ADVERTISEMENT

കേരളത്തിൽ സമീപവർഷങ്ങളിലുണ്ടായ മിന്നൽപ്രളയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നു മഴയുടെ ഘടനയിലുണ്ടായ മാറ്റമാണ്. കേരളത്തിലെ മഴദിനങ്ങൾ ഓരോ വർഷവും കുറഞ്ഞുവരുന്നുണ്ടെങ്കിലും മഴയുടെ അളവു കുറയുന്നില്ല. കാലാവസ്ഥമാറ്റത്തിന്റെ തുടർച്ചയാണ് ഈ മാറ്റം. തീവ്രമഴ കൂടുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നതിനാൽ ഗൗരവത്തോടെ കാണണമെന്നു കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീറോളജി (ഐഐടിഎം) നടത്തിയ പഠനത്തിൽ കേരളത്തിലെ മറ്റു മേഖലകളെ അപേക്ഷിച്ചു മധ്യകേരളത്തിൽ അതിതീവ്രമഴകൾ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനത്തിൽ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ 4 വർഷത്തിനിടെയുണ്ടായ പ്രകൃതിദുരന്തങ്ങൾ ഈ പഠനം ശരിയാണെന്നു തെളിയിക്കുന്നതാണ്.

ഈ വർഷം ജനുവരി–ഫെബ്രുവരി മാസങ്ങളിൽ ലഭിച്ചതു ശരാശരിയെക്കാൾ 409% അധികമഴയായിരുന്നു. മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാലത്ത് ചുഴലിക്കാറ്റുകളുടെ സ്വാധീനം മൂലം പെയ്തത് 108% അധികമഴ. അതേസമയം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് മഴ 16% കുറഞ്ഞു. തുലാവർഷം തുടങ്ങിയില്ലെങ്കിലും ഒക്ടോബറിലെ ആദ്യ 18 ദിവസങ്ങളിൽ 142% അധികമഴ. തുലാവർഷക്കാലത്ത് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകളുടെയും ന്യൂനമർദങ്ങളുടെയും എണ്ണം കൂടുമെന്നതിനാൽ ദുരന്തസാധ്യത നിലനിൽക്കുന്നു.

അറബിക്കടൽ പഴയ കടലല്ല

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾ കേരളത്തിനു പരിചിതമായിരുന്നെങ്കിലും അത്രത്തോളം തന്നെ ചുഴലികൾ പിറവിയെടുക്കുന്ന കേന്ദ്രമായി അറബിക്കടലും മാറിയിരിക്കുന്നു. ബംഗാൾ ഉൾക്കടലിലെ ചുഴലികളെ അപേക്ഷിച്ചു കേരളത്തെ നേരിട്ടു ബാധിക്കുന്നവയാണ് അറബിക്കടലിലെ ചുഴലികൾ. 2018 മുതൽ ഇതുവരെ 23 ചുഴലിക്കാറ്റുകളാണ് ഇന്ത്യൻ തീരങ്ങളിലുണ്ടായത്. ഇതിൽ 11 എണ്ണവും അറബിക്കടലിലായിരുന്നു. പ്രതിവർഷം ഒന്നോ രണ്ടോ ചുഴലിക്കാറ്റുകൾ മാത്രമായിരുന്നു നേരത്തെ അറബിക്കടലിലുണ്ടായിരുന്നത്. ചുഴലിക്കാറ്റുകളുടെ എണ്ണത്തോടൊപ്പം തീവ്രതയും സമീപകാലത്തായി വർധിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
മണിക്കൂറിൽ 222 കിലോമീറ്ററിനു മേൽ വേഗമുണ്ടായിരുന്ന സൂപ്പർ ചുഴലി ക്യാർ, മണിക്കൂറിൽ 160 കിലോമീറ്ററിനും 222 കിലോമീറ്ററിനും ഇടയിൽ വേഗമുണ്ടായിരുന്ന അതിതീവ്ര ചുഴലിക്കാറ്റുകളായ മേകുനു, മഹ, ടൗട്ടെ എന്നിവ അറബിക്കടലിലാണുണ്ടായത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മൂലം സമുദ്രതാപനിലയിലുണ്ടാകുന്ന വർധനയാണു ചുഴലിക്കാറ്റുകൾ കൂടാനുള്ള പ്രധാന കാരണം. അറബിക്കടലിലെ താപനില ശരാശരി ഒരു ഡിഗ്രിയാണു വർധിച്ചിരിക്കുന്നത്.

അഞ്ചിലൊന്ന് ഉരുൾമേഖല

കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 17% മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും അതീവസാധ്യതയുള്ള മേഖലകളാണെന്നു കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രഫസർ ഡോ.കെ.എസ്.സജിൻ കുമാർ, യുഎസിലെ മിഷിഗൻ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ജിയോളജിക്കൽ ആൻഡ് മൈനിങ് എൻജിനീയറിങ് വിഭാഗം പ്രഫസറും മലയാളിയുമായ ഡോ. തോമസ് ഉമ്മൻ എന്നിവർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

കേരളത്തിലെ 43% പ്രദേശം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ മേഖലകളാണ്. ഇടുക്കി ജില്ലയുടെ 74 ശതമാനവും വയനാട് ജില്ലയുടെ 51 ശതമാനവും മണ്ണിടിച്ചിൽ സാധ്യതയുള്ള കുന്നിൻചെരിവുകളാണെന്നും ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കേരളത്തിൽ അതിതീവ്രമഴ വ്യാപിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം മുന്നറിയിപ്പു നൽകുന്നു. സംസ്ഥാനത്തെ 1958 മുതലുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടങ്ങൾ കൂടി പഠനത്തിൽ അവലോകനം ചെയ്തിട്ടുണ്ട്. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ടൂൾ ഫോർ ഇൻഫിനിറ്റ് സ്ലോപ് സ്റ്റെബിലിറ്റി അനാലിസിസ് (ജിസ്–ടിസ്സ) മോഡൽ ഉപയോഗിച്ച് ഓരോ ജില്ലയുടെയും ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ മാപ്പും പഠനത്തിന്റെ ഭാഗമായി തയാറാക്കിയിട്ടുണ്ട്.

Average-rain-in-Kerala-graph

മുന്നറിയിപ്പുമായി ജിഎസ്ഐ

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങൾ ഓരോ വർഷവും വർധിക്കുന്നുവെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ) 2018, 2019 വർഷങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തങ്ങൾക്കു പിന്നാലെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഏതാണ്ട് 18,000 ചതുരശ്ര കിലോമീറ്ററാണു കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതാമേഖല. നേരത്തെ ഇത് 13,000 ചതുരശ്രകിലോമീറ്ററായിരുന്നു. അതീവ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്ന 1640 ചതുരശ്ര കിലോമീറ്റർ (12%) 2400 ചതുരശ്ര കിലോമീറ്ററായി വർധിച്ചിട്ടുണ്ട്.

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ ഗണ്യമായി വർധിച്ചത്. തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മണ്ണിടിച്ചിലുകളും കുഴലീകൃത മണ്ണൊലിപ്പും (സോയിൽ പൈപ്പിങ്) കേരളത്തിലെ ഉരുൾസാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം മുന്നറിയിപ്പു നൽകുന്നു.

ജിഎസ്ഐ കണ്ടെത്തിയ ഉരുൾ സാധ്യതാമേഖലകളുടെ വിശദറിപ്പോർട്ടും മാപ്പും സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ട്. ഇതു ജില്ലാ ഭരണകൂടങ്ങൾക്കും കൈമാറി. എന്നാൽ, പൊതുജനങ്ങൾക്കു ലഭ്യമാക്കിയിട്ടില്ല. ഉരുൾസാധ്യതാമേഖലയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ആ പ്രദേശങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിക്കു കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതു സർക്കാർ വേണ്ടെന്നു വച്ചത്.

പരിമിതികൾക്കു നടുവിൽ പ്രവചനം 

തുടർച്ചയായ പ്രളയങ്ങളും ഉരുൾപൊട്ടലുമൊക്കെയുണ്ടായിട്ടും കേരളത്തിലെ കാലാവസ്ഥാ വിശകലനം ഇപ്പോഴും പരിമിതികൾക്കു നടുവിലാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് പ്രകാരം കേരളത്തിൽ 256 മഴയളവു കേന്ദ്രങ്ങൾ വേണം. എന്നാൽ, കാലാവസ്ഥാ വകുപ്പിനുണ്ടായിരുന്നത് 68 എണ്ണം മാത്രം. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലും മിന്നൽപ്രളയവുമുണ്ടായ മുണ്ടക്കയത്തു കാലാവസ്ഥാ വകുപ്പിനു മഴയളവു കേന്ദ്രമില്ല. ജലസേചനവകുപ്പിന്റെ മഴമാപിനിയിലാണ് 34.5 സെന്റിമീറ്റർ മഴ പെയ്തതായി രേഖപ്പെടുത്തിയത്. അതുകൊണ്ടു തന്നെ കാലാവസ്ഥാ വകുപ്പിന്റെ രേഖകളിൽ ഈ കണക്കില്ല.

കേരളത്തിൽ 188 നിരീക്ഷണ സ്റ്റേഷനുകൾ കൂടി അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടതിനെത്തുടർന്ന് 100 എണ്ണത്തിനു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെങ്കിലും 2 വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. 16 പുതിയ സ്റ്റേഷനുകൾ മാത്രമാണു നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ കണ്ടെത്തി നൽകിയ സ്ഥലങ്ങളിലെ പോരായ്മകളാണു ബാക്കിയുള്ളവ നീളാൻ കാരണമായി പറയുന്നത്.

കാലാവസ്ഥാ പ്രവചനത്തിനു തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള റഡാറുകളാണു കാലാവസ്ഥാവകുപ്പ് അടിസ്ഥാനമാക്കുന്നത്. 2018ലെ മഹാപ്രളയകാലത്ത് കൊച്ചിയിലെ റഡാർ പ്രവർത്തിച്ചിരുന്നില്ല. പിന്നീട് തകരാർ പരിഹരിച്ചു. അറബിക്കടലിലെ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും വർധിച്ച സാഹചര്യത്തിൽ വടക്കൻ ജില്ലകൾക്കായി ഒരു ഡോപ്ലർ റഡാർ കൂടി വേണമെന്ന് 2018ൽതന്നെ കേരളം കേന്ദ്രസർക്കാരിനോടു രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ റഡാർ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

തുടർച്ചയായ പ്രളയങ്ങളെത്തുടർന്ന്, പ്രളയസാധ്യതാ മേഖലകൾ വ്യക്തമാക്കുന്ന സൂക്ഷ്മമായ പ്രളയഭൂപടം തയാറാക്കി നൽകണമെന്നു കേന്ദ്ര ജലകമ്മിഷനോടു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടന്നില്ല. പ്രളയസാധ്യതയുള്ള മേഖലകളിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും നിർണായകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ജലകമ്മിഷന്റെ സഹായം തേടിയത്.

നാളെ: ഒഴുകിപ്പോയ വാഗ്ദാനങ്ങൾ

ഭാഗം 1പ്രവചനം പാളി; പ്രളയമായി; നാലാം വർഷവും മിന്നൽപ്രളയവും ഉരുൾപൊട്ടലും...

Content Highlights: Kerala Rain, Rain Havoc, Kerala Flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com