ADVERTISEMENT

സമ്പൂർണ വിപ്ലവനായകൻ ലോക് നായക് ജയപ്രകാശ് നാരായൺ  എന്ന ജെ.പി നമ്മെ വിട്ട് പിരിഞ്ഞ് 42 വർഷം പിന്നിടുന്നു. ജെ.പി. സ്വപ്നം കണ്ട സമ്പൂർണ വിപ്ലവം ഇന്നും അകലെയാണെങ്കിലും പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ അങ്ങനെയൊന്ന് സ്വപ്നം കണ്ട ദാർശനികനായിരുന്നു അദ്ദേഹം. 1977 നവംബറിൽ വിദ്യാർഥി സമ്മേളനത്തിന് നടത്തിയ സന്ദേശത്തിൽ ജെ.പി ഇപ്രകാരം പറഞ്ഞു "സമ്പൂർണ വിപ്ലവം ഇനിയും അകലെയാണ്, രാജ്യത്തിലെ യുവശക്തികൾക്ക് മാത്രമേ അത് കൈവരിക്കാനാകൂ. ജനാധിപത്യം യാഥാർഥ്യമാവണമെങ്കിൽ സമ്പൂർണ്ണ വിപ്ലവത്തിന് തുടക്കം കുറിക്കണം. അത് ഇന്നും വിദൂരമാണ് സാമൂഹികനീതി, തൊഴിലില്ലായ്മ ,തൊഴിൽ അവകാശം, വികേന്ദ്രീകരണം, വിദ്യാഭ്യാസ അവകാശം, ഇവയൊക്കെ സമ്പൂർണ്ണ വിപ്ലവത്തിലെ പൊൻമണികളാണ് ".

44 വർഷം മുമ്പ് ജെ.പി സ്വപ്നം കണ്ട സമ്പൂർണ വിപ്ലവം സമ്പൂർണ സാമൂഹിക നീതി തന്നെയാണ്.  വി.പി സിങ് നടപ്പാക്കിയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടും തുടർന്ന് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളും വിസ്മരിക്കുന്നില്ലെങ്കിലും സമ്പൂർണ്ണമായ സാമൂഹികനീതി അകലെത്തന്നെ. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. തൊഴിലവകാശം യാഥാർഥ്യമായില്ല. വികേന്ദ്രീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഡോക്ടർ ലോഹ്യയുടെ ചതുസ്തംഭരാഷട്ര സിദ്ധാന്തം മാതൃകയായ ത്രിതല ഭരണസംവിധാനം കൂടി നിലവിൽ വന്നെങ്കിലും ഇത് പൂർണമായിട്ടില്ലെന്ന് മാത്രമല്ല അധികാര കേന്ദ്രീകരണത്തിന് ഉള്ള നീക്കങ്ങളും കാണുന്നു. മതപരമായ ചേരിതിരിവ് വർധിച്ചു .ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ഒരു പിടി കോർപ്പറേറ്റുകൾക്കായി രാജ്യഭരണം ചുരുങ്ങുന്നു . കർഷകർ ഇന്നും തെരുവിൽ സമരത്തിൽ തന്നെ .

ക്ഷേമരാഷ്ട്രം സോഷ്യലിസത്തിന്റെ ദുർബലവും വികലവുമായ രൂപമാണ് എന്നതായിരുന്നു ജെ.പിയുടെ കാഴ്ചപ്പാട്. രാഷട്രത്തിനായി സമർപ്പിതമായ ജെ.പിയുടെ ജീവിതം അനേകം സ്വാതന്ത്ര പോരാളികൾക്കും യുവജനങ്ങൾക്കും മാതൃകയായി. മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു ,ഡോക്ടർ റാം മനോഹർ ലോഹ്യ, വിനോബാ ഭാവെ തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കൾക്ക് ജെ.പിയോട് സ്നേഹവും ബഹുമാനവുമായിരുന്നു.

ജയപ്രകാശിനും ഭാര്യ പ്രഭാവതിക്കും നെഹ്റുവും കസ്തൂർബയും സ്നേഹമുള്ള സഹോദരങ്ങളായിരുന്നു. എതിർക്കുമ്പോഴും ജെ.പിയുടെ ധർമ്മ വിജയത്തിനായുള്ള പോരാട്ടത്തിൽ ഇന്ദിരാഗാന്ധി അഭിമാനം കൊണ്ടിരുന്നു. എന്നാൽ 1947 ന് ശേഷം ഇന്ദിരാഗാന്ധിക്കെതിരെ ജെ.പിക്ക് പോരാടേണ്ടി വന്നു. അടിയന്തരാവസ്ഥാ കാലത്ത് ജെ.പിയെ പട്നാ തെരുവിൻ മർദിച്ച്   ജയിലിലിട്ടു. 

യു.പി – ബിഹാർ അതിർത്തിയിലെ ബാബുർബാനിയിൽ 1902 ഒക്ടോബർ 11 നാണ് ജെ.പിയുടെ ജനനം. ഗാന്ധിജിയുടെ സുഹൃത്തിൻ്റെ മകൾ പ്രഭാവതിയെ 1920 മേയ് 16ന് വിവാഹം കഴിച്ചു. അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോയപ്പോൾ പ്രഭാവതി സബർമതിയിൽ കസ്തൂർബായുടെ കൂടെ ആയിരുന്നു. ഹോട്ടലുകളിൽ പാത്രം കഴുകിയും വെയിറ്റർ പണി ചെയ്തും ഷൂ ഷൈൻ പാർലറുകളിൽ ചെരുപ്പ് തുടച്ച് മിനുക്കിയും കക്കൂസ് വൃത്തിയാക്കിയുമാണ് അമേരിക്കയിൽ ഉപരി പഠനത്തിന് പണം കണ്ടെത്തിയത്. കോളജ് പഠനം ഉപേക്ഷിച്ച് റൗലറ്റ് ആക്റ്റിനെതിരായ പോരാട്ടത്തിന് ജെ.പി തീരുമാനിച്ചു - 1921 ജനുവരി 21ന് മൗലാനാ അബുൽ കലാം ആസാദുമായി പട്നയിൽ കൂടിക്കാഴ്ച നടത്തി നിസ്സഹകരണ പ്രസ്ഥാനത്തിൽ വിദ്യാർഥികളെ അണിനിരത്താനുള്ള ഉത്തരവാദിത്തം ജെ.പി ഏറ്റെടുത്തു. ഭാരതത്തിലെ വിദ്യാർഥി സമൂഹം ചർച്ച ചെയ്യുംവിധം ബിഹാറിലെ വിദ്യാർഥി പ്രക്ഷോഭം വളരുകയും ജെ.പിയെ അവർ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു.

1934 മെയ് 14 പട്നയിൻ ആചാര്യ നരേന്ദ്ര ദേവിൻ്റെ അധ്യക്ഷതയിൽ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ ജെ.പി.ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. റാം മനോഹർ ലോഹ്യ, അച്ചുത് പട് വർദ്ധൻ ,സമ്പൂർണ്ണാനന്ദ്, അശോക് മേത്ത, വിനു മസാനി, എസ് എം ജോഷി, എൻ.ജെ.ഗോ റെ, മുൻഷി അഹമ്മദ് കമലാ ദേവ് ,തുടങ്ങിയ വർ ജെ പിയോടെപ്പം ഉണ്ടായിരുന്നു.  1939 രണ്ടാം ലോകമഹായുദ്ധത്തിൽ ഭാരതത്തെ പങ്കാളിയാക്കിയതിനെതിരെ സാമ്രാജ്യത്തയുദ്ധം എന്ന് വിശേഷിപ്പിച്ച് ജെ.പി.ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിൽ പ്രസംഗിക്കവെ ജെ.പിയെ അറസ്റ്റ് ചെയ്ത് ഹസാരിബാഗ് ജയിലിലടച്ചു.  "അടിമച്ചങ്ങല പൊട്ടിച്ചെറിയൂ" എന്ന് ആഹ്വാനം ചെയ്ത് ജെ.പി ജയിലിലേക്ക് നീങ്ങി.

 1942 നവംബർ 9 ന് 17 അടി ഉയരമുള്ള ജയിൽ ഭിത്തി ചാടി കടന്ന് ജെ.പി പുറത്ത് വന്നു. 1943ൽ മുഗൾ പുരസ്റ്റേഷനിൽവച്ച് വീണ്ടും അറസ്റ്റിലായി. ചാട്ടവാർ കൊണ്ട് മർദ്ദിച്ച  ശേഷം ലഹോർ കോട്ടയിലെ ജയിലിലടച്ചു. ആ ജയിലിൽ ലോഹ്യ തടവുകാരനായി ഉണ്ടായിരുന്നു. ഒരു ജീവിയോടും ഇന്നേ വരെ കാണിക്കാത്ത കൊടും ക്രൂരതയാണ് ജെ.പിയുടെമേൽ കാണിച്ചെതെന്ന് പിന്നീട് ലോഹ്യ പറയുകയുണ്ടായി. ജെ.പിയുടെ പേരിൽ രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 'ജനം ഒന്നടങ്കം തെരുവിലിറങ്ങിയതിനെ തുടർന്ന് 1946 ഏപ്രിൽ 11 ജെപിയും ലോഹ്യയും മോചിക്കപ്പെട്ടു.

