നാറ്റക്കേസിന് സുഗന്ധസമാപനം

തരംഗങ്ങളിൽ
akhilesh
SHARE

ഡെൻമാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു എന്നത് ആ രാജ്യത്തെ ഏതോ ദിനപത്രത്തിന്റെ പ്രാദേശിക പേജിൽ വന്ന വാർത്തയോ അല്ലെങ്കിൽ ഡെൻമാർക്കിലെ ഭരണകക്ഷിയെപ്പറ്റി പ്രതിപക്ഷം പറഞ്ഞതോ ആവാമെന്നു പലരും വിചാരിക്കുന്നുണ്ടാവും. 

അല്ല; ഒരിക്കൽപോലും ഡെൻമാർക്കിൽ പോകുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത ഒരാൾ എഴുതിപ്പിടിപ്പിച്ചതാണത്. സാക്ഷാൽ വില്യം ഷെയ്ക്സ്പിയർ; ഹാംലറ്റ് നാടകത്തിൽ മാർസെലസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗ്. നാടകത്തിൽ നാറുന്നതു ഡെൻമാർക്കാണെങ്കിലും നാടകത്തിനു പുറത്ത് ഏതു നാറ്റവും സുഗന്ധമാണെന്ന് അവകാശപ്പെടാൻ രാജ്യങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ അവകാശമുണ്ട്.

ഈ നാറ്റക്കേസിന് അവസാനമാകുകയാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽനിന്നാണു തുടക്കം. അവിടത്തെ സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവ് പാർട്ടി വകയായി സുഗന്ധം നിർമിച്ചു പുറത്തിറക്കിയതു കഴിഞ്ഞയാഴ്ചയാണ്. 

സമാജ്‌വാദി സുഗന്ധം എന്നാണു സ്പ്രേയുടെ പേര്. പ്രകൃതിദത്തമായ 22 സുഗന്ധങ്ങൾ ചേർത്തുണ്ടാക്കിയതാണത്രേ സമാജ്‌വാദി സുഗന്ധം. ഇതു സോഷ്യലിസ്റ്റ് സുഗന്ധമാണെന്നും ശരീരത്തിൽ സ്പ്രേ ചെയ്യുമ്പോൾ സോഷ്യലിസത്തിന്റെ സുഗന്ധം പ്രസരിക്കുമെന്നും അഖിലേഷ് പറയുന്നു. സോഷ്യലിസത്തിനു പഴയ സുഗന്ധമില്ലെന്നു വിചാരിക്കുന്നവർക്കു ബോധ്യപ്പെടട്ടെ.

ഇപ്പോൾ ഉപയോഗിച്ചു തുടങ്ങിയാൽ 2022 ആകുമ്പോഴേക്കും വെറുപ്പ് എന്ന വികാരം ഇല്ലാതാകുമെന്നാണ് അവകാശവാദം. എന്തുകൊണ്ടെന്നാൽ യുപി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2022ൽ ആണ്.

പാർട്ടിയുടെ പേരും ചിഹ്നവും സുഗന്ധക്കുപ്പിയിൽ ചിത്രീകരിച്ചിട്ടുണ്ട്; ചിഹ്നം എന്നാൽ സൈക്കിൾ. സൈക്കിൾ മാർക്ക് സുഗന്ധം എന്നു വേണമെങ്കിൽ വിളിക്കാം. അഖിലേഷിനെ ഏൽപിച്ചാൽ ഒരുപക്ഷേ, ഓരോ സംസ്ഥാനത്തും ഓരോ പാർട്ടിക്കും വേണ്ടി ഭിന്നസുഗന്ധങ്ങൾ നിർമിച്ചു നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കും. കേരളത്തിൽ സോഷ്യലിസത്തിന്റെ ഏറ്റവും പരിഷ്കരിച്ച രൂപം നിലവിൽ വന്നുകഴിഞ്ഞതിനാൽ സോഷ്യലിസം മണക്കുന്ന സുഗന്ധം നമുക്കു വേണ്ടിവരില്ല. 

പറയുന്നവരും കേൾക്കുന്നവരും ആഗ്രഹിക്കാതെ നേതാക്കളുടെ വായിൽനിന്നു നാറ്റപ്പദങ്ങൾ പുറത്തുചാടുന്ന ഒരു രോഗം ഇവിടെ പരക്കെയുള്ളതിനാൽ നാക്കിൽ സ്പ്രേ ചെയ്യാവുന്ന സുഗന്ധമാണു കേരളത്തിൽ അത്യാവശ്യം. രാവിലെ അരയും തലയും മുറുക്കിയിറങ്ങുമ്പോൾ വായിലേക്കു രണ്ടു സ്പ്രേ: നാറ്റം പിന്നെ ഉണ്ടാവരുത്. പറഞ്ഞതു നിഷേധിക്കാനും അതു വീണ്ടും തിരുത്തി നാറാനും ഇടവരരുത്.

English Summary: Akhilesh Yadav launches Samajwadi Party perfume

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA