ഓടിത്തളര്‍ന്ന് ജലവൈദ്യുത പദ്ധതികള്‍: ഏത് നിമിഷവും കണ്ണടയ്ക്കാം; ഇരുട്ടിലാകും കേരളം

idukki-cheruthoni-dam
ഇടുക്കി ജല വൈദ്യുതപദ്ധതിയിലെ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ. ചിത്രം: റെജു ആർനോൾഡ്∙ മനോരമ
SHARE

എപ്പോൾ വേണമെങ്കിലും പ്രവർത്തനം നിലയ്ക്കാമെന്ന മട്ടിൽ കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ. വർഷങ്ങളായി ഓടിയോടിത്തളർന്ന അവ നിന്നാൽ കേരളം ഇരുട്ടിലാകും. പ്രതിദിനം ആവശ്യമായതിന്റെ പകുതിയിലേറെ വൈദ്യുതിയും പുറത്തുനിന്നു വാങ്ങുമ്പോഴും നമ്മുടെ ജല പദ്ധതികളുടെ നവീകരണം നടത്താനോ പൂർണതോതിൽ ശേഷി പ്രയോജനപ്പെടുത്താനോ ശ്രമങ്ങളില്ല. കൽക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതി നമുക്കൊരു പാഠമാണ്. പക്ഷേ, അതിൽ നിന്ന് നാം പഠിക്കുമോ? 

ഉത്തരേന്ത്യൻ താപവൈദ്യുത നിലയങ്ങളിൽനിന്നുള്ള വൈദ്യുതി വിതരണം കൽക്കരി ക്ഷാമം മൂലം നിലച്ചാൽ കേരളം ഇരുട്ടിലാകുമോ? ആകണമെന്നില്ല. പക്ഷേ, വീട്ടിലെ പകുതി ലൈറ്റുകളും ഫാനുകളും ഓഫാക്കണമെന്നു മാത്രം. കാരണം, കേരളത്തിന് ആവശ്യമുള്ളതിന്റെ പകുതി വൈദ്യുതി മാത്രമേ  നാം ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളൂ.  

ശരാശരി 3800 മെഗാവാട്ട് വൈദ്യുതിയാണു പ്രതിദിനം കേരളത്തിന് ആവശ്യം. ഇതിൽ 1600 മെഗാവാട്ട് നമ്മുടെ ജലവൈദ്യുത പദ്ധതികളിൽനിന്നു ലഭിക്കും. കൽക്കരി ക്ഷാമം മൂലം, കേന്ദ്ര പൂളിൽനിന്നു ലഭിക്കുന്നതിലും സംസ്ഥാനം ഉത്തരേന്ത്യൻ നിലയങ്ങളിൽ നിന്നു വാങ്ങുന്നതിലുമായി ദിവസം 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോഴുണ്ട്. സംസ്ഥാനത്തെ ജല വൈദ്യുതനിലയങ്ങൾ കൂടുതൽനേരം പ്രവർത്തിപ്പിച്ചാണ് ആ കുറവു പരിഹരിക്കുന്നത്. 

സമാധാനമായല്ലോ എന്നു കരുതേണ്ട. നമ്മുടെ ‘വൃദ്ധ’നിലയങ്ങൾ എപ്പോൾ വേണമെങ്കിലും നിലയ്ക്കാം. കേരളം ഇരുട്ടിലുമാകാം. അറ്റകുറ്റപ്പണികൾ വരെ മാറ്റിവച്ചാണ് ഇപ്പോൾ വൈദ്യുതനിലയങ്ങൾ പ്രവർത്തിക്കുന്നത്. ഇവ എത്രകാലം ഇങ്ങനെ ഓടുമെന്നു ചോദിച്ചാൽ വൈദ്യുതി ബോർഡും ഇരുട്ടിൽ തപ്പും.

വിശ്രമമില്ലാതെ ഓടി ക്ഷീണിച്ചു 

പഴയ അംബാസഡർ കാറിൽ മാരുതിയുടെ എൻജിനും മഹീന്ദ്രയുടെ ഗിയർബോക്സും ഹോണ്ടയുടെ സ്റ്റിയറിങ്ങും ഹ്യുണ്ടായിയുടെ ലൈറ്റുകളും വച്ചു നവീകരിച്ചാൽ എങ്ങനെയിരിക്കും? കേരളത്തിലെ ജല വൈദ്യുതപദ്ധതികളുടെ ഇന്നത്തെ സ്ഥിതി ഇതാണ്. വർഷങ്ങളായി നിർത്താതെ ഓടുകയാണു പല വൈദ്യുത നിലയങ്ങളും. വാർഷിക അറ്റകുറ്റപ്പണികളും നവീകരണവും നടത്തിയിട്ടും പ്രയോജനമില്ല. വേണ്ടതു സമഗ്രമായ പുനരുദ്ധാരണം. അതു നടന്നിട്ടില്ല. അത്തരം അഴിച്ചുപണി നടത്താൻ യന്ത്രങ്ങളുടെ സ്പെയർ പാർട്സും സാങ്കേതികവിദ്യയും ലഭ്യമല്ല. കിട്ടുന്ന സ്പെയർ പാർട്സ് ഉപയോഗിച്ചു തട്ടിക്കൂട്ടുപണി നടത്തുന്നു. സ്ക്രൂ അഴിഞ്ഞുപോയാൽ പകരം ആണിയടിക്കുന്ന പണി. പൊട്ടിത്തെറിയും പൊട്ടലും ചീറ്റലും പതിവാകുന്നു. മൂലമറ്റം, ശബരിഗിരി നിലയങ്ങളിൽ ജോലിക്കു പോകാൻപോലും ജീവനക്കാർ മടിക്കുന്നു. 

വൻകിട പദ്ധതികളുടെ സ്ഥിതി 

ഇടുക്കി, ശബരിഗിരി, ഇടമലയാർ എന്നിവയാണു കേരളത്തിലെ വൻകിടപദ്ധതികൾ. മഴക്കാലത്തെ വെള്ളം വേനൽക്കാലത്തേക്കു സംഭരിക്കാനും ഈ നിലയങ്ങളുടെ ഭാഗമായ അണക്കെട്ടുകൾക്കു കഴിയും.

ഇടുക്കി 

1976ൽ തുടങ്ങി. 780 മെഗാവാട്ട് ഉൽപാദന ശേഷി. 

പ്രശ്നങ്ങൾ 

ജനറേറ്ററുകൾക്കു കാലപ്പഴക്കം. പലപ്പോഴും പ്രവർത്തനം നിലയ്ക്കുന്നു. ഏതു നിമിഷവും പ്രവർത്തനം പൂർണമായും സ്തംഭിച്ചേക്കാം. അഴിച്ചുപണി വൈകിയതാണു കാരണം. പ്രവർത്തനം നിലച്ചാൽ തെക്കൻ കേരളം ഇരുട്ടിലാകും. 2009ൽ നവീകരിച്ചെങ്കിലും പൂർണമായ അഴിച്ചുപണി നടത്തിയിട്ടില്ല. 1,2,3 ടർബൈനുകളുടെ അറ്റകുറ്റപ്പണി നടത്തി. 4,5,6 ടർബൈനുകളുടെ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ വിളിച്ചു. 

പരിഹാരം 

ജലവൈദ്യുത നിലയം പൂർണമായി നവീകരിക്കണം. എന്നാൽ കാലഹരണപ്പെട്ട യന്ത്രഭാഗങ്ങൾ മാറ്റാൻ സ്പെയർ പാർട്സ് കിട്ടാനില്ല. പകരം ലഭ്യമായ യന്ത്രഭാഗങ്ങൾ ഉപയോഗിച്ചു നവീകരിക്കാൻ സാങ്കേതികവിദ്യയുമില്ല. മൂലമറ്റത്തു പുതിയ നിലയം നിർമിക്കാനാണു വൈദ്യുതി വകുപ്പിന്റെ ആലോചന.  പുതിയ നിലയം നിർമിച്ചു പ്രവർത്തനം തുടങ്ങിയശേഷം പഴയ നിലയത്തിന്റെ അറ്റകുറ്റപ്പണി നടത്തണം. പഴയ നിലയം പകരം സംവിധാനമായി നിലനിർത്തും. 

Sabarigiri Hydro- Elecric Power House

ശബരിഗിരി 

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പദ്ധതി. 300 മെഗാവാട്ട് ഉൽപാദനശേഷി. 1966ൽ തുടങ്ങി. 2009ൽ നവീകരിച്ചശേഷം ഉൽപാദനശേഷി 310 മെഗാവാട്ടായി ഉയർത്തി.

പ്രശ്നങ്ങൾ

നവീകരണത്തിനു ശേഷം വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ നിലയം വിറയ്ക്കുന്നു. ഇതുമൂലം ഉൽപാദനം പൂർണതോതിലാക്കാൻ പറ്റുന്നില്ല. കാരണം കണ്ടെത്താനും സാധിച്ചിട്ടില്ല. ഇപ്പോഴത്തെ വൈദ്യുതി ക്ഷാമം നേരിടാനായി ഈ നിലയം പൂർണതോതിൽ പ്രവർത്തിപ്പിക്കേണ്ടതായിരുന്നു. 

പരിഹാരം 

നിലയത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു. പുതിയ നിലയം നിർമിക്കാനും നീക്കമുണ്ട്. 

edamalayar-dam

ഇടമലയാർ

1986ൽ തുടങ്ങി. 75 മെഗാവാട്ട് ഉൽപാദനശേഷി. 2004ൽ നവീകരിച്ചു. 

പ്രശ്നങ്ങൾ 

വൈദ്യുത നിലയത്തിനു തകരാറുകൾ ഇല്ല. പക്ഷേ, ലഭ്യമായ വെള്ളം ടണലിന്റെ   വലുപ്പക്കുറവുമൂലം പൂർണമായ അളവിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. രണ്ടു ടർബൈനുകളുണ്ട്. അവ കേടായാൽ നിലയം സ്തംഭിക്കും. പകരം സംവിധാനം ഇല്ല. കൂടുതൽ ടർബൈനുകൾ സ്ഥാപിക്കാൻ കഴിയുമായിരുന്നു. പക്ഷേ, ചെയ്തില്ല. 

പരിഹാരം

ടണലിന്റെ ശേഷി കൂട്ടുക. അതുവഴി കൂടുതൽ വെള്ളം നിലയത്തിൽ എത്തിക്കാം. ഒന്നോ രണ്ടോ ടർബൈനുകൾകൂടി സ്ഥാപിക്കുക. 

വൻപദ്ധതികൾ നേരിടുന്ന പ്രശ്നങ്ങൾ

കാലപ്പഴക്കം

കേന്ദ്ര സർക്കാരിന്റെ കണക്കിൽ 35 വർഷമാണു ജലവൈദ്യുത നിലയത്തിന്റെ ആയുസ്സ്. സംസ്ഥാനത്ത് ഇപ്പോഴുള്ളതിൽ ആദ്യ പദ്ധതിയായ പള്ളിവാസൽ 81 വർഷം പിന്നിട്ടു. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി 45 വർഷം പിന്നിട്ടു. 

ഉൽപാദനശേഷി കൂടി, ഉൽപാദനം കൂടിയില്ല

പ്രധാനപ്പെട്ട ജലവൈദ്യുത നിലയങ്ങളിൽ നവീകരണമെന്ന നിലയിൽ നടത്തിയ അറ്റകുറ്റപ്പണി പ്രയോജനം ചെയ്തില്ല. പലയിടത്തും ഉൽപാദനശേഷി കൂട്ടിയെങ്കിലും പല കാരണങ്ങളാൽ ഉൽപാദനം കൂടിയില്ല. 

തടസ്സങ്ങൾ 

വൈദ്യുത നിലയങ്ങൾ സംരക്ഷിത വനമേഖലകളിൽ. നവീകരണത്തിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നില്ല.

ജല വൈദ്യുതപദ്ധതികളുടെ പ്രസക്തി കൂടുന്നു. ഇടുക്കിയിൽ രണ്ടാമത്തെ നിലയത്തിന്റെ നിർമാണത്തിനുള്ള പഠനം ആരംഭിച്ചു. വൈകിട്ട് നാലു മുതൽ 11 വരെയാണു വൈദ്യുതി കൂടുതൽ വേണ്ടത്. ഈ സമയത്ത് ജലവൈദ്യുതി വേണം. അതിനായി നിലവിലുള്ള നിലയങ്ങളുടെ പോരായ്മകൾ പരിഹരിക്കണം. ഉൽപാദനശേഷി കൂട്ടണം. അതിനുള്ള നടപടികൾ എടുത്തു തുടങ്ങി.

ഡോ. ബി.അശോക് ചെയർമാൻ,വൈദ്യുതി ബോർഡ്

ashok
ഡോ. ബി.അശോക്

ഇടത്തരം പദ്ധതികൾ

കുറ്റ്യാടി, പെരിങ്ങൽക്കുത്ത്, ലോവർ പെരിയാർ, ഷോളയാർ, പള്ളിവാസൽ, നേര്യമംഗലം, കക്കാട്, ചെങ്കുളം, പന്നിയാർ തുടങ്ങിയവ. 100 മുതൽ 200 മെഗാവാട്ട് വരെ ഇവയ്ക്ക് ഓരോന്നിനും ഉൽപാദനശേഷിയുണ്ട്. പക്ഷേ, ഇവയുടെ അണക്കെട്ടുകൾക്കു മഴക്കാലത്തേക്കു വെള്ളം സംഭരിക്കാൻ കഴിയില്ല. 

പ്രശ്നങ്ങൾ

കാലപ്പഴക്കം, നവീകരണം താമസിച്ചതുകൊണ്ട് ഇടയ്ക്കിടെ പൊട്ടിത്തെറി പോലുള്ള അപകടങ്ങൾ. 

പരിഹാരം 

നവീകരണം നടത്തുക. പദ്ധതികൾ വികസിപ്പിക്കുക. 

ചെറുകിട പദ്ധതികൾ

2 മെഗാവാട്ട് മുതൽ 10 മെഗാവാട്ട് വരെ ഉൽപാദനശേഷിയുള്ള 18 പദ്ധതികൾ. അധികം പഴക്കമില്ല. പ്രശ്നങ്ങൾ കുറവ്. 

നവീകരണം ഇങ്ങനെ 

പവർഹൗസുകളുടെ നവീകരണത്തിനു  കെഎസ്ഇബിക്കു നടപടിക്രമമുണ്ട്. എല്ലായിടത്തും അസി. എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം. 25 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള 38 ജനറേറ്ററുകളാണു  നിലയങ്ങളിൽ പ്രവർത്തിക്കുന്നത്. 

dam

∙പ്രതിമാസ അറ്റകുറ്റപ്പണി

മാസത്തിൽ ഒരു ദിവസം ഓരോ ജനറേറ്ററിന്റെയും പ്രവർത്തനം നിർത്തി നടത്തുന്ന പരിശോധന.

∙ വാർഷിക അറ്റകുറ്റപ്പണി

വർഷത്തിലൊരിക്കൽ രണ്ടാഴ്ച നിർത്തിയിട്ട് തേയ്മാനം, മറ്റു പ്രശ്നങ്ങൾ എന്നിവ പരിശോധിക്കണം. ആവശ്യമായ മാറ്റം വരുത്തണം.

∙  ആർഎംയു ( റെനവേഷൻ, മെയ്ന്റനൻസ്, അപ്ഗ്രഡേഷൻ ) 

നവീകരണം, അറ്റകുറ്റപ്പണി, ശേഷി വർധിപ്പിക്കൽ എന്നിവ 30 വർഷത്തിലൊരിക്കൽ നടക്കണം. 100 കോടിയോളം രൂപ ചെലവ്. തേയ്മാനം, മാഗ്നറ്റിക് ഫീൽഡിന്റെ പോരായ്മ എന്നിവയടക്കം പരിശോധിക്കണം. 

English Summary: Power shortage in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA