ADVERTISEMENT

വിത്തിറക്കിയശേഷം ആറാം മാസമാണു പഞ്ചാബിലെ കൃഷിയിടങ്ങളിൽ ഗോതമ്പു വിളയുന്നത്. കാലാവസ്ഥ ചതിക്കാതിരിക്കുകയും കൃത്യമായ പരിപാലനം നൽകുകയും ചെയ്താൽ ഫലം നൂറുമേനി. പഞ്ചാബിലെ രാഷ്ട്രീയമണ്ണ് ഉഴുതുമറിച്ച് വിളവെടുക്കാൻ പാകത്തിൽ വിത്തിറക്കിയിരിക്കുകയാണു കോൺഗ്രസ്. ക്യാപ്റ്റൻ അമരിന്ദർ സിങ് എന്ന വൻമരത്തെ വെട്ടിമാറ്റി, അവിടെ പാകിയ ചരൺജിത് സിങ് ഛന്നിയെന്ന വിത്തു വിളവു നൽകുമോയെന്നു  ദേശീയ രാഷ്ട്രീയമാകെ ഉറ്റുനോക്കുന്നു. 117 സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും നേതൃത്വം ഏൽപിക്കാൻ ഒരാളില്ലെന്നതാണു ബിജെപിയുടെ പ്രശ്നം. 3 കൃഷി നിയമങ്ങളുണ്ടാക്കിയ തട്ടുകേട് ചില്ലറയല്ല. ബിഎസ്പിയുമായി കൈകോർത്തു മത്സരിക്കാനിറങ്ങിയ അകാലിദളിനും കൃഷി നിയമങ്ങളോടു തുടക്കത്തിൽ കാണിച്ച അനുഭാവമാണു പാര.  കളം പിടിക്കാൻ ആം ആദ്മി പാർട്ടിയുമുണ്ട്.

കയറിക്കളിച്ച് കോൺഗ്രസ്

ദലിത് സിഖ് സമുദായാംഗമായ ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ദലിത് വോട്ടുകൾ പിടിക്കാനുള്ള തന്ത്രമാണു കോൺഗ്രസ് പയറ്റുന്നത്. അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് നടത്തിയ ഏറ്റവും മികച്ച നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. സംസ്ഥാനത്തെ 117 സീറ്റുകളിൽ 30 ശതമാനത്തിലധികം ദലിത് വോട്ടർമാരുള്ള 54 മണ്ഡലങ്ങളുണ്ട്. മറ്റു 45 മണ്ഡലങ്ങളിൽ 20 – 30 ശതമാനമാണു ദലിത് സാന്നിധ്യം. 

അകാലിദൾ, ആം ആദ്മി പാർട്ടി എന്നിവയെല്ലാം ദലിത് പിന്തുണ ഉറപ്പാക്കാൻ നീക്കം നടത്തുന്നതിനിടെയാണു കോൺഗ്രസ് കയറിക്കളിച്ചത്. പഞ്ചാബിലെ ഉൾപാർട്ടിപ്പോര് രാഷ്ട്രീയ സാധ്യതയാക്കി മാറ്റാനും അതുവഴി മറ്റു കക്ഷികളെ കടത്തിവെട്ടാനും സാധിച്ചുവെന്നു കോൺഗ്രസ് വിശ്വസിക്കുന്നു. അമരിന്ദർ മാറി പുതിയ മുഖം വന്നതോടെ ഭരണവിരുദ്ധ വികാരം ഒരുപരിധി വരെ ഇല്ലാതാകുമെന്നും കണക്കുകൂട്ടുന്നു. 

navjot-singh-sidhu
നവജ്യോത് സിങ് സിദ്ദു (AFP Photo/ NARINDER NANU)

ജാതി വോട്ടിലെ രാഷ്ട്രീയം

2002 മുതൽ നടന്ന 4 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദലിത് വോട്ടുകൾ പൊതുവേ കോൺഗ്രസിന് അനുകൂലമായാണു നിൽക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള ദലിത് സിഖ് വോട്ടർമാരിൽ 41 ശതമാനവും ദലിത് ഹിന്ദു വോട്ടർമാരിൽ 43 ശതമാനവും കോൺഗ്രസിനൊപ്പം നിന്നു. ബിജെപി – ശിരോമണി അകാലിദൾ സഖ്യത്തിന് ഇതു യഥാക്രമം 34%, 26% എന്നിങ്ങനെയായിരുന്നു. പ്രബല വിഭാഗമായ ജാട്ട് സിഖ് വോട്ടർമാർ ബിജെപി – അകാലിദൾ സഖ്യത്തിനൊപ്പമാണു നിന്നത്. 2017ൽ ജാട്ട് സിഖ് വോട്ടർമാരിൽ 37% സഖ്യത്തിനു വോട്ട് ചെയ്തപ്പോൾ കോൺഗ്രസിനു ലഭിച്ചത് 28 %. ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ജാട്ട് സിഖ് വോട്ടർമാർ കോൺഗ്രസിൽനിന്നു കൂടുതൽ അകലുന്ന സാഹചര്യം തള്ളിക്കളയാനാവില്ല. ജാട്ട് സിഖ് വിഭാഗക്കാരനായ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനെ മുന്നിൽ നിർത്തി അതിനു തടയിടുകയാണു കോൺഗ്രസ് ലക്ഷ്യം. ഛന്നിയും സിദ്ദുവും ഒന്നിച്ചു നയിക്കുമെന്ന പ്രഖ്യാപനത്തിനു കാരണം അതാണ്. 

