ADVERTISEMENT

മുൻകാല പ്രാബല്യത്തോടെ പ്രഫസറാകാൻ പിൻകാലു വയ്ക്കണം എന്നതാണു പുതുകാലഫോർമുല. കോളജ് അധ്യാപകർക്കു മുൻകാല പ്രാബല്യത്തോടെ വ്യാജപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു രേഖയുണ്ടാക്കാൻ 50,000 രൂപ മുതൽ ഡിസ്കൗണ്ട് നിരക്കുകളുണ്ടെന്നാണു വാർത്തകൾ. പ്രബന്ധംകൂടി തയാറാക്കണമെങ്കിൽ സ്വാഭാവികമായും നിരക്കു കൂടും. 

ഉന്നതവിദ്യാഭ്യാസം രക്ഷപ്പെടാൻ വേണ്ടിയായതിനാൽ ഇത് അത്ര വലിയ നിരക്കാണെന്നു പറയാൻ വയ്യ. പിഎച്ച്ഡിയിൽ അവസാനിക്കുന്ന പരമ്പരാഗത പ്രബന്ധ വ്യവസായത്തിൽ ഏർപ്പെട്ടിരുന്നവർക്കു പുതിയൊരു വഴി തുറന്നുകിട്ടുന്നത് അടയ്ക്കാൻ ശ്രമിക്കരുത്. 

നേരുള്ള വിഷയങ്ങളിൽ ഗവേഷണം നടത്തിയാൽ പ്രബന്ധ വ്യാപാരത്തിന്റെ എല്ലാ മേഖലയിലും ആ നേര് പ്രതിഫലിക്കുമെന്നാണ് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നത്.  

മംഗളൂരു സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിനിയുടെ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഒരു അസിസ്റ്റന്റ് പ്രഫസർക്ക് അവിടത്തെ ലോകായുക്ത തടവും   പിഴയും   ശിക്ഷ നൽകിയപ്പോൾ പി എച്ച്ഡി പ്രബന്ധങ്ങൾക്കുപോലും നേരിന്റെ വഴിയിൽ സഞ്ചരിക്കാൻ കഴിയുമെന്നു നാട്ടുകാർക്കു മനസ്സിലായി. 

കഥയിലെ അസിസ്റ്റന്റ് പ്രഫസറുടെ പേര് ഡോ.അനിത. അനിതയുടെ കീഴിൽ ഗവേഷണം നടത്തിയിരുന്ന പ്രേമ ഡിസൂസ എന്ന വിദ്യാർഥിനി പിഎച്ച്ഡി പ്രബന്ധം അനിതയ്ക്കു സമർപ്പിച്ചു. പ്രബന്ധം അംഗീകരിക്കാൻ അനിത ചോദിച്ച തുകയിലുള്ളതു നേരിന്റെ ചില പൂജ്യങ്ങളാണ്. കോളജ് അധ്യാപകരാകാൻ ആഗ്രഹിക്കുന്നവരുടെ യുജിസി മൂല്യനിർണയത്തിൽ പിഎച്ച്ഡിക്കു വലിയ വിലയുള്ളതിനാൽ ഒരുലക്ഷം രൂപയോ രണ്ടുലക്ഷം രൂപയോ അതിലേറെയോ ആവശ്യപ്പെടാമായിരുന്നു

പക്ഷേ, അനിത ചോദിച്ചത് വെറും 16,800 രൂപ. പൂജ്യം ഇരട്ടിയാക്കി 20,000 തികയ്ക്കാമെന്നുപോലും അവർ വിചാരിച്ചില്ല. ഒരത്യാവശ്യത്തിന് 16,800 രൂപ വേണം; അതുമാത്രം ചോദിച്ചു. 

ചോദ്യം വന്നയുടൻ പ്രേമ ഡിസൂസ ലോകായുക്തയ്ക്കു പരാതി നൽകി. സൂചനയെന്നോ അഡ്വാൻസെന്നോ വിചാരിച്ച് 5,000 രൂപ കൊടുക്കാനായിരുന്നു ലോകായുക്തയുടെ നിർദേശം. 

പ്രേമ 5,000 രൂപ കൈമാറുകയും പ്രഫസർ‍ അനിത അതു വാങ്ങുകയും ചെയ്തു. ഉടൻ വന്നു പരിശോധനയും അറസ്റ്റും. അഞ്ചു വർഷം തടവും 30,000 രൂപ പിഴയുമാണു ലോകായുക്ത വിധിച്ച ശിക്ഷ. 

ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞുവരുന്ന പിഎച്ച്ഡി പ്രബന്ധത്തിനു വെറും 16,800 രൂപ മാത്രം കൈക്കൂലി ചോദിച്ച അധ്യാപികയെ ലാളിത്യത്തിന്റെ പ്രതീകമായി കണ്ട് ആദരിക്കണമെന്നാണ് അപ്പുക്കുട്ടനു തോന്നുന്നത്. 

പിഎച്ച്ഡി പ്രബന്ധങ്ങളുടെ സാമ്പത്തിക സാധ്യതകൾ‍ എന്ന വിഷയത്തെക്കുറിച്ചൊരു മുൻകാല പ്രബന്ധം പ്രഫസർ സ്ഥാനത്തിനു പരിഗണിക്കപ്പെടുമോ സർ?

English Summary: Fake thesis presentations Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com