വിറ്റഴിക്കൽ പാതയിൽ ഒരു ചുവടുകൂടി

jrd-tata
ജെആർഡി ടാറ്റ
SHARE

എയർ ഇന്ത്യ സ്വകാര്യസ്വത്തായി മാറുമ്പോൾ നരേന്ദ്ര മോദി സർക്കാർ ആശ്വസിക്കുകയാണ്. നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ വിൽക്കാൻ ഏതാനും വർഷമായി നടന്ന പരിശ്രമമാണു വിജയിക്കുന്നത്. സ്വകാര്യവൽക്കരണ, ആസ്തിവിൽപന അജൻഡയിൽ ഒരു ചുവടുകൂടി വയ്ക്കുന്നു. വിൽപനയല്ല വഴിയെന്ന് ഏറെ വാദിച്ച സ്വദേശി ജാഗരൺ മഞ്ചിന്റെ (എസ്ജെഎം) നിലപാടുകൾ അവഗണിക്കപ്പെട്ടു.

എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കുക അല്ലെങ്കിൽ അടച്ചുപൂട്ടുക – ഇതാണു സ്ഥിതിയെന്നാണു നേരത്തേ വ്യോമയാനമന്ത്രാലയ ചുമതലയുണ്ടായിരുന്ന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ മാർച്ചിൽ പറഞ്ഞത്. ഉടമസ്ഥത മാറിയാൽ പ്രസ്ഥാനം മെച്ചപ്പെടുമെന്ന വാദത്തിന് അദ്ദേഹം പറഞ്ഞ കാരണങ്ങളിതാണ്: വേഗത്തിൽ തീരുമാനങ്ങളുണ്ടാവും, പ്രവർത്തനരീതി മെച്ചപ്പെടും.

എന്നാൽ, സർക്കാരാണു നടത്തിപ്പുകാർ എന്നതിനാൽ നഷ്ടമെന്ന് എങ്ങനെ വിലയിരുത്തുമെന്ന ചോദ്യമാണു സംഘ് പരിവാർ പ്രസ്ഥാനമായ എസ്ജെഎം ഉന്നയിച്ചത്. ഒഎൻജിസിയും സർക്കാർ സ്ഥാപനമാണെന്നും അതു വലിയ ലാഭമുണ്ടാക്കുന്നില്ലേയെന്നും എസ്ജെഎം ചോദിച്ചു. എന്നാൽ, സ്വകാര്യവൽക്കരണത്തിൽ കുഴപ്പമില്ല, വിദേശിക്കു വിൽക്കരുതെന്നു മാത്രമേയുള്ളു എന്നായിരുന്നു ആർഎസ്എസ് നിലപാട്.

എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കടുത്ത പ്രതിസന്ധിയിലാകും മുൻപേയാണ് ഓഹരികൾ വിൽക്കാമെന്നു വാജ്പേയി സർക്കാർ ആലോചിക്കുന്നത്. എയർ ഇന്ത്യ ചെറിയ തോതിലെങ്കിലും ലാഭത്തിലായിരുന്നു; ഇന്ത്യൻ എയർലൈൻസിന്റെ നഷ്ടം വലുതല്ലായിരുന്നു. പൊതുവിൽ വ്യോമയാന മേഖല പ്രതിസന്ധി നേരിട്ട 2001–03ലും എയർ ഇന്ത്യയുടെ പ്രവർത്തനത്തിന് ‘വെരി ഗുഡ്’ റേറ്റിങ്ങാണ് ഓഡിറ്റിൽ ലഭിച്ചത്. 1998–2002ൽ ഇന്ത്യൻ എയർലൈൻസും ‘വെരി ഗുഡ് ‌ ’റേറ്റിങ് നേടി.

INDIA-ECONOMY-AVIATION

ഓഹരികൾ വിൽക്കാൻ സർക്കാർ ആലോചിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പിനു താൽപര്യമുണ്ടായിരുന്നു. പക്ഷേ, അന്നു ജീവനക്കാരുടെ എതിർപ്പിനാൽ വിൽപന നടന്നില്ല. 2007ൽ രണ്ടു കമ്പനികളും ലയിപ്പിച്ചു. ഇതോടെ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയെന്നാണു വിലയിരുത്തൽ. എയർ ഇന്ത്യയുടെ സാമ്പത്തിക പുനഃക്രമീകരണത്തിനായി 2012ൽ പദ്ധതി തയാറാക്കിയതല്ലാതെ, സ്വകാര്യവൽക്കരണത്തിന് യുപിഎ സർക്കാർ താൽപര്യപ്പെട്ടില്ല.

