ADVERTISEMENT

മഹാസമാധി മഹത്തായ ഒത്തുചേരലാണ്. ആത്യന്തിക സത്യവുമായി വേർതിരിക്കാനാകാത്തവിധം ലയിച്ചുചേരുന്ന അവസ്ഥ. മൃതസംസ്കാരസമയത്തു കുടമുടയ്ക്കുമ്പോൾ കുടത്തിനുള്ളിലെ ആകാശം പുറമേയുള്ള ആകാശവുമായി വേർപിരിക്കാനാകാത്ത വിധം ഒത്തുചേരുന്നതു പോലെ. സമാധിയെന്നാൽ സമ്യക്കായ ഇരിപ്പിടം എന്നർഥം. അതായത്, യഥായോഗ്യമായ ഇരിപ്പിടം. ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനത്തിൽ ഈ രണ്ടു വാക്കുകളുടെയും അർഥത്തെ ചേർത്തുവച്ചു കാണണം. 

വാസ്തവത്തിൽ സശരീരനായി ഇരിക്കുമ്പോൾത്തന്നെ ഗുരു സമാധിയിലായിരുന്നുവെന്നു പറയാം. കാരണം തപസ്സിലൂടെ, പ്രണവമുണർന്ന്, അതിലമർന്ന് അതായിത്തീർന്നുകൊണ്ടാണു ഗുരു കർമനിരതനായത്. ഇപ്പോൾ പ്രവൃത്തിയാരുടെ പണി ചെയ്യുകയാണല്ലോ എന്നു ഗുരുവിനോട് ഒരു സഹസന്യാസി ഒരിക്കൽ ചോദിച്ചപ്പോൾ, പ്രവൃത്തിയേ ഉള്ളൂ, ആരില്ല എന്ന ഗുരുവിന്റെ മറുപടി ഇതിനു ദൃഷ്ടാന്തമാണ്. അതായത്, താൻ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല; മറിച്ച്, സകലകർമവും നടക്കുന്നതു മൊത്തത്തിലുള്ള കർമത്തിന്റെ ഭാഗമായിട്ടാണ് എന്നർഥം.

ഈ മഹാസമാധി ദിനത്തിൽ നാം വീണ്ടെടുക്കേണ്ട രണ്ടു കാര്യങ്ങളാണു മതമൈത്രിയും സ്ത്രീസുരക്ഷയും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനത്തിന് ഇക്കാലത്തു പ്രസക്തിയേറുന്നു. ഗുരുവിന്റെ കാലത്തു മനുഷ്യനെ ഭയപ്പെടുത്തിയിരുന്ന ദുർഭൂതം ജാതിയാണെങ്കിൽ ഇന്നു മതങ്ങളുടെ പേരു പറഞ്ഞാണു മനുഷ്യൻ കലഹിക്കുന്നത്. ഈ കലഹങ്ങളിൽപെട്ടു സ്ത്രീത്വം അപമാനിക്കപ്പെടുന്നു. എല്ലാ മതങ്ങളും സ്ത്രീകളെ രണ്ടാംതരം പൗരന്മാരായിക്കാണുന്നതിൽ മത്സരിക്കുന്നു. സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ചേർന്നിരിക്കേണ്ടതുണ്ടെന്നും രണ്ടു വശങ്ങൾക്കും അതിന്റേതായ ധർമം നിർവഹിക്കാനുണ്ടെന്നും എങ്കിൽ മാത്രമേ നാണയത്തിനു നിലനിൽപുള്ളൂവെന്നും ഗുരു പറഞ്ഞിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും സ്ത്രീയുടെ നില ഇന്നു പരിതാപകരമാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി സോദരീസംഘം പോലുള്ള പല പ്രസ്ഥാനങ്ങളും ഗുരുവിന്റെ കാലത്തു തന്നെ പ്രവർത്തിച്ചുവന്നു. ഒരുപക്ഷേ, കേരളത്തിൽ സ്ത്രീമുന്നേറ്റത്തിനു വേണ്ടി ആദ്യമായി സംഘടിച്ചതു ഗുരുദർശനം ഉൾക്കൊണ്ട സമൂഹമാകാം. മതവൈരത്തിനു പകരം നമുക്കു സാഹോദര്യത്തിന്റേതും മാനവികതയുടേതും അനുകമ്പയുടേതുമായ ഗുരുദർശനത്തെ മുറുകെപ്പിടിക്കാം.    

‘പലമതസാരവും ഏകം’ എന്ന ഗുരുവചനം എല്ലാ മതങ്ങളുടെയും മൂല്യം ഒന്നാണെന്നാണ് ഉദ്ഘോഷിക്കുന്നത്. മനുഷ്യനെ ചേർത്തുനിർത്തുകയും അവന് ആത്മസുഖം പകരുകയുമാണു മതങ്ങളുടെ ലക്ഷ്യമെന്നു ഗുരു പറയുന്നു. ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ സർവമത മഹാസമ്മേളനം നാരായണഗുരു നടത്തിയതു മതങ്ങളെക്കുറിച്ചു മനുഷ്യനു വ്യക്തമായ ധാരണ നൽകാനാണ്. ഈ സമ്മേളനത്തിൽ ഗുരുവിന്റെ നിർദേശപ്രകാരം സ്വാമി സത്യവ്രത നടത്തിയ സ്വാഗതപ്രസംഗത്തിലെ വരികൾ നാം വീണ്ടും വീണ്ടും വായിക്കുകയും മനനം ചെയ്യുകയും വേണം. ആ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ചുവടെ: 

‘‘മതം അധ്യാത്മകാര്യമാണെന്നാണ് എല്ലാവരും പറയുകയും വിശ്വസിക്കുകയും ചെയ്തുവരുന്നത്. സകലമോഹങ്ങളും പരിത്യജിച്ചവനു മാത്രമേ നിർവാണമുള്ളൂവെന്നു ബുദ്ധമുനി ഉപദേശിച്ചു. സർവത്തെയും ഉപേക്ഷിച്ച് എന്റെ പിന്നാലെ വരുവിൻ എന്നു പറഞ്ഞു ക്രിസ്തു തന്റെ ശിഷ്യന്മാരെ വിളിച്ചു. ത്യാഗിക്കല്ലാതെ മോക്ഷമില്ലെന്നുള്ളതു ഹിന്ദുമതത്തിലെ ഏതു ശാഖക്കാർക്കുമുള്ള നിർവിവാദമായ സിദ്ധാന്തമാകുന്നു. 

സൾഫ്യൂറിക് ആസിഡ് കണ്ടുപിടിച്ചതു ശാസ്ത്രജ്ഞനാണ്; എന്നാൽ അതു ധാരാളമായി സംഭരിച്ചു വിതരണം ചെയ്ത് ആദായമുണ്ടാക്കുന്നതു മുതലാളന്മാരാണ്. അതുപോലെ അധ്യാത്മതത്വങ്ങളെയും മോക്ഷമാർഗങ്ങളെയും ആദായകരമായ വ്യവസായമാക്കിത്തീർത്തപ്പോഴാണു മതകലഹം തുടങ്ങിയത്. രാജസാമ്രാജ്യം അന്യരാജ്യസാമ്രാജ്യങ്ങളിൽ നിന്ന് അതിർത്തി നിർണയിച്ചു വേർതിരിക്കുന്നതു മൂലം രാജ്യകലഹങ്ങൾ ചില കാലങ്ങളിലേ സംഭവിക്കാറുള്ളൂവെന്നൊരാശ്വാസമുണ്ട്. മതസാമ്രാജ്യത്തിനു ദേശാതിർത്തി നിർണയമേയില്ല, തന്മൂലം എല്ലാ മതസാമ്രാജ്യങ്ങളും ചുഴലിക്കാറ്റിലെ തിരമാലകളെപ്പോലെ പരസ്പരം ആക്രമിച്ച് എപ്പോഴെന്നില്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. ഈ അവസ്ഥയിൽ നിന്നു മനുഷ്യസമുദായത്തിനു മോചനം ലഭിക്കണമെങ്കിൽ മതം സമുദായകാര്യമെന്ന നിലവിട്ട് അതു കേവലം ഒരു അധ്യാത്മകാര്യമായിത്തീരണം’’. 

സകലമതങ്ങളുടെയും പരമോദ്ദേശ്യം ഒന്നു തന്നെ. ഏതു മനുഷ്യനെയും ലോകത്തിന് ഉപകാരമുള്ള ഉത്തമപൗരനാക്കിത്തീർക്കാൻ ഏതു മതത്തിനും ശക്തിയുണ്ട്. ആഭ്യന്തരതത്വങ്ങളെ സംബന്ധിച്ചല്ല, കേവലം ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചു മാത്രമാണു മതകലഹങ്ങൾ എന്നു നാം മനസ്സിലാക്കണം. ഈ അടുത്തകാലത്തു ലോകം സാക്ഷിയായ പ്രകൃതിദുരന്തങ്ങളും മഹാവ്യാധികളും മനുഷ്യന്റെ വിവേകബുദ്ധിയെ ചെറിയതോതിൽ ഉണർത്തിയെങ്കിലും വിശ്വമാനവികതയുടെ മന്ത്രം ഉരുവിടുന്ന മതപാഠങ്ങൾ ഇന്നും നമുക്കന്യം തന്നെ. എന്താണു മതം എന്നു നിഷ്പക്ഷമായും സൂക്ഷ്മമായും ശ്രീനാരായണഗുരു അവതരിപ്പിച്ചിട്ടുണ്ട്. താൻ അനുഭവിച്ചറിഞ്ഞ അറിവിന്റെ– ആത്മബോധത്തിന്റെ വെളിച്ചത്തിലാണു ഗുരു മതത്തെ നിർവചിച്ചതും വിശദീകരിച്ചതും. 

‘‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’

എന്ന് 1888ൽ അരുവിപ്പുറം പ്രതിഷ്ഠയോടനുബന്ധിച്ചു ഗുരു എഴുതിവച്ച വാക്കുകൾ ഗുരുവിന്റെ മതവീക്ഷണം വെളിപ്പെടുത്തുന്നു. ജാതിഭേദം എന്നുപ്രയോഗിച്ച ഗുരു മതഭേദം എന്നല്ല മതദ്വേഷം എന്നാണു പ്രയോഗിച്ചത്. മനുഷ്യൻ എന്ന ഒരൊറ്റ ജാതിയേ ഉള്ളൂ. എന്നാൽ, ലോകത്തിൽ വിവിധ മതങ്ങൾ ഉണ്ട്. അവ തമ്മിൽ ദ്വേഷം പാടില്ല. മതത്തെയോ മതഭേദത്തെയോ ഗുരു നിരാകരിക്കുന്നില്ല. ഗുരുവിന്റെ ഏകമത വീക്ഷണം വ്യക്തമാക്കുന്ന ധാരാളം ചരിത്രരേഖകൾ ഉണ്ട്- പ്രത്യേകിച്ച് സഹോദരൻ അയ്യപ്പനുമായും സി.വി.കുഞ്ഞുരാമനുമായും നടത്തിയ സംഭാഷണങ്ങൾ. 

എല്ലാ മതങ്ങളുടെയും അടിസ്ഥാനം ചില വിശ്വാസപ്രമാണങ്ങളാണ്. യുക്തിക്ക് അവിടെ സ്ഥാനമില്ല. യുക്തിക്കു കടന്നുചെല്ലാൻ കഴിയാത്തിടത്തു വിശ്വാസം സ്ഥാനം പിടിക്കുന്നു. അപ്പോൾ ഒരു വിശ്വാസം ശരിയെന്നും മറ്റൊരു വിശ്വാസം തെറ്റെന്നും വാദിക്കുന്നതു വിഡ്ഢിത്തമാണ്. മതങ്ങൾ അനുശാസിക്കുന്ന സ്നേഹവും സാഹോദര്യവും മറന്ന് ബുദ്ധിഭ്രമം സംഭവിച്ചവരെപ്പോലെ നാം പെരുമാറുന്നു. അജ്ഞതയും ഭ്രമബുദ്ധിയും മാറ്റിയെടുക്കുന്നതിനുള്ള ഒരു സാധനയായി മതജീവിതത്തെ നമുക്കു മാറ്റിയെടുക്കാം. 

മതമുണ്ടെങ്കിലും മതമില്ലെങ്കിലും നമുക്കു മനുഷ്യരായി സന്തോഷത്തോടെ ജീവിക്കാം. അതിനുള്ള ഉണർത്തുപാട്ടായി ശ്രീനാരായണഗുരുവിന്റെ നിർദേശങ്ങളും ദാർശനിക തത്വങ്ങളും കൃതികളും ഉപയോഗിക്കാം. അപരന്റെ സുഖമാണ് എന്റെ സുഖമെന്നറിയുമ്പോൾ മതമൈത്രിയുടെ വിശ്വമാനവികത ഉണരും. എൻപ്രിയമപരപ്രിയം എന്നറിയുമ്പോൾ നിരുപാധിക നൈതികതയുടെ ധർമപാഠങ്ങൾ ഊറിവരും. അരുളുള്ളവനാണു ജീവി എന്ന നവാക്ഷരീമന്ത്രം നമ്മെ നയിക്കട്ടെ. 

(ചെമ്പഴന്തി രാജ്യാന്തര ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടറാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com