ADVERTISEMENT

പോഷക സംഘടനകളിൽ 20% വനിതാസംവരണം ഏർപ്പെടുത്താനുള്ള പ്രവർത്തകസമിതി തീരുമാനം മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ വഴിത്തിരിവാണ്. വിപ്ലവകരമായ ആ മാറ്റത്തിനു വഴിതെളിച്ച എംഎസ്എഫ് വനിതാവിഭാഗമായ ‘ഹരിത’യുടെ ഭാരവാഹികളെയും ആ സംഘടനയെത്തന്നെയും ലീഗ് നേതൃത്വം തള്ളിപ്പറ‍ഞ്ഞിട്ടുണ്ടാകാം. പക്ഷേ, അവരുടെ പ്രതിഷേധം കേരളസമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനം രാഷ്ട്രീയനേതൃത്വത്തിനു കണ്ടില്ലെന്നു നടിക്കാനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ 73 വർഷത്തെ ചരിത്രമുള്ള പാർട്ടിക്ക് ഒൻപതു വർഷം മാത്രം പ്രായമുള്ള ‘ഹരിത’ ഒരു തരത്തിൽ വഴികാട്ടിയായി മാറി. 

ഈ മാറ്റത്തിനു ലീഗ് നിർബന്ധിതമാകുമെന്ന സൂചന അണികൾക്കു നൽകിയ ഒരു പാർട്ടി അവരുടെ ബദ്ധവൈരിയായ സിപിഎമ്മാണെന്നതു  കൗതുകകരമാണ്. പാർട്ടി സമ്മേളനങ്ങൾക്കുവേണ്ടി സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോ‍ർട്ടിൽ പ്രവചനസ്വഭാവത്തോടെ സിപിഎം  ചൂണ്ടിക്കാട്ടി: ‘സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്നതിന്റെ പേരിൽ എംഎസ്എഫിലെ ഹരിത വിഭാഗം ഉയർത്തിയ കലാപം, സാധാരണ ലീഗിനകത്തു നിന്ന് ഉയർന്നു കേൾക്കുന്നതല്ല. കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിനുള്ളിൽ രൂപപ്പെട്ടുവരുന്ന പുതിയ രാഷ്ട്രീയചലനങ്ങളുടെ പ്രതിഫലനം കൂടിയാണു ലീഗിലെ തർക്കങ്ങൾക്ക് അടിസ്ഥാനം’ 

രാഷ്ട്രീയ എതിരാളികൾ പങ്കുവച്ച ഈ അഭിപ്രായം കഴിഞ്ഞ ദിവസം നടന്ന ലീഗ് പ്രവർത്തകസമിതിയെ സ്വാധീനിച്ചിട്ടുണ്ടാകും. പോഷകസംഘടനകളിൽ വനിതാസംവരണം എന്ന നിർദേശം ആ യോഗം ഏകകണ്ഠമായാണ് അംഗീകരിച്ചത്. ‘ഹരിത’യിലെ പുതുതലമുറയുടെ നടപടികളോട് ആദ്യഘട്ടത്തിൽ നേതൃത്വം പൂർണമായും വിയോജിച്ചിരുന്നു. എംഎസ്എഫിന്റെ നിലവിലെ നേതൃത്വത്തിനെതിരെ ‘ഹരിത’ തിരിഞ്ഞതു തികച്ചും നിഷ്കളങ്കമല്ലെന്നു ലീഗിലെ വലിയൊരുവിഭാഗം വിശ്വസിച്ചു. ഒരു വർഷം മുൻപുനടന്ന എംഎസ്എഫ് സംഘടനാതിരഞ്ഞെടുപ്പു തൊട്ട് സംഘടനയ്ക്കുള്ളിൽ പുകഞ്ഞ കലഹം മറ്റൊരുതരത്തിൽ പുറത്തേക്കു വന്നതാണെന്ന ‘ഹരിത വിമർശകരുടെ’ വിശദീകരണമായിരുന്നു നേതൃത്വത്തിനു തൃപ്തികരം. സംഘടനയ്ക്കുള്ളിലെ തർക്കത്തെ വനിതാ കമ്മിഷനിലെത്തിച്ചതിൽ തങ്ങൾ കുടുംബവും അസ്വസ്ഥരായിരുന്നു. 

ഗൗരിയമ്മയുടെ ആരാധകർ 

ഇതൊക്കെയെങ്കിലും വിദ്യാസമ്പന്നരായ ഒരുകൂട്ടം പെൺകുട്ടികൾ വീറോടെ മുന്നോട്ടുവരികയും ധൈര്യപൂർവം ലീഗ് നേതൃത്വത്തെയും പാർട്ടിയുടെ പ്രവർത്തനശൈലിയെയും വെല്ലുവിളിക്കുകയും ചെയ്തതു ലീഗിനെ കുലുക്കി. വളരെ പെട്ടെന്നുതന്നെ ആ പെൺകൊടികളിൽ പലരുടെയും പേരുകൾ കേരളീയ സമൂഹത്തിനു പരിചിതമായി. അവരിൽ പലരും ഗവേഷണവിദ്യാർഥികളും അഭിഭാഷകരുമായിരുന്നു. പൗരത്വനിയമ പ്രക്ഷോഭത്തിൽ ക്യാംപസുകളിൽ കരുത്തോടെ ശബ്ദിച്ചവരായിരുന്നു. ‘ഗൗരിയമ്മ’യാണു തങ്ങളുടെ ആരാധ്യനായിക എന്നു വെളിപ്പെടുത്താൻ മടിയില്ലാത്തവരുമായിരുന്നു. പാർട്ടി അച്ചടക്കം ലംഘിച്ചതിനു ഗൗരിയമ്മയെയും സിപിഎം പുറത്താക്കിയില്ലേ എന്ന പരോക്ഷ ഭീഷണി അവരുടെ മുന്നിൽ വിലപ്പോയില്ല. 

നിലവിലെ കമ്മിറ്റി തന്നെ പിരിച്ചുവിട്ട് ‘ഹരിത’യുടെ അസ്തിത്വം ഇല്ലാതാക്കാൻ ലീഗ് ശ്രമിച്ചെങ്കിലും അവരുയർത്തിയ ചോദ്യങ്ങൾ‍ അവഗണിക്കാൻ കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളെയും പ്രാന്തവൽക്കരിക്കപ്പെടുന്നവരെയും പ്രതിനിധീകരിക്കുന്ന പാർട്ടി എന്ന പരിവേഷം അവർക്കു കാത്തുസൂക്ഷിക്കേണ്ടിയിരുന്നു. ഉദിച്ചുയരുന്ന പുതുനാമ്പുകളെ പറിച്ചെറിയാ‍ൻ ശ്രമിച്ചാൽ സാഹചര്യം മുതലാക്കുന്ന എതിരാളികൾ ചുറ്റിനുമുണ്ടെന്നും ലീഗ് തിരിച്ചറിഞ്ഞു. അവസരത്തിനൊത്തു ലീഗ് നേതൃത്വം ഉയർന്നതിന്റെ ഫലമായിക്കൂടിയാണ് പതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട സംഘടനാ ഇടങ്ങളിലേക്ക്  സ്ത്രീകൾ എത്തിച്ചേരാൻ പോകുന്നത്. 

നിലവിൽ യൂത്ത് ലീഗിലോ എംഎസ്എഫിലോ സംസ്ഥാനതലത്തിൽ വനിതാ ഭാരവാഹികൾ ആരുമില്ല. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിൽ അടുത്ത മാസം പുനഃസംഘടന നടക്കുമ്പോൾ മൂന്നു വനിതകളെങ്കിലും ഇടംപിടിക്കും. എംഎസ്എഫിന്റെ പുതിയ കമ്മിറ്റി അടുത്തവർഷം ആദ്യമാകും നിലവിൽ വരിക. മറ്റ് അനുഭാവി–പോഷക സംഘടനകളുടെ നേതൃത്വങ്ങളിലും വൈകാതെ പെൺശബ്ദം ഉയരും. പോഷക സംഘടനകളിലെ സംവരണം ലീഗിനും ബാധകമല്ലേ എന്ന ചോദ്യം പാർട്ടിയിൽ ഉയർന്നുകഴിഞ്ഞു. നൂറോളം പേരുള്ള പ്രവർത്തകസമിതിയിൽ നിലവിൽ മൂന്നു വനിതകളാണുള്ളത്. ചരിത്രപരമായ തീരുമാനമെടുത്ത പ്രവർത്തകസമിതിയിൽ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ നൂർബിന റഷീദ് നടത്തിയ പ്രസംഗവും മാറ്റത്തിന്റെ മാറ്റൊലി പോലെയാണു പലർക്കും തോന്നിയത്. നേതാക്കളെ ചുറ്റിപ്പറ്റി നിൽക്കുന്നവരും അതേസമയം ലീഗിന്റെ ശത്രുക്കളുമായ ചിലർ ഈ പാർട്ടിയെ കാർന്നുതിന്നുകയാണെന്ന് അവർ തുറന്നടിച്ചു. 

മുസ്‌ലിം വനിതകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുംവേണ്ടി പതിറ്റാണ്ടുകൾക്കു മുൻപേ നിലകൊണ്ട നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. ‘ഞങ്ങൾ സിഎച്ചിന്റെ പുത്രിമാരാണ്’ എന്നാണു ഹരിതയിലെ പെൺകൊടികൾ ആർജവത്തോടെ ചൂണ്ടിക്കാട്ടിയത്. ആൺ–പെൺ വ്യത്യാസമില്ലാതെ മക്കളെ ചേർത്തുപിടിക്കാൻ ലീഗ് തയാറാകുന്നുവെന്ന് അവരുടെ വൻതീരുമാനങ്ങൾ വിളിച്ചോതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com