എയർ ഇന്ത്യ 2015–16ൽ 105 കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കുകയും പിറ്റേ വർഷം 300 കോടി ലാഭം പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴാണ് സ്വകാര്യവൽക്കരിക്കാൻ മോദി സർക്കാർ തീരുമാനിക്കുന്നത്. സ്വകാര്യവൽക്കരണമല്ല നഷ്ടം ഒഴിവാക്കാനുള്ള പോംവഴിയെന്നാണ് 2018ൽ പാർലമെന്ററി സമിതി നിർദേശിച്ചത്. കടം എഴുതിത്തള്ളുന്നതിനൊപ്പം ഏതാനും ആസ്തികൾ വിൽക്കാവുന്നതാണെന്നും സമിതി പറഞ്ഞു.

ഓഹരികൾ ജീവനക്കാർക്കു നൽകുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ എസ്ജെഎം ഉപദേശിച്ചു. കൺസൽറ്റൻസികളുടെ ഉപദേശം സ്വീകരിച്ചാണ് വിൽപനനീക്കം. സ്ഥാപനത്തിന്റെ ആസ്തിയെക്കുറിച്ച് ശരിയായ പഠനമില്ല. എയർ ഇന്ത്യയ്ക്ക് വിദേശത്ത് 2500, ഇന്ത്യയിൽ 3500 എന്നിങ്ങനെ 6000 പാർക്കിങ് സ്ലോട്ടുണ്ട്. ഇവയുടെയൊക്കെ മൂല്യം കണക്കു പുസ്തകങ്ങളിൽനിന്നു മനസ്സിലാവില്ല –എസ്ജെഎം വാദിച്ചു. എന്നാൽ, സ്വകാര്യവൽക്കരണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു.

2018ൽ മുന്നോട്ടു വച്ച വിൽപന പദ്ധതിയോട് ആരും താൽപര്യം പറഞ്ഞില്ല. അതുകൊണ്ടുതന്നെ വ്യവസ്ഥകൾ മാറ്റാൻ സർക്കാർ നിർബന്ധിതമായി. ഏറ്റെടുക്കേണ്ട കടബാധ്യതയുടെ തോതും പിന്നീടു കുറച്ചു. ആ ബാധ്യതയുടെ തോത് കമ്പനിയെ വാങ്ങുന്നവർക്കു തീരുമാനിക്കാമെന്നുവരെ പറഞ്ഞപ്പോഴാണ് താൽപര്യപത്രങ്ങൾ വന്നു തുടങ്ങിയത്.

എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ്, എയർ ട്രാൻസ്പോർട്ട് സർവീസസ്, എയർലൈൻ അലൈഡ് സർവീസസ്, ഹോട്ടൽ കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയും 45,000 കോടിയിലേറെ കടബാധ്യതയും എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്സ് ലിമിറ്റഡ് ഏറ്റെടുക്കും. ആസ്തികളുടെ വിൽപന തുടരും. എയർ ഇന്ത്യയിൽ 12,000 ജീവനക്കാരുണ്ട്, എയർ ഇന്ത്യ എക്സ്പ്രസിൽ 1434 പേരും. ഇവർക്ക് ഒരു വർഷത്തിനുശേഷം സ്വയം വിരമിക്കൽ പദ്ധതി(വിആർഎസ്) ടാറ്റ തയാറാക്കും. പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ ബാധകമാകുന്നതെന്നു വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ വിആർഎസിനു ബാധകമാകുമെന്നാണു സർക്കാർ പറഞ്ഞിട്ടുള്ളത്.

കേരളത്തിലേക്ക് വിമാനമെത്തിയത് 1935ൽ

തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ ആവശ്യപ്രകാരം ടാറ്റ ഏവിയേഷൻ ഗ്രൂപ്പ് കേരളത്തിലേക്ക് ആദ്യമായി വിമാന സർവീസ് നടത്തിയത് 1935 ഒക്‌ടോബർ 29ന് ആണ്. ബോംബെയിൽനിന്നു തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. നെവിൽ വിൻസെന്റ് എന്ന പൈലറ്റ് പറത്തിയ വിമാനത്തിന് ഇടയ്ക്ക് രണ്ടു സ്റ്റോപ്പുകളാണുണ്ടായിരുന്നത്: ഗോവയിലും കണ്ണൂരിലും. 

ഗസ്‌ഡർ പറത്തി, ആദ്യ രാജ്യാന്തര വിമാനം

1948 ജൂൺ എട്ടിനാണ് എയർ ഇന്ത്യയുടെ ആദ്യ രാജ്യാന്തര വിമാനം പറന്നുപൊങ്ങിയത്. ബോംബെയിൽ നിന്നു ലണ്ടനിലേക്കു 35 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന വിമാനത്തിന്റെ പ്രധാന പൈലറ്റ് ആരാകണം എന്നതിനെക്കുറിച്ച് അധികൃതർക്ക് അധികം ചിന്തിക്കേണ്ടിവന്നില്ല. കെ.ആർ.ഗസ്‌ഡറിനെ അതിനു നിയോഗിച്ചു. പത്തൊൻപതാം വയസ്സിൽ  വിമാനം പറത്തി ചരിത്രം സൃഷ്‌ടിച്ചിട്ടുള്ള അദ്ദേഹത്തെപ്പോലെ യോഗ്യനായ മറ്റൊരാളെ കണ്ടെത്താൻ അക്കാലത്തു ബുദ്ധിമുട്ടുമായിരുന്നു. പറന്നുയർന്ന കന്നിവിമാനത്തെ ആദ്യത്തെ പന്ത്രണ്ടുമണിക്കൂറും നിയന്ത്രിച്ചത് ഗസ്ഡറാണ്. 

