ADVERTISEMENT

ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി ധീരധീരം പോരാടുന്ന രണ്ടു മാധ്യമപ്രവർത്തകരുടെ കൈകളിലേക്കു സമാധാനത്തിന്റെ നൊബേൽ എത്തുമ്പോൾ അതു സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവർത്തനത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാവർക്കുമുള്ള ലോകാഭിവാദ്യമായി മാറുന്നു. ഭരണകൂടങ്ങളുടെ ദുഷ്ചെയ്തികൾക്കെതിരെ നിരന്തരം നടത്തുന്ന മാധ്യമഇടപെടലുകളുടെ പേരിലാണ് ഫിലിപ്പീൻസിൽനിന്നുള്ള മരിയ റെസയും റഷ്യയിൽനിന്നുള്ള ദിമിത്രി മുറടോവും ഈ ലോകപുരസ്കാരത്തിന് അർഹരാവുന്നത്. 

വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്താനും മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുമുള്ള നീക്കങ്ങൾ ജനാധിപത്യസംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിനു തുല്യമാണെന്നു കാലം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, അതിനോടുള്ള ചെറുത്തുനിൽപ്പും കാലം ആവശ്യപ്പെടുന്നു. ഫിലിപ്പീൻസിലും റഷ്യയിലും ഭരണകൂടങ്ങളുടെ തെറ്റായ നടപടികളെ, അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലും നിരന്തരം ചോദ്യം ചെയ്തുവരികയാണു മരിയ റെസയും ദിമിത്രി മുറടോവും. തൂലിക ആയുധമാക്കിയുള്ള പോരാട്ടത്തിന്റെ പ്രചോദനാത്മക കഥകളാണ് ഇരുവരുടെയും ജീവിതം. 

അധികാരികൾ നിശ്ശബ്ദമാക്കാൻ ശ്രമിക്കുംതോറും അവരുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നു. മുറടോവ്  സഹസ്ഥാപകരിൽ ഒരാളായ ‘നൊവയ ഗസറ്റ’(1993) റഷ്യയിൽ നിലവിലുള്ള ഏറ്റവും നിഷ്പക്ഷമായ പത്രമാണ്. ഭരണകൂടത്തെ നിരന്തരം വിമർശിക്കുന്ന ഈ പത്രം പൊലീസ് അതിക്രമം, നിയമവിരുദ്ധ അറസ്റ്റ്, അഴിമതി, തിരഞ്ഞെടുപ്പു കൃത്രിമം തുടങ്ങിയവയ്ക്കെല്ലാമെതിരെ നിരന്തരം ശബ്ദമുയർത്തുന്നു. അതിനു ഗസറ്റ നൽകേണ്ടിവന്ന വില ചെറുതല്ല. ഇതിനകം അവരുടെ ആറു മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടത്. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ചെച്‌നിയ നയത്തെ രൂക്ഷമായി വിമർശിച്ച റിപ്പോർട്ടർ അന്ന പൊളിറ്റ്കോവ്സ്ക്യയും അതിലുൾപ്പെടുന്നു. 

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പേരുപറഞ്ഞ് സ്വന്തം ജനത്തെ കൊന്നൊടുക്കുന്ന ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടിനെതിരെ നീളുന്ന ഏറ്റവും കരുത്തുള്ള ചൂണ്ടുവിരലാണു മരിയ റെസ. അവർ സഹസ്ഥാപകരിൽ ഒരാളായ റാപ്ലർ (2012) എന്ന ഡിജിറ്റൽ മാധ്യമസ്ഥാപനം അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ സർക്കാരിന്റെ കണ്ണിൽചോരയില്ലാത്ത നടപടികളും രാജ്യം നാൾക്കുനാൾ ഏകാധിപത്യപ്രവണതയിലേക്കു നീങ്ങുന്നതിന്റെ കെടുതികളും ശക്തമായി തുറന്നുകാട്ടുന്നു.ആഗോള മാധ്യമകൂട്ടായ്മയായ വാൻ-ഇഫ്രയുടെ രാജ്യാന്തര പത്രസ്വാതന്ത്യ്ര പുരസ്‌കാരമായ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം നേടിയവരാണു ദിമിത്രി മുറടോവും (2016) മരിയ റെസയും (2018). മാനനഷ്ടക്കേസിന്റെ പേരിൽ റെസയെ ഫിലിപ്പീൻസ് ഭരണകൂടം ആറു വർഷം തടവിനു ശിക്ഷിച്ചിരിക്കുകയാണ്. ഇതിനെതിരെ അപ്പീൽ നൽകി ജാമ്യത്തിലാണിപ്പോൾ.  

വിശ്വാസ്യതയാണു മാധ്യമങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള കൈമുതൽ. അതുപോലെ പ്രധാനമാണു കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യവും. പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും എതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരമാണ്. വസ്തുതകളില്ലാത്ത ലോകമെന്നാൽ സത്യവും വിശ്വാസ്യതയും ഇല്ലാത്ത ലോകമാണെന്നാണു നൊബേൽ സമ്മാനിതയായ വാർത്തയറിഞ്ഞു മരിയ റെസ പറഞ്ഞത്. വാർത്തകളെ വസ്തുതാപരമായി സമീപിക്കുന്ന മാധ്യമപ്രവർത്തനത്തിനുള്ള െഎക്യദാർഢ്യമായി ആ വാക്കുകൾ മാറുന്നു.

ജനാധിപത്യവും പത്രസ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന ലോകത്ത് ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും പ്രതിനിധികളെന്നു നൊബേൽ പുരസ്കാര സമിതി ഇവരെ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെ. ആവിഷ്കാരസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമില്ലാതെ രാജ്യങ്ങൾക്കിടയിൽ സാഹോദര്യവും സമാധാനവും ഉറപ്പാക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു സമിതി ഇരുവർക്കുമുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. 86 വർഷത്തിന്റെ ഇടവേളയ്ക്കുശേഷമാണു സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മാധ്യമപ്രവർത്തനത്തിനു ലഭിക്കുന്നത്.

മാധ്യമസ്‌ഥാപനങ്ങൾക്കും  മാധ്യമപ്രവർത്തകർക്കും നേരെ സർക്കാരിന്റെയോ രാഷ്ട്രീയപ്പാർട്ടികളുടെയോ ഭീഷണിയുടെ വാളുയരുന്നതു സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ മാത്രമല്ല, ജനാധിപത്യ രാജ്യങ്ങളിൽപോലുമുണ്ട്. ജോലിയുമായി ബന്ധപ്പെട്ട്, വിവിധ രാജ്യങ്ങളിലായി നൂറോളം മാധ്യമപ്രവർത്തകർ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതുകൂടി നൊബേൽ സമ്മാനവാർത്തയോടു ചേർത്ത് ഓർമിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com