ADVERTISEMENT

ജൈവവൈവിധ്യവും നേരിടുന്ന വെല്ലുവിളികളെ ഗൗരവമായി കാണണം. ചെറിയ പ്രദേശത്തു കുറഞ്ഞ സമയത്തിനുള്ളിൽ തകർത്തു പെയ്യുന്നതു കേരളത്തിലെ മഴലഭ്യതയിൽ അടുത്തകാലത്തുവന്ന വലിയ മാറ്റമാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിലാണു കാലാവസ്ഥമാറ്റത്തിന്റെ വരവറിയിച്ചുകൊണ്ടു കേരളത്തിലെ സൂക്ഷ്മകാലാവസ്ഥയിൽ ഈ തകിടം മറിച്ചിലുണ്ടായത്. സമഗ്രവും ശാസ്ത്രീയവുമായ നീർത്തടാധിഷ്ഠിത വികസനത്തിലൂടെ ഇതിനെ കുറെയൊക്കെ അതിജീവിക്കാം. 14–ാം പഞ്ചവത്സര പദ്ധതിക്കു തുടക്കമിടുന്ന ഈ സമയത്ത് ഇക്കാര്യത്തിൽ വേണ്ടത്ര ഊന്നൽ നൽകാൻ കഴിയണം.

ചരിഞ്ഞ ഭൂപ്രകൃതി: കരുതൽ വേണം

ഭൂമിക്ക് 15 ഡിഗ്രി ചരിവുള്ളതിനാൽ കേരളത്തിൽ നീരൊഴുക്കിനു വേഗക്കൂടുതലുണ്ട്. അതിനാൽ പെയ്ത്തുമഴയുടെ നല്ലൊരു ഭാഗം 72 മണിക്കൂറിനുള്ളിൽ കടലിലെത്തുന്നു. വർഷത്തിൽ ശരാശരി 120 മഴദിനങ്ങൾ മാത്രം. ഇതുകൊണ്ടുവേണം വർഷം മുഴുവനുള്ള ജലാവശ്യങ്ങൾ സംസ്ഥാനം നിർവഹിക്കാൻ. മഴത്തുള്ളികളുടെ കനം വർധിക്കുന്നതായും നിരീക്ഷണമുണ്ട്.

water-drops

വലിയ മഴത്തുള്ളി മണ്ണിനെ ഇളക്കും. മണ്ണിന്റെ ജലആഗീരണശേഷിയും മഴവെള്ളത്തെ ഉൾക്കൊള്ളാനുള്ള കഴിവും കുറഞ്ഞുവരികയാണ്. സസ്യസമ്പത്തിലും മറ്റുമുണ്ടായ കുറവാണു പ്രധാനകാരണം. മലയോരത്തെ ഒരു ഹെക്ടറിൽനിന്നു വർഷത്തിൽ ശരാശരി 32 ടൺ മണ്ണുവരെ കുത്തിയൊലിച്ചു നഷ്ടമാവുന്നുണ്ട്. ഫലഭൂയിഷ്ടമായ മേൽമണ്ണു സംരക്ഷിക്കേണ്ടതും പ്രധാനമാണ്. അല്ലെങ്കിൽ വെറും തൂക്കുപാറകളായി കേരളത്തിന്റെ മലയോരം മാറും.

കാൽലക്ഷത്തോളം നീർത്തടങ്ങൾ

സംസ്ഥാനത്തു 44 നദീതടങ്ങൾ അഥവാ വൻനീർത്തടങ്ങളാണുള്ളത്. അവയുടെ ഭാഗമായ 152 ലഘുനീർത്തടങ്ങൾ, 960 ഉപനീർത്തടങ്ങൾ, 23,000 ചെറുനീർത്തടങ്ങൾ എന്നിവയുമുണ്ട്. നാട്ടിൻപുറത്തെ അരുവിയും തോടുമൊക്കെയാണ് ഇത്.ശ്രദ്ധയിൽപെടാത്ത സൂക്ഷ്മനീർത്തടങ്ങളും ധാരാളം. ഇവയെല്ലാം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു രേഖപ്പെടുത്താനും പേരോ നമ്പരോ ഇട്ട് റവന്യു രേഖകളിൽ അടയാളപ്പെടുത്താനും സംവിധാനം വരണം.

താരതമ്യേന ഉയർന്ന ഭൂഭാഗങ്ങൾ, ചരിവുപ്രദേശങ്ങൾ, താഴ്‌വരകൾ എന്നിവ ഒരു നീർത്തടത്തിലുണ്ടായിരിക്കും. വിവിധ റവന്യു, ഭരണയൂണിറ്റുകളിലാണെങ്കിലും ഇവയെ ഒന്നായി കാണാൻ കഴിയണം എന്ന ആവശ്യം പരിസ്ഥിതി ഗവേഷകർ നിരന്തരം ഉന്നയിക്കുന്നുണ്ട്.

മണ്ണ്, ജലം (മഴ), ജൈവസമ്പത്ത് എന്നീ അമൂല്യ വിഭവത്രിത്വങ്ങളെ കൈകാര്യം ചെയ്യുവാൻ പറ്റിയ ശാസ്ത്രീയ സുസ്ഥിര വികസനയൂണിറ്റുകളാണ് ചെറുതും വലുതുമായ നീർത്തടങ്ങൾ. ഓരോ നീരൊഴുക്കിനു ചുറ്റുമുള്ള മഴയിടങ്ങളാണിത്. ചെറുചാലുകൾ, തോടുകൾ, നദികൾ എന്നിവ പരിഗണിച്ച് ഓരോ നീരൊഴുക്കിലേക്കും മഴക്കാലങ്ങളിൽ എവിടുന്നെല്ലാം ജലം ഒഴുകിയെത്തുന്നു എന്നു മനസ്സിലാക്കണം. 

dr-v-subhash-chandra-bose
ഡോ. വി.സുഭാഷ് ചന്ദ്രബോസ്

നീർത്തടം: വികസനത്തിന്റെ അടിസ്ഥാന യൂണിറ്റ്

മഴയെ അതതിടങ്ങളിൽ സംരക്ഷിച്ചും മണ്ണിന്റെ ഉൽപാദനക്ഷമത വർധിപ്പിച്ചും മാത്രമേ സുസ്ഥിരവികസനം നേടാൻ കഴിയൂ. മാലിന്യസംസ്‌കരണം, കൃഷി എന്നിവയുമായി ബന്ധിപ്പിച്ചുള്ള നീർത്തടാധിഷ്ഠിത വികസനത്തിനു വലിയ സാധ്യതയാണുള്ളത്. മൂല്യവർധിത വസ്തുക്കളുടെ ഉൽപാദനവും ചെറുകിട തൊഴിൽ സംരംഭങ്ങളും വരുമാന വർധന പരിപാടികളും ഈ വികസന കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകങ്ങളാണ്. വേനലിലും ജലസ്രോതസ്സുകളിൽ നീരൊഴുക്ക് ഉറപ്പാക്കുവാൻ നീർത്തടാധിഷ്ഠിത മണ്ണ്, ജല, ജൈവസംരക്ഷണ പരിപാടികളിലൂടെ കഴിയും.

പാലക്കാട് ജില്ലയിൽ 1972ൽ നടപ്പാക്കിയ കുന്ത അന്തർ സംസ്ഥാന നദീതട സംരക്ഷണ പദ്ധതിയിലൂടെയാണു സംസ്ഥാനത്തു നീർത്തട കാഴ്ചപ്പാട് രൂപപ്പെട്ടത്. പശ്ചിമഘട്ടവികസനം, മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന സ്ഥലങ്ങളിലേക്കുള്ള ദേശീയ നീർത്തട പരിപാടി, നബാർഡ് പദ്ധതികൾ, സംയോജിത നീർത്തടവികസന പരിപാടി തുടങ്ങിവയിലെല്ലാം നീർത്തടമാണ് അടിസ്ഥാന വികസന യൂണിറ്റ്. ഇതിന്റെ വെളിച്ചത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പല പദ്ധതികളും നടപ്പാക്കിവരുന്നു. 

റാളെഗൺ സിദ്ധിയും അൽവറും

മഹാരാഷ്ട്രയിലെ റാളെഗൺ സിദ്ധിയും രാജസ്ഥാനിലെ അൽവറും കർണാടകയിലെ മൈറാഡ എന്നീ പദ്ധതികളെല്ലാം നീർത്തടാധിഷ്ഠിത വികസനത്തിന്റെ വലിയ മാതൃകകളാണ്. 

kannavam-river

കേരളത്തിലെ എല്ലാ നീർത്തടങ്ങൾക്കും മാസ്റ്റർ പ്ലാനുകൾ ആവശ്യമാണ്. വിപുലമായ ജനപങ്കാളിത്തം നീർത്തടപരിപാടികളുടെ വിജയത്തിന് അനിവാര്യമാണ്. നീർത്തടസംഘങ്ങൾ, നീർത്തടഗ്രാമസഭ, നീർത്തട മഹാസഭ, നീർത്തടപഞ്ചായത്ത് തുടങ്ങിയ സംഘടനാ സംവിധാനവും വേണ്ടിവരും. ലഭ്യമായ പ്രകൃതി വിഭവങ്ങളെ അവയുടെ സമഗ്രതയിൽ മനസ്സിലാക്കി ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിയണം. നീർത്തടസാക്ഷരതയുടെ പുതിയ പാഠങ്ങൾ മലയാളി പഠിക്കുകയെന്നതും പ്രധാനമാണ്.

(ജലവിഭവവകുപ്പ് പ്രചാരണവിഭാഗം മേധാവിയായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com