ADVERTISEMENT

പുതുമകൾ തേടുന്നവരാണല്ലോ പൊതുവേ മനുഷ്യർ. സാഹിത്യം മുതൽ ശാസ്ത്രം വരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ രീതികൾ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ നിരന്തരം നടക്കുന്നു. 

അത്തരത്തിൽ, ഓരോ കാലത്തും വലിയ പുതുമകൾ സംഭവിച്ചിട്ടുള്ള ഒരു രംഗമാണു പ്രതിഷേധങ്ങളും സമരങ്ങളും. കേരളത്തിൽതന്നെ തെരുവുനാടകങ്ങൾ മുതൽ മനുഷ്യച്ചങ്ങലയും മനുഷ്യമതിലും വരെ എന്തെല്ലാം പുതുമകൾ നമ്മൾ കണ്ടിരിക്കുന്നു.  

തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഈ വർഷം ഏപ്രിൽ – മേയ് മാസങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടന്നു. നികുതി പരിഷ്കാരങ്ങൾക്കെതിരെയായിരുന്നു ജനകീയ പ്രക്ഷോഭം. അതിന്റെ ഭാഗമായി മെഡലിൻ എന്ന നഗരത്തി‍ലെ ഒരു പാർക്കിൽ പ്രതിഷേധക്കാർ വലിയ പ്ലാസ്റ്റിക് സഞ്ചികൾക്കുള്ളിൽ സ്വയം ബന്ധിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഒരു പരിപാടി സംഘടിപ്പിച്ചു. സർക്കാർ നടപടികളിൽ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്ത സമരക്കാരെ അനുസ്മരിക്കാനായിരുന്നു ഈ പ്ലാസ്റ്റിക് ബാഗ് പ്രതിഷേധം. 

ഇതെക്കുറിച്ചു വിശദമായി എഴുതാൻ കാരണം, ആ സമരത്തിന്റെ ചില ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മളിൽ പലരുടെയും വാട്സാപ്പിൽ  എത്തിയിരുന്നു എന്നതുകൊണ്ടാണ്. ‘അഫ്ഗാനിസ്ഥാനിലെ താലിബാൻകാർ അവിടത്തെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗക്കാരെ പ്ലാസ്റ്റിക് ബാഗുകളിൽ ബന്ധിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുന്നു’ എന്ന കുറിപ്പോടെയാണു ലോകമാകെ അതു പ്രചരിച്ചത്!   വ്യത്യസ്തമായ പ്രതിഷേധകലാരൂപങ്ങളും സമരങ്ങളുമൊക്കെ ഇത്തരത്തിൽ വ്യാജവാർത്തയാകുന്നതു കുറച്ചു വർഷങ്ങളായി പതിവാണ്. കൊളംബിയയിലെ പ്ലാസ്റ്റിക് ബാഗ് പ്രതിഷേധത്തിന്റെ വിഡിയോ തന്നെ ഏതാനും മാസം മുൻപ്, ഇന്തൊനീഷ്യയിൽ കോവിഡ് രോഗികളെ ജീവനോടെ പ്ലാസ്റ്റിക് ബാഗിലാക്കുന്നു എന്ന പേരിലും പ്രചരിച്ചിരുന്നു.  

pic-1

∙ ഇറ്റലിയിലെ ഒരു നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചുവീണവരുടെ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുന്നു എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ വർഷം വൈറലായ ഒരു ചിത്രമാണിത്. കോവിഡ് മരണം ഏറ്റവും കൂടിനിന്ന സമയത്തായിരുന്നു ഇതു പ്രചരിക്കാൻ തുടങ്ങിയത്. യഥാർഥത്തിൽ,  2014ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു പരിപാടിയിരുന്നു ഇത്. കാറ്റ്സ്ബാച്ച് എന്ന നാസി കോൺസൻട്രേഷൻ ക്യാംപിൽ കൊല്ലപ്പെട്ട 528 പേരെ അനുസ്മരിച്ചുകൊണ്ടു നടത്തിയതായിരുന്നു ഈ കലാപ്രകടനം!

∙ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് 2017ൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലയിൽ ഒരു തെരുവുനാടകം നടത്തി. ഒരു സ്ത്രീയെ ആക്രമിക്കുന്ന രംഗം ഈ നാടകത്തിലുണ്ടായിരുന്നു. അതിന്റെ വിഡിയോ ഭാഗം മാത്രം മുറിച്ചെടുത്ത്, ‘കേരളത്തിൽ ഒരു പ്രത്യേക വിഭാഗത്തിൽപെട്ട സ്ത്രീകളെ നടുറോഡിൽ പരസ്യമായി കൊലപ്പെടുത്തുന്നു’ എന്ന പേരിൽ ഉത്തരേന്ത്യയിൽ  വ്യാജപ്രചാരണമുണ്ടായി അക്കാലത്ത്. 

ഇത്തരത്തിലുള്ള അനേകം ഉദാഹരണങ്ങളുണ്ട്. യഥാർഥ വിഡിയോയിൽനിന്ന് ഒരു ഭാഗം മാത്രം മുറിച്ചെടുത്തും ചിത്രങ്ങളുടെ യഥാർഥ അടിക്കുറിപ്പ് മാറ്റിയുമൊക്കെയാണ് ഇത്തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. സമുദായങ്ങൾ തമ്മിലും ജനങ്ങൾക്കിടയിലും അവിശ്വാസവും  സ്പർധയുമുണ്ടാക്കുക എന്നതാണ്, യാഥാർഥ്യത്തെ ‘കഷ്ണങ്ങളാക്കി’, അതുമായി യാതൊരു ബന്ധവുമില്ലാത്ത  വ്യാജൻ സൃഷ്ടിക്കുക എന്ന പ്രക്രിയയുടെ പിന്നിലുള്ള ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com