ADVERTISEMENT

ചെലവു കൈവിട്ടുപോകുമ്പോൾ നികുതി കൂട്ടി ജനത്തെ പിഴിയുന്ന കേന്ദ്ര– സംസ്ഥാന സർക്കാരുകൾ സുസ്ഥിര പരിഹാരങ്ങൾക്ക് ശ്രമിക്കുന്നതേയില്ല. അന്യായമായനികുതിവർധന വളർച്ചയെ സാരമായി ബാധിക്കും. സർക്കാർ വരുമാനം വർധിപ്പിക്കുകയും അനാവശ്യ ചെലവുകൾ കുറയ്ക്കുകയുമാണു പ്രതിവിധി. അതിന് സമ്പദ്‌വ്യവസ്ഥ വളരണം. കേരളത്തിൽ നടക്കുന്ന ഓരോ സമരവും, സംരംഭകർക്കുണ്ടാക്കുന്ന ഓരോ മാർഗതടസ്സവും സമ്പദ്‍വ്യവസ്ഥയെയും അതുവഴി ജനങ്ങളെയുമാണു ബാധിക്കുക

അടിമുടി ഉലയ്ക്കുന്ന മാറ്റങ്ങളാണു കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തിലും ജീവിതരീതികളിലും കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള പുതിയ പതിവുകളുമായി (ന്യൂ നോർമൽ) പൊരുത്തപ്പെടാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്. പക്ഷേ കേരളത്തിലാകട്ടെ, നമ്മളെല്ലാം പഴയ പതിവുകൾ തുടരുന്ന കാഴ്ചയാണ്. വിശേഷിച്ചും രാഷ്ട്രീയരംഗത്ത്. 

രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രതിഷേധസമരങ്ങൾ പാവം ജനങ്ങളെ വലയ്ക്കുന്നതിലപ്പുറം മറ്റെന്തെങ്കിലും സാധിച്ചെടുക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഇന്ധനവിലയുടെ കാര്യമെടുത്താ‍ൽ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വാങ്ങൽ–വിൽക്കൽ വില അനുപാതം കണക്കാക്കിയാൽ പൊള്ളുന്ന വിലയിൽ ഇന്ത്യ കഴിഞ്ഞേ മറ്റു രാജ്യങ്ങളുള്ളൂ. റീടെയിൽ വിൽപന വിലയുടെ 50 ശതമാനത്തിലേറെ നികുതിയിനത്തിലാണ്. ഇന്ധന നികുതിയാകട്ടെ, മറ്റു നികുതികളാകട്ടെ, വർധനയുടെ ലക്ഷ്യം സർക്കാരിന്റെ വരുമാനം കൂട്ടുകയാണ്. പെരുകുന്ന ചെലവിനു പണം കണ്ടെത്താനുള്ള സർക്കാ‍ർ മാർഗമാണത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകളുടെ ചെലവു കൂടിക്കൂടി വരുന്നതു തത്തുല്യമായ വരുമാനവർധനയില്ലാതെയാണ്. 

വരവിലും കവിഞ്ഞ ചെലവുമായി കമ്മി കൂടിക്കൊണ്ടേയിരിക്കുന്നു. സർക്കാർ കമ്മി വർധനയുണ്ടാകുമ്പോൾ സംസ്ഥാന സർക്കാരിന്റെ കടബാധ്യത കൂടുന്നു. അപ്പോൾ, വളർച്ചയ്ക്കുള്ള അടിസ്ഥാന നിക്ഷേപങ്ങൾക്കു പണം വകയിരുത്തുന്നതു കുറയും. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം കമ്മി വർധന കുറച്ചുകൂടി ഗൗരവമുള്ള പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത്. റേറ്റിങ് കുത്തനെ താഴോട്ടു പോകും. കടമെടുപ്പിനു ചെലവുകൂടും. വിദേശനിക്ഷേപം കുറയുക, തിരിച്ചടവിന്റെ തുലനം തെറ്റുക, കറൻസിക്കു വിലയിടിയുക, വ്യാപാരമിച്ചം കൂട്ടുക എന്നിങ്ങനെ ആഘാതങ്ങൾ പലതാണ്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാരുകൾ ആശ്രയിക്കുന്ന എളുപ്പവഴിയാണ് നികുതി കൂട്ടുകയെന്നത്. സർക്കാരുകൾക്ക് അങ്ങനെ വരുമാനം മെച്ചപ്പെടുത്താം; കമ്മി കുറയ്ക്കാം! 

വളർത്തുക, തളർത്തരുത് 

tax-pocket

സാമ്പത്തിക കാഴ്ചപ്പാടിൽനിന്നു നോക്കിയാൽ അന്യായമായ നികുതി വർധന വളർച്ചയെ സാരമായി ബാധിക്കും. അപ്പോ‍ൾ എന്താണു പ്രതിവിധിയെന്നു ചോദിച്ചാ‍ൽ ഉത്തരം ഒന്നേയുള്ളൂ– അർഥവത്തായ രീതിയിൽ സർക്കാർ വരുമാനം വർധിപ്പിക്കുകയും അനാവശ്യ ചെലവുകൾ കുറയ്ക്കുകയും ചെയ്യുക. 

സർക്കാർ വരുമാനം കൂട്ടാനുള്ള സുസ്ഥിരമായ മാർഗം സമ്പദ്‌വ്യവസ്ഥയെ വളർത്തുകയെന്നതാണ്. നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അതിനായി, ലാഭത്തിലുള്ള മികച്ച സംരംഭങ്ങളും കമ്പനികളും കൂടുതലായി വേണ്ടിവരും. ബിസിനസ് സൗഹൃദനിലവാരം മെച്ചപ്പെടുത്തി, സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലും പിന്നെ വർഷക്കണക്കിലും എത്രയധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി എന്നതിന്റെ അടിസ്ഥാനത്തിൽ വേണം സർക്കാർ വിഭാഗങ്ങളുടെ പ്രവർത്തനമികവു വിലയിരുത്തേണ്ടത്. കേരളത്തിൽ നടക്കുന്ന ഓരോ സമരവും, സംരംഭകർക്കുണ്ടാക്കുന്ന ഓരോ മാർഗതടസ്സവും സമ്പദ്‍വ്യവസ്ഥയെയും അതുവഴി ജനങ്ങളെയുമാണു ബാധിക്കുന്നത്.  

സർക്കാരിന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കാനുള്ള സുസ്ഥിരമായ മാർഗം, സാന്നിധ്യമോ ഇടപെടലോ ആവശ്യമില്ലാത്ത മേഖലകളിൽനിന്നു പിന്തിരിയുക എന്നതാണ്. ബിസിനസിൽ ഏർപ്പെടേണ്ട ഒരു കാര്യവും സർക്കാരിനില്ലെന്നതു ഗൗരവമായി എടുക്കേണ്ട ഒന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ബിസിനസായി കണ്ടു മുന്നോട്ടുപോയാൽ സാമ്പത്തിക ഭാരമായി കലാശിക്കുകയേ ഉള്ളൂ. 

വാണിജ്യമത്സരത്തിലുള്ള ഒരു പൊതുമേഖലാ സ്ഥാപനവും സാമ്പത്തികമായി വിജയിക്കില്ല. അഥവാ വിജയിക്കണമെങ്കിൽ സർക്കാർ അതിനെ ഒരു കുത്തകയാക്കി മാറ്റുകയോ സമ്പൂർണമായ പിന്തുണ നൽകുകയോ ചെയ്തിരിക്കണം. 

നഷ്ടങ്ങളുടെ ഉടമസ്ഥത

fuel-price-petrol

തൊഴിൽസുരക്ഷയെ കരുതിയാകണം, സർക്കാർ ജോലിക്കുള്ള കൂടുതൽ അവസരങ്ങളാണു മലയാളികൾ ആഗ്രഹിക്കുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സർക്കാരിനു കീഴിൽത്തന്നെ നിലനിർത്താനും പറ്റുമെങ്കിൽ ഇത്തരം കൂടുതൽ സ്ഥാപനങ്ങളെ സൃഷ്ടിക്കാനുമാണു നമ്മൾ ശ്രമിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ളതെല്ലാം ജനങ്ങളുടേതു കൂടെയാണല്ലോ എന്നാണു നമ്മൾ ചിന്തിക്കുന്നത്. പക്ഷേ യഥാർഥത്തിൽ, ഈ കോർപറേഷനുകൾ ഉണ്ടാക്കി വച്ചിട്ടുള്ള ബാധ്യതകളുടെ ഉടമസ്ഥാവകാശം മാത്രമാണെന്നു നമുക്കുള്ളതെന്നും ആസ്തികളായി ഒന്നുമില്ലെന്നും തിരിച്ചറിയണം. ജനങ്ങളിൽനിന്നുള്ള നികുതിപ്പണം ഉപയോഗിച്ചാണു നഷ്ടത്തിലോടുന്ന ഈ സ്ഥാപനങ്ങളെ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രത്യക്ഷമായ ചെലവുകൾ മാത്രമല്ല പ്രശ്നം. അതിലും ഗൗരവമുള്ളത് അവസരനഷ്ടമാണ്. താങ്ങാകുന്നതിനു പകരം ഇത്തരം സ്ഥാപനങ്ങൾ സമ്പദ്‍വ്യവസ്ഥയെ വറ്റിക്കുകയാണ്. ഇതെല്ലാം സർക്കാരിന്റെ ചെലവു കൂട്ടുകയേയുള്ളൂ. സർക്കാരാകട്ടെ അപ്പോൾ നികുതിയും കൂട്ടും. 

തുടരുന്ന അബദ്ധങ്ങൾ 

vk-mathews
വി.കെ.മാത്യൂസ്

മലയാളികളുടെ മനോവികാരങ്ങൾ രാഷ്്ട്രീയ പാർട്ടികൾക്കു വ്യക്തമായി അറിയാം. വോട്ട് ബാങ്ക് നേട്ടത്തിനായി അവയെ പ്രയോജനപ്പെടുത്താനും പാർട്ടികൾക്ക് അറിയാം. കൂടുതൽ സർക്കാർ ജോലികൾക്കും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വേണ്ടി അവർ പോരാടും. സ്വകാര്യവൽക്കരണം തടയും. കേരളത്തിലെ സാഹചര്യം അതിലേറെ മോശമാണ്. നിക്ഷേപം തിരിച്ചെടുക്കുന്നതിനു പകരം, കേന്ദ്രം കയ്യൊഴിഞ്ഞ സ്ഥാപനങ്ങളെക്കൂടി ഏറ്റെടുക്കാനാണ് ഇവിടത്തെ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വലിയ അബദ്ധമാണത്. ഇത്തരം സ്ഥാപനങ്ങളിൽ പലതും നികുതി നൽകുന്ന ജനത്തിന് ഇതിനോടകം തന്നെ സാമ്പത്തികഭാരമായി മാറിക്കഴിഞ്ഞവയാണ്; അല്ലെങ്കിൽ ആ പാതയിലാണ്. ഇവ ലാഭകരമാകണമെങ്കിൽ ഉൽപന്നങ്ങളും സേവനങ്ങളും സർക്കാർ മുൻകയ്യെടുത്തു വിതരണം ചെയ്യണം. ജനങ്ങൾക്കു മേൽ മോശം ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ അടിച്ചേൽപിക്കപ്പെടുന്ന സാഹചര്യം ഇതു സൃഷ്ടിച്ചേക്കാം. 

നികുതി കുറയ്ക്കാൻ ആഗ്രഹിക്കുന്നതും ആ ലക്ഷ്യം മുന്നിൽക്കാണുന്നതും തെറ്റല്ല. പക്ഷേ, അതിനുള്ള മാർഗം പിഴയ്ക്കരുത്. വിപരീത സാഹചര്യം ഉണ്ടാകരുത്. രാഷ്ട്രീയ സമരങ്ങൾ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന അവസ്ഥയുണ്ടാക്കുന്നതു ലക്ഷ്യവും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമായി മാറുന്നു. കേരളത്തിനു പുരോഗതി ഉണ്ടാകണമെങ്കിൽ ഈ അവസ്ഥ മാറണം. അതിനായി നമ്മുടെ ചിന്തകളിലും മാറ്റം വരട്ടെ.  

(ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാനാണ് ലേഖകൻ.)

English Summary: Tax hike in India; Consequences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com