ഓൺലൈൻ ഓർമയാചരണം: ദേശീയ നേതാക്കളുടെ അനുസ്മരണം ആളില്ലാച്ചടങ്ങുകളാകുന്നു

ദേശീയം
nehru
ജവാഹർലാൽ നെഹ്റു
SHARE

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ പാർലമെന്റിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ ആരും പങ്കെടുത്തില്ല. ഇതു കോൺഗ്രസിനു കടുത്ത അസ്വസ്ഥതയുണ്ടാക്കി. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന പാർട്ടി എംപിമാരും മുൻ എംപിമാരും മാത്രമാണു പാർലമെന്റ് സെൻട്രൽ ഹാളിൽ ഞായറാഴ്ച നടന്ന ചടങ്ങിനെത്തിയത്. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവോ ലോക്സഭാ സ്പീക്കർ ഓം ബിർലയോ ഹാജരായില്ല. ഒരു കേന്ദ്രമന്ത്രി പോലും ഇല്ലായിരുന്നു. ഈ അസാന്നിധ്യം ക്രൂരമായിപ്പോയി എന്നാണു മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പ്രതികരിച്ചത്. ഞായറാഴ്ച വെങ്കയ്യ നായിഡു ആന്ധ്രയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. ഓം ബിർലയാകട്ടെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ സംഘടിപ്പിച്ച നെഹ്റു അനുസ്മരണ പരിപാടിയിലും! നെഹ്റുവിനു ഹാരമർപ്പിക്കുന്ന ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമേകിയത്.

ഞായറാഴ്ചയായതിനാലും സഭ പിരിഞ്ഞ സമയമായതിനാലും മന്ത്രിമാരോ എംപിമാരോ സ്ഥലത്തില്ലായിരുന്നുവെന്നാണു പാർലമെന്റിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. പക്ഷേ, കോൺഗ്രസും മറ്റു കക്ഷികളും അധികാരത്തിലിരുന്ന കാലത്തും ഇത്തരം അനുസ്മരണച്ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറവാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കെ, മുൻ പ്രധാനമന്ത്രിമാരായ മൊറാർജി ദേശായിയുടെയും ചരൺസിങ്ങിന്റെയും അനുസ്മരണത്തിനു കോൺഗ്രസ് മന്ത്രിമാരും പങ്കെടുക്കാറില്ലായിരുന്നുവെന്നാണ് അവർ പറഞ്ഞത്. പക്ഷേ, ഉപരാഷ്ട്രപതിമാരായിരുന്ന ഭൈരോൺ സിങ് ഷെഖാവത്ത്, കൃഷ്ണകാന്ത്, ലോക്സഭാ സ്പീക്കർമാരായിരുന്ന ശിവ്‌രാജ് പാട്ടീൽ, സുമിത്ര മഹാജൻ എന്നിവരെല്ലാം ദേശീയ നേതാക്കൾക്ക് ആദരം അർപ്പിക്കുന്ന ചടങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുത്തിരുന്നു. 

ദേശീയനേതാക്കളെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ ഹാജർ നിർബന്ധമാക്കണമെന്ന വാദം കുറെക്കാലമായി സർക്കാരിലും രാഷ്ട്രപതിഭവനിലും ഉയർന്നുവരുന്നതാണ്. അന്തരിച്ച മുൻരാഷ്ട്രപതിമാരുടെയും മുൻ പ്രധാനമന്ത്രിമാരുടെയും എണ്ണം വർധിച്ച സാഹചര്യത്തിൽ വിശേഷിച്ചും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യകാലങ്ങളിൽ മഹാത്മാഗാന്ധിയെ അനുസ്മരിക്കാൻ ജന്മദിനത്തിലും രക്തസാക്ഷിദിനത്തിലും രാഷ്ട്രപതിയുടെ നേതൃത്വത്തിൽ സർക്കാർതലത്തിലെ മുഴുവൻ നേതാക്കളും എത്തിയിരുന്നു. നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലും ലാൽ ബഹാദൂർ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്ന വിജയ് ഘട്ടിലും സമാനരീതിയിൽ നേതാക്കളെല്ലാം ഒത്തുചേർന്നിരുന്നു. 

സ്വാതന്ത്ര്യാനന്തരം പാർലമെന്റ് മന്ദിരത്തിലെ ബ്രിട്ടിഷ് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങളും പ്രതിമകളും നീക്കി തൽസ്ഥാനങ്ങളിൽ ദേശീയ നേതാക്കളുടേതു സ്ഥാപിക്കാൻ നിർദേശിക്കുകയാണ് ഇരുസഭകളുടെയും അധ്യക്ഷന്മാർ ആദ്യം ചെയ്തത്. പാർലമെന്റ് മന്ദിരത്തിലും വളപ്പിലും സ്ഥാപിക്കാനുള്ള പ്രതിമകളും ചിത്രങ്ങളും സന്നദ്ധരായ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഭാവനകളായി സമാഹരിക്കണമെന്നും ആദ്യ ലോക്സഭാ സ്പീക്കർ ജി.വി. മാവ്‌ലങ്കാർ ഉത്തരവിട്ടു. ഇതിനായി എംപിമാരുടെ സമിതിക്കും രൂപം കൊടുത്തു. 

gandhi

ബംഗാൾ മുഖ്യമന്ത്രി പി.സി.റോയിയാണു മഹാകവി ടഗോറിന്റെയും ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെയും ഛായാചിത്രങ്ങൾ സംഭാവന ചെയ്തത്. രഘുനാഥ് സിങ് എംപി എല്ലാ എംപിമാരുടെയും പേരിൽ നെഹ്റുവിന്റെ ചിത്രവും നൽകി. ഫോർവേഡ് ബ്ലോക് എംപി സമർ ഗുഹയാണു നേതാജിയുടെ ചിത്രം നൽകിയത്. 

ഗാന്ധിജി, ഡോ. ബി.ആർ. അംബേദ്കർ, മുൻപ്രധാനമന്ത്രിമാർ എന്നിവരുടേതടക്കം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നിലവിൽ 25 ഛായാചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വി.ഡി.സവർക്കർ, ജനസംഘം ആദ്യ അധ്യക്ഷൻ ശ്യാമപ്രസാദ് മുഖർജി എന്നിവരും ഇക്കൂട്ടത്തിലുണ്ട്. രണ്ടു വർഷം മുൻപ് അനാഛാദനം ചെയ്ത എ.ബി. വാജ്പേയിയുടെ ഛായാചിത്രമാണ് അവസാനം സ്ഥാപിച്ചത്. ഇതിനു പുറമേ, പാർലമെന്റ് ചേംബറിലും ലോബികളിലും കമ്മിറ്റി മുറികളിലും മ്യൂസിയത്തിലുമായി ദേശീയ സംസ്ഥാന നേതാക്കളായ നൂറിലേറെപ്പേരുടെ ചിത്രങ്ങളും കാണാം. പാർലമെന്റ് സമുച്ചയത്തിൽ ദേശീയ നേതാക്കളുടെ നൂറിലേറെ പ്രതിമകളുണ്ട്. മഹാത്മാഗാന്ധിയുടെ ഇരിക്കുന്ന നിലയിലുള്ള ശിൽപമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കുതിരപ്പുറത്തിരിക്കുന്ന ഛത്രപതി ശിവാജി, ഭരണഘടനയുമായി നിൽക്കുന്ന ഡോ. അംബേദ്കർ എന്നിവയും ശ്രദ്ധേയങ്ങളാണ്. അംബേദ്കറുടെ ജന്മദിനത്തിൽ ഇവിടെ വലിയ ജനക്കൂട്ടം ആദരമർപ്പിക്കാനെത്താറുണ്ട്. 

ജന്മദിനങ്ങളിലും ചരമദിനങ്ങളിലും നടത്തേണ്ട ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പാർലമെന്റ് ബുള്ളറ്റിനിൽ രേഖപ്പെടുത്താറുണ്ട്. ഇതിനു പുറമേ   ഇരുസഭകളുടെയും അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പാർലമെന്റ് അംഗങ്ങൾ, 2001ലെ പാർലമെന്റ് ആക്രമണത്തിൽ രക്തസാക്ഷികളായവർക്ക് ആദരം അർപ്പിക്കാൻ ഡിസംബർ 13ന് ഒത്തുചേരാറുണ്ട്. 

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാലത്തു നേതാക്കന്മാരിലേറെയും അനുസ്മരണങ്ങൾ നടത്തുന്നത്. നേരിട്ടു പങ്കെടുക്കുന്നതിനെക്കാൾ ശ്രദ്ധ സമൂഹമാധ്യമത്തിൽ ലഭിക്കുമെന്നതാണു കാരണം. പല പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും ചില അനുസ്മരണങ്ങളിൽ പ്രത്യേക താൽപര്യമെടുത്തു പങ്കെടുക്കാറുണ്ട്. മുൻരാഷ്ട്രപതി പ്രണബ് മുഖർജി, ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്ഥലിലും അവർ വെടിയേറ്റു വീണ സഫ്ദർജങ് റോഡിലെ ബംഗ്ലാവിലും എല്ലാ വർഷവും അനുസ്മരണദിനങ്ങളിൽ പതിവായി പോകുമായിരുന്നു. 

നിർമാണം നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്രതിമകളുടെയും ഛായാചിത്രങ്ങളുടെയും പട്ടിക സർക്കാരോ സ്പീക്കർ ഓം ബിർലയോ വെളിപ്പെടുത്തുമ്പോൾ വിവാദമുയരാനാണു സാധ്യത. നിലവിലെ പാർലമെന്റ് മന്ദിരം ഒരു മ്യൂസിയമായി മാറുന്നതോടെ അവിടത്തെ പ്രതിമകളും ചിത്രങ്ങളും 75 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിന്റെ സാക്ഷ്യമായി അവിടെ തുടരും. എന്നാൽ, പുതിയ മന്ദിരത്തിലും തങ്ങളുടെ കക്ഷികളിലെ മുഖ്യനേതാക്കളുടെ പ്രതിമകളും ഛായാചിത്രങ്ങളും സ്ഥാപിക്കുന്നതിനു വേണ്ടി ശക്തമായ ആവശ്യങ്ങൾ ഓരോ കക്ഷികളും ഉയർത്തും. 1964 മുതൽ നെഹ്റു സ്മാരകമായിരുന്ന തീൻമൂർത്തിഭവനിൽ പ്രധാനമന്ത്രിമാരുടെ മ്യൂസിയവും നിർമാണത്തിലാണ്.

English Summary: Jawaharlal Nehru commemoration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA