ADVERTISEMENT

വ്രതശുദ്ധിയുടെ വൃശ്ചികമായി. കൊടുംമഴക്കെടുതികളും കോവിഡ് മഹാമാരിയുടെ ആശങ്കകളും മറികടന്നു ഭക്തസഹസ്രങ്ങൾ അയ്യപ്പദർശനപുണ്യം തേടി ശബരിമലയിലെത്തുമ്പോൾ അതിജീവനത്തിന്റെ വിശുദ്ധസന്ദേശമാകുകയാണ് ഈ തീർഥാടനവേള. സുരക്ഷയും ജാഗ്രതയും ഇരുമുടിക്കെട്ടു പോലെ പവിത്രമായി കാക്കണമെന്ന ഓർമപ്പെടുത്തലും ഈ മണ്ഡലകാലം നമുക്കു നൽകുന്നു. 

ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ തീർഥാടനകാലം. ദർശനത്തിനുള്ള അന്നന്നത്തെ വരിയിൽ (വെർച്വൽ ക്യൂ) സ്ഥാനമുറപ്പിച്ചെങ്കിൽ മാത്രമേ മലകയറ്റം സാധിക്കൂ എന്നതാണു പ്രധാനം. കഴിഞ്ഞ വർഷം 5000 പേരെയാണ് ഒരു ദിവസം കടത്തിവിട്ടതെങ്കിൽ, ഇത്തവണ ദർശനം 30,000 പേർക്കായി ഉയർത്തിയെന്നത് ആശ്വാസകരമാണ്. എന്നാൽ, വെർച്വൽ ക്യൂവിൽ ഇടം കിട്ടാത്ത ആയിരങ്ങളുടെ സങ്കടങ്ങളും കാണാതെ പോകരുത്. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്കു നിർത്തിവച്ച  സ്പോട് ബുക്കിങ് പുനരാരംഭിക്കുമ്പോൾ ഒരു ദിവസം എത്ര പേർക്ക് ഇങ്ങനെ അവസരം ലഭിക്കുമെന്നതിലും അതു മുൻകൂറായി അറിയുന്ന കാര്യത്തിലും വ്യക്തത ഉണ്ടാവേണ്ടതുണ്ട്. ദൂരദേശങ്ങളിൽനിന്നു സ്പോട് ബുക്കിങ് തേടിയെത്തുന്നവരുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിക്കൂടാ. അയൽസംസ്ഥാനങ്ങളിൽ പതിനായിരങ്ങൾ മല കയറാൻ മാലയിട്ടതും വെർച്വൽ ബുക്കിങ് 13 ലക്ഷം കടന്നതും ഈ തീർഥാടനകാലത്തെ ശുഭസൂചനകളാണ്.

മല കയറുന്നതിലും ദർശനവേളയിലുമൊക്കെ തീർഥാടകർ ആരോഗ്യജാഗ്രത പരമാവധി പാലിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പൂർണമായി പിന്തുടരുകയും വേണം. സ്വന്തം ആരോഗ്യസുരക്ഷയ്ക്കൊപ്പം സഹതീർഥാടകരുടെ കാര്യത്തിലും എല്ലാവർക്കും ശ്രദ്ധയും കരുതലും ഉണ്ടായേ തീരൂ. പ്രകൃതി ശാന്തമാകാത്ത സാഹചര്യത്തിൽ പമ്പാസ്നാനത്തിനോ സമീപത്തു മറ്റേതെങ്കിലും പുഴയിലിറങ്ങിയുള്ള സ്നാനത്തിനോ ശ്രമിക്കരുതെന്നാണു സുരക്ഷാനിർദേശം. 

മഴക്കെടുതി നേരിട്ട ശബരിമല പാതകൾ എത്രയും വേഗം സുസജ്ജമാക്കേണ്ടതുണ്ട്. പരമ്പരാഗത വഴികളായ നീലിമല, അപ്പാച്ചിമേട്, പുല്ലുമേട്, അഴുത, കരിമല, കല്ലിടാംകുന്ന് എന്നിവയിലൂടെ ഇത്തവണ അയ്യപ്പന്മാർക്കു പ്രവേശനം നൽകാത്തതു നിരാശാജനകമാണ്. ട്രാക്ടറുകൾ ഉപയോഗിച്ചുപോരുന്ന സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രമുള്ള യാത്ര, കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ളതുകൊണ്ട് ആരോഗ്യ സംബന്ധമായി വെല്ലുവിളി ഉയർത്തുന്നതാണ്. ഈ വഴി മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ ആവശ്യമായ വിശ്രമകേന്ദ്രങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ശുദ്ധജലസൗകര്യങ്ങളും ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. 

അയൽസംസ്ഥാനങ്ങളിൽ നിന്നു തീർഥാടകർ വരുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു യാത്രാ പെർമിറ്റ് ഇല്ലെന്നതു ഗൗരവമുള്ള വിഷയമാണ്. കെഎസ്ആർടിസിക്ക് അടക്കം തമിഴ്നാട് യാത്രയ്ക്ക് അനുമതിയില്ല. ഏറ്റവും കൂടുതൽ തീർഥാടകർ വരുന്ന തമിഴ്നാട്ടിലേർപ്പെടുത്തിയ  നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ സംസ്ഥാനങ്ങൾ തമ്മിൽ ചർച്ച കൂടിയേ തീരൂ. 

തീർഥാടനകാലമാണെങ്കിലും നിലയ്ക്കാതെ തുടരുന്ന പ്രകൃതിക്ഷോഭങ്ങൾ ആശങ്കാജനകമാണ്. വെള്ളപ്പൊക്കവും തുടരെയുള്ള മലയിടിച്ചിലും കടുത്ത വെല്ലുവിളികൾ ഉയർത്തുന്നു. തീർഥാടകർക്കു സൗകര്യങ്ങളൊരുക്കിയും ആരോഗ്യജാഗ്രത ഉറപ്പു വരുത്തിയും ഈ തീർഥാടനകാലം സഫലമാക്കാനുള്ള ഏകോപിത പ്രവർത്തനങ്ങളാണു സർക്കാരിൽനിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്നുമുണ്ടാകേണ്ടത്. ഇന്നലെ മാത്രം ചുമതലയേറ്റെടുത്ത ദേവസ്വം ബോർഡ് പുതിയ പ്രസിഡന്റിനും അംഗത്തിനും  ഈ തീർഥാടനകാലം  എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്നതിൽ ഉത്കണ്ഠപ്പെടുന്നവരുണ്ട്. ഇൗ തീർഥാടനകാലം പരാതിരഹിതമായി പൂർത്തിയാക്കുന്നതിനാണ് ആദ്യ പരിഗണന നൽകുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറയുകയുണ്ടായി. അതേസമയം, സർക്കാർ ശബരിമലയിൽ കാര്യമായ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നാണു പ്രതിപക്ഷത്തിന്റെ പരാതി.

കഠിനവ്രതവും കല്ലുവഴികളും കടന്നാണു സ്വാമിമാർ സന്നിധാനത്തിലെത്തുന്നത്. അയ്യപ്പദർശനസാഫല്യം നേടി പല നാടുകളിലേക്കു മടങ്ങുമ്പോൾ മനസ്സു നിറഞ്ഞ്, തീർഥാടനത്തിന്റെ ധന്യമായ ഓർമകൾ മാത്രമാവണം അവർ ഒപ്പം കൊണ്ടുപോകേണ്ടത്. അതിനു വേണ്ടതെല്ലാം ചെയ്തേ തീരൂ. അതു ഭക്തരുടെ അവകാശം തന്നെയാണ്.

 

English Summary: Sabarimala pilgrimage begins 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com