ADVERTISEMENT

പെ‍ാതുവിദ്യാഭ്യാസരംഗത്തു കേരളം ഇതിനകം കൈവരിച്ച മുന്നേറ്റം മാതൃകാപരംതന്നെയാണ്. അതേസമയം, നമ്മുടെ നാടിന്റെ ഭാവി ഉന്നതവിദ്യാഭ്യാസത്തിന്റെ മികവിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. പല കാരണങ്ങൾകെ‍ാണ്ടും ഈ മികവു കൈവരിക്കാനായിട്ടില്ലെന്നു മാത്രമല്ല, അതെങ്ങനെ കൈവരിക്കാമെന്നതിനെച്ചൊല്ലിയുള്ള ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണു നമ്മുടെ വിദ്യാഭ്യാസ വിദഗ്ധരിൽ പലരും. ഉന്നതവിദ്യാഭ്യാസ ഭൂപടത്തിൽ ശ്രദ്ധേയ ഇടമായി മാറാൻ കേരളത്തിനു കഴിയാത്തത് എന്തുകെ‍ാണ്ടാ‌ണെന്ന ചോദ്യം ഏറെ ഗൗരവമുള്ളതാണ്; ആത്മപരിശോധനയിലേക്കു കെ‍ാണ്ടുപോകേണ്ടതും. 

വൈജ്‌ഞാനിക ശാഖകളിൽ മുൻകാലങ്ങളെക്കാൾ വേഗത്തിൽ നടന്നുവരുന്ന മുന്നേറ്റങ്ങളെ സ്വാംശീകരിക്കാൻ പാഠ്യപദ്ധതികളെ പ്രാപ്‌തമാക്കുന്നതിനും പഠന ബോധന രീതികൾ അതിനനുസൃതമായി പരിഷ്‌കരിക്കുന്നതിനുമുള്ള അക്കാദമിക് നേതൃത്വം കൊടുക്കാൻ നമ്മുടെ സർവകലാശാലകൾക്കു കഴിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്. എത്രയോ രാജ്യങ്ങൾ നടത്തുന്ന അതിശയിപ്പിക്കുന്ന ചുവടുവയ്പുകളും കൈവരിക്കുന്ന അഭിമാനനേട്ടങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തെയും പാകപ്പെടുത്തിയെടുക്കാൻ കേരളം എത്രയോ വൈകിക്കഴിഞ്ഞു. 

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കാൻ മോഹിക്കുന്ന എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്കുണ്ട് ? ഗവേഷണ സ്ഥാപനങ്ങളുടെ എണ്ണത്തിൽ രാജ്യത്തെ മുൻനിരയിൽതന്നെ കേരളമുണ്ടെങ്കിലും ഗവേഷണഫലങ്ങളിൽ ആ മേൽക്കോയ്മ ഇല്ലാതെപോവുന്നത് എന്തുകെ‍ാണ്ടാണ്? കാലോചിതമായ നവവിഷയങ്ങൾ പഠിപ്പിച്ചും പരിശീലിപ്പിച്ചും നമ്മുടെ കുട്ടികളെ തെ‍ാഴിൽമേഖലയിൽ ആത്മവിശ്വാസത്തോടെ മത്സരിപ്പിക്കാൻ കഴിയുന്നില്ല എന്ന യാഥാർഥ്യത്തെ അർഹിക്കുന്ന ഗൗരവത്തോടെയാണോ നാം തിരിച്ചറിയുന്നത് ? ഭാവിതലമുറയ്ക്കു നേർവഴിവെളിച്ചം പകരുന്നതു മുതൽ അവർക്കു മികവുറ്റ വിദ്യാഭ്യാസം നൽകി തൊഴിലവസരങ്ങൾക്കു സജ്ജരാക്കുന്നതുവരെ സർവകലാശാലകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലുണ്ടെങ്കിലും അതിന്റെ ഫലശ്രുതി എത്രത്തോളം അവകാശപ്പെടാനാവും? 

കോളജുകളും സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും തൊഴിൽദാതാക്കളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി മാറണം എന്ന കാഴ്ചപ്പാടിലുള്ള മാറ്റങ്ങൾക്കുകൂടി വഴിയൊരുക്കി, മൂന്നു വർഷത്തിനുള്ളിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്, ഈ സാഹചര്യത്തിൽ പ്രതീക്ഷ പകരുന്ന ചുവടുവയ്പുതന്നെയാണ്. ഇതിനുവേണ്ട കർമപദ്ധതി തയാറാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ശിൽപശാലയിൽ വിദ്യാഭ്യാസവിദഗ്ധർ ചർച്ച ചെയ്തതു നൂറോളം നിർദേശങ്ങളാണ്. ഉന്നതവിദ്യാഭ്യാസരംഗത്തു 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അവ സ്വയംഭരണമുള്ള സ്ഥാപനങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിലും പുതിയ വഴിവെളിച്ചമുണ്ട്. 

ആശാവഹമല്ലാത്ത സ്ഥിതിയിൽനിന്നു നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ സുസജ്ജമാക്കാൻ വലിയെ‍ാരു സമർപ്പിതയജ്ഞം കെ‍ാണ്ടേ സാധിക്കൂ. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്നു കാണുന്ന ജീർണത ഒറ്റദിവസംകൊണ്ട് ഉണ്ടായതല്ല എന്നതുപോലെ തന്നെ, രാജ്യാന്തര നിലവാരം കൈവരിക്കുകയെന്നത് ഒരു ദിവസംകൊണ്ടു നടക്കുന്ന കാര്യമല്ലെന്നും അതൊരു വികാസ പരിണാമ പ്രക്രിയയാണെന്നും വിദ്യാഭ്യാസ വിദഗ്ധർ ഓർമിപ്പിക്കുന്നുമുണ്ട്. ആ മാറ്റത്തിന് ഇനിയും കാലതാമസം ഉണ്ടാവരുതെന്നു സർക്കാരും അധ്യാപകസമൂഹവും പെ‍ാതുസമൂഹവും ഉറപ്പിക്കണമെന്നു മാത്രം. പ്രിൻസിപ്പൽ, പ്രഫസർ നിയമനങ്ങളിൽ യുജിസി കെ‍ാണ്ടുവന്ന പുതിയ വ്യവസ്ഥകൾപോലും ഗൗരവത്തോടെ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഇവിടെ ഉണ്ടാവുന്നില്ല. മിക്ക സർക്കാർ – എയ്ഡഡ് കോളജുകളിലും പ്രിൻസിപ്പൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്, മുന്നേറാൻ കെ‍ാതിക്കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ശുഭസൂചനയല്ല.

ഇതിനിടെ, ആ അടിസ്ഥാനചോദ്യം ബാക്കിനിൽക്കുന്നുമുണ്ട്: സർവകലാശാലകളുടെ അക്കാദമിക് കാര്യങ്ങളിൽ അധികാര രാഷ്ട്രീയത്തിന്റെ അധാർമിക കടന്നുകയറ്റം എന്നാണ് എന്നന്നേക്കുമായി അവസാനിപ്പിക്കാനാവുക? ഉന്നതവിദ്യാഭ്യാസത്തിൽ മാതൃകാപരമായി മുന്നേറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ഫലവത്താവണമെങ്കിൽ സിൻഡിക്കറ്റിലും സെനറ്റിലും സർവകലാശാലകളുടെ അക്കാദമിക് കാര്യങ്ങളിലും മറ്റുമുള്ള രാഷ്ട്രീയകക്ഷികളുടെ അനാവശ്യ ഇടപെടൽ അവസാനിപ്പിച്ചേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com