 സ്വാതന്ത്രാനന്തരം സോഷ്യലിസം പ്രചരിപ്പിക്കാൻ ലോഹ്യയും ജെ.പിയും തീരുമാനിച്ചു.1947 ഫിബ്രവരിയിൽ ലോഹ്യയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് കോൺഗ്രസ് എന്നത് ഒഴിവാക്കാൻ തീരുമാനിച്ചു.

പിന്നീട് സർവ്വോദയ രംഗത്തും ഭൂദാനപ്രസ്ഥാനത്തെയും സംയോജിപ്പിച്ച് പ്രവർത്തിക്കാനാണ് ജെ.പി കൂടുതൽ സമയം വിനിയോഗിച്ചത് .  നെഹ്റുവിനും ഇന്ത്യൻ ദേശീയ നേതാക്കൾക്കും ജെ.പിയെ പ്രധാനമന്ത്രിയാക്കാൻ താല്പര്യമുണ്ടായിരുന്നു.  എന്നാൽ ഞാൻ ഒരു പഞ്ചായത്ത് മെമ്പർ പോലും ആവാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ജെ.പി അത് നിരസിച്ചു.

തലയ്ക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിക്കപ്പെട്ട ചമ്പൽ കൊള്ളക്കാർ ജെ.പിയുടെ മുമ്പിൽ കീഴടങ്ങി. തൂക്കിക്കൊല്ലരുത്, ജയിലിൽ നല്ല പെരുമാറ്റം ലഭിക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിപ്പിച്ച് ഒത്തുതീർപ്പുണ്ടാക്കി ആയുധം വച്ച് കീഴടങ്ങുകയായിരുന്നു.  1967 ഒക്ടോബർ 12 ന് ലോഹ്യയുടെ മരണവും 1973 ഏപ്രിൽ 15 പ്രഭാവതിയുടെ വേർപാടും ജെ.പിയെ ഏറെ വേദനിപ്പിച്ചു.

ജെ.പി കേരളത്തിലെ സോഷ്യലിസ്റ്റുകൾക്കും പ്രിയപ്പെട്ട നേതാവായിരുന്നു. കേരളത്തിലെ പ്രമുഖരായ സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങിൽ ശ്രീധരൻ, എം പി വീരേന്ദ്രകുമാർ, പി.വിശ്വംഭരൻ തുടങ്ങി ഒട്ടനവധി നേതാക്കളുമായി ജെ.പി നല്ല ബന്ധം നിലനിർത്തിയിരുന്നു. കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റായ എം.പി വീരേന്ദ്രകുമർ അദ്ദേഹത്തിന്റെ  പിതാവ് ശ്രീ പത്മപ്രഭാ ഗൗഡർക്കൊപ്പം പങ്കെടുത്ത സോഷ്യലിസ്റ്റ് സമ്മേളന വേദിയിൽ ജെ.പിയിൽ നിന്നാണ് സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചത്

1973 മാർച്ച് 18 ന് ബിഹാറിലെ ഒരു പറ്റം വിദ്യാർഥികൾ ജെ.പിയെ സന്ദർശിച്ചു. രാജ്യത്തിൻ്റെ ഭാവി നിങ്ങളുടെ കൈകളിലാണ് . നിങ്ങളുടെ ഉള്ളിൽ ഉത്സാഹവും ശകതിയുമുണ്ട്. വിദ്യാർഥികൾ  ആവശ്യപ്പെട്ടു അങ്ങ് ഞങ്ങളുടെ നേതൃത്വം ഏറ്റെടുക്കണം. രോഗങ്ങളെ തുടർന്ന് വിശ്രമിക്കുകയായിരുന്ന ജെ.പി വിദ്യാർഥികളെ നിരാശരാക്കിയില്ല. മാർച്ച് 28ന് ജെ.പിയുടെ നേതൃത്വത്തിൽ പടുകൂറ്റൻ പ്രകടനത്തോടെ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചു. ഒരു വർഷം പഠനം ഉപേക്ഷിച്ച് സമരത്തിനിറങ്ങാൻ ജെ.പി ആവശ്യപ്പെട്ടു വിദ്യാലയങ്ങളും കലാശാലകളും അടഞ്ഞ് കിടന്നു,  ബീഹാറിൽ ഭരണംതന്നെ സ്തംഭിച്ചു. ജെ.പിയെ കാണാൻ ഇന്ദിരാഗാന്ധി ബിഹാറിലെത്തി ഞാൻ ഇന്ദിരയുടെ പക്ഷത്തല്ല ജനപക്ഷത്താണെന്ന് ജെ.പി പ്രഖ്യാപിച്ചു. ഒക്ടോബറിൽ തുടർച്ചയായ  മൂന്നു ദിവസം ബിഹാറിൽ സമ്പൂർണ ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. നിരായുധരായ ജനങ്ങൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ  പലർ രക്‌തസാക്ഷികളായി. നിങ്ങൾ ഞങ്ങളുടെ പ്രതിനിധികൾ അല്ല കസേരയും സ്ഥാനങ്ങളും ഒഴിയൂ– ജെ.പി ഗർജിച്ചു.

തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ ജെ പിയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചു.1974 നവംബർ 18ന് പാട്നയിലെ ഗാന്ധി മൈതാനത്ത് ലക്ഷങ്ങളെ സാക്ഷി നിർത്തി ജെ.പി ആ വെല്ലുവിളി സ്വീകരിച്ചു. രാജ് നാരായൺ നൽകിയ കേസിൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി അലഹബാദ് ഹൈക്കോടതി വിധിയും വന്നതോടെ 1975 ജൂൺ 25 ഡൽഹിയിലെ റാംലീല മൈതാനത്ത് ലക്ഷങ്ങളെ അഭിസംബോധന ചെയ്ത ജെ.പി നിയമ വിരുദ്ധ സർക്കാരിനെ  ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. അന്ന് വൈകീട്ടാണ്  ഇന്ദിരാഗാന്ധി രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാണെന്ന് കാട്ടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി  അറിയിച്ചത്.

ജൂൺ 25 ന് അർദ്ധരാത്രി ജെ.പി അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് 3 ദിവസം കഴിഞ്ഞപ്പോൾ ഹൃദ്രോ ഗത്താൽ ഡൽഹി ആശുപത്രിയിലേക്ക് മാറ്റി. സെപ്തംബർ 27ന് വയറു വേദന അനുഭവപ്പെട്ടു.   രണ്ട് വൃക്കകളും തകരാറിലായതായി ഡോക്ടർമാർ പറഞ്ഞു.  മരിക്കുമെന്ന അവസ്ഥ വന്നപ്പോൾ വിട്ടയച്ചു. തുടർന്ന് 1975 നവം: 22ന്  ജസ് ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡയാലിസസിന് വിധേയമാക്കി.

1977 ജനുവരി 12 ലോക്സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. രാംലീല മൈതാനത്ത് 10 ലക്ഷം പേരെ അഭിസംബോധന ചെയ്ത ജെ.പി ജനാധിപത്യവും ഏകാധിപത്യവും തമ്മിലാണ് മത്സരം ഇതിൽ ജനാധിപത്യം ജയിച്ചേ മതിയാവൂ എന്നു പ്രഖ്യാപിച്ചു.

രോഗിയും വൃദ്ധനുമായ ജെ.പി മുഴുവൻ ശകതിയുമെടുത്ത് തിരഞ്ഞെടുപ്പിൽ മുഴുകി. കൽക്കത്ത ,ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊടുംകാറ്റ് പോലെ പര്യാടനം നടത്തി പ്രസംഗവേദികളിൽ ലക്ഷങ്ങൾ തടിച്ച്കൂടി ഇതിനിടെ,  രോഗം മൂർഛിച്ചിരുന്നു. ജെ.പിയെ ജനം തളളിയില്ല' 1977 മാർച്ച് 17 മുതൽ 20 വരെ നടന്ന തിരഞ്ഞെടുപ്പിൽ ലോക് സഭയിൽ 439 ൽ  293 സീറ്റ് നേടി ജനതാ ഗവൺമെൻ്റ് അധികാരത്തിലെത്തി മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. മാറ്റത്തിന്റെ കൊടുങ്കാറ്റ് ആണ് ജെ.പി. സൃഷ്ടിച്ചത്.

മരണത്തിലും വിപ്ലവം സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു ജെ.പി.1977 മാർച്ചിൽ ജെസ്‌ലോക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജെ.പി.ക്ക് ഹൃദയസ്തംഭനം ഉണ്ടായി. ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. ലോക്സഭ സമ്മേളിക്കുന്ന സമയമായിരുന്നു. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കാതുകളിൽ ജെ.പി മരണപ്പെട്ടു എന്ന വാർത്ത എത്തി. മൊറാർജി ഖേദപൂർവ്വം ഈ വിവരം ലോക് സഭയെ അറിയിച്ചു. എന്നാൽ പിന്നെയും ആറ് മാസം കഴിഞ്ഞ് 1979 ഒക്ടോബർ 8 ന് കാലത്ത് 6 മണിയോടെയാണ് ആ വിപ്ലവ സൂര്യൻ അസ്തമിച്ചത്. ഒക്ടോബർ 9 ന് പട്‌നയിലെ ഗംഗാ തീരത്ത് മൃതദേഹം സംസ്കരിച്ചു.

ജനതാദൾ എസ് ദേശീയസമിതി അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമാണ് ലേഖകൻ

English Summary: Remembering Jayaprakash Narayan on his 42nd death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com