ADVERTISEMENT

നാൾക്കുനാൾ നിർമാണച്ചെലവു കൂട്ടിയും നിലവാരം കുറച്ചും കോഴിക്കോട്ട് കെട്ടിപ്പൊക്കിയ കെഎസ്ആർടിസി ബസ് ടെർമിനൽ മറ്റൊരു ‘പാലാരിവട്ടം പാലം’ ആയി മാറുമോ എന്ന സംശയത്തിലാണു കേരളം. 19.73 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങി 54 കോടിയിൽ എത്തുകയും പിന്നീട് 74.79 കോടിയിൽ പൂർത്തിയാക്കുകയും ചെയ്ത കോൺക്രീറ്റ് സൗധത്തിൽ വേണ്ടത്ര കമ്പി പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപ്പോർട്ട്. ഒരേസമയം 25 ബസുകളുടെ അറ്റകുറ്റപ്പണി നടത്താനും നൂറോളം ബസുകൾ നിർത്തിയിടാനും സൗകര്യമുണ്ടായിരുന്ന കെഎസ്ആർടിസിയുടെ 3 ഏക്കർ സ്ഥലത്ത് ഇപ്പോഴുള്ളത് 13 നിലകളിലായി 3.28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കൽമന്ദിരം മാത്രം. ബാക്കി എല്ലാ സൗകര്യങ്ങളും ‘സ്വാഹ!’.

കരാർ നൽകുന്ന കാലത്തെ ഏറ്റവും ഉയർന്ന നിരക്കായ ചതുരശ്ര അടിക്ക് 1500 രൂപ വച്ച് കണക്കാക്കിയാൽപോലും 49 കോടിയിൽ തീരേണ്ട നിർമാണം 75 കോടിയിലേക്ക് എത്തിയപ്പോൾ ലാഭം ആരൊക്കെ നേടി എന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം തേടുന്നത്. 20 കോടി രൂപ കൂടി മുടക്കി ബലപ്പെടുത്തൽ എന്ന അങ്കത്തിന് ഉദ്യോഗസ്ഥർ ഇറങ്ങുമ്പോൾ, കരയ്ക്കിരുന്ന് കളി കാണാനുള്ള ഒരുക്കത്തിലാണു ചതുരശ്ര അടിക്ക് വെറും 13 രൂപ മാത്രം വാടക നൽകി കെട്ടിടം ഏറ്റെടുത്ത കരാറുകാർ. കുറച്ചുകാലത്തേക്ക് ബസ് സ്റ്റാൻഡ് മറ്റൊരിടത്തേക്ക് മാറ്റേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് ജനത്തിനും.

മൂന്നു തിരഞ്ഞെടുപ്പുകളിൽ വാഗ്ദാനങ്ങളിലും അവകാശവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു കെഎസ്ആർടിസി ടെർമിനൽ. ഇത് ബസുകൾക്കു വേണ്ടിയോ യാത്രക്കാർക്കു വേണ്ടിയോ അല്ല നിർമിച്ചിരിക്കുന്നതെന്ന് ഇന്ന് ടെർമിനലിന് അകത്തു പ്രവേശിക്കുന്നവർക്ക് വ്യക്തമാകും. വലിയ തൂണുകൾക്കിടയിൽ ബസ് നിർത്തിയിട്ടാൽ ഒന്നുകിൽ ഡ്രൈവർക്കു പുറത്തിറങ്ങാൻ പറ്റില്ല, അല്ലെങ്കിൽ യാത്രക്കാർക്ക്. ബസുകളെയും യാത്രക്കാരെയും പരമാവധി ഇവിടെനിന്ന് അകറ്റി നിർത്താനുള്ള ചിന്ത 12 വർഷം മുൻപേയുണ്ടായിരുന്നു എന്ന വാദങ്ങൾ ഇപ്പോഴുണ്ടാകുന്നുണ്ട്. ബസ് സ്റ്റാൻഡ് നഗരത്തിൽനിന്ന് പിഴുതെറിഞ്ഞ്, കൂറ്റൻ കെട്ടിടം പൂർണമായും വ്യാപാരസമുച്ചയം ആക്കാനുള്ള നീക്കം നടക്കുന്നു എന്ന ആരോപണങ്ങളും ഒപ്പം ഉയരുന്നുണ്ട്.

കെഎസ്ആർടിസിക്കു സാമ്പത്തിക സഹായം നൽകാനും ബിഒടി (ബിൽഡ്–ഓപ്പറേറ്റ്–ട്രാൻസ്ഫർ) പ്രോജക്ടുകൾ നടപ്പാക്കി ലാഭം നേടിക്കൊടുക്കാനുമാണു കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) സ്ഥാപിച്ചത്. നാട്ടിലെങ്ങുമില്ലാത്ത പലിശനിരക്കിൽ വായ്പ നൽകി, പതിയെപ്പതിയെ, കെടിഡിഎഫ്സി കെഎസ്ആർടിസിയെ വിഴുങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. നാലിടത്ത് കെഎസ്ആർടിസിയുടെ കൈവശമുണ്ടായിരുന്ന കണ്ണായ സ്ഥലങ്ങളിൽ കൂറ്റൻ വ്യാപാരസമുച്ചയങ്ങൾ പണിതിട്ടു. 9 വർഷത്തിനിടെ കെഎസ്ആർടിസിക്ക് വരുമാനം കിട്ടിയത് അങ്കമാലിയിൽ നിന്നു മാത്രം – മൂന്നു കോടി രൂപ!

കെട്ടിടം ആദ്യമേ പ്രശ്നത്തിൽ

കോഴിക്കോട്ടെ ടെർമിനൽ വിവാദങ്ങളിൽ നിറയുന്നത് ആദ്യമായല്ല. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി കോഴിക്കോട് കോർപറേഷൻ 2013ൽ നിർമാണം നിർത്തിവയ്ക്കാനും അനധികൃത നിർമാണം ക്രമപ്പെടുത്തുന്നതിന് 12.86 കോടി രൂപ അധികമായി ഈടാക്കാനും നോട്ടിസ് നൽകിയിരുന്നു. മുൻവശത്തു റോഡിൽനിന്നു കുറഞ്ഞത് 14.5 മീറ്റർ മാറ്റി നിർമാണം നടത്തേണ്ടിയിരിക്കെ 6 മീറ്റർ മാത്രമാണു വിട്ടിരിക്കുന്നത്, പാർക്കിങ് സ്ഥലം ഡിസൈനിൽ ഉള്ളതിലും കുറച്ചു, അനുവദിച്ചതിലും കൂടുതൽ സ്ഥലത്തു നിർമാണങ്ങൾ നടത്തിയിരിക്കുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്. സർക്കാരിനു വേണ്ടിയുള്ള നിർമാണമാണ് എന്ന പേരിൽ എല്ലാ നിയമലംഘനങ്ങളും കണ്ടില്ലെന്നു നടിക്കാനായിരുന്നു മന്ത്രിതലത്തിലെടുത്ത തീരുമാനം. കെട്ടിട നമ്പരിന് അപേക്ഷിച്ചു മൂന്നു കൊല്ലം കഴിഞ്ഞാണ് കോർപറേഷൻ അത് അനുവദിച്ചത്. അഗ്നിരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് ലഭിച്ചതു രണ്ടു വർഷത്തിനു ശേഷവും. അത്രമാത്രം പ്രശ്നങ്ങൾ തുടക്കത്തിലേ ഉണ്ടായിരുന്നു.

kozhikode-ksrtc--
ടെർമിനലിലെ തൂണുകൾ നിരന്തരം ബസ് ഉരഞ്ഞു തകർന്നനിലയിൽ.

