ADVERTISEMENT

1925 ലെ ഒരു സായാഹ്നം. ഇന്നത്തെപ്പോലെ വിനോദസഞ്ചാരസംഘങ്ങളോ ഗൈഡുകളോ ഇല്ലാത്ത കാലം. ചരിത്രത്തെക്കുറിച്ചൊന്നും അവഗാഹമില്ലാത്ത അമേരിക്കൻ കോടീശ്വരൻ ലണ്ടൻ നഗരത്തിന്റെ പ്രൗഢി കണ്ടുപകച്ച് നിലാവിൽ പുറത്തിറങ്ങിയ കോഴിയെപ്പോലെ നടക്കുകയാണ്. ചരിത്രപ്രസിദ്ധമായ ട്രഫൽഗർ സ്ക്വയറിൽ മടക്കുകസേരയിട്ടു ദൂരദർശിനിയിലൂടെ നോക്കുകയും പിന്നീട് ബുക്കിൽ എന്തൊക്കെയോ കുറിക്കുകയും ചെയ്യുന്ന ഒരാളെ കണ്ടപ്പോൾ വിശ്വസിക്കാവുന്നയാളെന്നു കരുതി അദ്ദേഹം സ്ക്വയറിനെക്കുറിച്ചു ചോദിച്ചു.

1805ലെ ട്രഫൽഗർ യുദ്ധത്തിൽ നെപ്പോളിയൻ അയച്ച കൂറ്റൻ നാവികപ്പടയെ നെൽസൺ പ്രഭു സമർഥമായി തോൽപിച്ച കഥയും അതിന്റെ സ്മാരകമായി സ്ക്വയറിന്റെ മധ്യത്തിൽ നിർമിച്ച നെൽസൺ സ്തൂപത്തെക്കുറിച്ചും 1857ലെ ഇന്ത്യൻ ലഹള അമർച്ചചെയ്ത സർ ഹെൻറി ഹാവ്‍ലൊക്കിന്റെ പ്രതിമയെക്കുറിച്ചും അയാൾ കോടീശ്വരനു പറഞ്ഞുകൊടുത്തു. വീരകഥകൾ കേട്ട് അമേരിക്കക്കാരൻ മതിമറന്നു.

ബ്രിട്ടന്റെ സ്മാരകസൂക്ഷിപ്പു വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായി സ്വയം പരിചയപ്പെടുത്തിയ വിദഗ്ധൻ അൽപം ദുഃഖത്തോടെ കൂട്ടിച്ചേർത്തു: ഒന്നാം ലോകയുദ്ധം കഴിഞ്ഞു സാമ്പത്തിക ഞെരുക്കത്തിലായ ബ്രിട്ടൻ പല ചരിത്രസ്മാരകങ്ങളും വിൽക്കുകയാണ്. അതിനായി നെൽസൺ സ്തൂപത്തിന്റെ അളവുകളും കണക്കും എടുക്കുകയാണു ഞാൻ. പേര് ആർതർ ഫർഗൂസൺ.

മൂല്യമോ ചരിത്രമോ അറിയില്ലെങ്കിലും പൊങ്ങച്ചത്തിനു യൂറോപ്യൻ പുരാവസ്തുക്കളും കലാവസ്തുക്കളും അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും കോടീശ്വരന്മാർ വാങ്ങിക്കൂട്ടിയിരുന്ന കാലമായിരുന്നു അത്. തലയണയ്ക്കടിയിൽനിന്നു ലക്ഷങ്ങൾ തപ്പിയെടുക്കുന്ന പുതുപ്പണക്കാരുടെ ശൈലിയിൽ അമേരിക്കക്കാരൻ, നെൽസൺ സ്തൂപം നാട്ടിൽകൊണ്ടുപോയി തന്റെ വിസ്തൃതമായ കൃഷിയിടത്തിൽ പുനഃപ്രതിഷ്ഠിക്കാൻ തയാറായി. സ്മാരകം അതിന്റെ അന്തസ്സിനു ചേരുന്ന രീതിയിൽ സൂക്ഷിക്കുമെന്ന് ഉറപ്പുനൽകുകയാണെങ്കിൽ സഹായിക്കാമെന്നായി ഫർഗൂസൺ. 6000 പവന്റെ ചെക്ക് ഫർഗൂസണിന്റെ ബാങ്കിലെത്തി മാറിയെടുക്കാൻ താമസമുണ്ടായില്ല. പകരം ലഭിച്ച വിൽപനരേഖയുമായി ലണ്ടനിലെ ചരക്കുകടത്തു കമ്പനിയെ സമീപിച്ചപ്പോഴാണ് അമേരിക്കക്കാരന് അമളി ബോധ്യമായത്. 

ബക്കിങ്ങാം കൊട്ടാരവും വിറ്റു

ബ്രിട്ടിഷ് രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരവും (തുക 2000 പവൻ) പ്രസിദ്ധമായ ബിഗ് ബെൻ മണിയും ക്ലോക്കും (1000 പവൻ) ഫർഗൂസൺ വിദേശികളായ കോടീശ്വരന്മാർക്ക് ഇതേ രീതിയിൽ വിറ്റ അരമനരഹസ്യക്കഥകൾ ലണ്ടനിൽ അങ്ങാടിപ്പാട്ടാണ്. ഇന്നലെപ്പറഞ്ഞ കഥയിൽ പാരിസിലെ ഐഫൽ ഗോപുരം മൂന്നാമതു വിറ്റ സ്റ്റാൻലി ലോവ്, ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ അറ്റകുറ്റപ്പണിക്കായി 10,000 ഡോളർ ഒരു ജപ്പാൻ കോടീശ്വരനിൽനിന്നു തട്ടിയിട്ടുണ്ട്. (പണി പൂർത്തിയാകുമ്പോൾ ശിലാഫലകത്തിൽ സ്പോൺസറുടെ പേര് കൊത്തിവയ്ക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.) 

buckingham
ബക്കിങ്ങാം കൊട്ടാരം. Photo by Adrian DENNIS / AFP

കളം മാറിക്കളിച്ചപ്പോഴാണു ഫർഗൂസൺ പിടിയിലായത്. അമേരിക്കയിലേക്കു ‘കളിക്കളം’ മാറ്റിയ അയാൾ ന്യൂയോർക്കിലെ സ്വാതന്ത്ര്യപ്രതിമ ഒരു ഓസ്ട്രേലിയൻ കോടീശ്വരന് ഒരു ലക്ഷം ഡോളറിനു ‘വിൽക്കവേ’ പിടിയിലായി. 

നാത്‌സി ഭീകരനെ പറ്റിച്ച വാൻ മീഗരൻ 

കലാലോകമാണു വിരുതൻ ശങ്കുമാരുടെ സ്വർണഖനി. ഹിറ്റ്ലറുടെ ഏറ്റവും ശക്തനായ സൈനികോപദേശകനും ജർമൻ വ്യോമസേനയുടെ മേധാവിയുമായിരുന്ന ഹെർമൻ ഗോറിങ്ങിനെ വരെ പറ്റിച്ച, യഥാർഥ ചിത്രകാരൻ കൂടിയായ ഹാൻ വാൻ മീഗരൻ എന്ന ഡച്ചുകാരനാണ് അവരിലെ പ്രമുഖൻ. 

ഹിറ്റ്ലർ യൂറോപ്പു മുഴുവൻ പിടിച്ചെടുത്ത കാലത്ത് അയാളുടെ ജനറൽമാരിൽ ചിലർ യൂറോപ്യൻ ഗാലറികളിലെ പ്രസിദ്ധചിത്രങ്ങൾ പലതും കൈക്കലാക്കിയിരുന്നു. കുറെയെണ്ണം വൻവില നൽകിത്തന്നെ. യുദ്ധത്തിനു ശേഷമാണ് ഇതെക്കുറിച്ചുള്ള പല വിവരങ്ങളും പുറത്തറിഞ്ഞത്. 

മുന്നൂറുകൊല്ലം മുൻപു ജീവിച്ചിരുന്ന യാൻ വാർമിയർ എന്ന ഡച്ച്് ചിത്രകാരൻ വരച്ച ചിത്രം ഗോറിങ്ങിന്റെ ശേഖരത്തിൽ കണ്ടെത്തിയതാണു ഡച്ച് കലാലോകത്തെ പിടിച്ചുലച്ചത്. അന്വേഷണത്തിൽ അതു വാൻ മീഗരൻ എന്ന കലാകാരൻ ഗോറിങ്ങിനു നൽകിയതാണെന്നു മനസ്സിലായി. ശത്രുവിനു ദേശീയനിധി കൈമാറിയ കുറ്റത്തിനു മീഗരനെ വിചാരണ ചെയ്തപ്പോഴാണ് അയാൾ ബോംബ് പൊട്ടിച്ചത്: ചിത്രം വാർമിയറുടേതല്ല, ഞാൻ തന്നെ വരച്ചതാണ്. ഗോറിങ്ങിൽനിന്ന് 1,60,000 പവനു തുല്യമായ പണം കൈപ്പറ്റിയതിന്റെ രേഖയും അയാൾ കാണിച്ചു. ചുരുക്കത്തിൽ നാത്‌സി ഭീകരനെ താൻ പറ്റിക്കയായിരുന്നു.

monalisa-cartoon

അതു വിശ്വസിക്കാൻ വിസമ്മതിച്ച കോടതി മറ്റൊരു യാൻ വാർമിയർ ചിത്രം വരച്ചുകാട്ടാൻ ആവശ്യപ്പെട്ടു. കോടതി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ദിവസങ്ങൾക്കുള്ളിൽ അയാൾ വാർമിയറുടെ മാത്രമല്ല, നൂറ്റാണ്ടുകൾക്കു മുൻപു ജീവിച്ചിരുന്ന ഒട്ടേറെ ചിത്രകാരന്മാരുടെ രചനകളുടെ കോപ്പികൾ വരച്ചുകാണിച്ചു. അതോടെ മറ്റൊരു സത്യം പുറത്തായി. കലയെക്കുറിച്ചു ബോധമില്ലാത്ത പുതുപ്പണക്കാരെയും അഹങ്കാരികളായ ആർട്ട് ക്രിട്ടിക്കുകളെയും അത്യാഗ്രഹികളായ ഗാലറി ഉടമകളെയും പറ്റിച്ചുകൊണ്ട് മീഗരനെപ്പോലുള്ള ഒട്ടേറെ ചിത്രകാരന്മാർ ഒരു വൻ വ്യാജവ്യവസായം നടത്തുന്നുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രശസ്തമായ ഗാലറികളിൽ ഇങ്ങനെ നൂറുകണക്കിനു വ്യാജചിത്രങ്ങൾ ഉള്ളതായി അയാൾ തെളിവുസഹിതം പ്രഖ്യാപിച്ചു.  ഇന്നും അവയിൽ ചിലതു ഗാലറികളിലുണ്ടെന്നാണു കരുതുന്നത്. 

50 വർഷം മുൻപുണ്ടാക്കി; ‘പഴക്കം’ 2500 വർഷം

പുരാവസ്തുഖനനത്തിൽ ലഭിച്ചതെന്നും 2500 കൊല്ലത്തോളം പഴക്കമുള്ളതെന്നും കരുതിയിരുന്ന ഒരു എട്രൂസ്ക്കൻ യോദ്ധാവിന്റെ ശിൽപം ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ മ്യൂസിയം അധികൃതർ 40,000 ഡോളറിന് 1918ൽ വാങ്ങിയത് താൻ 50 കൊല്ലം മുൻപു നിർമിച്ചതാണെന്ന് 1960ൽ അൽഫ്രെഡോ ഫിയാരോവന്തി വെളിപ്പെടുത്തി; മാത്രമല്ല, ശിൽപത്തിന്റെ ഒടിഞ്ഞുപോയ വിരൽ തന്റെ വീട്ടിൽ നിന്നെടുത്തുകൊണ്ടുവന്നു കാണിക്കുകയും ചെയ്തു.

ഡേവിഡ് സ്റ്റീൻ ആയിരുന്നു ചിത്രകലാലോകത്തെ മറ്റൊരു വിരുതൻ ശങ്കു. നൂറ്റാണ്ടുകൾക്കുമുൻപു ജീവിച്ചിരുന്ന ചിത്രകാരന്മാരുടേതെന്ന പേരിൽ അയാൾ നൂറുകണക്കിനു ചിത്രങ്ങൾ വരച്ചുവിറ്റതിൽ പലതും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ഒടുവിൽ ജീവിച്ചിരിക്കുന്ന മാർക്ക് ഷാഗാൽ എന്ന ഫ്രഞ്ചുചിത്രകാരന്റെതെന്ന പേരിൽ മൂന്നെണ്ണം ന്യൂയോർക്കിലെ ഗാലറിക്കു വിറ്റപ്പോഴാണു പിടിയിലായത്. വിൽപന നടത്തുന്നതിന് ഏതാനും ദിവസം മുൻപു ഷാഗാൽ ന്യൂയോർക്കിലെത്തിയതു സ്റ്റീൻ അറിഞ്ഞിരുന്നില്ല. തന്റെ ചിത്രം ഒരു ഗാലറിയിലുണ്ടെന്നറിഞ്ഞ് അതു ഷാഗാൽ സന്ദർശിച്ചതാണു സ്റ്റീനു വിനയായത്. അറസ്റ്റിലായപ്പോൾ അയാൾ പറഞ്ഞത്രേ: ചത്തവന്റെ പണിയിൽ ഒതുങ്ങിനിന്നിരുന്നെങ്കിൽ ഇതുണ്ടാവുമായിരുന്നില്ല.’ കുറെക്കാലം ജയിലിൽ കിടന്ന സ്റ്റീൻ ഒടുവിൽ ന്യൂയോർക്ക് പൊലീസിന്റെ വ്യാജവേട്ട സ്ക്വാഡിന്റെ ഉപദേഷ്ടാവായി മാറി. 

ഇതൊക്കെയാണെങ്കിലും കലാലോകത്തെ വ്യാജന്റെ നിർമാതാക്കൾക്ക് ഒരു പ്രത്യേക ബഹുമാന്യതയുണ്ട്. അവരും കലാകാരന്മാരാണ്. മറ്റൊരു കാരണം കൂടിയുണ്ട്. ഇന്നു ശിൽപ–ചിത്രകലയുടെ ചക്രവർത്തിമാരായി കരുതപ്പെടുന്ന പലരും ഒരു കാലത്ത് വ്യാജനുണ്ടാക്കിയിട്ടുണ്ട്. ചെറുപ്പകാലത്തൊരിക്കൽ കഞ്ഞികുടിമുട്ടിയപ്പോൾ മൈക്കലാഞ്ചലോ ക്യൂപ്പിഡ് ദേവന്റെ ശിൽപം നിർമിച്ചു കുറച്ചുദിവസം ചെളിക്കുണ്ടിൽ കുഴിച്ചുമൂടിയെടുത്തു പൗരാണികഗ്രീസിൽനിന്നുള്ളതാണെന്നു പറഞ്ഞു റോമിലെ ഒരു കർദിനാളിനു വിറ്റിട്ടുണ്ടെന്നു പറയപ്പെടുന്നു. 

സമ്പന്നർ സാധനങ്ങൾ വാങ്ങുന്ന ലണ്ടനിലെ വിഖ്യാതമായ ഹാരഡ്സ് ഡിപ്പാർട്മെന്റ് സ്റ്റോറുകാർ പ്രദർശനത്തിനായി 9800 പവൻ വിലകൊടുത്ത് 1977ൽ വാങ്ങിവച്ചിരുന്ന ‘നാനൂറുകൊല്ലം പഴക്കമുള്ള’ മാനിന്റെ ശിൽപം കണ്ടപ്പോൾ ഫ്രാങ്ക് സെഡ്ജ്‍വിക്ക് എന്ന മരപ്പണിക്കാരൻ, ‘‘അയ്യോ, ഇതു ഞാൻ ഉണ്ടാക്കിയതാണല്ലോ’’ എന്നു വിളിച്ചുകൂവിയത് അന്നു വാർത്തയായിരുന്നു.

കുരങ്ങനിൽനിന്ന് ‘രൂപാന്തരം’ വന്ന തലയോട്ടി

കലാലോകത്തെ ഏറ്റവും വലിയ തട്ടിപ്പുനടന്നതു ലോകത്തെ ഏറ്റവും പ്രസിദ്ധചിത്രമായ മോണലിസയുടെ പേരിലാണ്. 1911ൽ ഷോദ്രോ, വൽഫിയാർണോ എന്നീ രണ്ടു ചിത്രകാരന്മാരും പെരൂജിയ എന്ന സമർഥനായ മോഷ്ടാവും ചേർന്ന് ലൂവ്‍ർ മ്യൂസിയത്തിൽ നിന്നു ചിത്രം മോഷ്ടിച്ചു. മോഷണവാർത്ത ലോകം മുഴുവൻ അറിഞ്ഞെന്നുറപ്പായപ്പോൾ അതിന്റെ ആറുകോപ്പികളുണ്ടാക്കി യഥാർഥ മോണലിസയെന്ന പേരിൽ ഒന്നിനു മൂന്നുലക്ഷം ഡോളർവച്ച് ആറ് അമേരിക്കൻ കോടീശ്വരന്മാർക്കു രഹസ്യമായി വിറ്റു. (വിഖ്യാതമായ മോഷണവസ്തുക്കൾ വാങ്ങിസൂക്ഷിക്കുന്നതു പോലും ചില കോടീശ്വരന്മാർക്കു ഹരമാണ്.) യഥാർഥ മോണലിസയോ? അതു മോഷ്ടാക്കളുടെ പക്കൽതന്നെ കുറച്ചുകാലം ഇരുന്നു. ഒടുവിൽ പെരൂജിയ അത് ഒറ്റയ്ക്കു തട്ടിയെടുത്ത് ഇറ്റലിയിൽ വിൽക്കാൻ ശ്രമിച്ചപ്പോഴാണു പിടിയിലായത്. 

monalisa
മോണലിസ

ശാസ്ത്രലോകത്തുമുണ്ടായിട്ടുണ്ടു വൻ തട്ടിപ്പുകൾ. കുരങ്ങനിൽനിന്നു മനുഷ്യനായി രൂപാന്തരം സംഭവിച്ചകാലത്തേതെന്നു കരുതപ്പെടുന്ന തലയോട്ടിക്കഷണങ്ങൾ ഇംഗ്ലണ്ടിലെ പിൽട്ഡൗണിൽനിന്ന് 1912ൽ ചാൾസ് ഡോസൺ എന്ന ശാസ്ത്രജ്ഞനു ലഭിച്ചത് അഞ്ചരലക്ഷം കൊല്ലം പഴക്കമുള്ളതാണെന്നും അന്നുവരെ കണ്ടെത്തിയിട്ടുള്ളതിലെ ഏറ്റവും പഴയ ‘മനുഷ്യ’തലയോട്ടിയാണെന്നും ശാസ്ത്രലോകം പ്രഖ്യാപിച്ചതാണ് അവയിൽ ഏറ്റവും കുപ്രസിദ്ധം. പിൽട്ഡൗൺ മനുഷ്യന്റേതെന്നു വിളിക്കപ്പെട്ട ഈ തലയോട്ടി യഥാർഥത്തിൽ മൂന്നു ജീവികളുടെ (മനുഷ്യൻ, ഒറാങ്ഉട്ടാൻ, ചിംപാൻസി) അസ്ഥിക്കഷണങ്ങൾ കൂട്ടിച്ചേർത്തു ഡോസൺ തന്നെ സൃഷ്ടിച്ചതാണെന്നു വർഷങ്ങൾക്കു ശേഷമാണു കണ്ടെത്തിയത്. പൊതുവേ മാന്യനും ആദരണീയനുമായിരുന്ന ഡോസൺ എന്തിനാണ് ഈ തട്ടിപ്പു നടത്തിയതെന്ന് ഇന്നും വ്യക്തമല്ല. 

ദാരുശിൽപത്തിനുള്ളിലെ ആണി കെണിയായി

പതിനാറാം നൂറ്റാണ്ടിലെ വിഖ്യാതരായ ചിത്രകാരന്മാരുടേതെന്ന പേരിൽ 1850കളിൽ ജിയോവനി ബാസ്റ്റ്യാനിനി എന്നൊരാൾ പടച്ചുവിട്ട ഡസൻ കണക്കിനു ചിത്രങ്ങളിൽ രണ്ടെണ്ണം ഇന്നും ലണ്ടനിലെ പ്രൗഢമായ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലുണ്ടെന്നു പറയപ്പെടുന്നു. 

പതിമൂന്നാം നൂറ്റാണ്ടിലേതെന്നു കരുതി അമേരിക്കയിലെ ക്ലീവ്‍ലൻഡ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ഒരു മഡോണ ദാരുശിൽപത്തിന്റെ എക്സ്റേ 1928ൽ എടുത്തപ്പോൾ അതിനുള്ളിൽ പുതിയ ആണികൾ കണ്ടു. പരിശോധിച്ചപ്പോൾ എട്ടുകൊല്ലം മുൻപ് അൽസിയോ ദൊസ്സേന എന്ന വിരുതൻ നിർമിച്ചതാണെന്നു കണ്ടെത്തി. അതെടുത്തുമാറ്റി അത് പ്രദർശിപ്പിച്ചിരുന്ന സ്ഥലത്ത് 1,20,000 ഡോളറിന് വാങ്ങിയ അഥീന ദേവിയുടെ ശിൽപം വച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതും ദൊസ്സേനയുടെ സൃഷ്ടിയാണെന്നു കണ്ടെത്തി.

കലാലോകത്തും ശാസ്ത്രലോകത്തും കുറവാണെങ്കിലും, ഐഫൽ ഗോപുരവും നെൽസൺ സ്തൂപവുമൊക്കെ വിറ്റ യൂറോപ്യൻ വിരുതന്മാരോട് കിടപിടിക്കുന്ന കുറുക്കന്മാർ നമ്മുടെ ഇന്ത്യയിലുമുണ്ട്. നമ്മുടെ സ്വന്തം മിസ്റ്റർ നട്‍വർലാലുമാർ. അവരെക്കുറിച്ചു നാളെ.

English Summary: Some of the famous art forgeries in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com