ആഞ്ഞുപിടിക്കാൻ ആം ആദ്മി

ഡൽഹിക്കു പുറത്ത് ആം ആദ്മി പാർട്ടി കളം പിടിച്ച സംസ്ഥാനമാണു പഞ്ചാബ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റ് നേടിയ പാർട്ടി ബിജെപി – അകാലിദൾ സഖ്യത്തെ പിന്നിലാക്കി മുഖ്യ പ്രതിപക്ഷ കക്ഷിയായി. ആഞ്ഞുപിടിച്ചാൽ ഇക്കുറി ഭരണം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് അരവിന്ദ് കേജ്‌രിവാളും സംഘവും. അകാലിദൾ തകർന്നടിയുമെന്ന പ്രചാരണം ആം ആദ്മി ശക്തമാക്കിയിട്ടുണ്ട്. അകാലിദളിനു സ്വാധീനമുള്ള പഞ്ചാബിലെ മാൾവ മേഖലയിൽ (ആകെ 69 സീറ്റ്) അവരെ പിന്തള്ളിയാൽ ഭരണത്തിലേക്കുള്ള വഴി എളുപ്പമാകുമെന്നാണു കണക്കുകൂട്ടൽ. മുഖ്യമന്ത്രി സ്ഥാനാർഥിയായി ജാട്ട് സിഖ് വിഭാഗത്തിൽനിന്നുള്ളയാളെ ഉയർത്തിക്കാട്ടിയേക്കും.

arvind-kejriwal
അരവിന്ദ് കേജ്‌രിവാൾ. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ഭരണത്തിലെത്തിയാൽ ദലിത് സിഖ് വിഭാഗക്കാരനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കുറി ഭരണം ലഭിച്ചാൽ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് ആം ആദ്മി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം, കേജ്‍രിവാൾ ഡൽഹിയിലിരുന്നു പഞ്ചാബിലെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ അവിടത്തെ പാർട്ടിക്കു നേരിയ അതൃപ്തിയുണ്ട്. പഞ്ചാബിലെ പാർട്ടിയെ ഡൽഹിയിലെ റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് ഹർപാൽ ചീമ വ്യക്തമാക്കിയിട്ടുണ്ട്. 

മനസ്സുതുറക്കാതെ കർഷകർ

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ഏറ്റവുമധികം ആളിക്കത്തുന്നതു പഞ്ചാബിലാണ്. നിയമങ്ങൾ പിൻവലിക്കാത്തിടത്തോളം കർഷക വോട്ടുകൾ ബിജെപിക്കു ലഭിക്കില്ലെന്നുറപ്പ്.ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ കർഷകർ ഇനിയും മനസ്സുതുറന്നിട്ടില്ല. തിരഞ്ഞെടുപ്പ്  പ്രഖ്യാപിക്കുംവരെ പ്രചാരണം ആരംഭിക്കരുതെന്നു രാഷ്ട്രീയ കക്ഷികളോടു കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.  തങ്ങളുടെ പ്രക്ഷോഭത്തിൽ നിന്നു മാധ്യമശ്രദ്ധ മാറാൻ പ്രചാരണം കാരണമാകുമെന്നാണു കർഷകരുടെ വാദം. 

amarinder-singh
അമരിന്ദർ സിങ് (PTI Photo/ Manvender Vashist)

‘തല’യില്ലാതെ ബിജെപി, വരുമോ ക്യാപ്റ്റൻ ?

ഡൽഹിയിൽ നിന്നു കശ്മീരിലേക്കുള്ള വഴിയിൽ ഹരിയാനയിലും പഞ്ചാബിലുമായി എഴുപതോളം ടോൾ ബൂത്തുകളുണ്ട്. ഒരൊറ്റ ബൂത്തിൽ നിന്നും ഒരു വർഷത്തോളമായി ചില്ലിക്കാശ് വരുമാനമില്ല. ടോൾ ബൂത്തുകളൊക്കെ കർഷകർ പിടിച്ചെടുത്തതാണു കാരണം. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഒരാളെയും അടുപ്പിക്കില്ലെന്നതാണു പഞ്ചാബിൽ പൊതുവേയുള്ള നിലപാട്. അതാണു ബിജെപിയോടുമുള്ള നയം.

പലയിടത്തും പാർട്ടിയുടെ കൊടി ഉയർത്താൻ പോലും അനുവാദമില്ലാത്ത അവസ്ഥയാണ്.  കോൺഗ്രസ് അകറ്റിയ ക്യാപ്റ്റൻ അമരിന്ദറിനെ കൊണ്ടുവരാൻ ശ്രമങ്ങളുണ്ട്.  കൃഷി നിയമങ്ങളിൽ ഇളവുകളും മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള ശക്തമായ നിയമവും വന്നാൽ ക്യാപ്റ്റനു ബിജെപിയിലേക്കു വരാൻ വലിയ തടസ്സങ്ങളില്ല. 

aswani-kumar
അശ്വനി ശർമ (AFP Photo/ NARINDER NANU)

ഏറ്റവും പഴയ സഖ്യകക്ഷിയായിരുന്ന അകാലിദൾ സഖ്യം വിട്ടപ്പോഴാണ് അവരുടെ തണലിൽനിന്ന കാലം പാർട്ടി വളർത്താൻ മറന്നു പോയെന്നു ബിജെപി തിരിച്ചറിഞ്ഞത്. 24,000 ബൂത്തുകളിലും കമ്മിറ്റികളുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അശ്വിനി കുമാർ ശർമ പറയുന്നു. സർവമത സാഹോദര്യമുയർത്തുന്ന സിഖ് സംസ്കാരം വേരൂന്നിയ പഞ്ചാബിൽ ഹിന്ദുത്വ രാഷ്ട്രീയം വിലപ്പോവില്ലെന്നു ബിജെപിക്കു കൃത്യമായി അറിയാം. ജനസംഖ്യയിൽ ആകെ 1.9% മാത്രമാണു മുസ്‌ലിംകൾ. ഓരോ വീട്ടിലും ഒരു സൈനികനെന്ന മട്ടിൽ സേനയിൽ സാന്നിധ്യമുള്ള പഞ്ചാബിൽ  ദേശീയതയിലൂന്നിയുള്ള തന്ത്രങ്ങൾക്കും വിലയില്ല. 

ദലിത് വോട്ടുകളിൽ കണ്ണുനട്ട് അകാലിദൾ

ഏതാനും ദിവസം മുൻപു പഞ്ചാബിലെ മോഗയിൽ അകാലിദളിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം. പ്രസിഡന്റ് സുഖ്ബീർ സിങ് ബാദലടക്കമുള്ളവർ പ്രസംഗിക്കാനുണ്ട്. യോഗം തുടങ്ങി അൽപം കഴിഞ്ഞപ്പോഴേക്കും കർഷക പതാകകളുമായി വലിയൊരു ജനക്കൂട്ടം ഇരച്ചു കയറി വന്നു. കൊട്ടിഘോഷിച്ച തിരഞ്ഞെടുപ്പു റാലി അരമണിക്കൂറിനുള്ളിൽ ചീറ്റിപ്പോയി. 

sukhbir-singh-badal
സുഖ്ബീർ സിങ് ബാദൽ (AFP Photo/ NARINDER NANU)

42 സീറ്റുകളിലേക്കു സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷമായിരുന്നു റാലി നടത്താനൊരുങ്ങിയത്. അതിക്രമത്തിനു പിന്നിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണെന്നു പറഞ്ഞുവെങ്കിലും ഇപ്പോൾ കർഷക സംഘടനകളുമായി ചർച്ച നടത്താൻ സമയം തേടി നടക്കുകയാണ് പാർട്ടി. ജാട്ട് സിഖുകളായിരുന്നു ശക്തി. കൃഷി നിയമത്തെ പാർലമെന്റിൽ പിന്തുണച്ചതോടെ അതു ചോർന്നു. ഇനി പരസ്പരം താൽപര്യമില്ലാത്ത 38 പട്ടിക വിഭാഗങ്ങളിൽപ്പെട്ട സിഖുകാരിലും ഹിന്ദു ദലിത് വോട്ടുകളിലുമാണ് നോട്ടം. മായാവതിയുടെ ബിഎസ്പിയുമായി ജൂണിൽ സഖ്യം പ്രഖ്യാപിച്ചിരുന്നു. 97 സീറ്റുകളിൽ അകാലിദളും 20 സീറ്റുകളിൽ ബിഎസ്പിയും മത്സരിക്കും. ദലിത് സിഖുകളിലെ പ്രബലവിഭാഗമായ രാംദാസിയ സിഖ് സമുദായക്കാരനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയതോടെ അവരുടെ പിന്തുണ മറിയുമോ എന്ന ആശങ്കയുണ്ട്. വലിയ വാഗ്ദാനങ്ങളുടെ പട്ടിക സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഇറക്കിയ ദലിത് നമ്പറിന്റെ സ്വാധീനം പോലിരിക്കും കാര്യങ്ങൾ.

ഫാം ഹൗസിൽനിന്ന് ടെന്റ് ഹൗസിലേക്ക്

അമരിന്ദർ സിങ്ങിൽനിന്ന് ചരൺജിത് സിങ് ഛന്നിയിലേക്കു മുഖ്യമന്ത്രി പദം മാറിയതിനെ കോൺഗ്രസുകാർ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഫാം ഹൗസിൽനിന്നു ടെന്റ് ഹൗസിലേക്കുള്ള മാറ്റം. പട്യാല രാജകുടുംബാംഗമായ അമരിന്ദർ താമസിക്കുന്നതു ചണ്ഡീഗഡിലെ ആഡംബര സൗകര്യങ്ങളുള്ള ഫാം ഹൗസിലാണ്. മക്റോന കലൻ ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണു ഛന്നി ജനിച്ചത്. ‘എന്റെ അച്ഛനു ചെറിയൊരു ടെന്റ് ആയിരുന്നു ഉണ്ടായിരുന്നത്. മേൽക്കൂര പോലുമില്ലാത്തത്. ചെറുപ്പത്തിൽ ഞാൻ റിക്ഷ ഓടിക്കുമായിരുന്നു. ഞാനാണു യഥാർഥ ആം ആദ്മി (സാധാരണക്കാരൻ)’ – ഛന്നി പറഞ്ഞു. 

ഒറ്റനോട്ടത്തിൽ പോർക്കളം

∙ കോൺഗ്രസ്
ദലിത് സിഖ് സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കി ദലിത് വോട്ടുകൾ പിടിക്കാനുള്ള ശ്രമം. അമരിന്ദർ മാറി പുതിയ മുഖം വന്നതോടെ ഭരണവിരുദ്ധ വികാരം ഇല്ലാതാകുമെന്നു കണക്കുകൂട്ടൽ. ജാട്ട് സിഖ് വോട്ടർമാർ അകലുന്നതു തടയാൻ നവ്ജ്യോത് സിങ് സിദ്ദുവിനെയും മുന്നിൽനിർത്തി പോരാട്ടം.

∙ ബിജെപി
കൃഷിനിയമങ്ങളുടെ പേരിൽ കടുത്ത എതിർപ്പ് നേരിടുന്നു. ബിജെപി കൊടി ഉയർത്താൻപോലും തടസ്സം. സിഖ് മുഖങ്ങളിലൂടെ ജനമനസ്സുകളിലെത്താനുള്ള തന്ത്രം പയറ്റുന്നു. അമരിന്ദർ സിങ്ങിനെ ഒപ്പം കൂട്ടാൻ ശ്രമം. കൃഷിനിയമമാണ് അവിടെയും തടസ്സം.

∙ കർഷകർ
കൃഷിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം ആളിക്കത്തിയ സംസ്ഥാനം. കർഷകരുടെ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസ്, ആംആദ്മി, അകാലിദൾ പാർട്ടികൾ തീവ്രശ്രമത്തിൽ. മനസ്സു തുറക്കാതെ കർഷകർ.

∙ ആംആദ്മി പാർട്ടി
കഴിഞ്ഞ തവണ അകാലിദൾ– ബിജെപി സഖ്യത്തെ മൂന്നാമതാക്കി മുഖ്യപ്രതിപക്ഷമായി. ആഞ്ഞുപിടിച്ചാൽ ഇത്തവണ ഭരണം പിടിക്കാമെന്നു പ്രതീക്ഷ. ഭരണം ലഭിച്ചാൽ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം. കേജ്‌രിവാളിന്റ അമിതഇടപെടലിൽ പാർട്ടി പഞ്ചാബ് ഘടകത്തിനു പ്രതിഷേധം.

∙ അകാലിദൾ–ബിഎസ്പി
42 സീറ്റുകളിലേക്കു സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം നടത്തിയ യോഗം കർഷകപ്രതിഷേധം മൂലം പൊളിഞ്ഞു. കൃഷിനിയമത്തെ ആദ്യം പിന്തുണച്ചത് ജാട്ട് സിഖ് വോട്ടുബാങ്കിൽ വലിയവിള്ളൽ വീഴ്ത്തി. 400 യൂണിറ്റ് സൗജന്യ വൈദ്യുതി, ഡീസലിന് 10 രൂപ സബ്സിഡി വാഗ്ദാനങ്ങൾ.

നാളെ: മൂന്നിടങ്ങളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ

Content Highlight: Punjab Assembly election 2022, Punjab politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com