ADVERTISEMENT

ജർമനിയിൽ ഒരു യുഗം അവസാനിക്കുകയാണ്. നാലു തവണകളിലായി 16 വർഷം ജർമനിയെ നയിച്ച അംഗല മെർക്കൽ ചാൻസലർ പദവിയിൽനിന്നു പടിയിറങ്ങുന്നു. വീണ്ടും മത്സരിച്ചാലും ജയിക്കുമെന്നിരിക്കെയാണ്, ഇനിയൊരു തിരഞ്ഞെടുപ്പിനില്ലെന്നു വ്യക്തമാക്കി അവർ സ്ഥാനമൊഴിയുന്നത്. തിളങ്ങിനിൽക്കുമ്പോൾ രാഷ്ട്രീയക്കാർ സ്വയം കളം വിടുന്നതു പതിവുള്ളതല്ല. ജനാധിപത്യ രാജ്യത്താണെങ്കിൽ, തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴോ അപവാദങ്ങളിൽപ്പെടുമ്പോഴോ അനുവദനീയമായ ഭരണകാലപരിധി കഴിയുമ്പോഴോ ഒക്കെയാണു രാഷ്ട്രീയ നേതാക്കൾ പദവിയൊഴിയുന്നത്. ഏകാധിപതികളാകട്ടെ, ഭരണം കൈവിട്ടുപോകാതിരിക്കാനുള്ള മുൻകരുതലുകളെടുത്ത് ജീവിതകാലം മുഴുവൻ അധികാരത്തി‍ൽ തുടരാൻ ശ്രമിക്കും. ചൈനയിലെ ഷി ചിൻപിങ്ങിന്റെ കാര്യത്തിൽ അതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ അർഥത്തിൽ നോക്കുമ്പോൾ മെർക്കൽ വേറിട്ടുനിൽക്കുന്നു. 

പുരുഷമേധാവിത്വ മനോഭാവം പരമ്പരാഗതമായുള്ള ജർമനിയിൽ ചാൻസലർ പദവിയിലെത്തുന്ന ആദ്യത്തെ വനിതയാണു മെർക്കൽ. 2005ൽ അധികാരമേറ്റപ്പോ‍ൾ, അവർ ആ സ്ഥാനത്തു ശോഭിക്കുമോയെന്ന കാര്യത്തിൽ ആളുകൾക്കു സംശയങ്ങളുണ്ടായിരുന്നു. പക്ഷേ, വളരെപ്പെട്ടെന്നു തന്നെ ജർമൻ ജനതയുടെ വിശ്വാസമാർജിക്കാൻ അവർക്കു സാധിച്ചു. നിലപാടുകളിലെ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരെയും ഒരുമിച്ചു നിർത്തുന്ന, മുന്നിൽനിന്നു നയിക്കുന്ന സമർഥയായ നേതാവായി അവർ മാറി. അവരുടെ കാഴ്ചപ്പാടുകളിൽ പറയത്തക്ക ഔന്നത്യമൊന്നുമില്ലെന്നു വിമർശകർ കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, തീവ്രവാദവും സാമ്പത്തിക തകർച്ചയും ഉൾപ്പെടെ പ്രതിസന്ധികൾ ഒന്നിനു പിന്നാലെ മറ്റൊന്നായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ,  തികഞ്ഞ പ്രായോഗികബുദ്ധിയോടെയുള്ള മെർക്കലിന്റെ സമീപനമാണു ജർമനിക്കും യൂറോപ്പിനാകെയും സ്ഥിരത സമ്മാനിച്ചത്.  

പരിസ്ഥിതിക്കായി കരുതലോടെ

യാഥാസ്ഥിതിക നിലപാടുകളുണ്ടായിരുന്ന ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടി(സിഡിയു)യെ മധ്യമാർഗത്തിലേക്കു കൊണ്ടുവന്നതു മെർക്കലാണ്. പരിസ്ഥിതി, സാമൂഹിക‌വിഷയങ്ങൾ തുടങ്ങി എതിരാളികൾ കയ്യടക്കിയിരുന്ന പ്രവർത്തന മേഖലകളിലെല്ലാം സിഡിയുവിനും അവർ പേരുണ്ടാക്കിക്കൊടുത്തു. സ്വവർഗാനുരാഗികളുടെ വിവാഹത്തിനു നിയമസാധുത നൽകി. 

meera-shankar
മീര ശങ്കർ. ചിത്രം: പിടിഐ

ഫുകുഷിമ ആണവദുരന്ത പശ്ചാത്തലത്തിൽ, ജർമനിയിലെ ആണവനിലയങ്ങളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്ന് ഒടുവിൽ പൂർണമായി അവസാനിപ്പിക്കാൻ മെർക്കൽ മുൻകയ്യെടുത്തപ്പോൾ ഞെട്ടിയതു സോഷ്യൽ ഡമോക്രാറ്റ്, ഗ്രീൻ പാർട്ടിക്കാരാണ്. ആണവനിലയങ്ങൾക്കു ശേഷം മെർക്കലിന്റെ ശ്രദ്ധ കൽക്കരി നിലയങ്ങളിലേക്കും നീണ്ടു. മെല്ലെ മെല്ലെ അവയുടെ പ്രവർത്തനങ്ങളും കുറച്ചുകൊണ്ടുവന്നു. പുനരുപയോഗയോഗ്യ ഊർജസ്രോതസ്സുകൾക്കു കൂടുതൽ പ്രാധാന്യം നൽകി. 2045 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റി (കാർബൺ ആഗിരണ, ബഹിർഗമനങ്ങളിലെ സമനില) എന്ന ലക്ഷ്യം അവതരിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയന്റെ (ഇയു) പോലും കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യവർഷം 2050 ആണെന്നിരിക്കെയാണ് അതിലും  മുന്നേ ജർമനിയിൽ ഇതു സാധ്യമാക്കാനുള്ള ശ്രമം. 

സാഹസം കാട്ടാതെ, സമ്പത്ത് കാത്ത്

സാമ്പത്തിക രംഗത്താകട്ടെ, വൻപരിഷ്കാരങ്ങളല്ല, മറിച്ച് വിവേകപൂർണമായ ചെറുചുവടുകൾ മതിയെന്ന നയമായിരുന്നു മെർക്കൽ സ്വീകരിച്ചത്. അപകടകരമായ സാഹസങ്ങൾക്കു തുനിയാതെ അവർ  നിതാന്തജാഗ്രത പാലിച്ചു. മുൻഗാമി ഗെർഹാട് ഷ്രോയ്ഡർ അവതരിപ്പിച്ച വിപണിസൗഹൃദ പരിഷ്കാരങ്ങളുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെയായിരുന്നു ഇതെല്ലാം. 

മിനിമം വേതനം നിലവിൽവന്നതു മെർക്കലിന്റെ ഭരണകാലത്താണ്. തൊഴിലില്ലായ്മ ഗണ്യമായ തോതിൽ കുറയ്ക്കാനുമായി. യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ യൂറോസോൺ കടബാധ്യതയുടെ കൊടുംപ്രതിസന്ധിക്കാലത്ത്, സഹായധനം നൽകുന്നതിനുള്ള ഉപാധിയായി ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെമേൽ മെർക്കൽ ഏർപ്പെടുത്തിയ ഉഗ്രമായ ധനോപയോഗനിയന്ത്രണം വിമർശിക്കപ്പെട്ടതാണ്. വളരെ വൈകിപ്പോയ തീരെ ചെറിയ സഹായനടപടിയെന്ന ആരോപണവും വന്നു. എന്തുതന്നെയായാലും, സംശയാലുക്കളായ ജർമൻകാരുടെ ആശങ്കകൾ തീർക്കാനും ജാമ്യനടപടികളുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താനും മെർക്കലിനു കഴിഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നതി‍ൽ മുൻപന്തിയിൽ നിന്നതു മെർക്കലാണ്. കൂടുതൽ രാജ്യങ്ങൾ ബ്രിട്ടന്റെ പാത സ്വീകരിക്കാതെ നോക്കാനുള്ള കരുതൽ വേണ്ടിയിരുന്നു അന്നത്തെ നയതന്ത്രത്തിന്.  

അഭയാർഥികളോട് കരുണയോടെ...

യൂറോപ്പ് അഭയാർഥി പ്രതിസന്ധി നേരിട്ടകാലത്ത് മെർക്കൽ പിന്തുടർന്ന മനുഷ്യത്വപരമായ സമീപനമായിരുന്നു അഭയം തേടിയെത്തുന്ന നിസ്സഹായർക്കായി ജർമനിയുടെ വാതിലുകൾ തുറന്നിടുകയെന്നത്. ആ നയം അവരെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയയാക്കി. അഭയാർഥിസൗഹൃദ സർക്കാർനയം ആദ്യമൊക്കെ ജനപ്രീതി നേടിയെങ്കിലും എത്തുന്ന ആളുകളുടെ എണ്ണം പെരുകിയതോടെ ജർമനിയിലെ ജനങ്ങളുടെ എതിർപ്പും ഉയരാൻ തുടങ്ങി. ഈ സാഹചര്യം തീവ്രദേശീയത മുന്നോട്ടുവയ്ക്കുന്ന ‘ഓൾട്ടർനേറ്റിവ് ഫോർ ജർമനി’ (എആർഡി) എന്ന രാഷ്ട്രീയപാർട്ടിക്ക് ആവശ്യത്തിന് ഇടമൊരുക്കിക്കൊടുത്തു. ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ മെർക്കലിന്റെ പാർട്ടിക്ക് 65 സീറ്റുകൾ നഷ്ടമായി. എആർഡി അതിന്റെ ചരിത്രത്തിലാദ്യമായി 94 സീറ്റുകളുമായി ജർമൻ പാർലമെന്റിൽ പ്രാതിനിധ്യം ഉറപ്പിച്ചെന്നു മാത്രമല്ല, മുഖ്യ പ്രതിപക്ഷവുമായി. തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനായി മെർക്കലിന്റെ പിന്നീടുള്ള ശ്രമം. പ്രശ്നബാധിത മേഖലകളുമായി അതിർത്തി പങ്കിടുന്ന തുർക്കിപോലെയുള്ള രാജ്യങ്ങൾക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും അഭയാർഥിപദ്ധതികൾക്കായി ധനസഹായം നൽകി. യൂറോപ്പിലേക്ക് അഭയാർഥികൾ എത്തുന്നത് ഒഴിവാക്കാനായിരുന്നു ഇത്. 

കോവിഡ് പ്രതിരോധത്തിൽ താരതമ്യേന വിജയകരമായ പ്രകടനമായിരുന്നു മെർക്കലിന്റേത്. സമ്പദ്‌വ്യവസ്ഥ മോശമാകുന്നതുവരെ കാക്കാതെ, അതിവേഗം അതിവിപുലമായ തോതിൽ സാമ്പത്തിക അച്ചടക്ക കാര്യത്തിൽ കർശന നിലപാടെടുത്തു.  

തുറന്ന കാഴ്ചപ്പാട്, സ്ഥിരതയുള്ള നയം

വസ്തുതകളെ ശ്രദ്ധാപൂർവം വിലയിരുത്തുന്നതിനുള്ള സവിശേഷപാടവവും ഭിന്നാഭിപ്രായങ്ങളിൽ ഒത്തുതീർപ്പിനു ശ്രമിക്കാനുള്ള ആർജവവുമാണു നേതാവെന്ന നിലയിൽ മെർക്കൽ ശീലമാക്കിയ അനുപമ ശൈലി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കു മുൻതൂക്കം നൽകുന്നതും ബഹളമയവുമായ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവർത്തനശൈലിക്കു നേർവിപരീതമായ ജർമൻ നേതാവിന്റെ നേതൃഗുണം അത്തരത്തിൽ താരതമ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയുമായി ഇടർച്ചയുണ്ടാകാനുള്ള സാധ്യതകളെ മറികടക്കാൻ യൂറോപ്പിനെയും ലോകത്തെയും സഹായിച്ചതു മെർക്കലിന്റെ തുറന്ന കാഴ്ചപ്പാടും സ്ഥിരതയുള്ള നയവുമാണ്. 

germany
അർമിൻ ലഷറ്റ്, ഒലാഫ് ഷോൾസ് (AP Photo/Martin Meissner)

അലിവൊട്ടും കാട്ടാത്ത മെർക്കലിന്റെ മറ്റൊരു മുഖവും അവരുടെ രാഷ്ട്രീയ ഉദയത്തിലും ഉയർച്ചയിലും കാണാം. തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ഹെൽമുട്ട് കോളിനെ നിഷ്പ്രഭനാക്കിയും രാഷ്ട്രീയ എതിരാളികളെ അപ്രസക്തരാക്കി എഴുതിത്തള്ളിയും സിഡിയുവിൽ മറ്റു നല്ല നേതാക്കളുടെ കടുത്തദാരിദ്ര്യം അവർ സൃഷ്ടിച്ചെടുത്തെന്ന് ആരോപണങ്ങളുണ്ട്. പിൻഗാമിയായി അംഗല ഇഷ്ടപ്പെട്ടിരുന്നയാൾക്കു രാജി വയ്ക്കേണ്ടി വന്നെന്നു മാത്രമല്ല, പകരമെത്തിയ അർമിൻ ലഷറ്റിനു വേണ്ടരീതിയിൽ ഇതുവരെ ചുവടുറപ്പിക്കാനുമായിട്ടില്ല. സോഷ്യൽ ഡമോക്രാറ്റ് പാർട്ടി (എസ്പിഡി)യുടെ ചാൻസലർ സ്ഥാനാർഥിയായ ഒലാഫ് ഷോൾസാണ് അഭിപ്രായസർവേകളിൽ മുന്നിൽ. ജർമനിയിലെ സമ്പ്രദായമനുസരിച്ച് ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കാനിടയില്ല.  

ഇന്ത്യയുമായി മികച്ച  ബന്ധം

മുതലാളിത്തവും സാമൂഹികക്ഷേമവും സമ്മേളിക്കുന്ന സോഷ്യൽ മാർക്കറ്റ് ഇക്കണോമിയെന്നാണു ജർമനി സ്വയം വിശേഷിപ്പിക്കുന്നത്. വ്യവസായം, തൊഴിൽ, സാമ്പത്തികം എന്നീ വിഭാഗങ്ങളുമായി കൂടിയാലോചിച്ചും നിർദേശങ്ങൾ ക്ഷണിച്ചും അഭിപ്രായ അന്വേഷണത്തിന്റെ കരുത്തുറ്റ പ്രക്രിയയാണ് സർക്കാർ പിന്തുടരുന്നത്. ഫെഡറൽ ഭരണസംവിധാനത്തിലെ അധികാര വിഭജനരീതിയുടെ സവിശേഷത മൂലം നേതാക്കളുടെ ഏകാധിപത്യപ്രവണതയും തടയാനാകുന്നു. ബഹുസ്വര സാംസ്കാരികഭൂമിക സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ള ഗ്രീൻ പാർട്ടി രാഷ്ട്രീയത്തിലെ നിർണായക ശക്തിയാണ്.  

മെർക്കലിന്റെ ഭരണകാലത്ത് ജർമനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഗണ്യമായ തോതിൽ മെച്ചപ്പെട്ടു. ആണവ പരീക്ഷണത്തെ തുടർന്ന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കി, പ്രതിരോധബന്ധം പുനഃസ്ഥാപിക്കുന്നതിനു വഴിതെളിച്ച സഹകരണ ഉടമ്പടി 2006ൽ ഒപ്പു വച്ചു. നമ്മുടെ പ്രധാനമന്ത്രിയുടെയും ജർമൻ ചാൻസലറുടെയും സംയുക്ത മേൽനോട്ടത്തിൽ, ഇരു സർക്കാരുകളിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ച്, വിപുലമായ സഹകരണസംവിധാനവും നിലവിലുണ്ട്. വളരെക്കുറച്ചു രാജ്യങ്ങളുമായി മാത്രമേ ജർമനിക്ക് ഇത്തരം ബന്ധമുള്ളൂ. ഇതുമായി ബന്ധപ്പെട്ടു നടന്ന അവസാനയോഗം 2019ൽ മെർക്കൽ ഇന്ത്യ സന്ദർശിച്ച വേളയിലായിരുന്നു.

ഇന്ത്യയിൽ ജർമൻ നിക്ഷേപം വേണ്ട തോതിൽ ഇല്ലെങ്കിലും ഹരിത സാങ്കേതികവിദ്യയുടെ കാര്യത്തിലും യൂറോപ്പിലെ പ്രമുഖ വ്യാപാരപങ്കാളിയെന്ന നിലയിലും ആ രാജ്യം പ്രാധാന്യമുള്ളതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം അതിന്റെ പൂർണ സാധ്യതകളെ പ്രയോജനപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായും സുപ്രധാന യൂറോപ്യൻ രാജ്യമായും ഇന്ത്യയുടെ നിർണായക പ്രാധാന്യമുള്ള നയതന്ത്രപങ്കാളിയായും ജർമനി തുടരുക തന്നെ ചെയ്യും. 

ജർമനി തിരഞ്ഞെടുപ്പ് നാളെ
∙ 16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്ക് ഫെഡറൽ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ നാളെ വോട്ടെടുപ്പ്
∙ യുദ്ധാനന്തരചരിത്രത്തിൽ നിലവിലെ ചാൻസലർ മത്സരിക്കാത്ത ആദ്യ തിരഞ്ഞെടുപ്പ്
∙ സഭയുടെ കാലാവധി: 4 വർഷം
∙ ഒരാൾക്ക് 2 വോട്ടുവീതം (ഫസ്റ്റ് വോട്ട്, സെക്കൻഡ് വോട്ട്)

പ്രധാന സ്ഥാനാർഥികൾ
∙ സോഷ്യൽ ഡമോക്രാറ്റ് പാർട്ടി (എസ്പിഡി): ഒലാഫ് ഷോൾസ്
∙ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സിസ്‌യു) ചേർന്ന സഖ്യം: അർമിൻ ലഷറ്റ്

(ജർമനിയിലും യുഎസിലും ഇന്ത്യൻ സ്ഥാനപതിയായിരുന്നു ലേഖിക)

English Summary: German Chancellor Angela Merkel steps down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com