പാട്ടക്കരാറും വിവാദത്തിൽ

ആറു വർഷം നീണ്ട മാരത്തൺ കൺസ്ട്രക്‌ഷൻ കഴിഞ്ഞ് 2015ൽ ബസ് സ്റ്റാൻഡ് തുറന്നെങ്കിലും കോർപറേഷൻ അനുമതികൾ ലഭിക്കാത്തതിനാൽ കെട്ടിട സമുച്ചയം തുറക്കാനായില്ല. 2015ൽ ആണ് കെട്ടിടം പാട്ടത്തിനു നൽകാൻ ടെൻഡർ വിളിച്ചത്. മാക് അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിനു കെട്ടിടത്തിന്റെ കരാർ നൽകിയെങ്കിലും ഹൈക്കോടതി ഇടപെട്ടു റദ്ദാക്കി. 2018ൽ അലിഫ് ബിൽഡേഴ്സ് രംഗത്തെത്തി. നവംബർ 21നു തുറന്ന ടെൻഡറിൽ 17 കോടി രൂപ തിരിച്ചു നൽകാത്ത നിക്ഷേപവും 43 ലക്ഷം രൂപ പ്രതിമാസ വാടകയും നിശ്ചയിച്ചാണ് അലിഫ് ബിൽഡേഴ്സിന് 30 വർഷത്തേക്കു നൽകാൻ തീരുമാനിച്ചത്. നഗരത്തിൽ കുടുംബശ്രീ കെട്ടിടത്തിനു പോലും ചതുരശ്ര അടിക്ക് 175 രൂപ വാടക ഈടാക്കുമ്പോൾ ഇവിടെ വെറും 13 രൂപ മതിയെന്നു തീരുമാനിച്ചതും വിവാദമായിരുന്നു.
അലിഫ് ബിൽഡേഴ്സിനു ടെൻഡർ നൽകാനുള്ള അനുമതിപത്രം 17 കോടി രൂപ കെട്ടിവയ്ക്കാത്തതിനെത്തുടർന്നു ഗതാഗത സെക്രട്ടറി റദ്ദാക്കി. വീണ്ടും ടെൻഡർ ചെയ്യണമായിരുന്നെങ്കിലും പഴയ ടെൻഡർ തന്നെ പരിഗണിച്ചു മുന്നോട്ടു പോകാൻ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ്, കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഓഗസ്റ്റിൽ എല്ലാ നടപടികളും പൂർത്തിയാക്കി അലിഫ് ബിൽഡേഴ്സിനു താക്കോൽ കൈമാറുന്ന ചടങ്ങും നടത്തിയ ശേഷമാണ് ഐഐടി പഠന റിപ്പോർട്ട് പുറത്തുവരുന്നത്. ഭൂനിരപ്പിനും അടിയിലുള്ള രണ്ടു നിലകളിലെ 9 തൂണുകൾക്കു ഗുരുതരമായ വിള്ളലുകളും മറ്റു നൂറോളം തൂണുകൾക്കു ചെറിയ വിള്ളലുകളും സംഭവിച്ചിട്ടുണ്ട്. ഇതു ബലപ്പെടുത്താനാണ് 20 കോടിക്കടുത്ത് ഇനി ചെലവഴിക്കേണ്ടത്. അതായത് 54 കോടിയിൽ തുടങ്ങിയ പദ്ധതി 94 കോടിയിലേക്ക് എത്തുന്നു. എല്ലാ ചെലവും കെടിഡിഎഫ്സി തന്നെ വഹിച്ച്, കെട്ടിടത്തിന്റെ പോരായ്മകളെല്ലാം തീർത്ത്, അലിഫ് ബിൽഡേഴ്സിനു കൈമാറണം. അതിനു ശേഷം ഒന്നര വർഷം കൂടി കഴിഞ്ഞേ അലിഫ് ബിൽഡേഴ്സിൽ നിന്ന് 43 ലക്ഷത്തിന്റെ പ്രതിമാസ വാടക ലഭ്യമായിത്തുടങ്ങുകയുള്ളൂ.

നിർമാണം കഴിഞ്ഞ് മൂന്നു വർഷം കെട്ടിടം ഉപേക്ഷിക്കപ്പെട്ടതിലുടെ മാത്രം 16 കോടി രൂപയുടെയെങ്കിലും നഷ്ടം സംഭവിച്ചതായി മുൻ കെഎസ്ആർടിസി ജീവനക്കാരൻ ദേവദാസൻ പുന്നത്ത് സർക്കാരിനു പരാതി നൽകിയിട്ടുണ്ട്.

ആരോപണവുമായി സിഐടിയുവും

കരാറെടുത്ത കമ്പനിക്കു ടെർമിനൽ പൂർണമായും വിട്ടുകൊടുക്കാൻ ഒത്തുകളി നടക്കുന്നുണ്ടെന്ന ആരോപണവുമായി സിഐടിയു യൂണിയനും രംഗത്തുണ്ട്. ചെന്നൈ ഐഐടിയുടെ റിപ്പോർട്ട് മറയാക്കി ബസ് ടെർമിനലുകളും കിയോസ്കുകളും സ്ഥിരമായി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും സിഐടിയു ആരോപിക്കുന്നു. യാഥാർഥ്യം കണ്ടെത്താൻ അന്വേഷണം വേണമെന്നും കെഎസ്ആർടിഇഎ യൂണിയൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള 5 കിയോസ്കുകൾ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കമുണ്ടെന്ന ആരോപണവും ഉയര‍ുന്നുണ്ട്.

kozhikode-ksrtc-
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിലെ ബസ് ബേയിൽ തൂണുകൾ തമ്മിലുള്ള അകലം കുറവായതിനാൽ പ്രയാസപ്പെട്ടു കടന്നുപോകുന്ന യാത്രക്കാരൻ. ചിത്രം: മനോരമ

ഗൂഢാലോചന: ആർക്കിടെക്ട്

കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്ന ഐഐടി റിപ്പോർട്ട് ഗൂഢാലോചനയാണെന്ന് ആർക്കിടെക്ട് ആർ.കെ.രമേഷ്. നിർമാണം പൂർത്തിയാക്കിയ സമയത്ത് ആദ്യം പാട്ടക്കരാർ എടുക്കാൻ വന്ന ഏജൻസി തനിക്കു കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ആദ്യം പാട്ടക്കരാറെടുത്ത മാക് അസോഷ്യേറ്റ്സും ഇപ്പോൾ എടുത്തിരിക്കുന്ന അലിഫ് ബിൽഡേഴ്സും ഒന്നാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു.(ഇതെക്കുറിച്ച് പ്രതികരണം തേടി ഇരുകമ്പനികളുടെയും മേധാവികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.)

ബസ് സ്റ്റാൻഡ് മാറ്റി, കെട്ടിടം പൂർണമായും വ്യാപാരസമുച്ചയം ആക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. കെട്ടിടത്തിന്റെ രൂപരേഖയും മറ്റും ഐഐടി പഠനസംഘം ആവശ്യപ്പെട്ടിട്ടില്ല. അവർ പരിശോധന നടത്തുന്ന വിവരം അറിയിച്ചിട്ടുമില്ല. സ്ട്രക്ചറൽ ഡിസൈൻ ഐഐടി മേധാവി ആയിരുന്ന ഡോ.കെ.പി.അരവിന്ദൻ പരിശോധിച്ചു ശരിവച്ചതാണ്. പിന്നെയും എങ്ങനെ പിഴവുകൾ വരുന്നു എന്നാണു രമേഷിന്റെ ചോദ്യം.

ബലക്ഷയം േനരത്തേ കണ്ടെത്തി: മന്ത്രി

കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നതു കണ്ടെത്തിയതിനെത്തുടർന്നാണ് വിജിലൻസ് അന്വേഷണത്തിനു കഴിഞ്ഞ സർക്കാർ ഉത്തരവിട്ടതും ഐഐടിയെ പഠനത്തിനു ചുമതലപ്പെടുത്തിയതുമെന്നു മന്ത്രി ആന്റണി രാജു. ഐഐടി റിപ്പോർട്ടിലെ കണ്ടെത്തലുകളും വിജിലൻസ് പരിശോധിക്കും. ബലപ്പെടുത്തൽ നടപടികൾക്കും മറ്റും ഐഐടി തന്നെ മേൽനോട്ടം വഹിക്കും. ചെന്നൈ ഐഐടി പഠന റിപ്പോർട്ടിന്റെ സംഗ്രഹം മന്ത്രി ആന്റണി രാജു ഇന്നു നിയമസഭയിൽ സമർപ്പിച്ചേക്കും.

kozhikode-ksrtc-parking--
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ ബേസ്മെന്റിലെ പാർക്കിങ് ഏരിയയിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന നിലയിൽ.ചിത്രം: മനോരമ

കിയോസ്കുകൾ 5

നിലവിൽ 5 കിയോസ്കുകൾ പ്രവർത്തിക്കുന്നു. വാടക കെടിഡിഎഫ്സിക്ക്. ടേസ്റ്റിക് ലീഡ് പോയിന്റ് ലിമിറ്റഡിന്റെ മൂന്നു കിയോസ്കുകൾക്ക് 421514 രൂപ മാസ വാടക. കെ.പി.ഹാരിസിന്റെ പേരിലുള്ള രണ്ടു കിയോസ്കുകൾക്ക് 2,44,579 രൂപ വാടക. 1.10 കോടി രൂപ കെടിഡിഎഫ്സിക്ക് നിക്ഷേപവും നൽകിയിട്ടുണ്ട്. പ്രവർത്തനം തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരിയിൽ. 15 വർഷത്തേക്കാണ് ഇവരുമായുള്ള പാട്ടക്കരാർ.

ദുരന്തകാഴ്ചയായി രാമസ്വാമി

ബസ് ടെർമിനലിനെക്കുറിച്ച് പറയുമ്പോൾ 11 വർഷം മുൻപുണ്ടായ അപകടമാണ് അഗ്നിരക്ഷാ സേനക്കാരുടെ ഓർമയിൽ. തമിഴ്നാട് പളനി സ്വദേശി രാമസ്വാമിയുടെ തല തകർന്ന ശരീരം ചെളിക്കുണ്ടിൽനിന്ന് ഉയർത്തിയെടുത്തതാണ് ബീച്ച് സ്റ്റേഷനിലെ ഫയർ ഓഫിസർ അജിത്കുമാർ പനോത്തിനെ പോലുള്ളവർ ഓർത്തെടുക്കുന്നത്. പ്രധാന തൂണിന്റെ നിർമാണത്തിനിടയിൽ 2010 ഓഗസ്റ്റ് 27ന് ആയിരുന്നു അപകടം. തൂൺ തകർന്നു വീണത് രാമസ്വാമിയുടെ തലയ്ക്കു മുകളിലേക്കായിരുന്നു.

അന്വേഷണം അന്തിമഘട്ടത്തിൽ

ടെർമിനലിന്റെ പോരായ്മകളെക്കുറിച്ചു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം 2018 മേയ് 21നാണ് ആരംഭിച്ചത്. കെടിഡിഎഫ്സിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി: ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണം അന്തിമഘട്ടത്തിൽ. ഈ മാസം തന്നെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി കേസ് റജിസ്റ്റർ ചെയ്യാനുള്ള നടപടികളിലേക്കു കടക്കും. കേസ് റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി വേണ്ടിവരും.

kozhikode-ksrtc-building--

ചെലവ് 244.8 കോടി വരുമാനം 3 കോടി

∙ അങ്കമാലി, തിരുവല്ല, തിരുവനന്തപുരം, കോഴിക്കോട് സമുച്ചയങ്ങൾക്കായി മൊത്തം ചെലവ് 244.80 കോടി.
∙ അങ്കമാലി സമുച്ചയം 2011 ജനുവരി 19ന് ഉദ്ഘാടനം ചെയ്തു. 90% കമേഴ്സ്യൽ ഏരിയ വാടകയ്ക്കു നൽകി.
∙ തിരുവനന്തപുരം സെൻട്രൽ 2014 മാർച്ച് രണ്ടിനും കോഴിക്കോട് 2015 ജൂൺ ഒന്നിനും തിരുവല്ല 2015 ജൂൺ ആറിനും ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ ഒരു രൂപപോലും കെഎസ്ആർടിസിക്കു ലഭിച്ചിട്ടില്ല.
∙ തിരുവല്ല വാണിജ്യ സമുച്ചയത്തിലെ 10% സ്ഥലം വാടകയ്ക്കു നൽകിയിട്ടുണ്ട്.
∙ 4 കെഎസ്ആർടിസി ബിഒടി പ്രോജക്ടുകളിൽ നിന്ന് 2012–13 മുതൽ 2018–19 വരെ (2020–21 കണക്കുകൾ അന്തിമമാക്കിയിട്ടില്ല) ചെലവു കഴിഞ്ഞ് കെടിഡിഎഫ്സിക്കു ലഭിച്ച തുക: 7,79,35,187 രൂപ. കെഎസ്ആർടിസിക്ക് നൽകിയ വിഹിതം: 3,01,71,700 രൂപ.
∙ കോഴിക്കോട്ടെ കെട്ടിട നിർമാണത്തിന് ഇതേവരെ ചെലവഴിച്ച തുക: 74,79,00,911 രൂപ.
∙ കെട്ടിട നിർമാണ കരാർ എടുത്തത്: കെ.വി.ജോസഫ് ആൻഡ് സൺസ്, ഇടപ്പള്ളി, കൊച്ചി.
∙ കോഴിക്കോട്ടെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു ചെലവഴിച്ചത്: 30,44,249 (ഇതിൽ 7,30,800 രൂപ സ്പോൺസർഷിപ്) ‌

Content Highlight: KSRTC, Kozhikode KSRTC twin tower construction scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com