കാക്കിക്കുപ്പായത്തിൽ കളങ്കം പറ്റരുത്

HIGHLIGHTS
  • മുഖ്യമന്ത്രി പൊലീസിനോടു പറഞ്ഞതിൽ ജനവികാരം കൂടിയുണ്ട്
Kerala-Police
SHARE

പാടില്ലാത്ത ഒന്നിലേക്കും തിരിഞ്ഞുനോക്കാതെയും അർഹിക്കാത്ത ഒരു രൂപപോലും ആഗ്രഹിക്കാതെയും സമർപ്പിതമായി ജോലിചെയ്യുന്ന പൊലീസ് സേനയാണു നാടിന്റെ ശക്തി. എന്നാൽ, ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയുന്നവരിൽകൂടി കളങ്കം വീഴ്ത്തിക്കൊണ്ട്, ഉന്നതഉദ്യോഗസ്ഥരടക്കമുള്ള ചിലർ നേരിന്റെ വഴിതെറ്റി സഞ്ചരിക്കുന്നതുകൊണ്ടാണു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനു നൽകിയ നിർദേശങ്ങൾ പ്രസക്തമാകുന്നത്. 

അവിശുദ്ധ ബന്ധങ്ങളും വഴിവിട്ട ചെയ്തികളുമായി പൊലീസിൽ പ്രവർത്തിക്കുന്നവർ കുറച്ചുപേരേയുള്ളൂവെങ്കിലും അവരുണ്ടാക്കുന്ന കളങ്കം എളുപ്പത്തിൽ മായുന്നതല്ല. അടുപ്പം പാടില്ലാത്തവരുമായി അവർ കൂട്ടുചേരുന്നു, അഴിമതിയിൽ പങ്കുപറ്റുന്നു, സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നു. ഈ ദുഷ്പ്രവണതകളുടെ വേരറുത്താലേ നമ്മുടെ പൊലീസിന് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും മഹനീയമായ ആ തൊപ്പി അണിയാനാവൂ. 

ഉന്നത ഉദ്യോഗസ്ഥർ അനാവശ്യ കൂട്ടുകെട്ടുകളിൽപെടാൻ പാടില്ലെന്നും ഓഫിസർമാർ അനൗദ്യോഗിക പരിപാടികളിൽ പങ്കെടുക്കുംമുൻപ് ഇന്റലിജൻസ് റിപ്പോർട്ട് നിർബന്ധമായും തേടണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ വിപുലമായ ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുകയാണ്. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ മുൻ ഡിജിപി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരും ചിത്രങ്ങളും പുറത്തുവന്നതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗം.

പൊലീസ് സംവിധാനത്തിന്റെ നിലപാടുദോഷത്തെ വിമർശിച്ച് തലപ്പത്തുതൊട്ടു മാറ്റംവരുത്തി ഭരണം തുടങ്ങിയതാണു പിണറായി സർക്കാർ. എന്നിട്ടും, പൊലീസിന്റെ അധികാര ദുർവിനിയോഗത്തിനും നിഷ്ക്രിയതയ്ക്കും മാപ്പുചോദിക്കേണ്ട സ്ഥിതി നേരത്തേ പലതവണയുണ്ടായി. ഇപ്പോഴും അതുതന്നെ ആവർത്തിക്കുന്നതു സർക്കാർ അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്. വഴിപാടു ‌നടപടികൾക്കപ്പുറത്ത്, ഉന്നതരോടും അധികാര രാഷ്ട്രീയത്തോടുമുള്ള വിധേയത്വവും അഴിമതിയും നമ്മുടെ പൊലീസിൽനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കുകയാണു വേണ്ടത്. 

സ്റ്റേഷനിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്നും പീഡനപരാതികളിൽ കുറ്റക്കാരെ സംരക്ഷിക്കാനോ സഹായിക്കാനോ നിൽക്കരുതെന്നും മുഖ്യമന്ത്രി ഞായറാഴ്ച നൽകിയ നിർദേശങ്ങൾ പൊലീസ് സേന കുറ്റമറ്റു നടപ്പാക്കേണ്ടതുണ്ട്. പ്രണയനൈരാശ്യം മൂലമുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി വേണമെന്നും നിർദേശിക്കുകയുണ്ടായി. മൂന്നാംമുറയും ലോക്കപ്പ് മർദനവും ന്യായീകരിക്കാനാവില്ലെന്നു നേരത്തേ കടുത്തഭാഷയിൽ പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി, ലോക്കപ്പ് മർദനപരാതികൾ ഉണ്ടാകരുതെന്നു കഴിഞ്ഞ ദിവസവും ഓർമിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തു ന്യായമുണ്ടെങ്കിൽ അവരെ സംരക്ഷിക്കുമെന്നും എന്നാൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.

‘എടാ’, ‘എടീ’ വിളികൾ പരിഷ്കൃത സമൂഹത്തിൽ സ്വീകാര്യമല്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടതിനെത്തുടർന്നു കഴിഞ്ഞ മാസം പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. എത്ര പറഞ്ഞാലും പൊലീസിന്റെ പെരുമാറ്റരീതി മാറില്ലെന്നും കോളനിവാഴ്ചക്കാലത്തെ മനോഭാവവും സംവിധാനവുമാണു പൊലീസ് തുടരുന്നതെന്നും പൊലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികൾ പരിഗണിക്കവേ പിന്നീടും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഇന്നലെയും പൊലീസിനെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. കെ‍ാല്ലം തെന്മല  സ്റ്റേഷനിൽ നൽകിയ പരാതിയുടെ രസീത് ചോദിച്ച പരാതിക്കാരനെ സ്റ്റേഷന്റെ കൈവരിയിൽ കൈവിലങ്ങിട്ടു പൂട്ടിയതും ഒന്നിലേറെ കേസുകൾ ചാർത്തിക്കൊടുത്തതും പൊലീസിന്റെ കാടത്തമാണെന്നാണു കോടതി പറഞ്ഞത്. 

വഴിവിട്ടു പ്രവർത്തിക്കുന്നവരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി കർശനമായി പറഞ്ഞത് ഇതെല്ലാം കണ്ടുംകേട്ടുമിരിക്കുന്ന ജനങ്ങൾക്കു വേണ്ടിക്കൂടിയാണ്. മുഖ്യമന്ത്രിയുടെ വിമർശനങ്ങളും നിർദേശങ്ങളും പാഴാവില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കൂടി അദ്ദേഹംതന്നെ ഏറ്റെടുക്കണമെന്നാണു നാടിന്റെ ആഗ്രഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA