ADVERTISEMENT

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃയോഗങ്ങൾ ഇന്ന് ഒരേദിവസം തിരുവനന്തപുരത്തു ചേരുകയാണ്. സ്വാഭാവികമായും അജൻഡകൾ വ്യത്യസ്തം. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ശരാശരിയിൽ കവിഞ്ഞ മാർക്ക് ലഭിക്കാവുന്ന ഒന്നും ഈ ചെറിയ കാലയളവിൽ സംഭവിച്ചിട്ടില്ല. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് താരം ചേതേശ്വർ പൂജാരയുടേതുപോലെ പ്രതിരോധവും കരുതലും ചേർന്ന സമീപനമാണു സർക്കാരിന്റേത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റേതുപോലെ ചില സാഹസിക ബാറ്റിങ് പ്രകടനത്തിനു പ്രതിപക്ഷം ശ്രമിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരത പുലർത്താൻ പന്തിനെപ്പോലെ അവർക്കും കഴിയുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളും തമ്മിൽ 13 ലക്ഷം വോട്ടിന്റെ വ്യത്യാസമാണുണ്ടായിരുന്നത്; 6% എൽഡിഎഫിനു കൂടുതൽ. ലോക്സഭയിൽ ഇടതുമുന്നണി തകർന്നടിഞ്ഞപ്പോൾ നേരെ ഇരട്ടി, 12% വോട്ട് യുഡിഎഫിനു കൂടുതൽ ലഭിച്ചിരുന്നു. തദ്ദേശത്തിൽ  ഇടതുമുന്നണി ഉയർത്തെഴുന്നേറ്റപ്പോൾ അതിൽ അദ്ഭുതമില്ലെന്നും ഫൈനലിൽ കളി വേറെയാകുമെന്നുമായി പ്രവചനം. പക്ഷേ, സെമി ഫൈനലിനെക്കാൾ 3% വോട്ടിന്റെ കൂടി കുതിപ്പോടെയാണ് എൽഡിഎഫ് ഫിനിഷ് ചെയ്തത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ജേതാക്കളും ഇടതുമുന്നണിയാണ് എന്നതു കണക്കിലെടുക്കുമ്പോൾ തുടർഭരണം ഒന്നല്ല, പ്രാദേശിക സർക്കാരുകളുടെ കാര്യം കൂടി കൂട്ടിയാൽ രണ്ടാണ്. 

സംസ്ഥാന രാഷ്ട്രീയത്തെ നേരിട്ടു ബാധിക്കുന്ന നാലു തിരഞ്ഞെടുപ്പുകളിൽ ആ ഉജ്വലവിജയം നേടിയതിന്റെ ഗാംഭീര്യത്തിലാണ് എൽഡിഎഫ് വിരാജിക്കുന്നത്. വി.ഡി.സതീശൻ നിയമസഭയ്ക്കുള്ളിൽ എത്ര ശോഭിച്ചാലും, കെ.സുധാകരൻ പുറത്ത് എത്ര കണ്ടു ക്ഷോഭിച്ചാലും യുഡിഎഫ് ഗ്രാഫിലെ മാന്ദ്യത്തിനു കാരണം ഈ തോൽവികളാണ്. തിരഞ്ഞെടുപ്പു ജയപരാജയങ്ങൾ തന്നെയാണു രാഷ്ട്രീയ ഓഹരിവിപണിയിൽ പാർട്ടികളുടെയും നേതാക്കളുടെയും മൂല്യം നിശ്ചയിക്കുന്നത്. 

മാറാനുറച്ച് യുഡിഎഫ് 

വലിയ തിരിച്ചടികൾ സംഭവിച്ചിട്ടും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടിലും 81 ലക്ഷം വോട്ട് വീതം യുഡിഎഫിനു ലഭിച്ചിരുന്നു.  അതൊരു ചെറിയ പിന്തുണയല്ല. എന്നാൽ, മുന്നണിയെ എക്കാലത്തും ചേർത്തുപിടിച്ച മതന്യൂനപക്ഷങ്ങളുടെ അകമഴിഞ്ഞ  പിന്തുണ രണ്ടിലും ലഭിച്ചില്ല. യുഡിഎഫിനെ സഹായിച്ചിരുന്നവരിൽ ആത്മാർഥമായി നിന്നത് എൻഎസ്എസ് മാത്രമാണെന്നാണു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. അതേ എൻഎസ്എസിനും പക്ഷേ, പഴയ കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന വിശ്വാസം പുതിയ നേതൃത്വത്തിൽ ഇതുവരെ ഇല്ല. പാലാ ബിഷപ്പിന്റെ വിവാദ പരാമർശം ക്രൈസ്തവ– മുസ്‌ലിം നേതൃതലത്തിലെ തെറ്റിദ്ധാരണ താഴേക്കു കൂടി വ്യാപിപ്പിക്കുമോയെന്നു ഭയന്നാണു സതീശനും സുധാകരനും അവരെക്കണ്ടു വിശ്വാസം ആർജിക്കാനും സൗഹൃദം ഉറപ്പിക്കാനും ശ്രമം തുടങ്ങിയത്. അതു സിപിഎം പ്രതീക്ഷിക്കാത്ത നീക്കമായി. രണ്ടാഴ്ച പിന്നിട്ടശേഷം ബിഷപ്പിന്റെ പ്രസ്താവനയെ കടുത്ത ഭാഷയിൽ തള്ളിപ്പറയാൻ മുഖ്യമന്ത്രി നിർബന്ധിതനുമായി. 

കണിശ നിലപാടുകൾ എടുക്കാതെയും അതുവഴി ആരെയും നോവിക്കാതെയും ഇരുന്നാൽ എല്ലാവരുടെയും വോട്ടു ലഭിക്കുമെന്ന പഴയ കണക്കുകൂട്ടൽ ഇനി വിലപ്പോവില്ലെന്നു സമീപ തിരഞ്ഞെടുപ്പുകൾ തെളിയിച്ചതായി കോൺഗ്രസിന്റെ പുതിയ നേതൃത്വം വിചാരിക്കുന്നു. അതുകൊണ്ട് നിലപാടുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. ആ മാറിയ ചിന്ത സമൂഹത്തിൽ പ്രതിഫലിപ്പിക്കാനുള്ള കോൺഗ്രസിന്റെ കൂടി തീരുമാനത്തിന്റെ ഭാഗമായാണു മൂന്നു വിഭാഗങ്ങളിലെയും വർഗീയതയ്ക്കെതിരെ പ്രചാരണവുമായി യൂത്ത് കോൺഗ്രസ് ഇറങ്ങുന്നത്. സംഘടനയെ കേഡറാക്കിയും നിലപാടുകളിൽ കരുത്തുകാട്ടിയും നഷ്ടപ്പെട്ടതു വീണ്ടെടുക്കാനുള്ള പ്രയത്നത്തിലാണ് യുഡിഎഫ്.

കരുതലോടെ എൽഡിഎഫ് 

തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ സിപിഎം ഒറ്റയ്ക്ക് ഇത്തവണ നേടിയ 67 സീറ്റ് ഇന്നോളം കേരളത്തിൽ ഒരു പാർട്ടിക്കും ലഭിച്ചിട്ടില്ല. പക്ഷേ, കേരള കോൺഗ്രസും എൽജെഡിയും മുന്നണിയിൽ വന്നിട്ടും എൽഡിഎഫിന്റെ വോട്ട് ശതമാനത്തിൽ ഉണ്ടായ വർധന 1.93% മാത്രമാണ്. 2006ൽ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ നേടിയ 48.81 ശതമാനത്തി‍ൽ എത്താൻ തുടർഭരണക്കുതിപ്പിലും പിണറായി വിജയനു കഴിഞ്ഞില്ല. ഇന്ത്യയിൽ ഇനി ചുവപ്പു പടരണമെങ്കിൽ‍ അതുള്ള കേരളത്തിൽ നിറംമങ്ങാതെ നോക്കിയേ പറ്റൂ. അതുകൊണ്ടാണ് 99 സീറ്റിൽ ജയിച്ചിട്ടും ഒട്ടുമിക്ക ജില്ലകളിലും അച്ചടക്കത്തിന്റെ വാൾ സിപിഎം നേതൃത്വം ചുഴറ്റുന്നത്. കെപിസിസി മുൻ ഭാരവാഹികളെ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ എകെജി സെന്ററിൽ ചെമ്പട്ടേകി വരവേൽക്കുന്നത് എതിരാളികളെ ഇനിയും ദുർബലരാക്കി അധീശ്വത്വം ഉറപ്പിക്കാനുമാണ്.

വിജയത്തിളക്കത്തിലും ഇനി പിന്തള്ളപ്പെടാതെ നോക്കാനുള്ള വെമ്പലാണ് എൽഡിഎഫിന്റേത്. തോൽവികളിൽനിന്നു തിരിച്ചുവരാനുള്ള ശ്രമങ്ങളിൽ യുഡിഎഫും. മുന്നണി നേതൃയോഗങ്ങളിലും ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളിലും പ്രതിഫലിക്കുന്നത് ഈ രണ്ടു മനോഭാവങ്ങൾ തന്നെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com