ADVERTISEMENT

കൊച്ചി തൃക്കാക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയം കേരള സർക്കാർ സ്ഥലമേറ്റെടുത്തു നൽകാത്തതിനാൽ നഷ്ടമായേക്കുമെന്ന വാർത്തയിൽ തെളിയുന്നതു പിടിപ്പുകേടിന്റെ ഒന്നാം പാഠമാണ്. 2019ൽ കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച 50 കേന്ദ്രീയ വിദ്യാലയങ്ങളിൽ കേരളത്തിനു ലഭിച്ച ഏക സ്കൂളായിരുന്നു തൃക്കാക്കരയിലേത്. അനുമതി ലഭിച്ചു രണ്ടര വർഷം പിന്നിട്ടിട്ടും താൽക്കാലിക സൗകര്യമൊരുക്കി സ്കൂൾ പ്രവർത്തനം ആരംഭിക്കാനോ സ്ഥലം ഏറ്റെടുത്തു നിർമാണം തുടങ്ങാനോ കേരളത്തിനു കഴിഞ്ഞില്ല. ഇനിയും വൈകിയാൽ അനുമതി റദ്ദാക്കുമെന്ന മുന്നറിയിപ്പു കേന്ദ്രീയ വിദ്യാലയ അധികൃതരിൽ നിന്നു കിട്ടിയിട്ടു പോലും സർക്കാർ ഉണർന്നിട്ടില്ല. നെടുനാൾ നീണ്ട കാത്തിരിപ്പിനും ഏറെ മുറവിളികൾക്കുമൊടുവിൽ എറണാകുളത്ത് അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടമാകുമെന്ന ആശങ്കയിലാണു ജനങ്ങൾ.

കേന്ദ്രീയ വിദ്യാലയം അനുവദിക്കപ്പെട്ടാൽ, കുറഞ്ഞത് അ‍ഞ്ചേക്കർ സ്ഥലം ജില്ലാഭരണകൂടം പാട്ടത്തിനോ സ്വന്തമായോ ഏറ്റെടുത്തു കേന്ദ്രീയ വിദ്യാലയ പ്രസ്ഥാനത്തിനു കൈമാറണമെന്നാണു ചട്ടം. ഈ സ്ഥലത്തു കെട്ടിടം നിർമിച്ചു മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുംവരെ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കാൻ വാടകക്കെട്ടിടവും കണ്ടെത്തി നൽകണം. എന്നാൽ, ഇതിനുള്ള പ്രാഥമിക നടപടികൾപോലും ആരംഭിച്ചിട്ടില്ല.  

സംസ്ഥാനത്തു വിവിധ ജില്ലകളിലായി നിലവിൽ വളരെക്കുറച്ച് കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമേയുള്ളൂ. കേന്ദ്ര സർക്കാരിന്റെ സൗജന്യ നിരക്കിലുള്ള, മികവാർന്ന വിദ്യാഭ്യാസം നേടാനുള്ള വലിയ അവസരമാണ് ഈ സ്കൂളുകൾ. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെയും വിവിധ സംസ്കാരങ്ങളുടെയും ഇഴുകിച്ചേരൽ ഈ വിദ്യാലയങ്ങളെ ഇന്ത്യയുടെ തന്നെ പരിച്ഛേദമാക്കുന്നുണ്ട്. അതിനാൽ, സിലബസിലെ പാഠങ്ങൾക്കപ്പുറം ദേശീയമാനമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം കൂടിയാണു കേന്ദ്രീയ വിദ്യാലയങ്ങൾ നൽകുന്നത്. അതുകൊണ്ടുതന്നെ ഏതു വിധേനയും കേന്ദ്രീയ വിദ്യാലയങ്ങളിൽ മക്കൾക്കു പ്രവേശനം ഉറപ്പാക്കാൻ വലിയൊരു വിഭാഗം രക്ഷാകർത്താക്കൾ ശ്രമിക്കാറുണ്ട്. സീറ്റുകളുടെ പരിമിതി മൂലം വളരെക്കുറച്ചു വിദ്യാർഥികൾക്കേ പ്രവേശനം ലഭിക്കാറുള്ളൂവെന്നു മാത്രം. മറ്റു സംസ്ഥാനങ്ങളിൽനിന്നു സ്ഥലം മാറിയെത്തുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്കുപോലും പലപ്പോഴും കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാറില്ലെന്നതാണു വസ്തുത. 

വിദ്യാഭ്യാസത്തിലും സാക്ഷരതയിലുമെല്ലാം നമ്മെക്കാൾ വളരെ പിന്നിലുള്ള സംസ്ഥാനങ്ങൾപോലും ഇത്തരം പദ്ധതികൾ എങ്ങനെ നടപ്പാക്കുന്നുവെന്നു കേരളം കണ്ടു പഠിക്കേണ്ടതാണ്. 2019ൽ തൃക്കാക്കരയ്ക്കൊപ്പം അനുവദിക്കപ്പെട്ടത് 50 കേന്ദ്രീയ വിദ്യാലയങ്ങളാണ്. ഇതിൽ ആദ്യഘട്ടമായി കേരളമുൾപ്പെടെ 16 സംസ്ഥാനങ്ങളിൽ അനുവദിച്ച 29 സ്കൂളുകളുടെ പട്ടികയാണു പ്രസിദ്ധീകരിച്ചത്. ഇതിൽ തൃക്കാക്കരയിലേതൊഴികെ മറ്റെല്ലാ സ്കൂളുകളും താൽക്കാലിക സൗകര്യമൊരുക്കി 2020 ജനുവരിയിൽത്തന്നെ പ്രവർത്തനമാരംഭിച്ചുവെന്നതു കേരളത്തിന്റെ കണ്ണു തുറപ്പിക്കണം. 2020 അവസാനത്തോടെ ഇതിൽ ഭൂരിഭാഗം സ്കൂളുകൾക്കും സ്വന്തം കെട്ടിടവുമായി. തമിഴ്നാട്ടിലെ ഉദുമൽപേട്ട്, ആന്ധ്രപ്രദേശിലെ ഇരൽപാടു, കണ്ടുകുർ, കർണാടകയിലെ സദൽഗ ബെളഗാവി തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ കേരളത്തെക്കാൾ വളരെപ്പിന്നിൽ നിൽക്കുന്ന ജമ്മു– കശ്മീർ, അരുണാചൽ പ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് അനുവദിക്കപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങൾ പോലും മാസങ്ങൾക്കുള്ളിൽ പ്രവർത്തനമാരംഭിച്ചു.

കേന്ദ്രീയ വിദ്യാലയ പ്രസ്ഥാനത്തിന്റെ അധികൃതർ എറണാകുളം കലക്ടറോടു പലതവണ കാലതാമസം സംബന്ധിച്ചു വിവരം ആരാഞ്ഞെങ്കിലും സ്കൂളിനായി കണ്ടെത്തിയിരുന്ന സ്ഥലം ദുരന്തനിവാരണ സേനയ്ക്ക് അനുവദിച്ചതിനാൽ വേറെ സ്ഥലം ലഭ്യമല്ലെന്നായിരുന്നു മറുപടി. ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ആശ്രയമാകുന്ന സവിശേഷ വിദ്യാലയത്തോടുള്ള സമീപനം ഒരിക്കലും ഇങ്ങനെയായിക്കൂടാ. രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികളും മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. സ്ഥലം ഇല്ലാത്തതല്ല, അതു കണ്ടെത്താൻ മനസ്സില്ലാത്തതാണ് ഇത്തരം പദ്ധതികൾക്കു ചരമഗീതമെഴുതുന്നതെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടായേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com