കുട്ടികളെ ഇങ്ങനെ പരീക്ഷിക്കരുത്

Entrance Exam | Representational image | (Photo - panitanphoto/Shutterstock)
പ്രതീകാത്മക ചിത്രം. (Photo - panitanphoto/Shutterstock)
SHARE

കോവിഡ്കാല അനിശ്ചിതത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും വലഞ്ഞിരിക്കുമ്പോൾ വിചിത്ര ഉത്തരവുകളിലൂടെ അവരെ പരീക്ഷിക്കുകയാണു സർക്കാർ. പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപേ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചതിന്റെ സാംഗത്യമെന്തെന്നു മനസ്സിലാവാതെ ആശയക്കുഴപ്പത്തിലാണ് എല്ലാവരും. പ്രവേശനപരീക്ഷയുടെ ചരിത്രത്തിൽതന്നെ ആദ്യമാണ് ഇങ്ങനെയൊരു എടുത്തുചാട്ടം.

ഉന്നതവിദ്യാഭ്യാസരംഗത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണു പ്രഫഷനൽ കോഴ്സ് പ്രവേശനപരീക്ഷകളും ഓപ്ഷൻ സമർപ്പണം, അലോട്മെന്റ് തുടങ്ങിയ അനന്തരകാര്യങ്ങളും. ലക്ഷക്കണക്കിനു കുട്ടികൾ രണ്ടു വർഷമെങ്കിലും കഠിനപ്രയത്നം ചെയ്തു പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്നതു വലിയ പ്രതീക്ഷകളോടെയാണ്. അതുകൊണ്ടുതന്നെ, പ്രവേശനനടപടികൾ കൈകാര്യം ചെയ്യുന്നവർ അവരുടെ സ്വപ്നത്തെ മാനിച്ച്, നടപടികൾ കുറ്റമറ്റതാക്കിയേ തീരൂ. നിർഭാഗ്യവശാൽ നടക്കുന്നത് അതല്ല.

വിജ്ഞാപനം ചൊവ്വാഴ്ചയാണു പ്രസിദ്ധീകരിച്ചതെങ്കിലും ഓപ്ഷൻ റജിസ്ട്രേഷൻ നടപടികൾ തിങ്കളാഴ്ചതന്നെ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. വിദ്യാർഥികളെ അറിയിക്കാതെ എങ്ങനെയാണു നടപടികൾ തുടങ്ങാനാകുകയെന്ന ചോദ്യത്തിന് ഉത്തരമില്ല. 

കോഴ്‌സും കോളജും സംബന്ധിച്ച താൽപര്യങ്ങൾ കണക്കിലെടുത്ത് അതീവശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് ഓൺലൈൻ ഓപ്ഷൻ സമർപ്പണം. ഓരോ കോഴ്സിലും സ്ഥാപനത്തിലും ഓരോ കാറ്റഗറിയിലും മുൻവർഷം പ്രവേ‌ശനം കിട്ടിയ അവസാനറാങ്കും സ്വന്തം റാങ്കും പരിഗണിച്ച്, പ്രവേശനസാധ്യത മനസ്സിൽവച്ചാണു കുട്ടികൾ ഓപ്ഷൻ സമർപ്പിക്കാറുള്ളത്. എന്നാൽ ഇക്കൊല്ലം റാങ്ക് പട്ടിക സർക്കാർ ഇന്നു രാവിലെ പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളൂ. തുടർന്ന്, മുൻവർഷങ്ങളിലെ പ്രവേശന ട്രെൻഡുകൾ കൂടി വിലയിരുത്തി ഓപ്ഷനുകൾ സമർപ്പിക്കാൻ സമയം ശേഷിക്കുന്നതാകട്ടെ, ശനിയാഴ്ച വൈകിട്ടു നാലു വരെ മാത്രവും. ആദ്യ അലോട്മെന്റ് 11നു നടക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.

ഓപ്ഷൻ സമർപ്പണത്തിൽ വന്നേക്കാവുന്ന പിശകുകൾ തിരുത്തുന്നതിനും പ്രവേശനസാധ്യതകൾ പരിഷ്കരിക്കുന്നതിനും അവസരം നൽകുന്നതിനായി ട്രയൽ അലോട്മെന്റ് പ്രസിദ്ധപ്പെടുത്താറുണ്ട്. ട്രയൽ അലോട്മെന്റ് നടത്തുമെന്ന് ഇക്കുറിയും പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിനുള്ള തീയതിക്രമം ഓപ്ഷൻ വിജ്ഞാപനത്തിൽ ചേർത്തിട്ടില്ല. അങ്ങനെ ട്രയൽ അലോട്മെന്റിനും തുടർന്ന് ആവശ്യമെങ്കിൽ ഓപ്ഷൻ പുനഃക്രമീകരണത്തിനും അവസരം നൽകാതെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത് കുട്ടികളോടും രക്ഷിതാക്കളോടുമുള്ള അനീതിയാണ്. ഓപ്ഷൻ സമർപ്പണത്തിനു കൂടുതൽ ദിവസം അനുവദിക്കുകയും തുടർന്ന് പതിവുപോലെ ട്രയൽ അലോട്മെന്റ് നടത്തുകയും ചെയ്തശേഷം അലോട്മെന്റ് നടത്താനുള്ള സാധ്യതയാണു സർക്കാർ തേടേണ്ടത്.

ഈ മാസം ഇരുപതിനെങ്കിലും കുട്ടികളെ പ്രവേശിപ്പിച്ച് 25ന് അകം ഒന്നാംവർഷ ക്ലാസുകൾ തുടങ്ങണമെന്ന എഐസിടിഇ നിർദേശമാകാം നടപടികൾ തിടുക്കത്തിലാക്കാൻ സർക്കാർ ചൂണ്ടിക്കാട്ടുന്ന കാരണം. വിവിധ ബോർഡുകളുടെ 12–ാം ക്ലാസ് ഫലപ്രഖ്യാപനവും പ്രവേശനപരീക്ഷകളുമെല്ലാം കോവിഡ്കാല അനിശ്ചിതത്വം മൂലം വൈകിയ വർഷമായതിനാൽ ഈ സമയക്രമത്തിൽ ഇളവു തേടേണ്ടതാണ്. ഐഐടി, എൻഐടി തുടങ്ങി രാജ്യത്തെ മുൻനിര എൻജിനീയറിങ് പഠനസ്ഥാപനങ്ങളിലെ പ്രവേശന കലണ്ടർ പ്രസിദ്ധപ്പെടുത്തിയിട്ടുപോലുമില്ല. കേരളത്തിലെ ആദ്യറാങ്കുകാരിൽ പലരും ഐഐടികളിലും എൻഐടികളിലും പ്രവേശനം കിട്ടിയാൽ അങ്ങോട്ടു പോകുന്നവരാകും. ഐഐടികളിലെയും എൻഐടികളിലെയും സീറ്റ് അലൊക്കേഷൻ കൂടി കണക്കിലെടുത്തുള്ള അലോട്മെന്റ് സമയക്രമമാണു കേരളത്തിൽ അഭികാമ്യം. അതിനാൽ പ്രവേശനത്തിനുള്ള അവസാനതീയതി നീട്ടിനൽകണമെന്ന് എഐസിടിഇയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടേണ്ടതുണ്ട്.

കോവിഡ് പ്രതിസന്ധിമൂലം നേരിട്ടുള്ള ക്ലാസുകൾ കുറവായിരുന്നതും പരിശീലനത്തിനുള്ള സൗകര്യങ്ങളില്ലാതിരുന്നതും ഉൾപ്പെടെ ഒട്ടേറെ തടസ്സങ്ങൾ മറികടന്നാണു കുട്ടികൾ ഇത്തവണ പ്രവേശനപരീക്ഷകളെഴുതിയതും യോഗ്യത നേടിയതും. നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ പ്രതീക്ഷകൾ തകർക്കാതിരിക്കാൻ സർക്കാർ പരമപ്രാധാന്യം നൽകുകതന്നെ വേണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA