ADVERTISEMENT

∙മുന്നറിയിപ്പ് കൃത്യമായി നൽകാൻ 2018ലെ പ്രളയശേഷം സംവിധാനമൊരുക്കിയോ? ഇല്ല

∙പ്രളയത്തിൽ പുഴകളിൽ അടിഞ്ഞുകൂടിയ എക്കലും മാലിന്യവും നീക്കിയോ?   ഇല്ല

∙31,000 കോടിയുടെ റീബിൽഡ് കേരളയിൽ 1000 കോടിയെങ്കിലും ചെലവഴിച്ചോ? ഇല്ല

∙2017ലെ ഓഖി മുതലുള്ള ദുരിതബാധിതരുടെ പുനരധിവാസം പൂർത്തിയായോ? ഇല്ല

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായിരുന്നു 2018ലെ മഹാപ്രളയം. നൂറ്റാണ്ടിലൊരിക്കൽ മാത്രമെന്നു നമ്മൾ ആശ്വസിച്ചെങ്കിലും തുടർന്നുള്ള ഓരോ വർഷവും ദുരന്തങ്ങൾ തുടർക്കഥയായി. ഓരോ ദുരന്തവും ഓരോ അവസരമാണെന്നു നമ്മെ പറഞ്ഞു പഠിപ്പിച്ചതു സർക്കാരും ഈ മേഖലയിലെ വിദഗ്ധരുമാണ്. ഈ അവസരങ്ങൾ ഭാവിയിലെ ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള പാഠങ്ങളാക്കി മാറ്റാൻ നമുക്കു കഴിഞ്ഞില്ലെന്നാണു തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളും മരണങ്ങളും തെളിയിക്കുന്നത്. 

ദുരന്തനിവാരണം എന്നതു ദുരന്തങ്ങളുണ്ടായശേഷം നടത്തുന്ന രക്ഷാപ്രവർത്തനം മാത്രമല്ല, ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ മുന്നൊരുക്കങ്ങൾ നടത്തൽ കൂടിയാണ്. തുടർച്ചയായി മിന്നൽപ്രളയങ്ങളും ഉരുൾപൊട്ടലുകളുമുണ്ടാകുമ്പോഴും അവയിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള സംവിധാനങ്ങളൊന്നും നമുക്ക് ഒരുക്കാനായിട്ടില്ലെന്നു കൂട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു. 

പാഴാകുന്ന മുന്നറിയിപ്പുകൾ 

കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി നൽകാനുള്ള സംവിധാനം നമുക്ക് ഇപ്പോഴും സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ലെന്നു കഴിഞ്ഞദിവസത്തെ ദുരന്തത്തോടെ വീണ്ടും വ്യക്തമായി. മഴയുടെ രൂക്ഷത അളക്കാനുള്ള മഴമാപിനികളോ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളോ മഴയുടെ സാധ്യത കൃത്യമായി വിലയിരുത്താൻ വേണ്ടത്ര റഡാറുകളോ ഒരുക്കാൻ നമുക്കായിട്ടില്ല. കേന്ദ്ര സർക്കാരിനു കത്തെഴുതിയതുകൊണ്ടു മാത്രം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. കേന്ദ്രനടപടികൾ വൈകുന്നുവെങ്കിൽ പകരം സംവിധാനമൊരുക്കാൻ നമുക്കു കഴിയണം. 

സ്വകാര്യ ഏജൻസികൾ ആർക്കുവേണ്ടി? 

കേന്ദ്ര കാലാവസ്ഥാ വകുപ്പിൽനിന്നുള്ള വിവരങ്ങൾ അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സ്കൈമെറ്റ്, ഐബിഎം വെതർ, എർത്ത് നെറ്റ്‌വർക്സ്, വിൻഡി എന്നീ സ്വകാര്യ ഏജൻസികളുടെ സേവനമാണു കാലാവസ്ഥാ പ്രവചനത്തിനായി സംസ്ഥാന സർക്കാർ തേടിയത്. ഒഡീഷ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചായിരുന്നു ഈ നീക്കം.

താലൂക്ക് അടിസ്ഥാനത്തിലുള്ള കാലാവസ്ഥാപ്രവചനം അടക്കമുള്ള വിവരങ്ങളാണ് ഈ ഏജൻസികളിൽനിന്ന് ആവശ്യപ്പെട്ടത്. ഏതാണ്ട് ഒരുകോടി രൂപയാണു പ്രതിവർഷം പ്രതിഫലം നൽകുന്നത്. എന്നാൽ, ഈ വിവരങ്ങൾ ഉപയോഗിച്ചു ദുരന്ത പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല. ദുരന്ത പ്രതികരണസേനയുടെ സഹായം തേടാൻ ഉൾപ്പെടെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പുകൾ വേണം. ഇടുക്കിയിലും കോട്ടയത്തുമുണ്ടായ ദുരന്തങ്ങൾ മുൻകൂട്ടി കാണാനോ മുന്നറിയിപ്പുകൾ നൽകാനോ സ്വകാര്യ ഏജൻസികൾ നൽകിയ വിവരങ്ങളും സഹായകമായില്ല. 

എക്കലും മാലിന്യവും പുഴയിൽതന്നെ

2018ലെ പ്രളയത്തിൽ പുഴകളിൽ അടിഞ്ഞുകൂടിയ എക്കലും മാലിന്യവും നീക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതു നടപ്പായില്ല. പമ്പയിലെ മണൽനീക്കത്തിനുള്ള കരാറിനുപിന്നിൽ കള്ളക്കളികളുണ്ടെന്ന ആരോപണം രാഷ്ട്രീയ വിവാദമായി മാറി. അണക്കെട്ടുകളിലെ സംഭരണശേഷി വർധിപ്പിക്കാൻ ചെളിയും മണലും നീക്കാനുള്ള പദ്ധതി തുടക്കത്തിൽ തന്നെ അഴിമതിയിൽക്കുളിച്ചതോടെ മുടങ്ങി. നെതർലൻഡ്സ് മാതൃകയിലുള്ള റൂം ഫോർ റിവർ പദ്ധതിയും എങ്ങുമെത്തിയില്ല.  

rebuild-kerala

റീറീറീറീ...ബിൽഡ് കേരള

2018ലെ പ്രളയത്തിനുശേഷം കേരളത്തെ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുമെന്നായിരുന്നു സർക്കാർ തീരുമാനം. 3 വർഷമായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. നവകേരളനിർമാണം എന്ന വാക്ക് രാഷ്ട്രീയ മുദ്രാവാക്യം കൂടിയായി മാറി. 31,000 കോടി രൂപയുടെ പുനർനിർമാണ പദ്ധതികളാണു പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതി രാജ്യാന്തരതലത്തിൽവരെ മാധ്യമശ്രദ്ധ നേടി. എന്നാൽ, സർക്കാരിന്റെ ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ ഭരണാനുമതി നൽകിയ പദ്ധതികൾ 7803.95 കോടിയുടേതു മാത്രം. 3 വർഷത്തിനിടെ ആകെ ചെലവഴിച്ചത് 627.87 കോടി രൂപയും. ബാക്കിയുള്ള പദ്ധതികൾ എന്നു തുടങ്ങുമെന്നോ എപ്പോൾ തീരുമെന്നോ വ്യക്തതയില്ല. 

ലോക ബാങ്കിന്റെ വികസനനയ വായ്പയുടെ ഒന്നാം ഗഡു 1779.58 കോടി രൂപ വകമാറ്റി ശമ്പളവിതരണത്തിന് ഉപയോഗിച്ചതു വലിയ വിവാദമായിരുന്നു. രണ്ടാംഘട്ട വായ്പ പണി പൂർത്തിയായ ശേഷം നൽകിയാൽ മതിയെന്നു ലോകബാങ്ക് തീരുമാനിച്ചത് ഇതിനു പിന്നാലെയാണ്. സ്വകാര്യ കെട്ടിടത്തിലെ റീബിൽഡ് കേരള ഓഫിസിൽ സൗകര്യങ്ങളൊരുക്കാൻമാത്രം 50.90 ലക്ഷം രൂപ ചെലവഴിച്ചതും ആരോപണങ്ങൾക്കു വഴിവച്ചു.   

പ്രളയഫണ്ടിലും തട്ടിപ്പ് 

പ്രളയബാധിതർക്കു നൽകാൻ അനുവദിച്ച തുക തട്ടിപ്പു നടത്തിയതിന്റെ പേരിൽ സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിലായത് എറണാകുളത്താണ്. മറ്റു ചില ജില്ലകളിലും സമാനമായ ആരോപണങ്ങളുയർന്നു. തിരഞ്ഞെടുപ്പിലും ഇതു വലിയ ചർച്ചയായി. പ്രളയ സെസിലൂടെ 1,750 കോടി രൂപ സംസ്ഥാന സർക്കാർ 2 വർഷം കൊണ്ടു സമാഹരിച്ചെങ്കിലും ജനങ്ങളിൽനിന്നു കച്ചവടക്കാർ പിരിച്ചെടുത്തതിൽ കോടിക്കണക്കിനു രൂപ പൂഴ്ത്തിയതായി അടുത്തിടെ കണ്ടെത്തി. 2018ലെ പ്രളയത്തിനു ശേഷം നൽകിയ 2904 കോടി രൂപ ചെലവഴിച്ചില്ലെന്ന ആരോപണം കേന്ദ്രസർക്കാർ തന്നെ ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാർ ഇതു നിഷേധിച്ചെങ്കിലും 2019ലെ പ്രളയസഹായവിതരണത്തെവരെ ഇതു ബാധിച്ചു. 

മഹാപ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേക്കു 4,765.27 കോടി രൂപയാണു ലഭിച്ചതെന്നും ഇതിൽ 2,630.68 കോടി ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം നിയമസഭയിൽ അറിയിച്ചിരുന്നു. ബാക്കി തുക എന്തു ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇതിന്റെ പുതിയ കണക്കുകൾ ലഭ്യമല്ല.  സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര വിതരണം പോലും ഇപ്പോഴും പൂർത്തിയായിട്ടില്ല. രേഖകളുടെ അഭാവവും നിയമപ്രശ്നങ്ങളും ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് അക്കൗണ്ടിലെ പിഴവുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമാണു സഹായ വിതരണം വൈകാൻ കാരണമായി പറയുന്നത്.   

flood-camp
2019ൽ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ട നിലമ്പൂർ കവളപ്പാറ കോളനി നിവാസികൾ പോത്തുകല്ല് അങ്ങാടിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലുള്ള ദുരിതാശ്വാസ ക്യാംപിൽ.

ഇപ്പോഴും ദുരിതാശ്വാസ ക്യാംപിൽ

ദുരന്തം നടന്നു കഴിഞ്ഞാൽ അതിന് ഇരയായവരെ അടിയന്തരമായി പുനരധിവസിപ്പിക്കുകയാണു സർക്കാരിന്റെ പ്രാഥമിക ചുമതല. എന്നാൽ, 2017ലെ ഓഖി മുതലുള്ള ദുരന്തങ്ങളിലെ പുനരധിവാസപ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.  

കവളപ്പാറ, പുത്തുമല, പെട്ടിമുടി ഉരുൾപൊട്ടലുകൾക്ക് ഇരയായവരിൽ പലരും ഇപ്പോഴും ദുരിതത്തിലാണ്. കവളപ്പാറയിൽ വീടു നഷ്ടമായ 23 ആദിവാസി കുടുംബങ്ങൾക്ക് ഇപ്പോഴും സർക്കാർ വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. 16 കുടുംബങ്ങൾ ഇപ്പോഴും പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപുകളിലാണ്. 6 കുടുംബങ്ങൾ സ്വന്തം നിലയിൽ വീടു വാടകയ്ക്കെടുത്തു കഴിയുന്നു. പുത്തുമലയിൽ 52 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും സർക്കാർ സഹായം നൽകിയിട്ടില്ലെന്നു പ്രതിപക്ഷം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. പെട്ടിമുടിയിൽ പുനരധിവാസത്തിനു നൽകിയ സ്ഥലം വാസയോഗ്യമല്ലെന്നു ദുരന്തത്തിന് ഇരയായവർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെ കുറ്റിയാർവാലിയിൽ അനുവദിച്ച സ്ഥലത്ത് എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടാണെന്നും റേഷൻ വാങ്ങാൻ പോലും കിലോമീറ്ററുകൾ നടക്കണമെന്നും ഹർജിക്കാർ വ്യക്തമാക്കി. ഈ പരാതിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടി. 

നാളെ: കേരളം ഒരുങ്ങേണ്ടത് എങ്ങനെ?

പരമ്പര: ‘മഴ’മുനയിൽ കേരളം–1: പ്രവചനം പാളി; പ്രളയമായി; നാലാം വർഷവും മിന്നൽപ്രളയവും ഉരുൾപൊട്ടലും

പരമ്പര: ‘മഴ’മുനയിൽ കേരളം–2: അറബിക്കടലിൽ മഴച്ചുഴികൾ: മഴദിനങ്ങൾ കുറഞ്ഞു; മഴയുടെ അളവ് കുറഞ്ഞില്ല

English Summary: Kerala rain and flood; Failure of disaster management 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com