കളപ്പുരയുടെ മച്ചിൽ ഹിറ്റ്ലറുടെ ഡയറി; നമ്മുടെ മോൻസന്റെ ‘ചേട്ട’നായിരുന്നു കൂജോ

HIGHLIGHTS
  • വാക്ചാതുരിയിൽ ആളുകളെ വീഴ്ത്തി പണം തട്ടിയവരുടെ കഥകൾ
Eiffel-tower
SHARE

ഫ്രിക്കയിലുള്ള ബംഗല്ലയിലെ ഘോരവനം. അവിടെ വെള്ളച്ചാട്ടത്തിനുപിന്നിൽ തലയോട്ടി മുഖമുള്ള രഹസ്യഗുഹ. അതിന്റെ ഒരറയിൽ തലയോട്ടി സിംഹാസനം. മറ്റൊരറയിൽ പുരാതന കയ്യെഴുത്തുരേഖകൾ. മറ്റൊന്നിൽ സ്വർണ–വജ്രരത്നക്കല്ലുകളുടെ ശേഖരം നിറച്ച ‘ചെറിയ’ നിധിയറ. ഒടുവിൽ എത്തിച്ചേരുന്ന ‘വലിയ’ നിധിയറയിലോ? ജലദേവതമാർക്കു മടക്കിക്കൊടുത്തതായി കരുതപ്പെട്ടിരുന്ന ആർതർ രാജാവിന്റെ എക്സ്കാലിബർ എന്ന വാൾ, അലക്സാണ്ടർ ചക്രവർത്തി വീഞ്ഞുകുടിച്ചിരുന്ന വജ്രക്കോപ്പ, ഡാവിഞ്ചി ആദ്യം വരച്ച മോണലിസ, നബുക്കദ്നെസർ ചക്രവർത്തിയുടെ മോതിരം, ക്ലിയോപാട്രയെ ദംശിച്ച ഉഗ്രവിഷസർപ്പത്തിന്റെ ഉണക്കി സൂക്ഷിച്ച ശരീരം, റോമിയോ–ജൂലിയറ്റ് എഴുതാൻ ഷേക്സ്പിയർ ഉപയോഗിച്ച തൂലിക, അഗസ്റ്റസ് സീസർ പത്നിക്കു നൽകിയ വിവാഹമോതിരം, വീനസ് ദേവതയുടെ അടർന്നുപോയ കൈകൾ....

മോൻസന്റെ ‘നിധിശേഖര’ത്തെക്കുറിച്ചു കേൾക്കുമ്പോൾ മുതിർന്ന തലമുറയിലെ പലർക്കും ഇവയെല്ലാമാണ് ഓർമവരുന്നത്. ഒരു കാലത്ത് അവരെ ത്രില്ലടിപ്പിച്ച ഫാന്റം കഥകളിലെ രഹസ്യ നിധിശേഖരം. 

ഫാന്റം കഥകൾ ഫാന്റസിയാണ്. മോൻസന്റേതും ഫാന്റസി തന്നെ – യഥാർഥജീവിതത്തിലാണെന്നു മാത്രം. അതിലല്ല അദ്ഭുതം. ഫാന്റം കഥകളോ അവയിലെ നിധിശേഖരമോ സത്യമാണെന്ന് ആരും വിശ്വസിച്ചില്ല. ഇന്നോ? മോശയുടെ അംശവടിയും ഉണ്ണിക്കൃഷ്ണന്റെ വെണ്ണക്കലവും തന്റെ പക്കലുണ്ടെന്നു ചേർത്തലക്കാരൻ മോൻസൻ മാവുങ്കൽ പറഞ്ഞത്, അവ കാശുകൊടുത്തു വാങ്ങിയില്ലെങ്കിൽതന്നെ, വിദ്യാസമ്പന്നരും പ്രമുഖരുമായ പലരും വിശ്വസിച്ചില്ലേ? ടിപ്പുവിന്റെ സിംഹാസനത്തിലിരുന്നു കേരളത്തിന്റെ പൊലീസ് മേധാവിതന്നെ ഫോട്ടോ എടുത്തില്ലേ? അവ കൈവശംവച്ചിരിക്കുന്ന മോൻസനു കോടികളുടെ ആസ്തിയുണ്ടെന്നു വിശ്വസിച്ചു കൂടുതൽ കോടികൾ നൽകാൻ ചിലർ തയാറായില്ലേ? ഈ അപൂർവനിധിശേഖരത്തിനു കാവൽനിൽക്കാൻ കേരള പൊലീസ് തയാറായില്ലേ?

