ADVERTISEMENT

ഒരു ഇന്ത്യൻ പൗരന്റെ ജീവന്റെ വില എത്രയാണ്? കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ സംശയമേയില്ല- അത് 50,000 രൂപയാണ്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് (എസ്ഡിആർഎഫ്) ഇത്രയുമാണു നഷ്ടപരിഹാരം നൽകുകയെന്നാണു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. 

കോവിഡ് എന്ന മഹാവ്യാധിയിൽ രാജ്യത്ത് ഒൗദ്യോഗിക കണക്കിൽത്തന്നെ നാലര ലക്ഷത്തോളം പേർക്കാണു ജീവൻ നഷ്ടമായത്. അവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കേണ്ടതും സാമ്പത്തികമായി അവർക്കു വന്നുഭവിക്കാവുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടതും മുഖ്യ ഉത്തരവാദിത്തമായി കാണേണ്ട സർക്കാർ ഇത്രയും കുറച്ചാണോ ജീവനു വിലയിടേണ്ടത്? 

നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം സർക്കാർ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കുന്നത്. ഈ രീതിയിൽ നഷ്ടപരിഹാരം നൽകുമ്പോൾ സംഭവിക്കാവുന്ന വൻ സാമ്പത്തികബാധ്യത കേന്ദ്രം കോടതിയിൽ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇക്കാര്യത്തിൽ മാനുഷികപരിഗണന മറ്റെന്തിനെക്കാളും മുകളിലാകേണ്ടതല്ലേ? ദേശീയദുരന്തമായി പ്രഖ്യാപിച്ചതിനാൽ കോവിഡ്മൂലം ജീവൻ നഷ്ടമായവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി സുവ്യക്തമായി പറഞ്ഞതു ജൂൺ മുപ്പതിനാണ്. 

ഇനി അടുത്ത ചോദ്യത്തിലേക്കു കടക്കാം– കോവിഡ്കാല സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്ന സംസ്ഥാനങ്ങളുടെ ചുമലിലേക്കാണോ ഈ വലിയ ബാധ്യതയുടെ മുഴുവൻ ഭാരവും കേന്ദ്രം എടുത്തുവയ്ക്കേണ്ടത്? നഷ്ടപരിഹാരം നൽകുന്നതിൽ പ്രധാനപങ്കു വഹിക്കേണ്ടതു കേന്ദ്ര സർക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ബാധ്യതയും വഹിക്കില്ലെന്ന നിലപാടു കേന്ദ്രം സ്വീകരിക്കുമെന്നു തോന്നുന്നില്ലെന്നും സംസ്ഥാനവും ഇക്കാര്യത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കില്ലെന്നുംകൂടി മുഖ്യമന്ത്രി പറയുകയുണ്ടായി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ സമീപനം ഉണ്ടാവുകതന്നെ വേണം.

കേന്ദ്രത്തോടൊപ്പംതന്നെ സംസ്ഥാനത്തിനുമുണ്ടു ജനകീയ ഉത്തരവാദിത്തങ്ങൾ. കോവിഡ് വന്നുപോയവരിൽ ചിലർക്കെങ്കിലും തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അതിനുവേണ്ട ചികിത്സച്ചെലവും കേരളത്തിലെ എത്രയോ കുടുംബങ്ങളെ കഷ്ടസ്ഥിതിയിലാക്കിയിട്ടുണ്ട്. കോവിഡിനു പിന്നാലെ അതിസങ്കീർണമായ രോഗാവസ്ഥകളിലേക്കു പോകുന്നവരും കുറവല്ല. കോവിഡ് ബാധിതരുടെ ചികിത്സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന നമ്മുടെ സർക്കാർസംവിധാനങ്ങൾ കോവിഡ് അനന്തര ചികിത്സയോടു കാണിക്കുന്ന വിവേചനസമീപനത്തിനു ന്യായീകരണമില്ല.

കോവിഡ് നെഗറ്റീവായി ഒരു മാസത്തിനകമുള്ള അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും സർക്കാർ നിശ്ചയിച്ച ചികിത്സനിരക്കുകൾ ബാധകമാക്കാനാകില്ലേ എന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ആരായുകയുണ്ടായി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് സംബന്ധിച്ച ഉത്തരവു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകമുള്ള മരണം കോവിഡ് മരണമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണക്കാക്കുന്നതുകൊണ്ട്,  ഇക്കാലയളവിലെ അനുബന്ധ ആരോഗ്യ‌പ്രശ്നങ്ങളും കോവിഡുമായി ബന്ധപ്പെട്ടതായി കണക്കാക്കണമെന്ന ന്യായം സംസ്ഥാന സർക്കാർ ഗൗരവത്തിലെടുക്കുകതന്നെ വേണം.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുമെന്നു സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കിയതോടെ കോവിഡ് മരണം സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തുവിടാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയുമാണ്. ഒന്നാം തരംഗത്തിൽ ഉൾപ്പെടെയുള്ള എല്ലാ മരണക്കണക്കുകളും ഉടൻ പുറത്തുവിടുമെന്നു ജൂലൈ 2നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കു‍മെന്നും  അർഹരായവർക്കെല്ലാം ആനുകൂല്യം ലഭിക്കണമെന്നാണു സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞിട്ടുണ്ട്. കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യ‍ാത്തതിനാൽ കുടുംബങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കാതെ പോകുമെന്ന ആശങ്കയ്ക്കു പരിഹാരമുണ്ടായേ തീരൂ. വിദേശത്തു മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്കു സഹായം ലഭ്യമാകുമോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com