ADVERTISEMENT

ലോക്ഡൗണിനുശേഷം സർക്കാർ സേവനങ്ങൾ പുനരാരംഭിച്ചിട്ടും സാമൂഹികക്ഷേമ പെൻഷൻ മസ്റ്ററിങ് നടക്കാത്തതുകൊണ്ടു പെൻഷൻ കിട്ടാതെ വലയുന്നതു വയോജനങ്ങൾ ഉൾപ്പെടെ ആയിരങ്ങളാണ്. മസ്റ്ററിങ് ചെയ്യാത്തതിനാൽ അഞ്ചിനം സാമൂഹികക്ഷേമ പെൻഷനുകൾ തടയപ്പെട്ടവർ 13,61,509 പേരാണെന്നതും വയോജന പെൻഷൻ തടയപ്പെട്ടവർ മാത്രം 6 ലക്ഷത്തിലേറെയുണ്ടെന്നതും ഇപ്പോഴത്തെ സാഹചര്യത്തിന്റെ ആഴവും പരപ്പും വിളിച്ചറിയിക്കുന്നു.

കർഷകത്തൊഴിലാളി പെൻഷൻ തടയപ്പെട്ടത് 3,88,314 പേർക്കാണ്. വിധവാ പെൻഷൻ – 2,49,007, ശാരീരിക പരിമിതിയുള്ളവർക്കുള്ള പെൻഷൻ – 95,725, അവിവാഹിതകൾക്കുള്ള പെൻഷൻ– 16,838 എന്നിങ്ങനെ പോകുന്നു പട്ടിക. അനർഹരായി, പട്ടികയിൽനിന്ന് ഒഴിവാക്കേണ്ട ഒട്ടേറെപ്പേർ ഇതിലുണ്ടാവുമെങ്കിലും  അർഹരായ ഗുണഭോക്താക്കളുടെ വേദനയും നിസ്സഹായതയും സർക്കാർ തിരിച്ചറിയുകതന്നെ വേണം.

സംസ്ഥാനത്തു സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കു ബയോമെട്രിക് മസ്റ്ററിങ് ഏർപ്പെടുത്തിയത് ഒട്ടേറെപ്പേർ അനർഹരാണെന്ന ധനവകുപ്പിന്റെ കണ്ടെത്തലിനെത്തുടർന്നാണ്. പെൻഷൻ വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടെന്നു ബയോമെട്രിക് അടയാളം നോക്കി സാക്ഷ്യപ്പെടുത്താനാണു മസ്റ്ററിങ്. സാമൂഹികക്ഷേമ പെൻഷനുകൾ ലഭിച്ചിരുന്നവർ 2019 നവംബർ 30നുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കണമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. അനർഹരെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, സമയബന്ധിതമായി മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാതെ വന്നു. പിന്നീട് ഏതാനും ദിവസങ്ങൾ മസ്റ്ററിങ്ങിനായി അനുവദിച്ചെങ്കിലും കോവിഡ് വ്യാപനം വില്ലനായി. പലരും മസ്റ്ററിങ് വിവരം അറിഞ്ഞില്ല. അതിലേറെപ്പേർക്കു ലോക്ഡൗൺ കാലത്തെ ആശങ്കകളും യാത്രാപരിമിതികളും തടസ്സവുമായി.

മസ്റ്ററിങ് നടത്താനാവാതെ, പെൻഷൻ തടയപ്പെട്ട് ഒരവസരം കൂടി കാത്തിരിക്കുന്നവരെ സർക്കാർ ഹൃദയപൂർവം കാണുകതന്നെ വേണം. കോവിഡ്  സാഹചര്യത്തിൽ മറ്റ് ഒട്ടേറെ പ്രശ്നങ്ങളിൽ ബദൽ സംവിധാനം കണ്ടെത്തിയ സർക്കാർ, പാവപ്പെട്ട പെൻഷൻകാരുടെ ദയനീയസ്ഥിതി കണ്ടില്ലെന്നു നടിക്കരുത്. എത്രയും വേഗം മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസരം നൽകിയോ ബദൽ സംവിധാനം ഏർപ്പെടുത്തിയോ കരുതൽ കാണിക്കേണ്ടതുണ്ട്.

സങ്കടങ്ങളുടെ ആയിരമായിരം ജീവിതകഥകൾക്കിടയിൽ കൊച്ചി സ്വദേശിയായ ആ എഴുപത്തിനാലുകാരന്റെ കഷ്ടകഥയുമുണ്ട്. വാർധക്യ പെൻഷനുവേണ്ടി 2018ൽ അപേക്ഷിച്ചെങ്കിലും അനുവദിച്ചതു 2019 ഡിസംബറിൽ മാത്രം. എന്തു തീരുമാനമായാലും അപേക്ഷ ലഭിച്ചു 40 ദിവസത്തിനകം അപേക്ഷകരെ രേഖാമൂലം അറിയിക്കണമെന്നു പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവുണ്ടായിട്ടും പെൻഷൻ അനുവദിക്കാൻ തന്നെ 14 മാസമെടുത്തു. ആ വിവരം അറിയിച്ചതുമില്ല. 2019 നവംബറിൽ മസ്റ്ററിങ് നടത്തണമെന്ന ഉത്തരവു വരുമ്പോൾ അദ്ദേഹം ഗുണഭോക്താവ് ആയിരുന്നില്ല. നീതിനിഷേധങ്ങളുടെ ഫലമായി തടയപ്പെട്ടത് 22 മാസത്തെ പെൻഷനാണ്. ഇതുവരെ ഒരു മാസത്തെ പെൻഷൻ പോലും വാങ്ങാനായിട്ടില്ല.

‘പെൻഷൻ അനുവദിച്ചുവെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യഥാസമയം എന്നെ അറിയിച്ചിരുന്നെങ്കിൽ മസ്റ്ററിങ് ചെയ്യാൻ സാധിക്കുമായിരുന്നു’ എന്ന്,  മരുന്നിനും ഭക്ഷണത്തിനും കഷ്ടപ്പെടുന്ന അദ്ദേഹം ഉള്ളുരുകിപ്പറയുമ്പോൾ നിർവികാരമായ സർക്കാർ സംവിധാനങ്ങൾക്ക് എന്താണു മറുപടി പറയാനുണ്ടാവുക? മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പു മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കോർപറേഷൻ സെക്രട്ടറിക്കുമൊക്കെ നിവേദനങ്ങൾ അയച്ചു കാത്തിരിക്കുകയാണ് അദ്ദേഹം.

സാമൂഹികസുരക്ഷാ പെൻഷനുള്ള മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണു മന്ത്രി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇങ്ങനെ ഒഴുക്കൻമട്ടിലുള്ള ആലോചനയല്ല, എത്രയും വേഗം മസ്റ്ററിങ്ങിനു സാഹചര്യം ഒരുക്കുകയാണു സർക്കാർ ചെയ്യേണ്ടത്. അർഹരായിട്ടും അവകാശം നിഷേധിക്കപ്പെട്ട ഒട്ടേറെപ്പേരുടെ ഉള്ളുരുക്കത്തിനു വ്യക്തമായ പരിഹാരം ഉണ്ടാവുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com