ്പയും മുറിവേറ്റ സിംഹങ്ങളാണ്. ഇരുവർക്കും ശക്തമായ ജനകീയാടിത്തറയുണ്ട്. അസമിൽ ബിജെപി ഭരണം നിലനിർത്തിയതിനു പിന്നാലെയാണു സർബാനന്ദ സോനോവാളിനെ നീക്കിയത്. പക്ഷേ, അദ്ദേഹത്തിനു പിന്നീട് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചു. ഉത്തരാഖണ്ഡിൽ പുറത്തായ രണ്ടു മുഖ്യമന്ത്രിമാരും- ത്രിവേന്ദ്ര സിങ് റാവത്തും തീരഥ് സിങ് റാവത്തും- പുതിയ പദവിക്കായി ക്ഷമയോടെ കാത്തിരിക്കുന്നു. ഗുജറാത്തിൽ പുറത്താക്കപ്പെട്ട വിജയ് രുപാണി ഞെട്ടലിൽനിന്നു മുക്തനാകുന്നതേയുള്ളൂ. തന്റെ മുൻഗാമിയായ ആനന്ദിബെൻ പട്ടേലിനെ യുപി ഗവർണറാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയും പുനരധിവസിപ്പിക്കുമെന്ന പ്രതീക്ഷ രുപാണിക്കുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും പ്രക്ഷുബ്ധമാണു സ്ഥിതി. മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടിനും ഭൂപേഷ് ബാഗേലിനുമൊപ്പമാണു നിലവിൽ ഹൈക്കമാൻഡ്. കേന്ദ്രമന്ത്രിമാരുടെയും ബിജെപി മുഖ്യമന്ത്രിമാരുടെയും പ്രകടനം സംബന്ധിച്ചു പാർട്ടി സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങളും ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകളും നരേന്ദ്രമോദി നിരന്തരം വിലയിരുത്തുന്നു. അനുയായികളെയും പ്രതിയോഗികളെയും ഒരേസമയം അമ്പരപ്പിക്കുന്ന ദ്രുതനീക്കങ്ങളാണു മോദി നടത്തുക. തിരഞ്ഞെടുപ്പു വരാൻ പോകുന്ന ഉത്തർപ്രദേശിലും (യോഗി ആദിത്യനാഥ്) ഗോവയിലും (പ്രമോദ് സാവന്ത്) മണിപ്പുരിലും (ബിരേൺ സിങ്) ബിജെപി മുഖ്യമന്ത്രിമാരുടെ സ്ഥിതി ഭദ്രമാണെന്നു കരുതപ്പെടുന്നു. ഈ വർഷം ബിജെപി നടത്തിയ അഴിച്ചുപണികളിൽ ഈ സംസ്ഥാനങ്ങളെ തൊട്ടിട്ടില്ല.

ജാതിരാഷ്ട്രീയം പ്രധാനം

ബിജെപിയും കോൺഗ്രസും നടത്തിയ തലമാറ്റങ്ങളിൽ വ്യക്തിപരമായ മുൻഗണനകളെക്കാൾ സംസ്ഥാനങ്ങളിലെ ജാതിരാഷ്ട്രീയവും സന്തുലനവും ആണു നിർണായകമെന്നു തെളിയുന്നു. കർണാടകയിൽ പ്രബലരായ ലിംഗായത്തുവിഭാഗത്തിലെ ആൾ മുഖ്യമന്ത്രിയായി തുടരാൻ മോദി അനുവദിച്ചു. ഉത്തർപ്രദേശിൽ രജ്‌പുത് തുടരുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായി പട്ടേൽ വിഭാഗത്തിലെ ആൾ വേണമെന്ന ആവശ്യത്തിനു മോദി വഴങ്ങിക്കൊടുത്തു. അസമിലാകട്ടെ ഗോത്രവിഭാഗക്കാരനായ സർബാനന്ദ സോനോവാളിനെ മാറ്റി ബ്രാഹ്മണനായ ഹിമന്ത ബിശ്വശർമയെ വച്ചു.

പഞ്ചാബിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള നാലുമാസത്തേക്കു ദലിത് സിഖുകാരനായ ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം തന്ത്രപരമായിരുന്നു. സംസ്ഥാനത്തെ നിർണായക വിഭാഗമായ ദലിതുകൾ രണ്ടു ദശകത്തിലേറെയായി കോൺഗ്രസിൽനിന്ന് അകന്ന് ആദ്യം ബഹുജൻ സമാജ് പാർട്ടിയിലും  2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലും പോയി. ബിജെപിയുമായി പിരിഞ്ഞ അകാലിദളാകട്ടെ ഇപ്പോൾ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി ദലിത് ഉപമുഖ്യമന്ത്രിയെ വാഗ്ദാനം ചെയ്തിരിക്കുന്നു. 

ഛന്നിയെ മുഖ്യമന്ത്രിയാക്കിയതോടെ എതിരാളികളെ കോൺഗ്രസ് കടത്തിവെട്ടി. തന്റെ ആജന്മ ശത്രുവായ നവജ്യോത് സിങ് സിദ്ദുവിനു പാക്കിസ്ഥാൻ ബന്ധമാരോപിച്ച് അമരിന്ദർ നടത്തിയ കടന്നാക്രമണം ഛന്നി വന്നതോടെ ചീറ്റിപ്പോയി എന്നതാണു മറ്റൊരു കാര്യം. ഛന്നി- സിദ്ദു കൂട്ടുകെട്ടിനു പഞ്ചാബ് ജനത അംഗീകാരം നൽകിയാൽ സിദ്ദുവിനു ന്യായമായും മുഖ്യമന്ത്രിയാകാം.

കോൺഗ്രസിന്റെ ഭരണചരിത്രത്തിൽ, ജനസംഖ്യയുടെ 17 ശതമാനം വരുന്ന ദലിത് വിഭാഗങ്ങളിൽനിന്ന് അപൂർവമായി മാത്രമേ മുഖ്യമന്ത്രിമാരുണ്ടായിട്ടുള്ളൂ. മുഖ്യമന്ത്രിപദത്തിലെത്തിയ ദലിത് നേതാക്കൾക്കാകട്ടെ അധികകാലം ആ കസേരയിലിരിക്കാനും കഴിഞ്ഞിട്ടില്ല.  മികച്ച അഭിഭാഷകൻ കൂടിയായിരുന്ന ഡി.സഞ്ജീവയ്യയെ കോൺഗ്രസ് 1960ൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാക്കി. രാജ്യത്തെ ആദ്യ ദലിത് മുഖ്യമന്ത്രി. സഞ്ജീവയ്യ 1962ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്കു നയിച്ചു. പക്ഷേ, ഡൽഹിയിൽനിന്നുള്ള നീക്കത്തിനൊടുവിൽ ആന്ധ്രയിലെ പ്രബലരായ റെഡ്ഡി വിഭാഗത്തിൽനിന്നുള്ള നീലം സഞ്ജീവ റെഡ്ഡി മുഖ്യമന്ത്രിയായി. സഞ്ജീവയ്യയെ നെഹ്റുവിന്റെ കീഴിൽ എഐസിസി പ്രസിഡന്റുമാക്കി. മഹാരാഷ്ട്രയിൽ ദലിത് മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയ്ക്കും സമാനമായിരുന്നു അനുഭവം. അഴിമതിയാരോപണങ്ങളെ ത്തുടർന്ന് മഠാഠ സമുദായത്തിലെ വിലാസ് റാവു ദേശ്മുഖ് രാജിവച്ചതോടെ 2003ൽ സോണിയ ഗാന്ധി ഷിൻഡെയെ മുഖ്യമന്ത്രിയാക്കി.  21 മാസത്തെ ഭരണത്തിനുശേഷം ഷിൻഡെ കോൺഗ്രസ്– എൻസിപി സഖ്യത്തെ തിരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ചു. പക്ഷേ, പിന്നീട് മുഖ്യമന്ത്രിയായതു ദേശ്മുഖായിരുന്നു. ഷിൻഡെയ്ക്കു പിന്നീടു കേന്ദ്രമന്ത്രിപദം ലഭിച്ചു. എന്നാൽ, രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഭരിക്കാൻ അർഹതയുണ്ടായിട്ടും തനിക്ക് അവസരം നിഷേധിച്ചെന്ന നിരാശ അദ്ദേഹത്തിനുണ്ടായിരുന്നു.

1980ൽ രാജസ്ഥാനിൽ  കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി ഇടിക്കാൻ പലരുമുണ്ടായിരുന്നു. എന്നാൽ, ദലിതനായ ജഗന്നാഥ് പഹാഡിയയെയാണു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയോഗിച്ചത്. വിമതശല്യം മൂലം ഇരിക്കപ്പൊറുതിയില്ലാതെ പഹാഡിയ 13 മാസത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. പകരം ശിവ് ചരൺ മാത്തൂർ മുഖ്യമന്ത്രിയായി.

പഞ്ചാബിൽ ഛന്നിയെ മുഖ്യമന്ത്രിയാക്കാൻ ഏറ്റവും ശക്തമായി വാദിച്ചതു രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയായിരുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ മൂന്നുവട്ടമാണു ഖാർഗെയ്ക്കു ജാതിപരിഗണനകൾ മൂലം മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്. കേന്ദ്രത്തിൽ ദീർഘകാലം കോൺഗ്രസ് മന്ത്രിയായിരുന്ന ജഗ്ജീവൻ റാമിനു ജനതാപാർട്ടി സർക്കാരിൽ കുറച്ചുകാലം ഉപപ്രധാനമന്ത്രിയായിരിക്കാൻ കഴിഞ്ഞു. പക്ഷേ, അദ്ദേഹത്തെ ആദ്യ ദലിത് പ്രധാനമന്ത്രിയാക്കാനുള്ള ശുപാർശ ജനതാപാർട്ടിക്കകത്ത് ആഴത്തിലുള്ള എതിർപ്പാണ് അന്നുയർത്തിയത്.

പഞ്ചാബിൽ ഇനി കോൺഗ്രസിനു തിരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാനുള്ള ബാധ്യത ഛന്നിക്കാണ്. പക്ഷേ കോൺഗ്രസ് ഭരണം നിലനിർത്തിയാലും അദ്ദേഹത്തിനു മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനാവുമോ എന്നതു വലിയ ചോദ്യമാണ്.

Content Highlight: Indian Politics, Congress, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com