mathulla-mathen-jacqueline
ക്യാപ്റ്റൻ മാത്തുള്ള മാത്തൻ, ജാക്വിലിൻ കെന്നഡി

മുടിയഴക് വരുത്താൻ ആകാശത്ത് വട്ടമിട്ട്

യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡിയുടെ ഭാര്യ ജാക്വിലിൻ കെന്നഡിയുമായുള്ള എയർ ഇന്ത്യ വിമാനം ‘കാഞ്ചൻജംഗ’ റോമിലെ ലിയനാഡോ ഡാവിഞ്ചി എയർപോർട്ടിൽനിന്നു ഡൽഹിയിലേക്കായിരുന്നു പറന്നത്. യാത്ര നിയന്ത്രിച്ചതു മലയാളിയായ ക്യാപ്റ്റൻ മാത്തുള്ള മാത്തൻ. വിശിഷ്‌ടാതിഥിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നെഹ്‌റുവും ഇന്ദിരാഗാന്ധിയും പരിവാരങ്ങളും വിമാനത്താവളത്തിൽ കാത്തുനിൽക്കുമെന്ന സന്ദേശം കൈപ്പറ്റിയ മാത്തൻ കൃത്യസമയത്തു തന്നെ ലാൻഡ് ചെയ്യാനുറച്ചു യാത്ര തുടങ്ങി. ലാൻഡിങ് സമയമടുത്തപ്പോൾ എയർഹോസ്‌റ്റസ് കോക്‌പിറ്റിലെത്തി. ലാൻഡിങ് 20 മിനിറ്റ് വൈകിക്കണമെന്നായിരുന്നു ആവശ്യം. ലേഡി കെന്നഡിയുടെ കേശാലങ്കാരം കഴിഞ്ഞിട്ടില്ലത്രേ. ഒന്നു സംശയിച്ചെങ്കിലും ‘കാഞ്ചൻജംഗ’യെ ഡൽഹിയുടെ ആകാശത്ത് 20 മിനിറ്റ് വട്ടംകറക്കി മാത്തൻ ജാക്വിലിന്റെ മുടിയഴകു കാത്തു.

geetha
ഗീത സരിൻ

എയർഹോസ്റ്റസ്; ഹോക്കി നായികയും

ഇന്ത്യൻ ഹോക്കി ടീമിന്റെ നായിക, എയർ ഇന്ത്യയിൽ എയർ ഹോസ്‌റ്റസ്,  പിന്നീട് രാജ്യാന്തര റഫറി: ഗീത സരിൻ കുറിച്ചതു ചരിത്രം. എയർ ഹോസ്‌റ്റസുമാർക്കു വിവാഹം കഴിക്കാമെന്നു കോടതിവഴി അധികൃതരെക്കൊണ്ടു സമ്മതിപ്പിച്ച ഗീതയെ കാലത്തിനും മറക്കാനാവില്ല. ഇന്ത്യൻ സർക്കാരിനെതിരെ നേടിയ ആ വിജയം എയർ ഇന്ത്യയ്ക്കും എതിരെയായിരുന്നെങ്കിലും അതന്നു സ്ത്രീത്വത്തിനും വലിയ വിജയമൊരുക്കി. പഞ്ചാബുകാരായ മാതാപിതാക്കൾക്കു പിറന്ന ഗീത എഴുപതുകളിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഇടതുവിങ്ങിൽ തിളങ്ങി. ഏഷ്യൻ ഗെയിംസ് അടക്കമുള്ള മത്സരങ്ങൾ നിയന്ത്രിച്ചിട്ടുമുണ്ട്.

വിവിഐപി യാത്രയുടെ കടം 822 കോടി

രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം വിവിഐപികൾക്കു വേണ്ടി ചാർട്ടേഡ് വിമാനം പറപ്പിച്ച വകയിൽ എയർ ഇന്ത്യയ്ക്കു കിട്ടാനുള്ളത് 822 കോടി രൂപ. അതതു മന്ത്രാലയങ്ങൾ നൽകേണ്ട പണമാണു നാളുകളായി കുടിശികയായി തുടരുന്നത്. വിവരാവകാശ നിയമപ്രകാരം റിട്ട. കമ്മഡോർ ലോകേഷ് ബത്ര 2020ൽ നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് എയർ ഇന്ത്യ ‘കിട്ടാക്കടത്തിന്റെ’ കണക്ക് വെളിപ്പെടുത്തിയത്. 

Content Highlight: Air India, Air India privatisation, Tata group wins Air India bid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA