ADVERTISEMENT

∙പ്രഫ. എം. കുഞ്ഞാമൻ: വളരെ രഹസ്യമായി ആവിഷ്കരിച്ച പദ്ധതിയാണു നോട്ടുനിരോധനമെന്ന വാദത്തെ സംശയത്തോടെ നോക്കാൻ കഴിയുന്ന ധാരാളം സാഹചര്യത്തെളിവുകൾ ഉണ്ട്. ഭരണകൂടത്തോടൊപ്പം ചേർന്നു നിൽക്കുന്നവർ ഇത് അറിഞ്ഞില്ലെന്നും അവർ കോർപറേറ്റുകൾക്കു വിവരങ്ങൾ ചോർത്തിക്കൊടുത്തില്ലെന്നും കരുതാനാകില്ല. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധികൾ കോർപറേറ്റ് മേഖല അനുഭവിച്ചിരുന്നില്ലെന്നതാണ് അതിനു തെളിവ്. ദരിദ്രരും സാധാരണ തൊഴിലാളികളുമാണ് ഇരയായത്. 

∙അലക്സാണ്ടർ ജേക്കബ്: പ്രതിയെ കിട്ടാത്ത കേസ് എന്ന നിലയിലാണ് സുകുമാരക്കുറുപ്പിന്റെ കേസ് പ്രസിദ്ധമായത്. എന്നാൽ ഒരു തവണ സുകുമാരക്കുറുപ്പിനെ കേരള പൊലീസിന്റെ കയ്യിൽ കിട്ടിയിരുന്നു. പൊലീസിന്റെ കയ്യിൽ കിട്ടിയ സമയത്ത് തലമുടിയെല്ലാം വെട്ടി മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നു. പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന പ്രതിയെ തിരിച്ചറിയാൻ ശാസ്ത്രീയമായ വഴികൾ ഇല്ലാതിരുന്നതിനാലാണ് അന്നു വിട്ടയച്ചത്.

∙ സൂര്യ കൃഷ്ണമൂർത്തി: ശബ്ദം ശ്രദ്ധിക്കപ്പെടണമെങ്കിൽ സിനിമാതാരം കൊഞ്ചിക്കൊഞ്ചി പറയണം. വാക്സിനേഷനെപ്പറ്റി നമ്മോടു പറയുന്നതു സിനിമാനടിയാണ്. ആദായനികുതി കൃത്യമായി നാം അടയ്ക്കണമെന്നു പറയുന്നത് ഒരിക്കലും നികുതി കൃത്യമായി അടയ്ക്കാത്ത സിനിമാനടനാണ്. കഴിഞ്ഞകൊല്ലം മാറ്റിനിർത്തിയാൽ സിനിമാ താരങ്ങളില്ലാത്ത പത്മശ്രീ ലിസ്റ്റ് നാം കണ്ടിട്ടുണ്ടോ?

∙ ശശികുമാർ: എല്ലാം അസ്തമിക്കുകയാണെന്ന തോന്നൽ അസ്ഥാനത്താണ്. ജുഡീഷ്യറിയും ഒരുവിഭാഗം മാധ്യമങ്ങളും അവരുടെ അടിസ്ഥാനധർമം നിർവഹിക്കുമ്പോൾ ജനാധിപത്യത്തിന്റെ മറ്റു രണ്ട് എസ്റ്റേറ്റുകൾക്കും നേർവഴിക്കു വരാതിരിക്കാനാവില്ല. എളിയരീതിയിലാണെങ്കിലും നമ്മുടെ രാജ്യത്തും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: ഭാരതപ്പുഴ കവിഞ്ഞൊഴുകുമ്പോൾ, പുഴയുടെ തീരത്തെ പെട്ടിക്കടയിൽ വിൽപനയ്ക്കായി തൂങ്ങിയാടുന്ന പ്ലാസ്റ്റിക് കുപ്പിയിലെ കുടിവെള്ളത്തോളം ധ്വനിസാന്ദ്രമായ കവിത വേറെ  വായിച്ചിട്ടില്ല. സത്യം പറഞ്ഞതിന് അപമാനിതനാക്കുകയും അരക്ഷിതനാക്കുകയും ചെയ്യപ്പെട്ട  മാധവ് ഗാഡ്ഗിൽ എന്ന പ്രകൃതിശാസ്ത്രഞ്ജനും മികച്ച ധ്വനിസാന്ദ്രമായ കവിത തന്നെ. സത്യത്തിൽ, ഇന്ന് പ്രധാന പരിസ്ഥിതികവിതകളൊക്കെ എഴുതുന്നത് കവികളല്ല; നമ്മുടെ അന്തസ്സാര ശൂന്യതകളാണ്. 

∙ പ്രിയദർശൻ: ആരു ചത്താലും തിയറ്ററും സിനിമയും ബാക്കിയാകുമെന്നു പറയുന്നത് ഏതു സംസ്കാരമാണ്? മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചങ്ങനെ പറയാൻ എങ്ങനെ തോന്നി? ഒരാളും തകരാതെ നോക്കണം. മോഹൻലാലിനെയോ പ്രിയദർശനെയോ ഒരുപക്ഷേ ഈ തകർച്ച ബാധിച്ചേക്കില്ല. പക്ഷേ, ലൈറ്റ് ബോയ്സിനെപ്പോലുള്ള എത്രയോ പേരുടെ മുഖം ഈ കാലത്തു കണ്ടു. അവരുംകൂടി ചേർന്നതാണു സിനിമ. അല്ലാതെ നിർമാതാവും തിയറ്ററും സംവിധായകനും നടനും മാത്രം ചേർന്നതല്ല. 

∙ ശശി തരൂർ: എൽ.കെ. അഡ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്കു ലഭിച്ച വളരെ മോശമായ രീതിയിലുള്ള പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്നു പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്നു മര്യാദ  കൈമോശം വന്നിട്ടുണ്ടോ? 40 വർഷമായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അതു തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്കുവേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com