സർവം ഷി: ചൈനയുടെ ഏകനേതാവായി ഷി ചിൻപിങ്

Xi Jinping
ഷി ചിൻപിങ്
SHARE

നൂറ്റാണ്ടു പിന്നിടുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പുതിയ ലോകത്തേക്കു നയിക്കുകയാണ് പ്രസിഡന്റ് ഷി ചിൻപിങ്. കപ്പിത്താനും ആജീവനാന്ത നേതാവുമായി അദ്ദേഹത്തെ പാർട്ടി പ്ലീനം അവരോധിച്ചു. 

മാവോയ്ക്കൊപ്പം ഷി ഉയരുമ്പോൾ പിന്തള്ളപ്പെടുന്നത് ഡെങ് സിയാവോ പിങ്ങും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുമാണ്. ഷിയുടെ രാഷ്ട്രീയ ദർശനത്തെ പ്ലീനം പാർട്ടിചിന്തയുടെ പദവിയിലേക്ക് ഉയർത്തി. ഇനി മുതൽ ദിവസവും 9.5 കോടി പാർട്ടി അംഗങ്ങൾ മൊബൈൽ ആപ്പിൽ ഷി ചിന്ത വായിക്കണം.

കഴിഞ്ഞ വർഷം മാർച്ചിനുശേഷം ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് വിദേശ യാത്രകൾ നടത്തിയിട്ടില്ല. ഇതു കോവിഡ് വ്യാപനം കൊണ്ടു മാത്രമല്ല. ഈ മാസം 8 മുതൽ 11 വരെ നടന്ന, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊൻപതാം പാർട്ടി കോൺഗ്രസിന്റെ ആറാം പ്ലീനത്തിന്റെ സുഗമമായ നടത്തിപ്പായിരുന്നു മറ്റെല്ലാ വിഷയങ്ങളെക്കാളും പരമപ്രധാനമായി ഷി ചിൻപിങ്ങിനു മുന്നിലുണ്ടായിരുന്നത്. ‘കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറു വർഷത്തെ പോരാട്ടത്തിന്റെ ചരിത്രാനുഭവങ്ങളും മുഖ്യ നേട്ടങ്ങളും’ എന്ന പ്ലീനത്തിലെ പ്രമേയം രൂപംകൊണ്ടതു കുറഞ്ഞത് ഒരു വർഷമെങ്കിലും നീണ്ട നടപടിക്രമങ്ങളിൽ നിന്നാണ്.

പ്രത്യയശാസ്ത്ര പാതയും പ്രമുഖനേതൃനിരയും രാഷ്ട്രീയ തീരുമാനങ്ങളും ഭദ്രമായി ഉറപ്പിക്കാനും പ്രഖ്യാപിക്കാനുമുള്ള വേദി മാത്രമാണു പ്ലീനം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അകത്ത് യഥാർഥത്തിൽ എന്തു നടക്കുന്നുവെന്നതു ദുരൂഹമാണ്. പുറമേ നിന്നുള്ള നിരീക്ഷകരുടെ പല ‘ആധികാരിക’ രചനകളിലും പാർട്ടിക്കുള്ളിലെ കടുത്ത വിഭാഗീയതകൾ സംബന്ധിച്ച് ഒട്ടേറെ ഊഹങ്ങൾ നിരത്തിയിട്ടുണ്ട്. അക്കൂട്ടത്തിലെ ഒരു പ്രധാന നിരീക്ഷണം, ഷി ചിൻപിങ്ങിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടെന്നതാണ്. ചൈനയുടെ ദേശീയ പുനരുദ്ധാരണം സംബന്ധിച്ച ഷിയുടെ ദർശനങ്ങൾക്കും തന്ത്രങ്ങൾക്കുമെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉയർത്തുന്ന വിമർശനം എന്തായാലും ഒരു രഹസ്യമല്ല. എന്നാൽ, ആറാം പ്ലീനം സമാപിക്കുമ്പോൾ വ്യക്തമായ ഒരു ചിത്രം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നു വേണം കരുതാൻ. 

പലതരം വ്യാഖ്യാനങ്ങൾ നിലനിൽക്കുമ്പോഴും, ഭരണകൂടത്തിലും സൈന്യത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും ഷി ചിൻപിങ്ങിന്റെ കേന്ദ്ര സ്ഥാനം ആറാം പ്ലീനം ഉറപ്പിച്ചു എന്ന കാര്യം സുവ്യക്തമാണ്. 1945, 1988 വർഷങ്ങളിലെ നിർണായക പ്ലീനങ്ങൾ ചരിത്രവികാസങ്ങളിൽനിന്നും ചരിത്രപരമായ തെറ്റുകളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചെങ്കിൽ 2021ലെ പ്രമേയം ഊന്നുന്നതു ഭൂതകാലത്തിലല്ല, ഷിയുടെ നേതൃത്വത്തിനു കീഴിൽ ചൈനയുടെ ഭാവിപാതയിലേക്കാണ്. നവംബർ ആറിനു ചൈനീസ് മാധ്യമം ഷിൻഹുവാ റിപ്പോർട്ട് ചെയ്തത് ഇതാണ്- ‘നൂറ്റാണ്ടു പിന്നിടുന്ന പാർട്ടിയെ ഷി ചിൻപിങ് ഒരു പുതിയ യാത്രയിൽ നയിക്കുന്നു.

Xi Jinping

മാവോയെയും ഡെങ്ങിനെയും കടത്തിവെട്ടി ഷി

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആരാധനാമൂർത്തികൾ ആരെല്ലാമെന്ന കാര്യത്തിൽ തീർപ്പായിട്ടുണ്ട്. ചൈനയെ ‘വിമോചിപ്പിച്ച’ മാവോ സെദുങ് ആണു പരമോന്നത നേതാവ്, ഡെങ് സിയാവോ പിങ് ചൈനയെ ‘സമ്പന്നമാക്കിയ’ നേതാവ്. മൂന്നാമതായി ഷി ചിൻപിങ്ങും. ചൈനയെ ‘കരുത്തുറ്റതാക്കുന്ന’ പാതയിലാണ് അദ്ദേഹം. പ്രസിഡന്റായി ഒരാൾ പരമാവധി രണ്ടുവട്ടം എന്ന ഭരണഘടനാ വ്യവസ്ഥ ഷി നേരത്തേ എടുത്തുകളഞ്ഞു. മാവോയെയും ഡെങ്ങിനെയും കടത്തിവെട്ടി തന്നെ ആജീവനാന്ത നേതാവായി അവരോധിക്കുകയാണു ഷി ചെയ്യുന്നത്. ( ബാഹ്യനിരീക്ഷകർ അധികം ശ്രദ്ധ കൊടുക്കാത്ത മറ്റൊരു കാര്യം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി)യുടെ ജനറൽ സെക്രട്ടറി പദവിയിൽ ഒരാൾക്ക് എത്രവട്ടം വേണമെങ്കിലും തുടരാമെന്നതാണ്.)

മരണം വരെ നേതാവ് എന്ന പദവിയിലേക്കുള്ള തയാറെടുപ്പുകൾ ഷി 2016ൽ തന്നെ തുടങ്ങിയതാണ്. സിപിസിയുടെ കേന്ദ്രമായി അദ്ദേഹം അന്നേ സ്വയം അവരോധിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ പാർട്ടിയുടെ മാർഗതത്വങ്ങളായും മാറ്റി. ചൈനയെ ഒരു പുതിയ യുഗത്തിലേക്കാണു താൻ നയിക്കുന്നതെന്നും ഷി ചിൻപിങ് പ്രഖ്യാപിച്ചിരുന്നു.

പ്ലീനത്തിൽ എന്താണു സംഭവിച്ചത്? ഷിയെ പാർട്ടിയുടെയും രാഷ്ട്രത്തിന്റെയും കപ്പിത്താനായി അവരോധിക്കുകയാണു പ്ലീനം ചെയ്തത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ, പാർട്ടിചിന്തയുടെ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. (പാർട്ടിചിന്ത എന്ന ഔന്നത്യം മാവോയ്ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു ഇതേവരെ). ഡെങ് സിയാവോ പിങ്ങിന്റെ പദവിയെ ലഘൂകരിച്ചുകൊണ്ടു കൂടിയാണു ഷിയുടെ ഉയർച്ച. (ഡെങ്ങിന്റെ സംഭാവനകൾ ‘സിദ്ധാന്തം’ ആയിട്ടാണു വിശദീകരിച്ചിട്ടുള്ളത്.) യഥാർഥത്തിൽ, ഡെങ് വീക്ഷണം ഉപേക്ഷിക്കുകയാണു ഷി ചെയ്തത്. ഡെങ് പറഞ്ഞത്, ‘ധനികരാകുന്നതു മഹത്വമാണ്’ എന്നാണ്. മാവോയിസ്റ്റ് മാതൃകയിൽനിന്നുള്ള സുപ്രധാനമായ ചുവടുമാറ്റമായിരുന്നു ഡെങ് കൊണ്ടുവന്ന വിപണി പരിഷ്കരണ നടപടികൾ. അവിടെനിന്നു ചൈനയെ കരുത്തുറ്റതാക്കാനുള്ള നടപടികൾക്കാണു ഷി മുൻതൂക്കം നൽകിയത്.  

alka
അൽക ആചാര്യ

ലക്ഷ്യം ചൈനയുടെ പൊതുസമൃദ്ധി

പാർട്ടിയിലെ യാഥാസ്ഥിതികർ എന്നു വിശേഷിപ്പിക്കുന്ന മുതിർന്നവരിൽനിന്നുള്ള വിമർശനങ്ങളെ അഭിമുഖീകരിക്കാതെ ഷിക്കു മുന്നോട്ടു പോകാനാവില്ലായിരുന്നു. എന്താണു യാഥാസ്ഥിതികരുടെ വിമർശനങ്ങൾ? അനിയന്ത്രിതമായ മുതലാളിത്ത പ്രവണതകളുടെ വളർച്ച, വ്യാപക അഴിമതി, ഉപഭോക്തൃത്വര, ധനപൂജ, അസമത്വം കൊടികെട്ടിയ സാമൂഹികഘടന, പരിസ്ഥിതി നാശം, എല്ലാറ്റിലും ഉപരി പ്രത്യയശാസ്ത്ര ശൂന്യത എന്നിങ്ങനെയുള്ള വിമർശനങ്ങളിലെ സാമൂഹിക യാഥാർഥ്യങ്ങളാണു പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാക്കിയത്. 

    ഏതാനും വർഷമായി ഷി ചിൻപിങ് ഈ വിഭാഗീയത കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു. വിമർശനത്തിന് ഇടയാക്കുന്ന സാമൂഹിക അനീതികളുടെയും അസമത്വങ്ങളുടെയും പ്രധാനകാരണം ഡെങ്ങിന്റെ വിപണി നയങ്ങളായിരുന്നു. ഓഗസ്റ്റിൽ നടന്ന പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിൽ ഷി, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ഇല്ലാതാക്കുമെന്നു പ്രഖ്യാപിക്കുകയും 2035 ആകുമ്പോഴേക്കും ‘പൊതു സമൃദ്ധി’ നേടണമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തു. 2022ൽ ഇരുപതാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ഷി യുഗത്തെ നിർവചിക്കുന്ന ഒരു പ്രയോഗമായി ‘പൊതുസമൃദ്ധി’ മാറിയേക്കും

ഈ പുതിയ പ്രത്യയശാസ്ത്രം, ഡെങ്ങിന്റെ ‘നാലു മൗലിക തത്വങ്ങൾ’ എന്നതിനെ ആശ്രയിച്ചുള്ളതല്ല. നാം തിരഞ്ഞെടുത്ത പാത, മാർഗതത്വങ്ങൾ, രാഷ്ട്രീയ വ്യവസ്ഥ, സോഷ്യലിസ്റ്റ് സംസ്കാരം എന്നിങ്ങനെ ഷി മുന്നോട്ടു വച്ച ‘നാല് ഉത്തമവിശ്വാസ പ്രമാണങ്ങൾ’ക്കു പുറമേ പാർട്ടിയിലും കേന്ദ്രകമ്മിറ്റിയിലുമുള്ള ഷിയുടെ മൂലസ്ഥാനവും പ്ലീനം അരക്കിട്ടുറപ്പിച്ചു.

മറ്റൊന്നു നാലിന സമഗ്ര പദ്ധതിയാണ്. ഇതുപ്രകാരം സാംസ്കാരികവും സാമൂഹികവും പരിസ്ഥിതിപരവുമായ ലക്ഷ്യങ്ങളുടെ ഏകോപനമാണു പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. എല്ലാത്തരത്തിലും സാമാന്യമായെങ്കിലും സമൃദ്ധി നിറഞ്ഞ സമൂഹസൃഷ്ടിയാണ് ഇതു ലക്ഷ്യമിടുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചൈനയിലെ സോഷ്യലിസത്തെ പുനർനിർവചിക്കാനാണു ഷിയുടെ പദ്ധതി.

FILES-CHINA-POLITICS-XI

അടിത്തറ ഉറപ്പിക്കാൻ ജനപ്രിയ പദ്ധതികൾ

ഭരണ, പാർട്ടിതല അഴിമതിക്കെതിരായി 2016 മുതലുള്ള ഷിയുടെ നടപടികൾ പാർട്ടിയുടെ സാമൂഹികാടിത്തറ ബലപ്പെടുത്തുകയും വലിയതോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. സമീപകാലത്തു ഷി കർശനമായ നടപടികളെടുത്തതു പ്രബലമായ വ്യവസായമേഖലയിലാണ്. വിശേഷിച്ചും, സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന, ലാഭതാൽപര്യങ്ങൾ മാത്രമുള്ള സ്വകാര്യ വ്യവസായങ്ങളെ നിയന്ത്രിക്കാൻ. സർവകലാശാലാ വിദ്യാഭ്യാസ മേഖലയിലെ അസമത്വം അവസാനിപ്പിക്കാനും നടപടികളുണ്ടായി. 

കുത്തനെ ഇടിയുന്ന ജനസംഖ്യാനില കണക്കിലെടുത്തു സന്താനനിയന്ത്രണം എടുത്തുകളഞ്ഞു. മറ്റൊന്നു സ്വകാര്യ ബിസിനസ് മേഖലയ്ക്കു ഷി നൽകിയ സന്ദേശമാണ്. ‘മൂന്നാം പുനർവിതരണം’ എന്നു വിളിക്കപ്പെടുന്ന പദ്ധതിപ്രകാരം സമ്പന്നർ സമൂഹത്തിനു പണം മടക്കിക്കൊടുക്കണം. ജാക് മായെയും അദ്ദേഹത്തിന്റെ ആലിബാബ കമ്പനിയെയുമാണ് ഇതിനായി ആദ്യം തിരഞ്ഞെടുത്തത്. വിവിധ ജനവിഭാഗങ്ങളുടെ താൽപര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ നടപടി പാർട്ടിയുടെ ആധികാരികത ഊട്ടിയുറപ്പിക്കുമെന്നും അടിത്തറ കൂടുതൽ ശക്തമാക്കുമെന്നുമാണു വിലയിരുത്തൽ.

ഇനി പാർട്ടിയുടെ മുഖ്യ പരിഗണനയിൽ വരുന്നതു ദേശീയതലത്തിൽ ഷി ചിൻപിങ് ചിന്ത പഠിപ്പിക്കാനുള്ള പ്രചാരണമാണ്– പുതിയ കപ്പിത്താനിൽ സമ്പൂർണ വിധേയത്വം ഉണ്ടാക്കിയെടുക്കുകയാണു ലക്ഷ്യം. ഇതു പാർട്ടിക്കുള്ളിൽ മാത്രമല്ല, എല്ലാ പൗരന്മാർക്കിടയിലും വേണം. വാസ്തവത്തിൽ 2017 മുതൽ പ്രാഥമിക തലം മുതൽ സർവകലാശാല വരെ പാഠപുസ്തകങ്ങളിൽ ഷി ചിന്ത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ ദിവസവും 9.5 കോടി പാർട്ടി അംഗങ്ങൾ മൊബൈൽ ആപ്പിൽ ഷി ചിന്ത വായിക്കണം. 

കോവിഡ് മഹാമാരിയുടെ പേരിൽ ഷി ചിൻപിങ്ങിനെതിരെ വ്യാപക വിമർശനവും അമ‍ർഷവും സമൂഹത്തിലുണ്ടെന്ന പാശ്ചാത്യമാധ്യമ റിപ്പോർട്ടുകൾ നൽകുന്നതു അസുന്ദരമായ ചിത്രമാണ്. വിമർശനങ്ങൾ വ്യാപകമാണെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം, ഈ വെല്ലുവിളികൾ ഏറെയും ഡിജിറ്റൽ തലത്തിലാണ്. അതിനെതിരായ ഭരണകൂട പ്രതികരണങ്ങളും ഡിജിറ്റലായി നടക്കുന്നു. സെൻസർഷിപ്പും ഇന്റർനെറ്റിലെ കർശന വിലക്കുകളും മുൻപെങ്ങുമില്ലാത്ത വിധം ശക്തമാണിപ്പോൾ. എന്നിരിക്കിലും പൊതുവേ ഷിയുടെ ഭരണത്തിനുള്ള അംഗീകാര സൂചിക പൊതുവേ ഉയരുകയാണു ചെയ്തിട്ടുള്ളത്.

അലയൊലികൾ ലോകമെങ്ങും

ഷി ചിൻപിങ്ങിന്റെ നയവ്യതിയാനങ്ങൾ ചൈനയിൽ മാത്രമല്ല, ലോകമെങ്ങും ശക്തമായ സ്വാധീനമാണുണ്ടാക്കുക. ഷിയുടെ അന്തിമ സംഭാവന ചരിത്രം വിലയിരുത്തുമെങ്കിലും ചൈനയെ കരുത്തുറ്റതാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയം രാജ്യാന്തര തലത്തിൽ അലകൾ ഉണ്ടാക്കിക്കഴിഞ്ഞു. ആഗോള മുതലാളിത്ത സമ്പദ്ഘടനയിൽ ചൈനയുടെ ഇടപെടൽ തുടങ്ങിയ കാലം മുതൽ ഇന്നേവരെ സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള ഏറ്റുമുട്ടലുകളെപ്പറ്റി കൃത്യമായ വീക്ഷണം ചൈന വികസിപ്പിച്ചിട്ടില്ല. പകരം, മുതലാളിത്തം അന്തിമമായി തകർന്നടിയുമെന്ന മാവോയിസ്റ്റ് വിശ്വാസം വിട്ട് രാജ്യത്തിനുള്ളിലെ ‘സോഷ്യലിസ്റ്റ്’ സംവിധാനം കാത്തുസൂക്ഷിക്കാനുള്ള ബലമാർജിക്കുകയാണു ചൈന ചെയ്തത്. ഈ ബലം ലോകത്തു നിശ്ചയദാർഢ്യത്തോടെ ഇടപെടാനും ചൈനയ്ക്കു പ്രാപ്തി നൽകുന്നു. സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തി വർധിപ്പിക്കുന്നതിനൊപ്പം സ്വന്തം രാഷ്ട്രീയസംവിധാനത്തെ ശക്തമാക്കുന്ന വിദേശനയമാണു നിലവിൽ ചൈന സ്വീകരിച്ചിട്ടുള്ളത്.

സമ്പത്തു മാത്രമല്ല, ചരിത്രപരവും സാംസ്കാരികവുമായ കരുത്തും ലോകകാര്യങ്ങളിൽ നിർണായകമായ ഇടപെടലുകൾ നടത്താൻ അവരെ സഹായിക്കുന്നു. അടുത്ത അഞ്ചുവർഷത്തേക്കു ചൈനയിൽ ഷിയുടെ ആധിപത്യമുള്ള രാഷ്ട്രീയത്തിനു മാറ്റമുണ്ടാവില്ല. ഈ സന്ദർഭത്തിൽ, വഴിമുട്ടിയ ഇന്ത്യ–ചൈന ബന്ധത്തെ ഗുണപരമായി പുനരുജ്ജീവിപ്പിക്കാനുള്ള ഗൗരവമുള്ള ആലോചനകൾകൂടി ഉണ്ടാകണം. 

jack-ma
ജാക്ക് മാ

ജാക്ക് മാ നാവടക്കി, ജീവകാരുണ്യത്തിന്

കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിലെ നിയന്ത്രണങ്ങളെ വിമർശിച്ച് ഷാങ്​ഹായിൽ നടത്തിയ പ്രസംഗത്തിനു ശേഷം, ചൈനയിലെ ശതകോടീശ്വരനായ ജാക്ക് മാ പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഷി ചിൻപിങ്ങിന്റെ അതൃപ്തി നേരിടേണ്ടി വന്ന മാ രണ്ടരമാസത്തിനുശേഷം ഒരു വിഡിയോ സന്ദേശവുമായാണു പ്രത്യക്ഷപ്പെട്ടത്. ജീവകാരുണ്യത്തിനായി ആരംഭിച്ച ഫൗണ്ടേഷനെപ്പറ്റി പറയാനായിരുന്നു ഇത്. സമൂഹത്തിനായി സമ്പത്തിന്റെ വിഹിതം നീക്കിവയ്ക്കുക എന്ന ഷി ചിൻപിങ് ശാസനം  നടപ്പാക്കുകയായിരുന്നു ജാക്ക് മാ. കുത്തകവിരുദ്ധനയം കർശനമാക്കുന്നതിന്റെ ഭാഗമായി ആദ്യ നടപടി നേരിട്ടതും  ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഓൺലൈൻ വ്യാപാര ശൃംഖലയാണ്. ഏപ്രിലിൽ 280 കോടി ഡോളർ (20,924 കോടി രൂപ) പിഴ ചുമത്തി. 2019 ലെ കമ്പനിയുടെ വരുമാനത്തിന്റെ 4% ആണ് പിഴയായി നിശ്ചയിച്ചത്.  

(ജെഎൻയു സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ്  പ്രഫസറും  ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ് മുൻ ഡയറക്ടറുമാണ് ലേഖിക)

English Summary: China's Xi Jinping allowed to remain president for life term

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA