ADVERTISEMENT

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതു സംബന്ധിച്ചു സുപ്രീം കോടതിയിൽ നീളുന്ന കേസ് കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്തവും തൊഴിലാളിവിരുദ്ധതയും എടുത്തുകാട്ടുന്നു. കഷ്ടപ്പാടുകളില്ലാത്ത വിശ്രമജീവിതം ആഗ്രഹിക്കുന്ന പെൻഷൻകാർക്കു നീതി ലഭിക്കാൻ വൈകുന്നതു രാജ്യത്തിന്റെതന്നെ സങ്കടമാവുകയാണ്. യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ അനുവദിക്കുക, സുപ്രീം കോടതിയിലെ കേസിൽനിന്നു കേന്ദ്ര സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ലക്ഷക്കണക്കിന് ഇപിഎഫ് പെൻഷൻകാർ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേക്കു നീങ്ങുന്ന സാഹചര്യം സർക്കാർ വരുത്തിവച്ചതാണെന്ന കാര്യത്തിൽ സംശയമില്ല. പെൻഷൻ ഒൗദാര്യമല്ലെന്നും അവകാശമാണെന്നും തിരിച്ചറിയാത്ത കേന്ദ്ര സർക്കാരിനു കാലത്തിനുനേരെ ഇനിയും എത്രകാലം ഇങ്ങനെ മുഖംതിരിച്ചു നിൽക്കാനാവും?

പിഎഫ് പെൻഷൻ പദ്ധതിയിലുള്ളവർക്ക് ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷന് അവകാശമുണ്ടെന്നു സുപ്രീം കോടതിയും കേരള ഹൈക്കോടതിയും വിധിച്ചിട്ടും ഇതാണ് അവസ്ഥയെന്നതു നിർഭാഗ്യകരമാണ്. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) തൊഴിൽ മന്ത്രാലയവും നൽകിയ ഹർജികൾ ഇപ്പോൾ സുപ്രീം കോടതിയിലുണ്ട്. ഇരു ഹർജികളും പരിശോധിച്ച സുപ്രീംകോടതി, കേരള ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ കഴിഞ്ഞ ഓഗസ്റ്റിൽ മാറ്റിവച്ചെങ്കിലും പുതിയ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. 

സുപ്രീം കോടതിയിലുള്ള ഹർജികളിൽ തീരുമാനമാകാതെ, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്ന കാര്യം പരിഗണിക്കില്ലെന്നാണു സർക്കാർ നിലപാട്. ഉയർന്ന പെൻഷൻ നൽകുന്നതിനുള്ള സാമ്പത്തികച്ചെലവാണ് ഇപിഎഫ്ഒ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പെൻഷന് അർഹതയുള്ള എത്രയെത്ര മുതിർന്ന പൗരൻമാരുടെ ആനുകൂല്യമാണു കേസ് നീട്ടിക്കൊണ്ടുപോകുന്നതിലൂടെ നഷ്ടപ്പെടുന്നത്.

‌തൊഴിലാളികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനു കൊണ്ടുവന്ന പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇപിഎഫ് അധികൃതർ ശ്രമിക്കുന്നതായി തുടക്കംമുതൽ പരാതി ഉയർന്നിരുന്നു. 1995ൽ ആരംഭിച്ച പിഎഫ് പെൻഷൻ പദ്ധതിയിൽ ചേർന്നവർക്കു വിരമിച്ചപ്പോൾ മുതൽ കിട്ടുന്നതു നാമമാത്ര പെൻഷൻ മാത്രം. പെൻഷനു മാനദണ്ഡമായി നിശ്ചയിച്ച ശമ്പളപരിധിയാണു കുറഞ്ഞ തുകയ്ക്കു കാരണമായത്. മിനിമം പെൻഷൻ ആയിരം രൂപയായി പിന്നീടു വർധിപ്പിച്ചപ്പോഴാകട്ടെ ചില വ്യവസ്ഥകൾകൂടി ബാധകമാക്കി അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുകയും ചെയ്തു. ഇതുതന്നെ മുഴുവനായി ഇപ്പോഴും പലർക്കും കിട്ടുന്നില്ല. ഈ തുകകൊണ്ട് പെൻഷൻകാർ ജീവിക്കണമെന്നാണോ സർക്കാർ പറയുന്നത് ?

പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ (പിഎഫ്പിഎ) രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ്. മിനിമം പെൻഷൻ തുക 9000 രൂപയാക്കി വർധിപ്പിക്കണമെന്നതാണു പ്രധാന ആവശ്യം. സർവീസ് പെൻഷനു സമാനമായി ക്ഷാമബത്ത ഏർപ്പെടുത്തുക, ഇഎസ്ഐ ചികിത്സാ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. പിഎഫ് പെൻഷൻ ദിനമായ ഇന്നലെ, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പിഎഫ്പിഎയുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു ധർണ നടത്തുകയും ചെയ്തു. തൊഴിൽരംഗത്തു മാതൃകയാകേണ്ട സർക്കാർ, തൊഴിലാളികളെയും പെൻഷൻകാരെയും തോൽപിക്കാൻ സുപ്രീം കോടതിയിലെ കേസ് നീട്ടുന്നത് അവസാനിപ്പിക്കണമെന്നും ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്തെ ഭരണകൂടം ചെയ്യാൻ പാടില്ലാത്ത തൊഴിലാളിദ്രോഹ സമീപനമാണിതെന്നും കഴിഞ്ഞ ദിവസം മലയാള മനോരമയിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടുകയുണ്ടായി.

ആയുസ്സിൽ വലിയൊരു പങ്കും ജോലി ചെയ്ത്, വിശ്രമകാലത്ത് അന്തസ്സായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ന്യായമായ അവസരമുറപ്പാക്കാൻ തീർച്ചയായും സർക്കാരിനു ബാധ്യതയുണ്ട്; അതു നിഷേധിക്കുന്നതു ക്രൂരതയും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.

 

English Summary: Central government and PF pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com