ADVERTISEMENT

സ്‌നേഹത്തിന്റെയും കരുതലിന്റെയും പനിനീരുറവ മലയാളത്തിന്റെ മനസ്സിൽ വറ്റിയിട്ടില്ലെന്നു വിളംബരം ചെയ്യുകയാണു സംസ്ഥാനത്തെങ്ങും ആഴത്തിലും പരപ്പിലും വേരു പടർത്തിക്കൊണ്ടേയിരിക്കുന്ന പാലിയേറ്റീവ് കെയർ പ്രസ്‌ഥാനം. അങ്ങേയറ്റം സമർപ്പണം ആവശ്യപ്പെടുന്ന ഈ മേഖലയിൽ സേവനം ചെയ്യാനെത്തുന്നവരോടു  ‌കേരളം കടപ്പെട്ടിരിക്കുന്നു. അതേസമയം, സാന്ത്വന പരിചരണരംഗത്ത് അഭിമാനാർഹമായി മുന്നേറിയിട്ടും ഇപ്പോഴും ഈ മഹാദൗത്യത്തിനു സംസ്ഥാനത്ത് ഏകീകൃതരൂപം കൈവരാത്തതുകൊണ്ടുള്ള പരിമിതികൾ പലതാണെന്നതും കാണാതിരുന്നുകൂടാ. 

വാർധക്യത്തിന്റെയും സങ്കീർണ രോഗപീഡകളുടെയും ഇവകൊണ്ടുള്ള നിസ്സഹായതയുടെയും കണ്ണീരാഴമുണ്ട് നമുക്കൊപ്പമുള്ള പലരുടെയും ജീവിതങ്ങൾക്ക്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിയുമ്പോൾ മാനസികമായി തകർന്നുപോകുന്നവരും കാരുണ്യത്തിന്റെ കൈത്താങ്ങു തേടുന്നവരുമാണ് അവരിൽ പലരും. എത്രയോ പേർ കിടപ്പുരോഗികളുമാണ്. രോഗികളെ അനുഭാവത്തോടെ സമീപിക്കുകയും ആത്മാർഥമായി കരുതലേകുകയും ചെയ്യുന്നതാണു സാന്ത്വന പരിചരണത്തിന്റെ കാതൽ. ഇതാവട്ടെ, സാമൂഹികസുരക്ഷയ്‌ക്ക് അത്യന്താപേക്ഷിതംകൂടിയാണ്. 

വർഷങ്ങൾക്കു മുൻപു തന്നെ സാന്ത്വന പരിചരണരംഗത്തു സജീവമാണു കേരളം. 1993ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ തുടങ്ങിയ ഈ പ്രസ്ഥാനത്തിന്റെ സാന്നിധ്യം ഇന്നു സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സാന്ത്വന യൂണിറ്റുകളുണ്ട്. ആയിരത്തിലേറെ നഴ്സുമാർ ജോലി ചെയ്യുന്നു. അവരുടെയും ഒപ്പമുള്ളവരുടെയും ആത്മസമർപ്പണമാണു കേരളത്തിന്റെ മുതൽക്കൂട്ട്. സന്നദ്ധ സംഘടനകളും സജീവമാണ്. 

രാജ്യത്തെ 1900 സാന്ത്വന പരിചരണ യൂണിറ്റുകളിൽ 1600 എണ്ണവും കേരളത്തിലാണെന്നത് അഭിമാനകരമാണെങ്കിലും ഈ രംഗത്ത് ഏകീകൃത രൂപം വന്നിട്ടില്ലെന്നതു പോരായ്മതന്നെയാണ്. വിവിധ പഞ്ചായത്തുകളിലുള്ള യൂണിറ്റുകൾ വ്യത്യസ്ത രീതികളിലാണ് ഈ ദൗത്യത്തെ പിന്തുടരുന്നത്. പരിചരണത്തിന്റെ നിലവാരമുയർത്താൻ ഏകീകൃത രൂപം ആവശ്യമാണെന്നതിൽ സംശയമില്ല. ഇതിനു സർക്കാർ തലത്തിൽ മാർഗരേഖ വേണമെന്നുമാത്രം. വയോമിത്ര, സാന്ത്വന പരിചരണ സംരംഭങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള പരിപാടികൾ തുടങ്ങി സർക്കാരിനു വിവിധ പദ്ധതികളുണ്ട്. ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ ഏകോപനമുണ്ടാക്കാനാകും. കൂടുതൽ പേർക്കു നിലവാരമുള്ള പരിചരണം ഉറപ്പാക്കാനും കഴിയും.

സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച വാതിൽപടി സേവനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സാന്ത്വനപരിചരണം കൂടി ഏറ്റെടുക്കുന്നുണ്ട്. മുഴുവൻ ജീവിതാവശ്യങ്ങളും രോഗക്കിടക്കയിലൊതുക്കേണ്ടി വരുന്ന നിസ്സഹായരായ കിടപ്പുരോഗികൾക്കു സാന്ത്വനപരിചരണങ്ങൾ ‌നൽകാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർക്കാരൊരുങ്ങുന്നത് ആശ്വാസകരമാണ്. സാന്ത്വന പരിചരണത്തിനായി 2008ൽ പ്രത്യേകനയം നടപ്പാക്കിയെങ്കിലും ബജറ്റിൽ തുക വകയിരുത്തിയില്ല. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വഴിയാണു നയം നടപ്പാക്കിയത്. ഗ്രാമീണ മേഖലകളിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ ലഭ്യമായെന്നതു നേട്ടമാണെങ്കിലും പ്രത്യേക പരിശീലനം നേടിയ നഴ്സുമാരുടെ എണ്ണം കൂട്ടേണ്ടതുണ്ട്. പ്രാദേശികമായി ഈ രംഗത്തു പ്രവർത്തിക്കുന്ന എൻജിഒകൾക്ക് അംഗീകാരം നൽകി അവരെ സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്ന നിർദേശം നടപ്പായിട്ടില്ല. അതുണ്ടായാൽ പ്രാദേശിക തലത്തിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നുണ്ട്.

കിടപ്പുരോഗികളായ വയോജനങ്ങളുടെ പരിചരണത്തിൽ സാന്ത്വനചികിത്സയ്ക്കൊപ്പം ജീറിയാട്രിക് രീതികളും (പ്രായം ചെന്നവർക്കുള്ള ചികിത്സ) ഉൾപ്പെടുത്തേണ്ടതുണ്ട്. 2019ൽ പാലിയേറ്റീവ് കെയർ നയരേഖ പരിഷ്കരിക്കുകയും മെഡിക്കൽ കോളജുകളിൽ പാലിയേറ്റീവ് കെയർ വിഭാഗമുണ്ടാക്കണമെന്നു നിഷ്കർഷിക്കുകയും ചെയ്യുകയുണ്ടായി. ഇതു നടപ്പായാലേ ചികിത്സയുടെ ആദ്യ ഘട്ടത്തിൽതന്നെ സാന്ത്വന പരിചരണവും സമന്വയിപ്പിക്കാനാകൂ. വരുംതലമുറയെ ഈ രംഗത്തേക്കു നയിക്കാൻ വിദ്യാർഥികൾക്കുകൂടി സാന്ത്വന പരിചരണത്തിന്റെ പാഠങ്ങൾ പകർന്നുനൽകണം.

ഓരോ ദിവസവും കുറച്ചു നേരമെങ്കിലും സാന്ത്വന പരിചരണത്തിനായി മാറ്റിവയ്‌ക്കാൻ തയാറുള്ള കുറച്ചുപേരെങ്കിലും ഓരോ സ്‌ഥലത്തും ഒത്തുചേർന്നാൽ വൻമാറ്റങ്ങളാണുണ്ടാവുക. സർക്കാരിന്റെ ഏകോപിതശ്രമങ്ങൾക്കൊപ്പം, മനസ്സിൽ നന്മയുടെ വിളക്കു കൊളുത്താൻ ഓരോ മലയാളിയും തയാറാകുമ്പോൾ കരുണയുടെ മഹാദീപ്തിയാകും കേരളത്തെ പ്രകാശിപ്പിക്കുക.

English Summary: Palliative care Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com