അഭിനയത്തനിമയുടെ പ്രസാദമുഖം

HIGHLIGHTS
  • നെടുമുടി വേണുവിന് ആദരാഞ്ജലി
nedumudi-venu-malayalam-film-actor-profile-image-illustration
SHARE

അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളുടെ അനശ്വരതയിലേക്കുള്ള യാത്രയാണിത്. പകരംവയ്‌ക്കാനാവാത്തത് എന്ന വിശേഷണത്തെ നെടുമുടി വേണു എന്ന നാമത്തോടു ചേർത്ത് അഭിമാനത്തോടെയും ആദരവോടെയും നാം എന്നും ഓർമിക്കും.  

അനന്യമായ പകർന്നാട്ടങ്ങളിലൂടെയാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച അരങ്ങനുഭവങ്ങളിൽ ചിലതിൽ നെടുമുടി വേണുവിനു മുഖ്യപങ്കുണ്ടെന്നതു ചരിത്രമാണ്. കാവാലം നാരായണപ്പണിക്കർ എന്ന നാടകാചാര്യന്റെ മൂശയിൽ വാർത്തെടുത്ത അഭിനേതാവാണ് അദ്ദേഹം; ‘ദൈവത്താർ’, ‘അവനവൻ കടമ്പ’ തുടങ്ങിയ നാടകങ്ങൾ അതിന്റെ സാക്ഷ്യങ്ങളും. അരങ്ങിലെ പകർന്നാട്ടങ്ങളിൽനിന്നു സിനിമയിലേക്കുള്ള വഴി അരവിന്ദന്റെ ‘തമ്പി’ലൂടെ അനായാസം തുറക്കുകയും ചെയ്തു. 

അഞ്ഞൂറിലേറെ സിനിമകളിലായി, ഒരു നല്ല ചലച്ചിത്ര നടന് ആഗ്രഹിക്കാവുന്ന ഏതാണ്ടെല്ലാ വ്യത്യസ്ത കഥാപാത്രങ്ങളും ചെയ്തുകഴിഞ്ഞതിന്റെ  സാഫല്യവുമായാണ് അദ്ദേഹം യാത്രയാവുന്നത്. ഓരോ കഥാപാത്രത്തെയും തനിക്കുമാത്രമാവുംവിധം കൃത്യമായി അടയാളപ്പെടുത്താനായി എന്നതുതന്നെയാവും ആ വലിയ നടന്റെ ഏറ്റവും മികച്ച സവിശേഷത. നാലു ദശാബ്ദത്തിലേറെ പിന്നിട്ട ആ അഭിനയജീവിതത്തിൽ അവതരിപ്പിക്കാനായ കഥാപാത്രങ്ങളിൽ നെടുമുടി വേണുവിനെ തിരഞ്ഞാൽ നമുക്കു കണ്ടുകിട്ടാനിടയില്ല. അതുകൊണ്ടുതന്നെയാണു പ്രശസ്ത നടൻ മധു ഒരിക്കൽ ഇങ്ങനെ പറഞ്ഞത്: ‘‘ഞങ്ങൾ മലയാളത്തിലെ നടന്മാർ ഏതു റോളിൽ അഭിനയിച്ചാലും അതിൽ ‘ഞങ്ങളെ’ കണ്ടെത്താനാകും. എന്നാൽ, നെടുമുടി വേണു അഭിനയിക്കുമ്പോൾ പ്രേക്ഷകർ കഥാപാത്രത്തെ മാത്രമേ കാണൂ. അദ്ദേഹത്തെ കാണില്ല...’’ 

നെടുമുടി വേണു മലയാളിയെ അത്രമാത്രം ചിരിപ്പിച്ചിട്ടുണ്ട്; അത്രയും കരയിപ്പിച്ചിട്ടുമുണ്ട്. പ്രണയിയും ഏകാകിയും ഉന്മാദിയും കവിയും കലാപകാരിയുമാക്കിയിട്ടുണ്ട്. മലയാള സിനിമയുള്ളിടത്തോളംകാലം മായാതെ നിൽക്കുന്ന എത്രയോ കഥാപാത്രങ്ങൾ അദ്ദേഹം നമുക്കു സമ്മാനിച്ചു. ആരവം, കള്ളൻ പവിത്രൻ, യവനിക, വിടപറയും മുൻപേ, തകര, പഞ്ചവടിപ്പാലം, അച്ചുവേട്ടന്റെ വീട്, രചന, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാർഗം, അപ്പുണ്ണി, തേന്മാവിൻകൊമ്പത്ത്, താളവട്ടം, ഭരതം, ചിത്രം തുടങ്ങി എത്രയോ സിനിമകളിലെ അവിസ്മരണീയ വേഷങ്ങൾ പ്രേക്ഷകമനസ്സിൽ നിറച്ചുവച്ചാണ് അദ്ദേഹം ഓർമയാവുന്നത്.    

മനുഷ്യന്റെ കഥ ഹൃദയത്തിൽ തൊടുന്ന രീതിയിൽ എപ്പോഴൊക്കെ ആരൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ സമൂഹം ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു. ദൂരദർശൻ അവതരിപ്പിച്ച ‘കൈരളീവിലാസം ലോഡ്ജ്’ എന്ന പരമ്പരയ്ക്കു പുറമേ, ‘പൂരം’ എന്ന ഒരൊറ്റ സിനിമയും വേണു സംവിധാനം ചെയ്തു. ദശാബ്ദങ്ങളായി മനസ്സിൽ സൂക്ഷിച്ച രണ്ടാമത്തെ സിനിമ കുട്ടനാടിന്റെ തുടിപ്പുള്ള ജീവിതമായിരുന്നു. കുട്ടനാടിന്റെ മാറുന്ന പ്രകൃതിമുഖങ്ങൾ ഒപ്പിയെടുക്കേണ്ട ആ സ്വപ്നസിനിമ യാഥാർഥ്യമാക്കാതെയാണ് ഈ മടക്കം. അദ്ദേഹത്തിന്റെ പേരും പെരുമയുമായിരുന്നു നെടുമുടി എന്ന ഗ്രാമം. പോയിടത്തെല്ലാം സ്വന്തം നാടിനെ കൊണ്ടുപോയി. ഏത് ഉയരത്തിലും നെടുമുടി എന്ന ഗ്രാമത്തിലേക്കുള്ള പച്ചപ്പിന്റെ ആ നിർമലപാത മറന്നതുമില്ല. 

അഭിനയത്തിനുപുറമേ, കഥയും കവിതയുടെ ചൊൽക്കാഴ്ചയും നാടൻപാട്ടുകളുമൊക്കെ നിറഞ്ഞതായിരുന്നു ആ ജീവിതം. ഏതു സാഹചര്യത്തിലും  ജീവിതത്തിന്റെ പ്രസാദം കാത്തുസൂക്ഷിച്ചു. ചില നേരങ്ങളിൽ ചങ്ങാത്തങ്ങളുടെ ഉത്സവം ആഘോഷിച്ചപ്പോൾ മറ്റു ചിലപ്പോൾ, മനോരാജ്യം എന്ന രാജ്യത്ത് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടു. പ്രതിഫലം വാങ്ങേണ്ടതും വാങ്ങാൻ പാടില്ലാത്തതുമായ സിനിമകളെക്കുറിച്ചു കൃത്യമായി ബോധ്യമുണ്ടായിരുന്നു. നാടകത്തിന്റെയും സിനിമയുടെയും അകലവും അടുപ്പവും അദ്ദേഹത്തെപ്പോലെ തിരിച്ചറിഞ്ഞവർ കുറവാണ്. ഒരു മികച്ച അഭിനേതാവെന്ന നിലയിൽ, ജീവിതത്തെ ഒരേസമയം അടുത്തുനിന്നും അകലെനിന്നും കാണാനുള്ള സിദ്ധി കൈവശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, അഭിമുഖത്തിനിടെ, ‘ആഗ്രഹിച്ചതെല്ലാം നേടിയില്ലേ’ എന്നു ചോദിച്ചയാളോട് ഉറപ്പോടെയും വെടിപ്പോടെയും പറയാനും സാധിച്ചു: ഒന്നും ആഗ്രഹിച്ചിട്ടില്ല. 

നെടുമുടി വേണുവിന് മലയാള മനോരമയുടെ ആദരാഞ്ജലി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA