ADVERTISEMENT

നിക്ഷേപകർക്കു പരമാവധി പ്രോത്സാഹനവും സഹായവുമൊക്കെ നൽകുമെന്നും ജനപക്ഷ തൊഴിൽ സംസ്കാരത്തിനുവേണ്ടി നിലകൊള്ളുമെന്നും സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും നാട്ടിൽ നടക്കുന്നതു മറ്റൊന്നാണ്. പാർട്ടിക്കു പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തുമെന്നു കൊല്ലം ചവറയിൽ പ്രവാസി നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതും തിരുവനന്തപുരം പോത്തൻകോട്ട് വീടുപണിക്കിടെ നോക്കുകൂലിഭൂതം വീണ്ടും കുടത്തിനുള്ളിൽനിന്നു പുറത്തുചാടിയതുമൊക്കെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം കേട്ടു. 

അമേരിക്കൻ മലയാളിയായ കൺവൻഷൻ സെന്റർ ഉടമയ്ക്കു സിപിഎം നേതാവിന്റെ ഭീഷണിയുണ്ടായതു വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. വായ്പയും സമ്പാദ്യവും ഉപയോഗിച്ച് 10 കോടിയോളം രൂപ ചെലവാക്കിയാണു ചവറയിൽ കൺവൻഷൻ സെന്റർ പണിതത്. പ്രവാസി നിക്ഷേപകനായ ഷഹി വിജയന്റെ ഭാര്യ ഷൈനി തങ്ങൾക്കുണ്ടായ ഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറിക്കും കൃഷി ഓഫിസർക്കുമെതിരെയാണു പരാതി. നിക്ഷേപസൗഹൃദനയം സ്വീകരിക്കുന്നതായി അഭിമാനപൂർവം അവകാശപ്പെടുന്ന മുഖ്യഭരണകക്ഷിയുടെ പ്രാദേശിക നേതാവുതന്നെയാണു നിക്ഷേപകനെ ഭീഷണിപ്പെടുത്തിയതെന്നോർക്കണം. 

വിദേശത്തു ജോലിയും ബിസിനസും ചെയ്തു സമ്പാദിക്കുന്ന തുക സ്വന്തം നാട്ടിൽ മുടക്കുന്ന പല സംരംഭകർക്കുമുണ്ടായ  ദുരനുഭവങ്ങളിൽനിന്നു നാം ഒരു പാഠവും പഠിച്ചില്ലെന്നാണോ മനസ്സിലാക്കേണ്ടത്? കാര്യങ്ങൾ പ്രശ്നരഹിതമായും സുഗമമായും നടത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്നതാണു നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകമെന്നിരിക്കെ, അക്കാര്യത്തിലെ നിഷേധാത്മക സമീപനം തുടർച്ചയായി വിളംബരം ചെയ്തുകൊണ്ടിരിക്കുകയാണു കേരളം. വാതിലടച്ചും മനസ്സു മടുപ്പിച്ചും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതിൽ നമുക്കെന്നും ഒന്നാം സ്ഥാനമാണ്. 

നോക്കുകൂലി ഉൾപ്പെടെ വ്യവസായരംഗത്തു നിലവിലുള്ള അരാജക പ്രവണതകൾ അവസാനിപ്പിക്കാൻ മുൻകയ്യെടുക്കുമെന്ന് ഈയിടെ തൊഴിലാളി സംഘടനകൾ ഒരേസ്വരത്തിൽ അറിയിച്ചത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയായിരുന്നു. നോക്കുകൂലി സംബന്ധിച്ചു പാഴായിപ്പോയ സമാന പ്രഖ്യാപനങ്ങൾ പലതും കേട്ടിട്ടുണ്ടെങ്കിലും ഇത്തവണ അങ്ങനെയാവില്ലെന്നുതന്നെ കേരളം വിശ്വസിക്കുകയും ചെയ്തു. പക്ഷേ, ആ യോഗം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽതന്നെ അതു ലംഘിക്കപ്പെട്ടു. പോത്തൻകോട് കടുവാക്കുഴിയിൽ ചുമട്ടുതൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടു കരാറുകാരനെയും തൊഴിലാളികളെയും മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്യുകയായിരുന്നു. വിവിധ യൂണിയനുകളിൽപെട്ടവർ സ്ഥലത്തെത്തി നോക്കുകൂലി ആവശ്യപ്പെടുകയാണുണ്ടായത്.

തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമൊപ്പം മാതൃകാപരമായ പ്രവർത്തനശൈലിക്കും മുൻകയ്യെടുക്കേണ്ട രാഷ്ട്രീയ പാർട്ടികൾ പേശീബലം ഉപയോഗിച്ചു വികസനംതന്നെ മുരടിപ്പിക്കുന്നതിൽനിന്നുള്ള പൂർണമാറ്റം കാണാൻ കാത്തിരിക്കുകയാണു കേരളം. വികസനത്തിനും നിക്ഷേപത്തിനും ഇടങ്കോലിടുന്ന പ്രാകൃതരീതികൾ എന്നേക്കുമായി ഈ നാടൊഴിയുമ്പോഴേ കേരളമൊരു പരിഷ്കൃതസമൂഹമാവൂ. നോക്കുകൂലിക്കെതിരെ സർക്കാർ ഇതുവരെ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കും യൂണിയൻ നേതൃത്വങ്ങളുടെ സംയുക്ത പ്രഖ്യാപനങ്ങൾക്കും നോക്കുകുത്തിയുടെ വിലപോലുമില്ലെന്നാണോ പൊതുജനം ധരിക്കേണ്ടത്? 

പുതുസംരംഭങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ അടഞ്ഞ ജാലകങ്ങളൊക്കെ തുറന്നുവച്ചും നോക്കുകൂലിയും കൊടികുത്തു ഭീഷണിയും പോലുള്ള നാണക്കേടുകളെ പടിക്കുപുറത്താക്കിയും സർക്കാർ വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com