അതിലും അദ്ഭുതപ്പെടേണ്ടതില്ല. അർധസത്യവും അർധചരിത്രവും മിതോളജിയും കൃത്യമായ പാകത്തിൽ കൂട്ടിക്കുഴച്ചുരുട്ടി നൽകിയാൽ പണ്ഡിതനും പാമരനും പ്രമുഖനും പാപ്പരും വിഴുങ്ങുമെന്ന് മോൻസനുമുൻപും അറിയാവുന്നവരുണ്ടായിരുന്നു. അത്തരം വിരുതൻ ശങ്കുമാരെക്കുറിച്ചും അവരുടെ വാക്ചാതുരിയിൽ വീണ പ്രമുഖരെക്കുറിച്ചും ഏതാനും കഥകൾ.

സോമനാഥക്ഷേത്ര വാതിൽ കൊണ്ടുവന്ന എല്ലൻബറോ

ബ്രിട്ടിഷ് ഇന്ത്യയുടെ പ്രതാപശാലിയായ ഭരണാധികാരിയായിരുന്ന ഗവർണർ ജനറൽ എല്ലൻബറോ പ്രഭുവിൽ തുടങ്ങാം. പണം നഷ്ടമായില്ലെങ്കിലും ഒരു ഭരണകൂടത്തിനുതന്നെ മുഖം നഷ്ടമായ കഥ: 1830കളിലെ അഫ്ഗാൻ യുദ്ധത്തിൽ തോറ്റു മടങ്ങുകയായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യം. തോറ്റമ്പി ഇന്ത്യയിലെത്തിയാൽ ആകെ നാണക്കേടാകും. മാത്രമല്ല, അജയ്യികളെന്നു കരുതിയിരുന്ന ബ്രിട്ടിഷുകാരെ പരാജയപ്പെടുത്താമെന്ന് കരുതിയാൽ ഇന്ത്യൻ സൈനികർ തന്നെ തങ്ങൾക്കെതിരെ തിരിയില്ലേ? 

ellen-boruogh
എല്ലൻബറോ പ്രഭു

മുഖം രക്ഷിക്കാൻ മാർഗമാലോചിച്ചു വിഷമിച്ചിരുന്ന കമാൻഡർമാരോട് ആരോ പറഞ്ഞു: എണ്ണൂറ് കൊല്ലം മുൻപ് 17 തവണ ഇന്ത്യ കൊള്ളയടിച്ച മഹ്മൂദ് ഗസ്നി കൊണ്ടുപോയ സോമനാഥക്ഷേത്രത്തിന്റെ ചന്ദനത്തടിവാതിലുകളാണു ഗസ്നിപട്ടണത്തിന്റെ കവാടത്തിലുള്ളത്. അവ കൊണ്ടുപോയി ആദരപൂർവം ക്ഷേത്രത്തിനു നൽകിയാൽ ഇന്ത്യക്കാർക്കു സന്തോഷമാവും.

എല്ലൻബറോ പ്രഭു അതു വിശ്വസിച്ചു. ഗസ്നി പട്ടണം ആക്രമിച്ചു കവാടവുമായി ഇന്ത്യയിലെത്താൻ കൽപനയായി. സൈന്യം പട്ടണത്തിന്റെ കവാടം അതേപടി ഇളക്കി ആനപ്പുറത്തേറ്റി ഘോഷയാത്രയായി ഇന്ത്യയിൽ എത്തിച്ചു. സോമനാഥത്തിന്റെ വാതിലുകൾ തിരിച്ചുലഭിച്ചെന്ന വാർത്ത ഇന്ത്യയിൽ ചെണ്ടകൊട്ടി വിളംബരം ചെയ്തു. എണ്ണൂറുകൊല്ലം മുൻപുള്ള മാനക്കേടിനു പ്രതികാരമെന്നു കൂട്ടിച്ചേർക്കാനും മറന്നില്ല. 

ഘോഷയാത്ര ആഗ്രയിലെത്തിയപ്പോൾ സാധനം പരിശോധിച്ച വിദഗ്ധർ വിധിയെഴുതി: വാതിലുകൾ ഹൈന്ദവക്ഷേത്രത്തിന്റേതല്ല,  ഇസ്‌ലാമിക് കൊത്തുപണികളാണ്. ചന്ദനമരമല്ല, ഏതോ പാഴ്മരമാണ്. എണ്ണൂറുപോയിട്ട് 200 കൊല്ലംപോലും പഴക്കവുമില്ല. ഘോഷയാത്ര നിർത്തി, ബ്രിട്ടിഷുകാർ ഉപേക്ഷിച്ച വാതിലുകൾ ഇന്നും ആഗ്രക്കോട്ടയിൽ പൊടിപിടിച്ചുകിടപ്പുണ്ട്. 

hitler-cartoon

കളപ്പുരയുടെ മച്ചിൽ ഹിറ്റ്ലറുടെ ഡയറി

ഹിറ്റ്‌ലറുടെ കൈപ്പടയിലുള്ള ഡയറികൾ കൊൺറാഡ് കൂജോ എന്നൊരാൾക്കു ലഭിച്ചിട്ടുണ്ടെന്നും അവ പശ്ചിമ ജർമനിയിലെ സ്റ്റേൺ മാഗസിൻ പരമ്പരയായി പ്രസിദ്ധീകരിക്കാൻ പോകുന്നെന്നുമുള്ള വാർത്ത 1980കളിൽ കാട്ടുതീപോലെ പടർന്നു. ഒപ്പം ലണ്ടനിലെ സൺഡേ ടൈംസ് പത്രം അവയുടെ ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിക്കുകയാണെന്നും. 

യുദ്ധകാലചരിത്രത്തിൽ തൽപരനായ റിപ്പോർട്ടർ ജെർദ് ഹൈഡമനാണ് ഹിറ്റ്ലറുടെ ഡയറികൾ പുരാവസ്തുശേഖരക്കാരനായ കൂജോയ്ക്കു ലഭിച്ചെന്ന വാർത്തയുമായി മാഗസിന്റെ എഡിറ്റർമാരെ സമീപിച്ചത്. കൂജോ നൽകിയ ഏതാനും ഡയറിപ്പേജുകൾ ചരിത്രകാരന്മാരെക്കൊണ്ടു പരിശോധിപ്പിച്ചപ്പോൾ അവ സത്യമാവാനുള്ള സാധ്യത അവരും തള്ളിക്കളഞ്ഞില്ല. കമ്യൂണിസ്റ്റുകാർ ബർലിനിൽ നടത്തിയ വൻ റാലി ഗുണ്ടകളെക്കൊണ്ടു ഹിറ്റ്ലർ  പൊളിച്ചതും മറ്റും കൃത്യമായ തീയതിയിൽ കുറിച്ച പേജുകളാണു പരിശോധനയ്ക്കു നൽകിയത്. 

hitler
ഹിറ്റ്ലർ

ഡയറിയുടെ പശ്ചാത്തലമായി ഹൈഡമൻ പറഞ്ഞത്: ലോകയുദ്ധത്തിൽ ജർമനിയുടെ പരാജയം ഉറപ്പായതോടെ ഹിറ്റ്ലർ തന്റെ ഡയറികൾ വിമാനത്തിൽ എവിടേക്കോ അയച്ചു. ചെക്കോസ്ലൊവാക്യൻ അതിർത്തിയിൽ വിമാനം തകർന്നുവീണു. അതിനടുത്തുള്ള കളപ്പുരയുടെ മച്ചിൽ ആരോ എടുത്തുവച്ചിരുന്ന 62 വാല്യങ്ങളിലായുള്ള കുറിപ്പുകളാണു കൂജോയ്ക്കു ലഭിച്ചത്. മുതിർന്ന എഡിറ്റർമാരുടെയും ചരിത്രവിദഗ്ധരുടെയും പരിശോധനയ്ക്കുശേഷം ഇരുപതുലക്ഷം മാർക്ക് നൽകി സ്റ്റേണിന്റെ എഡിറ്റർമാർ പ്രസിദ്ധീകരണാവകാശം വാങ്ങി.  പണം കൈമാറുന്നതനുസരിച്ചു കൂജോ ഡയറിപ്പേജുകൾ മാഗസിനു നൽകിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു ഡയറിയുടെ പുറംചട്ടയിലെ പേരിന്റെ ഇനിഷ്യലുകൾ മാറിപ്പോയത് ആരോ കണ്ടെത്തിയതോടെയാണു സംശയവും അന്വേഷണവും ആരംഭിച്ചത്. കൂജോ ഹോങ്കോങ്ങിൽനിന്നു വാങ്ങി ചട്ടയിലൊട്ടിച്ചവയാണ് ആ അക്ഷരങ്ങളെന്നു കണ്ടെത്തിയതോടെ കള്ളി പുറത്തായി.

പേജുകൾ രാസപരിശോധനയ്ക്കയച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തായി – അവ യുദ്ധത്തിനുശേഷം നിർമിച്ച കടലാസായിരുന്നു. ചായവെള്ളത്തിൽ മുക്കി പഴയവയാണെന്നു തോന്നിപ്പിച്ചതായിരുന്നു. കുറിപ്പുകളെല്ലാം കൂജോയുടെ കൈപ്പടയിലുള്ളവയും ആയിരുന്നു. 

നമ്മുടെ മോൻസന്റെ ചേട്ടനായിരുന്നു കൂജോ. വ്യാജപുരാവസ്തുക്കൾ നിർമിക്കുന്നത് അയാൾക്കു ഹോബി മാത്രമല്ല, പണസമ്പാദനമാർഗവുമായിരുന്നു. മൂന്നു ഡയറികളേ എഴുതി വിൽക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ, ഹിറ്റ്ലർ ചരിത്രത്തിലും സാമഗ്രികളിലുമുള്ള ഹൈഡമന്റെ താൽപര്യം കണ്ടപ്പോൾ കൂടുതൽ നിർമിച്ചു പണമുണ്ടാക്കാൻ തുനിയുകയായിരുന്നു.

heidmann
ജെർദ് ഹൈഡമൻ

ഹിറ്റ്ലറുടെ ചിതാഭസ്മമെന്നു പറഞ്ഞു കൂജോ നൽകിയ ഒരുപിടി ചാരം ഹൈഡമൻ വാങ്ങിസൂക്ഷിച്ചിരുന്നു. ഹൈഡമന്റെ വീട് പൊലീസ് പരിശോധിച്ചപ്പോൾ ഹിറ്റ്ലറുടെ മേശപ്പുറത്തുണ്ടായിരുന്നെന്നു കരുതപ്പെടുന്ന സ്വസ്തിക പതാകയും ചില ഫോട്ടോകളും ലഭിച്ചു. കൂട്ടത്തിൽ ഉഗാണ്ടയിലെ ഏകാധിപധി ആയിരുന്ന ഇദി അമീന്റെ അടിവസ്ത്രവും! 

ആക്രിക്കാർ മൂന്നുതവണ വാങ്ങിയ ഗോപുരം 

ഐഫൽ ടവർ രണ്ടുതവണ വിറ്റ വിക്ടർ ലുസ്തിഗ് എന്ന വിരുതനെക്കുറിച്ചു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ ലുസ്തിഗിന്റെ ചുവടുപിടിച്ചു വീണ്ടും അതുവിറ്റ മറ്റൊരു വിരുതനുണ്ടായിരുന്നു. 

ആദ്യം ലുസ്തിഗിനെക്കുറിച്ച്: 1925 മാർച്ചിൽ പാരിസിലെ ഹോട്ടൽ മുറിയിലിരുന്നു പത്രം വായിക്കുമ്പോഴാണു ചെറിയൊരു വാർത്ത അയാൾ ശ്രദ്ധിച്ചത്. പാരിസിന്റെ മുഖമുദ്രയായ ഗോപുരത്തിനു കേടുപാടുകളുണ്ട്, ഉടൻ അറ്റകുറ്റപ്പണി ആവശ്യമാണെന്ന് എൻജിനീയർമാർ പറയുന്നു. പുരാവസ്തുമൂല്യമൊന്നുമില്ലാത്ത (1889ൽ ആണ് ഗോപുരം പൂർത്തിയായത്) ഗോപുരം ഇരുമ്പുവിലയ്ക്കു വിറ്റ് അതേ മാതൃകയിൽ മറ്റൊന്നു നിർമിക്കുന്നതാവും ലാഭമെന്നു മറ്റുചിലരും. 

പറ്റിക്കൽസ് ഒരു കലയും ഉപജിവനമാർഗവുമായി സ്വീകരിച്ചിരുന്ന ലുസ്തിഗിനു ഞൊടിയിടയിൽ ബുദ്ധിയുദിച്ചു. ഒന്നാം ലോകയുദ്ധക്കാലത്തു ലോഹവ്യാപാരം നടത്തി കോടീശ്വരന്മാരായ ഏതാനും മാന്യന്മാർക്കു സർക്കാർ വകുപ്പിന്റെ ലെറ്റർഹെഡിൽ കത്തുകളയച്ചു. ഇതായിരുന്നു ചുരുക്കം: ഐഫൽ ഗോപുരം പൊളിച്ചുവിറ്റു പുതിയതു നിർമിക്കണമെന്ന ആവശ്യം ഭരണകൂടം അംഗീകരിച്ചു. വിവാദം നിലനിൽക്കുന്നതിനാൽ പരസ്യടെൻഡറില്ല. ലോഹവ്യാപാരത്തിൽ പേരെടുത്ത ചില കമ്പനികളെ രഹസ്യമായി ടെൻഡർ നൽകാൻ ക്ഷണിക്കുന്നു. ഏഴായിരം ടൺ സ്റ്റീൽ ഉണ്ടാവും. താൽപര്യമെങ്കിൽ പങ്കുചേരുക.

eiffel-cartoon

അഞ്ചുപേർ താൽപര്യം കാട്ടി മറുപടിയെഴുതി. പാരിസിലെ വൻഹോട്ടലിൽ അഞ്ചുപേരെയും രഹസ്യയോഗത്തിനു ലുസ്തിഗ് ക്ഷണിച്ചു. അവരെത്തിയപ്പോൾ സർക്കാർ വകുപ്പ് യൂണിഫോം ധരിച്ചിരുന്ന ഒരാൾ സ്വീകരിച്ച് സർക്കാർ ‘ചുമതലപ്പെടുത്തിയിരുന്ന ഓഫിസ’റായ ലൂസ്തിഗിന്റെ ആഡംബരമുറിയിലേക്കു നയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചുപേരും ടെൻഡറുകൾ സമർപ്പിച്ചു. അവയിൽ ആന്ദ്രി പോസ്സോ എന്നയാളിന്റെ ടെൻഡർ സ്വീകരിക്കുന്നതായി ലൂസ്തിഗ് അറിയിച്ചു. 

തുടർന്നു വിശദയോഗത്തിനു പോസ്സോയെ വീണ്ടും ക്ഷണിച്ചു. കാര്യങ്ങൾ സുഗമമാക്കാൻ ഒരു വൻ തുക ‘കൈമണി’ ആയി  ലുസ്തിഗ് ആവശ്യപ്പെട്ടു. ഇരുമ്പിടപാടിൽ വൻലാഭം കണക്കുകൂട്ടിയിരുന്ന പോസ്സോ അൽപം വിലപേശലിനുശേഷം നല്ലൊരു തുകയുടെ ചെക്ക് നൽകി. ഗോപുരം വിൽക്കുന്നതായുള്ള വിൽപനരേഖ ലൂസ്തിഗും നൽകി. 24 മണിക്കൂറിനുള്ളിൽ ചെക്ക് മാറി ലൂസ്തിഗും യൂണിഫോമിട്ട ‘സർക്കാർ ശിപായി’യും മുങ്ങി. വിൽപനരേഖയുമായി ഗോപുരം പൊളിക്കാൻ പോസ്സോ സർക്കാർ വകുപ്പിനെ സമീപിച്ചപ്പോഴാണു തട്ടിപ്പു മനസ്സിലായത്. 

ലുസ്തിഗ് ഒളിവിൽപോയി. ഇതു സംബന്ധിച്ച വാർത്തകളൊന്നും പത്രങ്ങളിൽ കാണാതിരുന്നതോടെ, നാണക്കേടു ഭയന്ന് പോസ്സോ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായി. സംഭവം ആരുമറിഞ്ഞിട്ടില്ലെന്ന് ഉറപ്പായതോടെ ലുസ്തിഗ് വീണ്ടും പാരിസിലെത്തി. പഴയ നമ്പരുമായി വീണ്ടും ഏതാനും പണച്ചാക്കുകളെ സമീപിച്ചു. കോടീശ്വരനായ മറ്റൊരു ആക്രി വ്യാപാരിയായിരുന്നു രണ്ടാമത്തെ ഇര. പക്ഷേ, പണം പോയ വ്യാപാരി ഇത്തവണ പൊലീസിൽ പരാതിപ്പെട്ടു. ഇരുപതിലധികം കള്ളപ്പേരുകളിൽ അനേകം കോടീശ്വരന്മാരെയും ലക്ഷപ്രഭുക്കളെയും പറ്റിച്ച ലുസ്തിഗ് അപ്പോഴേക്കും അമേരിക്കയിലേക്കു കടന്നിരുന്നു. 

അമേരിക്ക അയാളുടെ പുതിയ മേച്ചിൽപ്പുറമായി. അവിടെ അധോലോകചക്രവർത്തിയായ അൽ കപോണിനെവരെ പറ്റിക്കാൻ ശ്രമിച്ചെന്നാണു പറയപ്പെടുന്നത്. പാതിവഴിയിൽ കപോൺ കള്ളത്തരം കണ്ടുപിടിച്ചെങ്കിലും ലുസ്തിഗിന്റെ സാമർഥ്യം സമ്മതിച്ച് അയ്യായിരം ഡോളർ പാരിതോഷികമായി കൊടുത്തത്രേ. 1947ൽ അമേരിക്കൻ ജയിലിൽകിടന്നാണു ലൂസ്തിഗ് മരിച്ചത്.

LUSTUING
വിക്ടർ ലുസ്തിഗ്

ഗോപുരത്തട്ടിപ്പ് ഇതിനകം വാർത്തയായെങ്കിലും, എല്ലാ വാർത്തകളുടെയും കാര്യത്തിലെന്നപോലെ താമസിയാതെ പൊതുജനം അതു മറന്നു. കാൽ നൂറ്റാണ്ട് കഴിഞ്ഞു രണ്ടാംലോകയുദ്ധാനന്തര പാരിസിലെത്തിയ അമേരിക്കൻ കോടീശ്വരന് അതെക്കുറിച്ചു കേട്ടുകേൾവിപോലുമില്ലായിരുന്നു.  യുദ്ധകാലത്തു കേടുപാടുണ്ടായ ഗോപുരം ഇരുമ്പുവിലയ്ക്കു വിറ്റ് പുതിയതു നിർമിക്കാൻ ഫ്രഞ്ച് അധികൃതർ ഒരുങ്ങുകയാണെന്നു സ്റ്റാൻലി ലോവ് എന്നൊരു വിരുതൻ പറഞ്ഞത് അദ്ദേഹം വിശ്വസിച്ചു. ടെക്സസിലെ എണ്ണക്കിണർ റിഗ്ഗുകളോടു സാദൃശ്യമുള്ള ഗോപുരം വാങ്ങി അമേരിക്കയിലേക്കു കൊണ്ടുപോകാൻ കോടീശ്വരൻ തയാറായി. മുൻകൂറായി ലോവിനെ ഏൽപിച്ച 25,000 ഡോളറിന് എന്തു സംഭവിച്ചുവെന്നു പറയേണ്ടതില്ലല്ലോ. 

യുദ്ധാനന്തര യൂറോപ്പിൽ സന്ദർശകരായി എത്തിയിരുന്ന അമേരിക്കൻ കോടീശ്വരന്മാർ ‘വിരുതൻ ശങ്കു’മാരുടെ സ്ഥിരം ഇരകളായിരുന്നു. യൂറോപ്പിന്റെ ചരിത്രവും തകർന്നുകൊണ്ടിരിക്കുന്ന പ്രൗഢിയും കണ്ടു കണ്ണുമഞ്ഞളിച്ചിരുന്ന ഇവരെ വിരുതന്മാർ കള്ളക്കഥ പറഞ്ഞുപറ്റിച്ചു കാശുണ്ടാക്കിയ സംഭവങ്ങൾ ദിവസവും പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു. അതുപോലെ പുരാതന യൂറോപ്യൻ രാജകുടുംബങ്ങളിലെയും പ്രഭുകുടുംബങ്ങളിലെയും ഡ്യൂക്കും ഡച്ചസും, കൗണ്ടും കൗണ്ടെസ്സും, എന്തിനു രാജകുമാരനും രാജകുമാരിയും വരെയാണെന്ന് അവകാശപ്പെട്ട് ഒട്ടേറെ വിരുതർ അമേരിക്കയിലെത്തി കോടീശ്വരന്മാരെ പറ്റിച്ചു മുങ്ങിയ കഥകളും എത്രയോ!

അവരിൽ ചിലരെക്കുറിച്ചും ചിത്ര–ശിൽപകലാലോകത്തെ വിരുതൻ ശങ്കുമാരെക്കുറിച്ചും നാളെ

English Summary: Biggest money frauds in History

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA