വേണം, ഇനിയുമേറെ കരുതൽ

doctor patient relation
പ്രതീകാത്മക ചിത്രം
SHARE

കോവിഡ് മൂലമുണ്ടായ മാന്ദ്യം മറികടന്ന് പുത്തൻ ഉണർവിലേക്കെത്തുകയാണ് സാന്ത്വന പരിചരണ രംഗവും. കിടപ്പുരോഗികൾക്കും കുടുംബത്തിനും താങ്ങും തണലുമായി പാലിയേറ്റീവ് മേഖലയും സഹജീവിസ്നേഹത്തിന്റെ ആൾരൂപങ്ങളായ സാന്ത്വനപ്രവർത്തകരും. ഈ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കേരളത്തിലാണ് രാജ്യത്തെ 1900 സാന്ത്വന പരിചരണ യൂണിറ്റുകളിൽ 1600 എണ്ണവും. പക്ഷേ, ഇവയുടെ പ്രവർത്തനത്തിന് ഏകീകൃതരൂപം ഉണ്ടായിട്ടില്ല. അതിനു സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഇപെടലുകളുണ്ടാകണം. 

രാവിലെ എഴുന്നേറ്റാൽ നമ്മൾ എന്തെല്ലാം ചെയ്യും?

രാജീവ് പള്ളുരുത്തി

പല്ലു തേക്കും, കാപ്പി കുടിക്കും, നടക്കാൻ പോകും, പത്രം വായിക്കും, ഭക്ഷണമുണ്ടാക്കും, ജോലിക്കു പോകും... ഇങ്ങനെ എന്തെല്ലാം കാര്യങ്ങൾ. പക്ഷേ, ഇതൊന്നും ചെയ്യാൻ കഴിയാത്തവരെക്കുറിച്ച് ഓർക്കാറുണ്ടോ? ജീവിതകാലം മുഴുവൻ കിടപ്പിലായവർ. സ്വപ്നങ്ങളെല്ലാം മുറിയിൽ അടച്ചുപൂട്ടിയവർ. തിരിഞ്ഞു കിടക്കാൻപോലും പരസഹായം വേണ്ടവർ. മുഖത്ത് ഈച്ച വന്നിരുന്നാൽ അതിനെ ആട്ടാൻപോലുമാകാതെ കഴുത്തിനു താഴെ നിശ്ചലമായവർ. 

വീട്ടിൽ പരിചരിക്കാനെത്തിയ എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് നഴ്സ് ഷീബ ജോസിനോടു കിടപ്പുരോഗിയായ ഒരമ്മ ഒരിക്കൽ ചോദിച്ചു– ‘മോളെ, ഇങ്ങനെ കിടക്കാതെ മരിക്കാൻ വല്ല മരുന്നും ഉണ്ടോ?’. ജീവിതത്തിലെ ഒറ്റപ്പെടലുണ്ടാക്കിയ മാനസിക തളർച്ചയിൽ നിന്നായിരുന്നു ആ ചോദ്യം.

പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിയുമ്പോൾ മാനസികമായി തകർന്നു പോകുന്നവരാണു പലരും. ഇങ്ങനെ എത്രയോപേർ നമുക്കു ചുറ്റുമുണ്ട്. ഈ അവസ്ഥയിൽനിന്നു സാന്ത്വന പരിചരണത്തിന്റെ കൈപിടിച്ചു ജീവിതത്തിലേക്കു തിരിച്ചു കയറിയവരുമുണ്ട്. 

ഇരുപതു വർഷം മുൻപ്, മുപ്പതാം വയസ്സിൽ രാജീവ് പള്ളുരുത്തിക്കു മുൻപിൽ ജീവിതം അർധവിരാമമിട്ടു. വൈകുന്നേരം കൊച്ചി പള്ളുരുത്തിയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയിൽ രാജീവ് കുടുങ്ങി. നട്ടെല്ലിനു ക്ഷതം സംഭവിച്ചതോടെ ഇനിയൊരു തിരിച്ചുവരവില്ലെന്ന് എല്ലാവരും കരുതി. കുറച്ചു വർഷം വീട്ടിലെ കിടപ്പുമുറിയിൽ. ഏക മകനെ പരിചരിക്കാൻ അമ്മ മാത്രം. സാന്ത്വന പരിചരണക്കാർ (പാലിയേറ്റീവ് കെയർ പ്രവർത്തകർ) രാജീവിനെ പരിചരിക്കാനെത്തി. ജീവിതം വഴിമുട്ടിയെന്നു തോന്നിയിടത്തു നിന്നാണു രാജീവ് തുടങ്ങിയത്. തോൽക്കാൻ തയാറല്ലെന്ന് ആദ്യം മനസ്സിനെ പഠിപ്പിച്ചു, പിന്നീടു ശരീരത്തെയും.

പരസഹായത്തോടെ എഴുന്നേറ്റിരിക്കാൻ വർഷങ്ങളെടുത്തു. മെല്ലെ വീൽചെയറിൽ ഇരുന്നു. പിന്നീടു വീൽചെയർ ഉരുട്ടി വീടിനു പുറത്തേക്കിറങ്ങി. കൈകൾ മാത്രം ചലിക്കും. അരയ്ക്കു താഴേക്ക് ഇപ്പോഴും പഴയ പോലെ. എന്നാൽ, വീൽചെയറിൽ രാജീവ് ഇന്ന് എവിടെയുമെത്തും. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയും തണൽ പാലിയേറ്റീവ് കെയറിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയുമാണു രാജീവ് ഇപ്പോൾ. ‘നമുക്കു സംഭവിച്ചതു തിരിച്ചറിയണം. ഉൾക്കൊള്ളണം. നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ലെന്ന തിരിച്ചറിവിൽ നിന്നാണു ജീവിതം വീണ്ടും തുടങ്ങേണ്ടത്’– രാജീവ് പറയുന്നു. 

ആയുർദൈർഘ്യം കൂടുതലായതുകൊണ്ടു സംസ്ഥാനത്തു വയോജനങ്ങളുടെ (60 വയസ്സിനു മുകളിലുള്ളവർ) എണ്ണം കൂടിവരികയാണ്. പ്രായമേറുമ്പോൾ വയോജനങ്ങളിൽ ഒരു വിഭാഗം കിടപ്പുരോഗികളായി മാറുന്നു. അവരുടെ സംരക്ഷണം ബന്ധുക്കൾക്കു വലിയ വെല്ലുവിളിയാണ്. 

rajeev
രാജീവ് പള്ളുരുത്തി

സ്വപ്നങ്ങൾ തിരികെത്തന്ന ഐപിഎം

മുഹമ്മദ് റാഷിദ് കുറ്റിക്കാട്ടൂർ കോഴിക്കോട്

ഏഴാമത്തെ വയസ്സിൽ സംഭവിച്ച വാഹനാപകടം കവർന്നെടുത്ത എന്റെ  സ്വപ്നങ്ങൾക്കു വർഷങ്ങൾക്കു ശേഷം ചിറകു മുളപ്പിച്ചതിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (ഐപിഎം) വഹിച്ച പങ്ക് വളരെ വലുതാണ്. 2003ൽ ലോറി ഇടിച്ചായിരുന്നു അപകടം. ഇടതുകാൽ മുറിച്ചുമാറ്റി. വലതുകാലിനു ചലനശേഷി ഇല്ലാതായി. പിന്നീട് വീൽചെയറിലാണു ജീവിതം.

മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. ആദ്യത്തെ 15 വർഷം സ്ഥിരം ആശുപത്രിവാസം വേണ്ടിവന്നു. അതു മനസ്സിനെയും ശരീരത്തെയും മരവിപ്പിച്ച കാലത്താണ്, 2017ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലേക്കു ചെല്ലുന്നത്. പിന്നീട് ഐപിഎം ആണ് എന്റെ ശക്തി. എനിക്കായി സമയം മാറ്റിവയ്ക്കുന്ന ഡോക്ടർമാരും നഴ്സുമാരും വൊളന്റിയർമാരും ജീവിതത്തെക്കുറിച്ചു പുതിയ സ്വപ്നങ്ങൾ നെയ്യാൻ പഠിപ്പിച്ചു.

എല്ലാ മാസവും ഐപിഎമ്മിൽ പോകും. അല്ലെങ്കിൽ അവർ വീട്ടിലേക്കു വരും. ഇടയ്ക്കിടെ എനിക്കു കടുത്ത വേദനയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഞാൻ അവിടെ അഡ്മിറ്റ് ആകും. ഐപിഎമ്മിൽ പറ്റില്ലെങ്കിൽ മാത്രം ആശുപത്രിയിലേക്കു മാറ്റും. പക്ഷേ, അത്തരം സാഹചര്യം വളരെക്കുറവാണ്. ഐപിഎമ്മിൽ ഉമ്മയ്ക്കും എനിക്കും ഒരുമിച്ചു നിൽക്കാം. ഇടയ്ക്കിടെ എടുക്കേണ്ട കുത്തിവയ്പുകളടക്കം എല്ലാം സൗജന്യം. ഫാറൂഖ് കോളജിൽ ഡിഗ്രി പൂർത്തിയാക്കി. ഇപ്പോൾ കുസാറ്റിൽ എംസിഎയ്ക്കു പ്രവേശനം ലഭിച്ചു. എല്ലാവരുടെയും സഹായത്തോടെ  മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.  

rashid
മുഹമ്മദ് റാഷിദ്

സാന്ത്വന പരിചരണം കേരളത്തിന്റെ മികവ്

ലോകത്തു സാന്ത്വന പരിചരണം ആവശ്യമുള്ളവരിൽ 14% പേർക്കു മാത്രമാണ് അതു ലഭ്യമാകുന്നതെന്നാണു കണക്ക്. ഇന്ത്യയിലിത് 2% മാത്രം. വർഷങ്ങൾക്കു മുൻപു തന്നെ സാന്ത്വന പരിചരണരംഗം സജീവമായ കേരളം ഏറെ മുന്നിലാണ്. 1993ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ തുടങ്ങി ഇന്നു സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും സാന്ത്വന പരിചരണം ലഭ്യമാണ്. രാജ്യത്തെ 1900 സാന്ത്വന പരിചരണ യൂണിറ്റുകളിൽ 1600 എണ്ണവും കേരളത്തിലാണ്.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സാന്ത്വന യൂണിറ്റുകളുണ്ട്. ആയിരത്തിലേറെ നഴ്സുമാർ ജോലി ചെയ്യുന്നു. അവരുടെ ആത്മസമർപ്പണമാണു കേരളത്തിന്റെ മുതൽക്കൂട്ട്. സന്നദ്ധ സംഘടനകളും സജീവമാണ്. സാന്ത്വനപരിചരണ പ്രസ്ഥാനങ്ങൾ വ്യാപകമായതോടെ വയോജന പരിപാലനത്തിൽ സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടായി. അച്ഛനമ്മമാരെ നോക്കാത്ത മക്കളെ ഇന്നു സമൂഹം ചോദ്യംചെയ്യും. എങ്കിലും അപൂർവമായി അത്തരം സംഭവങ്ങളുണ്ടാകുന്നുവെന്നതും ചിന്തിക്കണം. 

സാന്ത്വന പരിചരണത്തിന് ഏകീകൃത രൂപം വേണം

സാന്ത്വന പരിചരണരംഗത്തു കേരളം ഏറെ മുന്നേറിയെങ്കിലും ഏകീകൃത രൂപം വന്നിട്ടില്ല. ഓരോ പഞ്ചായത്തിലുമുള്ള യൂണിറ്റുകൾ വ്യത്യസ്ത രീതികളാണു പിന്തുടരുന്നത്. പരിചരണത്തിന്റെ നിലവാരമുയർത്താൻ ഏകീകൃത രൂപം ആവശ്യമാണ്. ഇതിനു സർക്കാർ തലത്തിൽ മാർഗരേഖ വേണം. വയോമിത്ര, സാന്ത്വന പരിചരണ സംരംഭങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള പരിപാടികൾ തുടങ്ങി സർക്കാരിനു വിവിധ പദ്ധതികളുണ്ട്. ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ ഏകോപനമുണ്ടാക്കാനാകും. കൂടുതൽ പേർക്കു നിലവാരമുള്ള പരിചരണം ഉറപ്പാക്കാനും കഴിയും.

സാന്ത്വന പരിചരണത്തിന്റെ നിലവാരം കൂട്ടുക പ്രധാനപ്പെട്ട കാര്യമാണ്. ഒരു പഞ്ചായത്തിൽ 200– 300 രോഗികളുണ്ടാകും. ഇവരെയെല്ലാം ഒരൊറ്റ യൂണിറ്റിനു കൈകാര്യം ചെയ്യാനാകില്ല. 100 പേർക്ക് ഒരു യൂണിറ്റ് എന്ന നിലയിൽ നിജപ്പെടുത്തണം. ഇതുവഴി പരിചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താനാകും

ഡോ.കെ.സുരേഷ്കുമാർ, സ്ഥാപക ഡയറക്ടർ, ഐപിഎം കോഴിക്കോട്

ചികിത്സയ്ക്കൊപ്പം വേണം പാലിയേറ്റീവ് കെയറും

രോഗിയുടെ കാര്യത്തിൽ ‘ഇനിയൊന്നും ചെയ്യാനില്ല’ എന്നു ഡോക്ടർ തീരുമാനിക്കുമ്പോഴാണു പലപ്പോഴും സാന്ത്വന പരിചരണം ആരംഭിക്കുന്നത്. രോഗനിർണയത്തിനും ചികിത്സയ്ക്കുമൊപ്പം സാന്ത്വന പരിചരണം കൂടി ഉൾപ്പെടുത്തുന്നതാണ് അഭികാമ്യമെന്നു വിദഗ്ധർ പറയുന്നു. മെഡിക്കൽ കോളജുകളിലും മറ്റു പ്രധാന ആശുപത്രികളിലും സാന്ത്വന പരിചരണ വിഭാഗം ഇല്ലാത്തതാണു തടസ്സം. സാന്ത്വന പരിചരണത്തെക്കുറിച്ച് അറിയാതെയാണു മുൻപ് പഠനം പൂർത്തിയാക്കി ഡോക്ടർമാരും നഴ്സുമാരും പുറത്തിറങ്ങിയിരുന്നത്. 2019 മുതൽ എംബിബിഎസ് വിദ്യാർഥികളുടെ കരിക്കുലത്തിൽ സാന്ത്വന പരിചരണം ഉൾപ്പെടുത്തി. 

‘‘2019ൽ പാലിയേറ്റീവ് കെയർ നയരേഖ പരിഷ്കരിക്കുകയും മെഡിക്കൽ കോളജുകളിൽ പാലിയേറ്റീവ് കെയർ വിഭാഗമുണ്ടാകണമെന്നു നിഷ്കർഷിക്കുകയും ചെയ്തിട്ടുണ്ട്. 5 വർഷത്തിനുള്ളിൽ ഇതൊരു പ്രത്യേക വകുപ്പായി മാറുകയും പിജി കോഴ്സുകൾ ആരംഭിക്കുകയും വേണമെന്നു നയരേഖ നിർദേശിക്കുന്നു. ഇതു നടപ്പായാലേ ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ സാന്ത്വന പരിചരണവും സമന്വയിപ്പിക്കാനാകൂ.’’

ഡോ. എം.ആർ. രാജഗോപാൽ, ചെയർമാൻ, പാലിയം ഇന്ത്യ. ഡയറക്ടർ, ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസ്.

സ്വപ്നം യാഥാർഥ്യമായി; ഇരട്ടിമധുരത്തോടെ

കുന്നുമ്മൽ ഹംസ ഒറവുംപുറം, മലപ്പുറം

19 വർഷമായി തളർന്നുകിടക്കുകയാണു ഞാൻ. കരാട്ടെയിൽ ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടി തിരക്കുള്ള പരിശീലകനായിരിക്കവേ വഴിയിൽ വഴുതി വീണ് സ്‌ലാബിൽ തലയിടിക്കുകയായിരുന്നു. സുഷുമ്ന നാഡിക്കു പരുക്കേറ്റതിനാൽ 85% ചലനശേഷി നഷ്ടപ്പെട്ടു. കോഴിക്കോട്ടെ  ഐപിഎമ്മിലെത്തിയത് രണ്ടാം ജന്മമായി. 

കല്യാണം കഴിഞ്ഞ് ഒരു വർഷവും ഒരു മാസവും തികയുന്ന സമയത്താണ് അപകടമുണ്ടായത്. സന്താന ഭാഗ്യമുണ്ടാകില്ലല്ലോയെന്ന ദുഃഖം പങ്കുവച്ചപ്പോഴാണു സാന്ത്വന പ്രവർത്തകർ  പരിഹാരം നിർദേശിച്ചത്. ഈ വർഷം ജനുവരി 27നായിരുന്നു കൃത്രിമ ഗർഭധാരണ(ഐവിഎഫ്) ചികിത്സയിലൂടെ ഇരട്ടക്കുട്ടികളുടെ ജനനം. 

hamsa
കുന്നുമ്മൽ ഹംസ

ഫാത്തിമ ഹദ്‌യ, ഫാത്തിമ ഹിദായ എന്നീ പൊന്നോമനകളിലൂടെ എന്റെ സ്വപ്നം യാഥാർഥ്യമായി. ഭാര്യ ജാസ്മിനൊപ്പം ഇരുവരെയും ചേർത്തു പിടിക്കുമ്പോൾ ഞാൻ നന്ദി പറയുന്നതു സാന്ത്വന പ്രവർത്തകർക്കാണ്. 

ഒരിക്കൽ  ഐപിഎം ഡയറക്ടർ ഡോ. സുരേഷ്കുമാറിനോടു മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹം പങ്കുവച്ചിരുന്നു. വഴിയുണ്ടാക്കാമെന്നു ഡോക്ടർ പറഞ്ഞെങ്കിലും അത്ര കാര്യമായെടുത്തില്ല. പക്ഷേ, ഞെട്ടിച്ചുകൊണ്ട് മൂന്നാം ദിവസം മെഗാ സ്റ്റാർ റൂമിലെത്തി. മറ്റൊരിക്കൽ ഗായകൻ യേശുദാസുമായി വേദി പങ്കിടാനും അവസരം ലഭിച്ചു. 

suresh
ഡോ.കെ.സുരേഷ് കുമാർ, ഡോ.എം.ആർ.രാജഗോപാൽ, ഡോ.പി.രാംകുമാർ, ഡോ.ജിനോ ജോയ്.

അന്നും ഇന്നും ഒരൊറ്റ നഴ്സ്

സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നമ്മൾ തുടങ്ങിയിട്ട് ഏറെക്കാലമായി. പക്ഷേ, അന്നും ഇന്നും പഞ്ചായത്തുതലത്തിൽ ഒരേയൊരു നഴ്സ് മാത്രമാണുള്ളത്. 2008ൽ സാന്ത്വന പരിചരണത്തിനായി പ്രത്യേകനയം നടപ്പാക്കിയെങ്കിലും ബജറ്റിൽ തുക വകയിരുത്തിയില്ല. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വഴിയാണു നയം നടപ്പാക്കിയത്. ഗ്രാമീണ മേഖലകളിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന പാലിയേറ്റീവ് നഴ്സിനെ ലഭ്യമായെന്നതു നേട്ടമാണ്. എന്നാൽ, അതിൽ ഒതുങ്ങിപ്പോയി.

പ്രാദേശികമായി ഈ രംഗത്തു പ്രവർത്തിക്കുന്ന എൻജിഒകൾക്ക് അംഗീകാരം നൽകി അവരെ സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്ന നിർദേശം നടപ്പായിട്ടില്ല. അങ്ങനെയെങ്കിൽ പ്രാദേശിക തലത്തിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമാകും. 

സ്ഥിരം നിയമനമുണ്ടാകണം

സംസ്ഥാന പാലിയേറ്റീവ് നയമനുസരിച്ച് ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒരു പാലിയേറ്റീവ് നഴ്സ് വേണം. 2010 മുതൽ തസ്തികകളുണ്ടെങ്കിലും ഇപ്പോഴും കരാർ നിയമനങ്ങളാണ്. ഇവരുടെ സേവന വേതന വ്യവസ്ഥകൾ സ്റ്റാഫ് നഴ്സുമാരെക്കാൾ ഏറെ പിന്നിലാണ്. ഇതു പരിഷ്കരിക്കണം. കൂടുതൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കണം.

ഉയരണം, ആരോഗ്യ ദൈർഘ്യം

കെട്ടുപിണഞ്ഞു കിടക്കുന്ന കാര്യങ്ങളാണ് ആയുർ ദൈർഘ്യവും ആരോഗ്യ ദൈർഘ്യവും. ഒരാൾ ജീവിച്ചിരിക്കുന്ന കാലയളവാണ് ആയുർ ദൈർഘ്യം. എന്നാൽ, ഒരാൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന കാലയളവാണ് ആരോഗ്യ ദൈർഘ്യം. രണ്ടാമത്തേതാണു വേണ്ടത്. ഏതു വ്യക്തിയും ആഗ്രഹിക്കുന്നതും അതാണ്. മരണത്തിന്റെ നിലവാര സൂചിക (ക്വാളിറ്റി ഓഫ് ഡെത്ത് ഇൻഡക്സ്) പ്രകാരം 80 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 67–ാമതാണ്. അവസാന കാലത്തു മികച്ച പരിചരണം ലഭിക്കാനുള്ള അവകാശം ഏതൊരു വ്യക്തിക്കുമുണ്ട്.

‘‘എല്ലാ ആരോഗ്യ പ്രവർത്തകരും സാന്ത്വന ചികിത്സയുടെ അടിസ്ഥാന പാഠങ്ങൾ പഠിക്കണം. മരുന്നുകളെക്കാൾ സമീപനമാണു പ്രധാനം. വയോജനങ്ങളുടെ മാനസിക സന്തോഷം മുൻനിർത്തി എല്ലാ പഞ്ചായത്തിലും ഡേ കെയർ സെന്ററുകൾ ആരംഭിക്കണം.’’

ഡോ. പി. രാംകുമാർ, സീനിയർ കൺസൽറ്റന്റ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗം ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

അവർ മനസ്സു തുറക്കട്ടെ

കിടപ്പുരോഗികളായ വയോജനങ്ങളുടെ പരിചരണത്തിൽ സാന്ത്വനചികിത്സയ്ക്കൊപ്പം  ജെറിയാട്രിക്സ് രീതികളും (പ്രായം ചെന്നവർക്കുള്ള ചികിത്സ) ഉൾപ്പെടുത്തണം. സർക്കാർ ആശുപത്രികളിൽ ജെറിയാട്രിക്സ് പ്രത്യേക വിഭാഗമായി വികസിച്ചിട്ടില്ല. ഈ വിഷയത്തിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർമാർ കുറവുമാണ്. വയോജനങ്ങളുടെ പ്രശ്നങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുക സമപ്രായക്കാർക്കാണ്. വയോജനങ്ങളുടെ കൂട്ടായ്മകൾ പ്രാദേശികതലത്തിൽ രൂപീകരിക്കുന്നതു സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരും. 

‘‘സമപ്രായക്കാർക്കിടയിൽ ആശയവിനിമയം എളുപ്പമാണ്. പരസ്പരം സഹായിക്കാനും താൽപര്യമുണ്ടാകും. 60 വയസ്സിനു മുകളിലുള്ളവരുടെ കൂട്ടായ്മകൾ സംസ്ഥാനത്തുടനീളം രൂപീകരിക്കാനായാൽ വയോജനസംരക്ഷണത്തിൽ നിർണായകചുവടാകും.’’

ഡോ. ജിനോ ജോയ്, കൺസൽറ്റന്റ് ജെറിയാട്രീഷ്യൻ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി

palliative-caring

പഠിക്കണ്ടേ നമ്മുടെ മക്കളും

സഹാനുഭൂതി ഒരു ഗുണമായി നമ്മുടെ കുട്ടികളിലും ഉണ്ടാകണ്ടേ?  യുപി ക്ലാസുകൾ മുതലെങ്കിലും സാന്ത്വന പരിചരണം പഠനവിഷയമാകണമെന്നു ചൂണ്ടിക്കാട്ടുന്നു ഈ രംഗത്തെ വിദഗ്ധർ. കിടപ്പുരോഗികൾക്കു നൽകേണ്ട പരിചരണം, അവരോടുള്ള പെരുമാറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഏകദേശധാരണയെങ്കിലും  ഉണ്ടാകണം. നിലവിൽ പാഠ്യവിഷയമായ ആരോഗ്യശാസ്ത്രത്തിന്റെ ഭാഗമായി ചേർക്കാവുന്നതാണു സാന്ത്വന പരിചരണം.  

സാന്ത്വന പരിചരണത്തിൽ കുട്ടികളെ സഹകരിപ്പിക്കുന്ന ‘സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ’ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ സജീവമാണ്. മലപ്പുറം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സാന്ത്വന പരിചരണ സംഘത്തിനൊപ്പം സന്നദ്ധരായ കുട്ടികളെ അയയ്ക്കുന്ന വിദ്യാലയങ്ങളും കേരളത്തിലുണ്ട്. പാലക്കാട് മേഴ്സി കോളജിൽനിന്ന് ആഴ്ചയിൽ ഒരു ദിവസം 2 കുട്ടികളെ വീതം പാലക്കാട്ടെ സഹജീവനം പാലിയേറ്റീവ് കെയർ യൂണിറ്റിനൊപ്പം കോളജ് അധികൃതർ അയയ്ക്കാറുണ്ട്. 

പാലിയേറ്റീവ് കെയർ ഹെൽപ്‌ലൈനുകൾ

∙ പാലിയം ഇന്ത്യ കൺസൽറ്റേഷൻ ഹെൽപ് ലൈൻ: 860 688 4889 (9.30 മുതൽ 4 വരെ. ഞായർ ഒഴികെ)

∙ പാലിയം ഇന്ത്യ സുഖ് ദുഃഖ് കൗൺസലിങ് ഹെൽപ്‌ലൈൻ: 759 4052 605 (9 മുതൽ 6.30 വരെ. ഞായർ ഒഴികെ)

∙ സാത്ത് സാത്ത് പാലിയേറ്റീവ് കെയർ ഹെൽപ്‌ലൈൻ: 1800 202 7777 (10 മുതൽ 6 വരെ. ഞായർ ഒഴികെ)

English Summary: Palliative Care Centres kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA